തിരയുക

 Jesus in the Synagogue of Nazareth Jesus in the Synagogue of Nazareth 

വിമോചനത്തിന്‍റെ സുവിശേഷവും ദൈവരാജ്യത്തിന്‍റെ സാമീപ്യവും

വിശുദ്ധ ലൂക്കായുടെ സുവിശേഷം 4, 21-30 വരെ വാക്യങ്ങള്‍. ആണ്ടുവട്ടം 4-Ɔο വാരം ഞായര്‍.
ആണ്ടുവട്ടം 4-Ɔο വാരം ഞായര്‍ വചനചിന്തകള്‍ - ശബ്ദരേഖ

ഈശോ സ്വന്തം ഗ്രാമത്തിലെ  സിനഗോഗില്‍ 
ഇന്നത്തെ സുവിശേഷം വീണ്ടും നസ്രത്തിലെ സിനഗോഗു സംഭവം വിവരിക്കുകയാണ്. ഈശോ വളര്‍ന്ന ഗ്രാമവും ആ ഗ്രാമത്തിലെ ദേവാലയവുമാണത്. എല്ലാവര്‍ക്കും അവിടുത്തെ ഏറെ അറിയാവുന്ന ഒരിടമാണത്. ഏതാനും നാളുകള്‍ക്കുമുന്‍പ് പരസ്യജീവിതത്തിനായി അവിടെനിന്നുമാണ് ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇതാ, തിരിച്ചു നസ്രത്തില്‍ വന്നിട്ട്, ആദ്യമായിട്ടാണ് ആ ദേവാലയത്തില്‍ സമ്മേളിച്ച സമൂഹത്തിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. വരാനിരിക്കുന്ന മിശിഹായെപ്പറ്റി ഏശയ പ്രവചിച്ച വചനങ്ങളാണ് അവിടുന്ന് ഗ്രന്ഥച്ചുരുള്‍ നിവര്‍ത്തി അന്നു വായിച്ചത്. എന്നിട്ട് അവസാനമായി പറഞ്ഞ വചനമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. “ഇന്ന് നിങ്ങള്‍ കേട്ട ഈ തിരുവെഴുത്തുകള്‍ എന്നില്‍ നിറവേറിയിരിക്കുന്നു” (ലൂക്കാ 4, 21). യേശുവിനെയും അവിടുത്തെ വാക്കുകളെയും കുറിച്ചു ആദ്യം മതിപ്പും ആശ്ചര്യവും പ്രകടിപ്പിച്ച  ജനങ്ങളും, യഹൂദപ്രമാണികളും തന്നെയാണ് ഇപ്പോള്‍ അവിടുത്തെ ആ സിനഗോഗില്‍വച്ച് പരിത്യജിക്കുന്നതും അവിടുത്തെ പുറത്താക്കാന്‍ പരിശ്രമിക്കുന്നതും.

സ്വഭവനത്തില്‍ തിരസ്കൃതനാകുന്ന പ്രവാചകന്‍
ഈശോയുടെ പഠനങ്ങള്‍ കേട്ട്, ആദ്യം ആശ്ചര്യപ്പെടുകയും അഭിനന്ദിക്കുകയും ചെയ്ത സ്വന്തം നാട്ടുകാര്‍ ഇപ്പോള്‍ അവിടുത്തേയ്ക്ക് എതിരായിരിക്കുന്നു! അവര്‍ പിറുപിറുക്കാന്‍ തുടങ്ങി. പിന്നെ അവര്‍ ആരായുന്നൊരു ചോദ്യം, എന്തിനാണ് ഈ മനുഷ്യന്‍ ദൈവത്തിന്‍റെ അഭിഷിക്തനാണെന്ന് സ്വയം അവകാശപ്പെടുന്നത്? പിന്നെ കഫര്‍ണാമിലും സമീപ ഗ്രാമങ്ങളിലും പ്രവര്‍ത്തിച്ചെന്നു പറയുന്ന അത്ഭുതകൃത്യങ്ങള്‍ എന്തുകൊണ്ടാണ് അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കാത്തത്? അങ്ങനെ അവര്‍ അവിടുന്നില്‍ അവിശ്വസിക്കുകയും, അവിടുത്തെ വെല്ലുവിളിക്കുകയുമാണ് ചെയ്തത്. അപ്പോള്‍ ക്രിസ്തു ദൃഢപ്പെടുത്തി പറഞ്ഞു, “ഒരു പ്രവാചകനും സ്വന്തം ഭവനത്തില്‍ സ്വീകൃതനാകില്ല,” (ലൂക്കാ 4, 24). എന്നിട്ട് അവിടുന്ന് ഏലിയ പ്രവാചകന്‍റെ കാലംമുതല്‍ ഇങ്ങോട്ട് ഇസ്രായേലിലെ മഹാപ്രവാചകന്മാര്‍വരെ, ജനങ്ങളുടെ അവിശ്വാസം നിമിത്തം വിജാതിയരായ ജനങ്ങളുടെ ഇടയില്‍ ദൈവം വലിയ അത്ഭുതങ്ങള്‍ പ്രവൃത്തിച്ച ചരിത്രം ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ഇതു കേട്ടപ്പോള്‍ ജനത്തിന് കൂടുതല്‍ അമര്‍ഷമായി. അവര്‍ അവിടുത്തെ എതിര്‍ക്കാനും, അവിടെനിന്നും  തള്ളി പുറത്താക്കാനും പരിശ്രമിച്ചു.  അപ്പോള്‍ ക്രിസ്തു അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി (ലൂക്കാ 4, 30). കാരണം അവിടുത്തെ സമയം ഇനിയും ആഗതമായിട്ടില്ലായിരുന്നു.  

