the backwaters of Kochi and its fishermen the backwaters of Kochi and its fishermen  

ക്രിസ്തുശിഷ്യത്വം : കാരുണ്യത്തിന്‍റെ സുവിശേഷസാക്ഷ്യം

ആണ്ടുവട്ടം 5-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം - വിശുദ്ധ ലൂക്കായുടെ സുവിശേഷം 5, 1-11.
ആണ്ടുവട്ടം 5-Ɔο വാരം ഞായറാഴ്ചത്തെ വചനവിചിന്തനം

വിളിയും ദൗത്യവും 
ക്രിസ്തു തന്‍റെ ആദ്യശിഷ്യന്മാരെ വിളിക്കുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് വിശുദ്ധ ലൂക്കാ വരച്ചുകാട്ടുന്നത്. അനുദിന ജീവിതത്തിന്‍റെ ചുറ്റുപാടിലാണ് ഈ സംഭവം നടക്കുന്നത്. ഗലീലിയ തടാകതീരത്ത് ധാരാളം മീന്‍പിടുത്തക്കാരെക്കാണാം. അവര്‍ രാത്രിമുഴുവനും അദ്ധ്വാനിച്ചു മടങ്ങിയതാണ്. അന്ന് അവര്‍ക്ക് കാര്യമായിട്ടൊന്നും കിട്ടാതിരുന്നതിനാല്‍ വേഗം വലകള്‍ കഴുകിയിട്ട് തങ്ങളുടെ കുടിലുകളിലേയ്ക്ക് എത്തിപ്പെടാന്‍ തത്രപ്പെടുകയാണ്. അപ്പോള്‍ പത്രോസ് എന്ന് അറിയപ്പെട്ട ശിമയോന്‍റെ വഞ്ചിയില്‍ ഈശോ കയറി, എന്നിട്ട് കരയില്‍നിന്നും അല്പം അകലേയ്ക്കു നീക്കി വഞ്ചി പിടിക്കാന്‍ ഈശോ അയാളോട് ആവശ്യപ്പെട്ടു.  എന്നിട്ട് കരയില്‍ ഉണ്ടായിരുന്നവരോട് അവിടെ വഞ്ചിയില്‍നിന്നുകൊണ്ട് ദൈവവചനം പ്രസംഗിച്ചു. പ്രഭാഷണം കഴിഞ്ഞപ്പോള്‍ ശിമയോന്‍ പത്രോസിനോടായി ഈശോ പറഞ്ഞു, “ശിമയോനേ, ആഴങ്ങളിലേയ്ക്കു നീക്കി വലയിറക്കൂ!” (ലൂക്കാ 5, 4). ഇതിനും മുന്നേ തന്‍റെ സഹോദരന്‍ അന്ത്രയോസിനോടൊപ്പം ഈശോയെ പരിചയപ്പെട്ടിട്ടുള്ള ശിമയോന്‍, അവിടുത്തെ വാക്കുകളുടെ അത്ഭുതശക്തി മനസ്സിലാക്കിയിട്ടുള്ളതാണ്. അതിനാല്‍ അയാള്‍ ഉടനെ അവിടുത്തോട് പ്രത്യുത്തരിച്ചു. “ഗുരോ, ഞങ്ങള്‍ രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ട് ഒന്നും കിട്ടിയില്ല. എങ്കിലും അവിടുന്നു പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം” (ലൂക്കാ 5, 5).

