തിരയുക

Vatican News
children of war and poverty (an Afgan child) children of war and poverty (an Afgan child)  (ANSA)

ക്രിസ്തു പ്രബോധിപ്പിച്ച ദാരിദ്ര്യത്തിന്‍റെ സുവിശേഷം

ആണ്ടുവട്ടം ആറാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ - വിശുദ്ധ ലൂക്കായുടെ സുവിശേഷം 6, 17. 20-26.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം ആറാംവാരം ഞായര്‍ സുവിശേഷചിന്തകള്‍

ലോകത്തെ ബഹുഭൂരിപക്ഷം പാവങ്ങള്‍
രാജ്യാന്തര കാര്‍ഷിക വികസന നിധിക്കായുള്ള സ്ഥാപനം, ഐഫാഡിന്‍റെ (International Fund for Agricultural Development - IFAD) ഫെബ്രുവരി 14-Ɔο തിയതി വ്യാഴാഴ്ചത്തെ പൊതുസമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് അതിഥിയായിരുന്നു. ലോകത്ത് ദാരിദ്ര്യം അനുഭവിക്കുന്ന ജനകോടികളുടെ ആവശ്യങ്ങളെക്കുറിച്ച് അനുസ്മരിപ്പിക്കാനാണ് യുഎന്‍ കേന്ദ്രത്തില്‍  താന്‍ നില്കുന്നതെന്ന് പാപ്പാ ആമുഖമായി രാഷ്ട്ര പ്രതിനിധികളോടും യുഎന്‍ വികസനപദ്ധതികളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന വന്‍സമൂഹത്തോടുമായി പറഞ്ഞു. മോശമായ വായു, ജീവനോപാധികള്‍ വറ്റിയ പ്രകൃതി, മലീമസമായ പുഴകള്‍, അമ്ലാംശം വര്‍ദ്ധിച്ച മണ്ണ്, കൃഷിക്ക് ജലമില്ലാത്ത തരിശായ വയലേലകള്‍, ശോച്യമായ ശുചീകരണ സൗകര്യങ്ങള്‍, വികൃതവും വാസയോഗ്യവുമല്ലാത്ത ഭവനങ്ങള്‍, കാലാവസ്ഥ കെടുതികള്‍ എന്നിവ എവിടെയും സാധാരണ അനുഭവമാണ്. അത് പാവങ്ങളുടെ ഭാഗധേയവുമാണ്!

വികസനം പ്രദേശികമാകണം
കാലാന്തരത്തില്‍ ശിഥിലീകരിക്കപ്പെടുന്ന സാമൂഹ്യ ചുറ്റുപാടുകളിലാണ് ലോകത്തെ ഭൂരിപക്ഷം പാവങ്ങള്‍ പാര്‍ക്കുന്നത്. ഇന്നു സമൂഹം വന്‍നേട്ടങ്ങള്‍ കൊയ്യുന്നുണ്ട്, എന്നാല്‍ അറിവിന്‍റെയും സാങ്കേതിക വികസനത്തിന്‍റെയും മേഖലയിലാണെന്നു മാത്രം. അതായത് നന്മയുടെ ലക്ഷ്യങ്ങളില്‍ മുന്നേറാന്‍ കഴിവുള്ള സമൂഹത്തിന്‍റെ മുഖമാണ് ഇന്നു കാണുന്നത്. ദാരിദ്ര്യത്തിനും വിശപ്പിനും എതിരായ യുദ്ധത്തില്‍ വിജയംവരിക്കാന്‍ കരുത്തുള്ള സമൂഹമാണ് നാം. ഈ പോരാട്ടത്തില്‍ മുന്നേറുമ്പോള്‍ കേള്‍ക്കുന്ന മുറവിളി ഇതായിരിക്കും – ദാരിദ്ര്യത്തിന് വര്‍ത്തമാനമോ ഭാവിയോ ഇല്ല, മറിച്ച് ഭൂതകാലം മാത്രം! എന്നാല്‍ ജനകോടികള്‍ ദാരിദ്ര്യത്തില്‍ ഇനിയും കഴിയുന്ന യഥാര്‍ത്ഥ്യത്തിന്‍റെ തുടര്‍ക്കഥയ്ക്ക് ആഗോളസമൂഹം ദൃക്സാക്ഷിയാണ്. ലോകത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ദീര്‍ഘകാലമായി നാം പ്രഖ്യാപിക്കുന്ന ഗ്രാമീണവികസനം യാഥാര്‍ത്ഥ്യമാവണം, വികസനപരിപാടികള്‍ക്ക് ഒരു പ്രദേശികമാനം വേണം. കാരണം, വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്ന എണ്‍പതു കോടിയിലധികം ജനങ്ങള്‍ (820 millions) ഇന്ന് കണക്കുകള്‍ പ്രകാരം ഭൂമുഖത്തു പാര്‍ക്കുന്നുണ്ട്. നാം അവരെ അവഗണിക്കരുത്!