ക്രിസ്തുവിനെയല്ല, അവിടുത്തെ അത്ഭുതങ്ങള്‍ തേടുന്നവര്‍!
വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഈ സുവിശേഷ സംഭവം നാട്ടുകാര്‍ തമ്മിലോ അയല്‍ക്കാര്‍ തമ്മിലോ ഉള്ള അസൂയയും പൗശന്യവുംമൂലം ഉണ്ടാകുന്ന വെറും  തര്‍ക്കമല്ല. മറിച്ച് മതാത്മകനായ ഒരു വ്യക്തി നേരിടേണ്ടിവരുന്ന, അല്ലെങ്കില്‍ നാം എല്ലാവരും നേരിടേണ്ടിവരുന്ന പ്രലോഭനത്തെക്കുറിച്ചാണ് ഈ സുവിശേഷഭാഗം പരാമര്‍ശിക്കുന്നത്. നാം അതില്‍നിന്ന് ഒഴിഞ്ഞുമാറി ജീവിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. എന്താണ് ആ പ്രലോഭനം? മതത്തെ മാനുഷികമായ നേട്ടങ്ങള്‍ക്കായി മുതല്‍ എടുക്കുന്ന ഒരു ഇടമായി കാണുന്ന മനസ്ഥിതിയാണിത്. എന്നിട്ട് മനുഷ്യര്‍ അവരുടെ താല്പര്യങ്ങള്‍ക്കായി ദൈവത്തോടു വിലപേശുന്നു. സകല സൃഷ്ടിജാലങ്ങളെയും, മാനുഷികമായ ദൃഷ്ടിയില്‍ ഏറ്റവും നിസ്സാരമെന്നതിനെപ്പോലും കാത്തുപാലിക്കുന്ന പിതാവായ ദൈവത്തിന്‍റെ അദൃശ്യമായ വെളിപ്പെടുത്തലുകളെയും അവിടുത്തെ ശക്തിയെയും അംഗീകരിക്കുകയും, അതില്‍ ആശ്രയിക്കുകയും ചെയ്യുന്ന വിശ്വാസമാണ് യഥാര്‍ത്ഥത്തിലുള്ള മതം, അല്ലെങ്കില്‍ യഥാര്‍ത്ഥത്തിലുള്ള വിശ്വാസ ജീവിതം.

ഏതൊരു മാനുഷിക അവസ്ഥയും ബലഹീനതയും ദൈവത്തിന് സ്വീകാര്യമാണ്. അവിടുന്ന് ആരെയും തന്‍റെ സ്നേഹവലയത്തില്‍നിന്നും ഒഴിവാക്കുന്നില്ല, മറിച്ച് എല്ലാവരെയും അവിടുന്ന് ആശ്ലേഷിക്കുന്നു. പിതൃഹൃദയം ആരെയും തള്ളിക്കളയുന്നില്ല. അയോഗ്യമെന്നു വിധിക്കപ്പെട്ടതെല്ലാം ദൈവത്തിന്‍റെ ദൃഷ്ടിയില്‍ യോഗ്യവും സ്വീകാര്യവുമാണ്. പാവങ്ങളെയും പാപികളെയും ഉള്‍ക്കൊള്ളുകയും എല്ലാവരെയും ആശ്ലേഷിക്കുകയും ചെയ്യുന്ന സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഒരു സാകല്യ സംസ്കൃതിയാണ് ക്രിസ്തു പ്രബോധിപ്പിക്കുന്നതും, നമുക്കു മാതൃകയായി കാട്ടിത്തരുന്നതും.