അയോഗ്യതയെ കുറിച്ചുള്ള ശിഷ്യന്‍റെ അവബോധം  
ശിമയോന്‍റെ വിശ്വാസം അസ്ഥാനത്തായില്ല. വല ഇറക്കി, അതു വലിച്ചപ്പോള്‍ അവര്‍ക്കു വളരെയേറെ മത്സ്യങ്ങള്‍ കിട്ടി. അവരുടെ വല കീറുമാറ് മത്സ്യങ്ങള്‍! (ലൂക്കാ 5, 6). അവര്‍ അടുത്തുള്ള വള്ളക്കാരെയും സഹായത്തിനായി വിളിച്ചുകൂട്ടി. ഈ അത്ഭുത സംഭവം കണ്ടുനിന്നവരെല്ലാം ഭയചകിതരായി. ശിമയോന്‍റെ പങ്കുകാരായ സെബദീപുത്രന്മാര്‍, യാക്കോബും യോഹന്നാനും ഇതുകണ്ട് ആശ്ചര്യപ്പെട്ടു. അപ്പോള്‍ ശിമയോന്‍ പത്രോസ് യേശുവിന്‍റെ കാല്ക്കല്‍ വീണു പ്രണമിച്ചുകൊണ്ട് അരുള്‍ചെയ്തു. “കര്‍ത്താവേ, ഞാനൊരു പാപിയാണേ! അങ്ങ് എന്നില്‍നിന്നും അകന്നുപോകണമേ!” (ലൂക്കാ 5, 8).

അഭൂതപൂര്‍വ്വമായ ഈ സംഭവത്തില്‍നിന്നും ശിമയോനു മനസ്സിലായി യേശു വെറും ഒരു പ്രഭാഷകനല്ല, അവിടുന്ന് രക്ഷകനായ ദൈവമാണെന്ന്! അവിടുന്ന് ദൈവത്തിന്‍റെ ദൃശ്യരൂപമാണെന്ന് ശിമയോന്‍റെ സാധാരണ ബുദ്ധിയില്‍ തെളിഞ്ഞുവന്നു. മാത്രമല്ല, അവിടുന്നുമായുള്ള സാമീപ്യത്തില്‍നിന്നും ശിമയോനു തന്‍റെ നിസ്സാരതയെയും അയോഗ്യതയെയും കുറിച്ചുള്ള ശക്തമായ അവബോധം ഉണരുകയും ചെയ്തു. മാനുഷികമായ തന്‍റെ കാഴ്ചപ്പാടില്‍ സാധാരണക്കാരനായ പത്രോസിനു അന്ന് തോന്നിക്കാണാം, പാപിയായൊരു മനുഷ്യനും ദൈവത്തിന്‍റെ പരിശുദ്ധനും തമ്മില്‍ നല്ല അകല്‍‍ച്ച വേണമെന്ന്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, രോഗിക്ക് ഡോക്ടറില്‍നിന്നും അകന്നരിക്കാന്‍ ആവാത്തതുപോലെ, ഒരു മനുഷ്യന്‍റെ പാപാവസ്ഥയില്‍ അയാളില്‍നിന്നും ദൈവത്തിന് അകന്നിരിക്കാന്‍ സാദ്ധ്യമല്ല, അതുപോലെ പാപിക്കും ദൈവത്തില്‍നിന്ന് ഓടി ഒളിക്കാനാവില്ല. 

ദൈവിക സാന്നിദ്ധ്യത്തിന്‍റെ നിറസമൃദ്ധി
ജീവിതമാകുന്ന വള്ളത്തിലേയ്ക്ക് ക്രിസ്തു കടന്നുവന്നപ്പോഴുള്ള വലിയ മാറ്റമാണ് നാം ഇവിടെ കാണുന്നത്. ക്രിസ്തുവിലും അവിടുത്തെ വാക്കുകളിലും ശരണപ്പെട്ട്, അവിടുത്തെ വചനത്തിനു ചെവികൊടുത്തുമാണ് നാം അനുദിനജീവിതത്തില്‍ അദ്ധ്വാനിക്കുന്നതെങ്കില്‍, തീര്‍ച്ചയായും ദൈവിക സമൃദ്ധി ജീവിതത്തില്‍  കാണും എന്നാണ് ഈ വചനഭാഗം വ്യക്തമാക്കുന്നത്. ഉടനെ പത്രോസ് വ്യഗ്രതപ്പെടാതെ, സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞത്, “ദൈവമേ, ഞാനൊരു പാപിയാണേ!” എന്നാണ്. പ്രത്യേകമായ ഈ സാഹചര്യത്തില്‍, പത്രോസിന്‍റെ ശ്രദ്ധ തനിക്കു കിട്ടിയ ചാകരയില്‍ അല്ലെങ്കില്‍ മീനില്‍ അല്ലായിരുന്നു. മറിച്ച്, അയാള്‍ തന്‍റെ വ്യക്തിഗത ജീവിതാവസ്ഥയിലേയ്ക്ക് തിരിയുകയാണ്. ദൈവിക കാരുണ്യം ദര്‍ശിച്ച ശിമയോന്‍ ദൈവത്തിന്‍റെ മുന്നില്‍ തന്‍റെ ബലഹീനതയും അയോഗ്യതയും ഏറ്റുപറയുന്നു.