ക്രിസ്തു പ്രബോധിപ്പിച്ച  ദാരിദ്ര്യത്തിന്‍റെ സുവിശേഷം
ദാരിദ്ര്യത്തിന്‍റെ സുവിശേഷമായിരുന്നു ക്രിസ്തുവിന്‍റെ വാക്കുകളും ജീവിതവും. സ്വയം ദരിദ്രനായി നിലകൊണ്ടുവെന്നതാണ് അവിടുത്തെ അത്തരം മൊഴികളെ നേരുള്ളതായും നനവുള്ളതായും മാറ്റിയത്. ഇന്ന് ഭൂമിയിലേയ്ക്കുവച്ച് ഏറ്റവും അധികം സ്വരൂപിക്കപ്പെട്ട സ്വകാര്യധനം (Corporate Wealth) അവിടുത്തെ നാമത്തിലാണെങ്കിലും, ക്രിസ്തു കുരുത്തതും, വാണതും, ഒടുങ്ങിയതും ഒരു ദരിദ്രനായിട്ടായിരുന്നു. സ്വന്തമായിട്ട് ഒരംഗുലം ഭൂമിപോലുമില്ലാതെ അവിടുന്നു കടന്നുപോയി. അതുകൊണ്ടുതന്നെയാണ് അവിടുന്നു പ്രബോധിപ്പിച്ച അഷ്ടഭാഗ്യങ്ങളില്‍ ആദ്യത്തേതു ദരിദ്രര്‍ക്കുള്ളതാണ്. “ദരിദ്രരേ, നിങ്ങള്‍ അനുഗൃഹീതരാകുന്നു, എന്തെന്നാല്‍ ദൈവരാജ്യം നിങ്ങളുടേതാണ്” (ലൂക്കാ 6, 20). ഇവിടെ സുവിശേഷകന്‍ ലൂക്കാ, ശ്രോതാക്കളെ ശിഷ്യരെന്നോ, സാധാരണ ജനങ്ങളെന്നോ വേര്‍തിരിക്കാതെയാണ് പ്രഭാഷ​ണം അവതരിപ്പിച്ചിരിക്കുന്നത്. ദരിദ്രരും മര്‍ദ്ദിതരും അനുഗൃഹീതരാണെന്നു പറയുമ്പോള്‍, ആത്മീയ  അര്‍ത്ഥത്തിലല്ല, അക്ഷരാര്‍ത്ഥത്തിലാണ്. ഭൂമിയില്‍ ദാരിദ്ര്യം  അനുഭവിക്കുന്നവരും, പീഡനങ്ങള്‍ അനുഭവിക്കുന്നവരും എവിടെയായിരുന്നാലും, ഏതു കാലത്തായിരുന്നാലും അനുഗൃഹീതരാണെന്ന് ഈശോയുടെ വാക്കുകള്‍ സ്ഥാപിക്കുകയാണ്.