ലോകത്തിന്‍റെ വിമോചകനായ ക്രിസ്തു
“നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തുകള്‍ നിറവേറിയിരിക്കുന്നു” (ലൂക്കാ 4, 21). ഇന്ന്, എന്ന് അന്നാളില്‍ ഈശോ പറഞ്ഞത് എക്കാലത്തെയും സംബന്ധിച്ചതാണെന്നു വേണം മനസ്സിലാക്കാന്‍. അത് ഇന്നീ വചനം ശ്രവിക്കുന്ന നിങ്ങള്‍ക്കും എനിക്കും, ക്രിസ്തുവില്‍ മനുഷ്യകുലത്തിനു മുഴുവനും ലഭ്യമായ രക്ഷയെയാണ് പ്രതിപാദിക്കുന്നത്. ദൈവം എല്ലായുഗങ്ങളിലെയും മനുഷ്യമക്കളെ അവരുടെ ജീവിതപരിസരങ്ങളില്‍ കാണുവാനും അവരുമായി സംവദിക്കാനും ആഗ്രഹിക്കുന്നുണ്ട്. അതിന് അവിടുന്ന് ഇടമൊരുക്കുന്നുണ്ട്. മനുഷ്യന്‍റെ യഥാര്‍ത്ഥമായ ജീവിത ചുറ്റുപാടുകളിലേയ്ക്കു ദൈവം കടന്നുവരുന്നുണ്ട്. നിങ്ങളെയും എന്നെയും സന്ദര്‍ശിക്കാനും കാണാനും അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. ഓര്‍ക്കണം, എല്ലായിപ്പോഴും ആദ്യത്തെ ചുവടുവയ്പ് അവിടുത്തേതാണ്. കാരുണ്യത്തോടെ നമ്മെ കൈപിടിച്ച് ഉയര്‍ത്താന്‍ ക്രിസ്തു നമ്മിലേയ്ക്കു നടന്നടുക്കുന്നു. അവിടുന്ന് അടുത്തു വരുന്നു!

അഹങ്കാരം വീഴ്ത്തിയ വ്യാമോഹങ്ങളുടെ പടിയിറങ്ങിയ നമ്മെ, ദൈവസ്നേഹത്തിലേയ്ക്കു തിരിച്ചുചെല്ലാന്‍ ക്രിസ്തു വീണ്ടും ക്ഷണിക്കുന്നു. അവിടുത്തെ സാന്ത്വനത്തിന്‍റെ സുവിശേഷം ഉള്‍ക്കൊണ്ട് നന്മയുടെ തീരങ്ങളിലേയ്ക്ക് നടന്നടുക്കുവാന്‍ ക്രിസ്തു നമ്മെ ക്ഷണിക്കുന്നുണ്ട്. നമ്മെ തേടി വരുന്നതും, നമുക്കായി കാത്തിരിക്കുന്നതും അവിടുന്നാണ്, നമ്മെ നോക്കിയിരിക്കുന്നതും ക്രിസ്തുവാണ്.