ആദ്യശിഷ്യന്മാര്‍ - പത്രോസും സെബദീപുത്രന്മാരും 
ശിമയോന്‍ പത്രോസിനു മാത്രമല്ല,  ഓരോ ക്രിസ്തു ശിഷ്യനും പ്രത്യാശപകരുന്നതും നിര്‍‍ണ്ണായകവുമാണ് ഇന്നത്തെ സുവിശേഷഭാഗത്തു നാം കാണുന്ന ഈശോയുടെ പ്രതികരണം. “ശിമയോനേ, ഭയപ്പെടേണ്ടാ! ഇനി മുതല്‍ നീ മനുഷ്യരെ പിടിക്കുന്നവനാകും”  (ലൂക്കാ 5, 10). അതോടെ, ഗലീലിയന്‍ തീരത്തെ അറിയപ്പെട്ട ആ വലിയമുക്കുവന്‍ ശിമയോന്‍ പത്രോസ് ക്രിസ്തുവിന്‍റെ വാക്കുകളില്‍ പൂര്‍ണ്ണമായി പ്രത്യാശ അര്‍പ്പിച്ച്, എല്ലാം ഉപേക്ഷിച്ച്, തന്‍റെ വലയും വഞ്ചിയും ഉപേക്ഷിച്ച് അവിടുത്തെ പിന്‍ചെന്നു. ഇനി മുതല്‍ ശിമയോന് ക്രിസ്തു ഗുരുവും നാഥനുമാണ്. ഇതുതന്നെയാണ് ശിമയോന്‍റെ കൂട്ടാളികള്‍, സെബദീപുത്രന്മാരായ യോഹന്നാനും യാക്കോബും ചെയ്തത്. അവരും അവിടുത്തെ അനുഗമിച്ചു, യേശുവിനെ തങ്ങളുടെ ഗുരുവും നാഥനുമായി അംഗീകരിച്ചു.

പുനര്‍ജനകമായ ദൈവികസ്നേഹം
ക്രിസ്തുവിന്‍റെയും അവിടുത്തെ സഭയുടെയും പ്രേഷിതദൗത്യത്തിന്‍റെ ബലതന്ത്രം നമുക്കിവിടെ കാണാം. ആദ്യം അന്വേഷിച്ചിറങ്ങുക, അതായത് മനുഷ്യരുടെ മദ്ധ്യേത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. മത പരിവര്‍ത്തനത്തിനല്ല, മറിച്ച് പാപമോചനത്തിലൂടെയും അനുരഞ്ജനത്തിലൂടെയും സ്നേഹസാമീപ്യത്തിലൂടെയും മനുഷ്യരുടെ ജീവിതാന്തസ്സു വീണ്ടെടുക്കാനും, അവരെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കാനുമാണ്. ക്രിസ്തീയതയുടെ സത്തയിതാണ് – സകലരെയും ആശ്ലേഷിക്കുന്ന വിശിഷ്യ പാവങ്ങളെയും എളിയവരെയും ആശ്ലേഷിക്കുന്ന ഒരു കാരുണ്യത്തിന്‍റെ മനോഭാവത്തോടെ, ദൈവത്തിന്‍റെ സ്വതന്ത്രവും പുനര്‍ജനകവുമായ സ്നേഹം പങ്കുവയ്ക്കാനും പ്രസരിപ്പിക്കാനും പ്രഘോഷിക്കാനും ഇറങ്ങിപ്പുറപ്പെടുക. അതുവഴി സകലരും ദൈവപിതാവിന്‍റെ കരുണാര്‍ദ്രമായ സ്നേഹം ആസ്വദിക്കാന്‍ ഇടയാവുകയും, ദൈവിക ജീവന്‍റെ സമ്പൂര്‍ണ്ണതയില്‍ പങ്കുകാരാകുകയും ചെയ്യട്ടെ! ഇവിടെ അനുതാപത്തിന്‍റെ ശുശ്രൂഷയെയും, അതു പരികര്‍മ്മംചെയ്യുന്നവരെയും അനുസ്മരിക്കാവുന്നതാണ്. ക്രിസ്തുവിന്‍റെ കാരുണ്യവും ക്ഷമിക്കുന്ന സ്നേഹവും അനുകരിച്ചവരാണ് പാപികളായവര്‍ക്ക് ദൈവപിതാവിന്‍റെ അതിരറ്റ കാരുണ്യം ലഭ്യമാക്കിയ വിശുദ്ധാത്മാക്കള്‍, പ്രത്യേകിച്ച് തങ്ങളെത്തന്നെ അജപാലനമേഖലയില്‍ സമര്‍പ്പിക്കുന്നവര്‍.