ദരിദ്രരെ എന്നും ഉള്‍ക്കൊണ്ട സഭാജീവിതം
അങ്ങനെ ദരിദ്രരെ കേന്ദ്രബിന്ദുവാക്കിയാണ് സുവിശേഷത്തിന്‍റെ ഭ്രമണപഥങ്ങള്‍ വികാസം പ്രാപിക്കുന്നത്. എന്നാല്‍ ദരിദ്രരെ കൗശലപ്പെടുത്തുകയോ, കൃത്രിമമായി ഉപയോഗിക്കുകയോ ചെയ്യുന്ന ശൈലി അല്ലിവിടെ. ആത്മാവില്‍ ദരിദ്രര്‍ എന്നു പറയുന്നത്, ആത്മീയ ദാരിദ്ര്യമല്ല, കൊടുംദാരിദ്ര്യമാണിതെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സ്ഥാപിക്കുന്നുണ്ട്. ആദിമ സഭാചരിത്രം പഠിപ്പിക്കുന്ന നടപടി പുസ്തകത്തില്‍ പൗലോസ് എന്ന പ്രേഷിതനു ജരൂസലേം സഭ നല്കുന്ന ഒരു താക്കീതേയുള്ളൂ,  “ദരിദ്രരെ കാണാതെ പോകരുത്”!  സഭയുടെ ശൈശവ ദിശയില്‍ത്തന്നെയായിരുന്നു ഈ തിരുത്ത്. തനിക്കു ലഭിച്ച വിലപ്പെട്ട സൂചനയെക്കുറിച്ച്, ഗലാത്തിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ സ്ഥാപിക്കുന്നുണ്ട്, പാവങ്ങളെക്കുറിച്ച് ചിന്തവേണമെന്ന് സഭാകേന്ദ്രം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുതന്നെയാണ് തന്‍റെ തീവ്രമായ താല്പര്യമെന്നും. ഈ തിരുത്ത്, ദരിദ്രനു നല്കേണ്ട പ്രത്യേക പരിഗണന എല്ലായിടത്തും എക്കാലത്തും ഗൗരവമായി എടുക്കേണ്ടതുണ്ട്.

ആഢംബരമല്ല അടിസ്ഥാന സൗകര്യങ്ങള്‍ വേണം!
വികസനത്തിലും, വിദ്യാഭ്യാസത്തിലും, രാഷ്ട്രീയത്തിലും, കലയിലും, കൃഷിയിലും ഒക്കെ, ദരിദ്രന്‍റെ ഇടങ്ങള്‍ അടഞ്ഞുപോകുന്നു. കൊച്ചി കണക്ക് ഒരു ചെറിയ പട്ടണത്തില്‍ സംഭവിക്കുന്ന വികാസം കണ്ട്, പെട്രോമാക്സിനു മുന്നില്‍ പകച്ചുപോകുന്ന വയല്‍വരമ്പിലെ തവളകളെപ്പോലെ പരസഹസ്രം മനുഷ്യരില്‍ ഞാനും  ഒരാളാണ്... ചിലപ്പോള്‍ നിങ്ങളും! എന്ത് ആരോടാണു പറയുക? വികസനം എന്നാല്‍ ദരിദ്രനെ നിരസിക്കുക എന്ന ലളിതമായ സമവാക്യത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ആഡംബരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലല്ല, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് വികസനത്തിന്‍റെ പൊരുളെന്ന് ഓര്‍മ്മപ്പെടുത്തിയ ജ്ഞാനവൃദ്ധന്‍റെ പ്രതിമ നഗരത്തിന്‍റെ ഒരു മൂലയിലെവിടെയോ ഇരിപ്പുണ്ട്.

എന്താണ് ആരാധന ?
ദരിദ്രന്‍റെ ആവശ്യങ്ങളെ തിരിച്ചറിയുകയാണ് ആരാധന. എനിക്കു വിശക്കുന്നു, എനിക്കു ദാഹിക്കുന്നു, ഞാന്‍ പരദേശിയായിരുന്നു, നഗ്നനായിരുന്നു, രോഗിയായിരുന്നു, തടവറയിലായിരുന്നു. ആ പരമചൈതന്യം അങ്ങനെ നമ്മെ തേടിവരുന്നത് പല രൂപത്തിലാണ്. അതുകൊണ്ടാണ് “മാനവസേവയാണ് മാധവസേവ”യെന്ന് ഭാരതീയത പഠിപ്പിക്കുന്നത്.  