കാരുണ്യത്തിന്‍റെ സുവിശേഷപ്രഘോഷകന്‍!
പാപ്പാ ഫ്രാന്‍സിസ് സ്ഥാനാരോപിതനായ വര്‍ഷം, 2013-ല്‍ ആദ്യമായി ഒരു അഭിമുഖം പുറത്തുവന്നത്, ഈശോസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ ഫാദര്‍ ആന്‍റെണി സ്പദാരോയുമായിട്ടായിരുന്നു. ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു ചോദ്യമാണ് ഫാദര്‍ സ്പദാരോ പാപ്പാ ഫ്രാന്‍സിസിനോടു ആദ്യം ചോദിച്ചത്.  ആരാണ് ഹോര്‍ഹെ മാരിയോ ബര്‍ഗോളിയോ? പാപ്പായുടെ ജ്ഞാനസ്നാപ്പേരാണത് – ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ! രൂക്ഷമായൊരു ചോദ്യമായിട്ടാണ് അതു കേട്ടിട്ട്  വ്യക്തിപരമായി തോന്നിയത്! ചോദ്യം ആവര്‍ത്തിക്കുന്നതിനു മുന്‍പേതന്നെ, പാപ്പാ ഫ്രാന്‍സിസ് മറുപടി പറഞ്ഞു, “ദൈവത്തിന്‍റെ കാരുണ്യത്താല്‍ സ്പര്‍ശിക്കപ്പെട്ട വെറും പാപിയായ ഒരു മനുഷ്യനാണു ഞാന്‍!” 

പാപ്പാ ഫ്രാന്‍സിസിന്‍റെ ജീവിതവും വിളിയും ഒരു കാരുണ്യത്തിന്‍റെ സുവിശേഷമാണെന്നു പറയാം. ദൈവത്തിന്‍റെ കാരു​ണ്യം അധികമായി അനുഭവിച്ചൊരു മനുഷ്യന്‍ അത് അധികമായിത്തന്നെ  പങ്കുവയ്ക്കാനുള്ള ആഗ്രഹവും അഭിനിവേശവുമാണ് ജീവിതത്തില്‍ അനുദിനം പ്രകടമാക്കുന്നത്. അദ്ദേഹത്തിന്‍റെ വിളിയും ദൗത്യവും ജീവിതവുമായി അത് തെളിഞ്ഞു നില്ക്കുന്നു, ഇന്നും തിളങ്ങിനില്ക്കുന്നു!

ദൈവത്തിന്‍റെ സമാധാനദൂതര്‍
ചെറുതും വലുതും, ചിഹ്നഭിന്നവുമായ യുദ്ധങ്ങളും അഭ്യന്തരകലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും വെട്ടിമുറിച്ച ലോകത്തിന് സമാധാനത്തിന്‍റെ സാന്ത്വനവുമായി പാപ്പാ ഫ്രാന്‍സിസ് ഇറങ്ങി പുറപ്പെട്ടതും മുന്നോട്ടു പോകുന്നതും, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ, “ദൈവമേ... എന്നെ അങ്ങേ സമാധാനത്തിന്‍റെ ദൂതനാക്കണമേ...!” എന്ന പ്രാര്‍ത്ഥനയോടെയാണ്.   അസ്സീസിയിലെ സിദ്ധന്‍ ഈജിപ്തിലെ സുല്‍ത്താന്‍ അല്‍-കമീലിനെ സന്ദര്‍ശിച്ചത് 1219-ല്‍ ആയിരുന്നു. ആ സൗഹൃദസന്ദര്‍ശനത്തിന്‍റെ 800-Ɔο വാര്‍ഷികം സന്ധിക്കുന്ന വേളയിലാണ് പാപ്പാ ഫ്രാന്‍സിസ് ഒരു മുസ്ലിം സാമ്രാജ്യത്തിന്‍റെ  ക്ഷണം ഏറ്റുവാങ്ങി യുഎഇ അപ്പസ്തോലിക യാത്ര നടത്തിയത്. ലോക ജനതയുടെ മനസ്സുകളില്‍ അത് മായാത്ത ഓര്‍മ്മകളാണ് പതിപ്പിച്ചത്. പാപ്പാ ഫ്രാന്‍സിസിന്‍റെ ലാളിത്യവും കാരുണ്യവുമുള്ള ക്രിസ്തുശിഷ്യത്വമാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലും പ്രവൃത്തികളിലും അനുദിനം ലോകം ഇന്നു കാണുന്നത്.

പ്രത്യാശപകരുന്ന ദൈവവചനം
ഇന്നത്തെ സുവിശേഷം നമ്മെ വെല്ലുവിളിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ വചനത്തില്‍ എങ്ങനെ വിശ്വസിക്കണമെന്ന് അത് പറഞ്ഞുതരുന്നുണ്ട്. നമ്മുടെ ബലഹീനതകളിലും വീഴ്ചകളിലും, പരാജയങ്ങളിലും നിരാശരാകാതെ ദൈവത്തില്‍ ശരണപ്പെട്ടു മുന്നേറാമെന്ന് അതു നമ്മെ പഠിപ്പിക്കുന്നു, പ്രചോദിപ്പിക്കുന്നു, ശക്തി പകരുന്നു. ദൈവസന്നിധിയില്‍ പാപികളും ബലഹീനരും, അയോഗ്യരുമെന്ന് തോന്നുന്നവര്‍ക്ക് പ്രത്യാശപകരുന്ന വചനമാണ് നാം ഇന്നു ശ്രവിച്ചത്. ക്രിസ്തു ഗലീലിയ തീരത്തുവച്ച് തന്‍റെ ആദ്യശിഷ്യരോടു പറഞ്ഞത്, “ഭയപ്പെടേണ്ടെ” എന്നാണ് (ലൂക്കാ 5, 10).  ശിമയോന്‍ പത്രോസ് ഏറ്റുപറഞ്ഞ, ഒരു മനുഷ്യന്‍റെ പാപാവസ്ഥയ്ക്കും ബലഹീനതയ്ക്കും ക്രിസ്തു നല്കിയ മറുപടിയാണിത്, “ഭയപ്പെടേണ്ട!”

ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളാകാം!
ദൈവത്തിന്‍റെ കാരുണ്യം അപരിമേയമാണ്. നമ്മുടെ പാപങ്ങളെയും ബലഹീനതകളെയുംകാള്‍ വലുതാണ് അവിടുത്തെ കാരുണ്യം. ക്രിസ്തുവിന്‍റെ വിശ്വസ്ത ദാസരും ശിഷ്യരുമായി അവിടുത്തെ കാലടികളെ അനുഗമിക്കാനുള്ള കരുത്ത് കന്യകാനാഥ നിങ്ങള്‍ക്കും എനിക്കും നല്കട്ടെ! സകലര്‍ക്കും ജീവനും രക്ഷയും പ്രദാനംചെയ്യുന്ന ദൈവികകൃപയുടെ കാല്പാദങ്ങളാണവ. ആ പുണ്യപാദങ്ങളെ, ആ തൃപ്പാദങ്ങളെ വിശ്വസ്തതയോടെ അനുദിനം അനുഗമിക്കാം! അവിടുത്തെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വിനീത സാക്ഷികളായി നമുക്കു  ജീവിക്കാം!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2019, 13:40