മാനസാന്തരത്തിന്‍റെ വഴികള്‍
ദരിദ്രനോടുള്ള കടപ്പാടു തിരിച്ചറിഞ്ഞ്, അതിനു കാരണമാകുന്ന ചൂഷണംപോലുള്ള ഘടകങ്ങളെ ഇല്ലായ്മചെയ്യുന്നതാണ് മാനസാന്തരം. സഖേവൂസിന്‍റെ കഥ ഓര്‍ക്കുന്നില്ലേ? അതിഥിയായി വന്നവന്‍ ആതിഥേയന്‍റെ വിരുന്നുമേശയെ കീഴ്മേല്‍ മറിച്ചിട്ട് അവിടുന്നു പുറത്തേയ്ക്കിറങ്ങിയപ്പോള്‍ സംഭവിച്ച കുറെ കാര്യങ്ങളുണ്ട്. സഖേവൂസ് അത് പറയുന്നുമുണ്ട്,  “കര്‍ത്താവേ, അധര്‍മ്മംകൊണ്ടുണ്ടാക്കിയത് ഞാന്‍ ഒന്നിനു നാലായി തിരിച്ചുകൊടുക്കാം. സ്വത്തില്‍ പാതി ദരിദ്രരുമായി പങ്കുവയ്ക്കാം.” ഇതിനുശേഷമാണ് ഈശോ പറഞ്ഞത്, “സഖേവൂസേ, ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു!” അപ്പോള്‍ സഖേവൂസിന്‍റെ മാനസാന്തരത്തിനു ശേഷമാണ്, അയാള്‍ക്കും ഭവനത്തിനും മീതെ ആശീര്‍വാദത്തിന്‍റെ പൊന്‍കവചം വിരിയുന്നത്  (ലൂക്കാ 19, 9).

ദാരിദ്ര്യത്തിന്‍റെ പശ്ചാത്തലത്തിലെ  പൂര്‍ണ്ണത
എന്താണ് പൂര്‍ണ്ണത എന്നു ചോദിച്ചാലും ഉത്തരം വ്യക്തമാണ്. വളരെ നേരെയാണ് ക്രിസ്തു ധനികനായ യുവാവിനോടു സംസാരിച്ചത്. ഋജുവായ സംഭാഷണം! പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റ് പാവങ്ങള്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും.

സ്നേഹമില്ലായ്മ പാപമാണ്!
പാപമെന്താണെന്നു ചോദിച്ചാല്‍, അത് സ്നേഹമില്ലായ്മയാണ്. ദരിദ്രരോടു പുലര്‍ത്തുന്ന നിസ്സംഗതയാണ്. അതുകൊണ്ടാണ് ധനവാന്‍റെയും ലാസറിന്‍റെയും കഥ ഈശോ പറഞ്ഞത്. യേശു പറഞ്ഞ കഥയില്‍ ഭാഗ്യവാനായ മനുഷ്യന്‍‍ ദരിദ്രനാണ്-ലാസര്‍. ലാസര്‍ എന്ന വാക്കിനര്‍ത്ഥം, ദൈവം സഹായമായുള്ളവന്‍, ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവന്‍ എന്നാണ്. എന്നാല്‍ ദൈവം ദരിദ്രനെ സ്പര്‍ശിക്കുന്നത് നമ്മില്‍ ഓരോരുത്തരിലൂടെയുമാണ്. കൂടെ വസിക്കുന്നവര്‍, അല്ലെങ്കില്‍ ചുറ്റിനും വസിക്കുന്നവര്‍ അവര്‍ക്ക് നന്മചെയ്യുമ്പോള്‍, പാവങ്ങള്‍ക്ക് അനുഗ്രഹമാകുന്നതാണ് ദൈവാനുഗ്രഹം. കഥയില്‍ നാം കണ്ടില്ലേ. ദരിദ്രനായ ലാസറിനെ അവഗണിച്ച കുറ്റമാണ്, തീപ്പൊയ്കയിലേയ്ക്ക് ധനവാന്‍ എറിയപ്പെടാന്‍ പ്രേരകമായ അപൂര്‍ണ്ണത, എന്നാല്‍ പൂര്‍ണ്ണത സഹോദരസ്നേഹവും, നിന്‍റെ മുന്നിലെത്തുന്ന ലാസറിനെ സഹായിക്കുന്നതുമാണ്. ധനവാന്‍ ഉമ്മറപ്പടിക്കല്‍ കിടന്നിരുന്ന ലാസറിനെ ഉപദ്രവിച്ചില്ല, എന്നാല്‍ അവഗണിച്ചതും, നിസ്സംഗത കാട്ടിയതുമാണ് അപൂര്‍ണ്ണത.

വെല്ലുവിളിക്കുന്ന ക്രിസ്തു മൊഴികള്‍
അപ്പോള്‍ ക്രിസ്തുവിന്‍റെ അഷ്ടഭാഗ്യങ്ങള്‍ ഒരു ശരാശരി ഭക്തനെയും പ്രതിക്കൂട്ടിലാക്കുന്ന വചനമാണ്. പരിചയമുള്ള ഏതു വിശ്വാസിയെയും ഉദാഹരണമായി എടുത്താലും ഇത് നമുക്ക് അനുഭവവേദ്യമാകും. കൃത്യമായി പള്ളിയില്‍ പോകുന്നുണ്ട്, പ്രാര്‍ത്ഥിക്കുന്നുണ്ട്, ഉപവിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്, ദൈവത്തെ സ്തുതിക്കുന്നുണ്ട്, സ്നേഹമാണ് തങ്ങളുടെ തിരിച്ചറിയല്‍ അടയാളം എന്ന് പ്രഖ്യാപിക്കാറുണ്ട്. ഇനി അടുത്തുനിന്നു നോക്കൂ – ഒരു ഞായറാഴ്ചയുടെ വിശ്രമംപോലും തങ്ങളുടെ ജോലിക്കാര്‍ക്ക് അവര്‍ ഉറപ്പുവരുത്തുന്നില്ല. വേതനം വൈകി കൊടുക്കുക എന്നതാണ് പൊതുവായ രീതി. വാഴ്ത്തിയ അന്നത്തില്‍ ഒരു വറ്റുപോലും വിശക്കുന്നവര്‍ക്കൊപ്പം പങ്കുവെച്ചിട്ടില്ല. സ്നേഹത്തെ ഘോരഘോരം വാഴ്ത്തിപ്പാടുമ്പോഴും എളിയവനായി ഒരു ഹൃദയജാലകംപോലും തുറന്നിട്ടില്ല. നിശ്ചയമായും അവരെ കാത്തിരിക്കുന്ന അന്ത്യമൊഴികള്‍ ഇങ്ങനെയായിരിക്കും – “ഞാന്‍ നിങ്ങളെ അറിയുകയില്ല!” മറിച്ച് നിത്യതയുടെ മാനദണ്ഡം സഹോദരസ്നേഹമാണ്. “എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ഈ നന്മകള്‍ ചെയ്തപ്പോള്‍ എനിക്കു തന്നെയാണ്, അവ ചെയ്തത്!” (മത്തായി 25, 40).

പാവങ്ങളുടെ പക്ഷംചേരാം
ദരിദ്രര്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും എന്ന യേശുവിന്‍റെ മൊഴികള്‍ നമുക്ക് അനുസ്മരിക്കാം (മത്തായി 26, 11). സഭയോടൊപ്പം അവിടുത്തെ രണ്ടാംവരവോളം നമുക്ക് അവിടുത്തെ ചേര്‍ത്തുപിടിക്കാം. അവിടുത്തെ കുരിശുമുദ്ര പേറുന്ന സകലരും ഉപവി പ്രവര്‍ത്തനങ്ങളില്‍ വ്യപൃതരാകേണ്ടതുണ്ട്, പാവങ്ങളുടെ പക്ഷംചേരേണ്ടതുണ്ട്. ദരിദ്രരോടുള്ള അനുഭാവം ജീവിതത്തില്‍ എന്നും തുടരേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ അനുഭാവമാണ്. അവരുടെ കുലീനതയെ മാനിക്കുക, അവരുടെ വേദനയുടെ അനുഭവങ്ങളില്‍ പങ്കുചേരുക. ശരിയായ വേതനം ഉറപ്പുവരുത്തുക. പലിശയില്ലാതെ വായ്പകൊടുക്കുക. ചിലപ്പോള്‍ അവര്‍ക്കെതിരായ അനീതിയുടെ വേരുകളറുക്കുവാന്‍ ചില സംഘാത കര്‍മ്മങ്ങളില്‍ നാം പങ്കുകാരാകേണ്ടതുമുണ്ട്.... തുടങ്ങി എത്രയെത്ര ചുവടുകള്‍! മിക്കാ പ്രവാചകനെപ്പോലെ ശബ്ദമില്ലാത്ത പാവങ്ങള്‍ക്കുള്ള ശബ്ദമാകാം. നമ്മുടെ കുരിശുപള്ളികളില്‍നിന്നും ക്രിസ്തുവിന്‍റെ വിമോചന വാക്യം ഇനിയും എപ്പോഴും പ്രതിധ്വനിക്കേണ്ടതുണ്ട്, “കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്നെന്നെ അഭിഷേകംചെയ്തിരിക്കുന്നു!”

16 February 2019, 15:57