ക്രിസ്തു ലോകത്തെ വ്യാഖ്യാനിച്ച രീതി
വിമോചനത്തിന്‍റെ സുവിശേഷവും ദൈവരാജ്യസന്ദേശവുമായി എത്തിയ ക്രിസ്തുവിനെയാണ് നസ്രത്തിലെ ജനം പരിത്യജിച്ചത്. ദൈവമായ ക്രിസ്തു ലോകത്തെ വ്യാഖ്യാനിച്ച രീതിയായിരുന്നു അവിടുത്തെ സുവിശേഷം. വിഷയങ്ങളില്‍ അവിടുന്നു പുലര്‍ത്തിയ സമഗ്രത മാത്രമല്ല, വിഷയത്തോടു പുലര്‍ത്തിയ സമഗ്രതയുമുണ്ട്. എന്തിനെക്കുറിച്ചാണ് അവിടുന്നു പറയാതിരുന്നിട്ടുള്ളത്. പ്രാര്‍ത്ഥനയെക്കുറിച്ചു പറയുമ്പോള്‍ രണ്ടുപേര്‍ ഒരുമിച്ചു കൂടുമ്പോഴുള്ള സാന്നിദ്ധ്യത്തെക്കുറിച്ചും, ഒപ്പം പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയടച്ചു പ്രാര്‍ത്ഥിക്കണം എന്ന പാഠവും പരിശോധിച്ചാല്‍, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ഏകാഗ്രതയില്‍ പ്രാര്‍ത്ഥിക്കണമെന്ന് അവിടുന്നു പഠിപ്പിക്കുന്ന വചനം സനാതനമാണെന്നു മനസ്സിലാക്കാം. അത് സുവിശേഷമാണ്. നമ്മുടെ ഭാവനകളെ പുറകോട്ടു കൊണ്ടുപോയാലും, അരനൂറ്റാണ്ടു മുന്‍പുള്ള സാംസ്കാരിക സാമ്പത്തിക മതാത്മക സാഹചര്യങ്ങളെ പുനരാവിഷ്ക്കരിക്കാനാവില്ല. നാട്ടില്‍ 150 വര്‍ഷംമുന്‍പ് സ്ത്രീകള്‍ മാറുമറയ്ക്കാന്‍ വേണ്ടി സമരം നടത്തിയെന്നും, അത്രയും സമയം മുന്നേ, ഇവിടെ തൊട്ടുതീണ്ടല്‍ ഉണ്ടായിരുന്നെന്നും പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അതിനാല്‍ മാറ്റങ്ങള്‍ക്കു നാം കാതോര്‍ക്കണം. നവമായ ദൈവരാജ്യസാന്നിദ്ധ്യത്തെ മനുഷ്യര്‍ അംഗീകരിക്കുകയുംവേണം.  

മാനുഷിക കാഴ്ചപ്പാടുണ്ടായിരുന്ന  ദൈവികപുരുഷന്‍
ഒരു സലീഷ്യന്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയായ പാപ്പാ ഫ്രാന്‍സിസ്, വിശുദ്ധ ജോണ്‍ ബോസ്കോയുടെ അനുസ്മരണ നാളില്‍ പറഞ്ഞകാര്യം ഓര്‍മ്മിക്കുകയാണ്, ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മാനുഷിക ദൃഷ്ടിയില്‍ മാത്രമല്ല, ദൈവികമായ കാഴ്ചപ്പാടില്‍ കാണാന്‍ സാധിച്ചതാണ് അദ്ദേഹത്തിന്‍റെ വിശുദ്ധിയുടെ പൊരുളെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഒരു പിതാവിന്‍റെ സ്നേഹത്തോടും ദൃഷ്ടിയോടുംകൂടെ കാണുന്ന രീതി ഡോണ്‍ബോസ്കോയുടെ വിശുദ്ധിയുടെ പൊരുളായിരുന്നു. യുവജനങ്ങള്‍ക്കു ഡോണ്‍ബോസ്കോ പിതാവും അദ്ധ്യാപകനും സ്നേഹിതനുമായിരുന്നു. ദൈവത്തിന്‍റെ കണ്ണുകളില്‍ നോക്കി പാവങ്ങളായ യുവജനങ്ങള്‍ക്കുവേണ്ടി ദൈവിക കാരുണ്യം യാചിക്കുന്നൊരു ഭിക്ഷുവിനെപ്പോലെ, അദ്ദേഹം അവരുടെ ഓരോ ആവശ്യങ്ങളും ദൈവപരിപാലനയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു.

യുവജനങ്ങളുടെ ഓരോ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിയും ദൈവികപരിപാലനയില്‍ പൂര്‍ണ്ണമായും ആശ്രയിച്ചുകൊണ്ട് വിശുദ്ധന്‍ ദൈവത്തിന്‍റെ പക്കലേയ്ക്ക് പടിപടിയായി നടന്ന് അടുക്കുകയായിരുന്നു. വിശുദ്ധ ജോണ്‍ ബോസ്കോയുടെ വ്യക്തിപ്രാഭവം പഠിച്ചിട്ടുള്ളവര്‍ പറയുന്നത്, അദ്ദേഹം ദൈവികൈക്യത്തില്‍ ജീവിച്ചപ്പോഴും, Even when we see the wonders of God in him, he was profoundly human. ദൈവികമായ അത്ഭുതങ്ങള്‍ അദ്ദേഹത്തില്‍ നിറഞ്ഞുനിന്നപ്പോഴും,  മനുഷ്യര്‍ക്കിടയില്‍ അദ്ദേഹം പച്ച മനുഷ്യനായി ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും ജീവിച്ചു.

അത്ഭുതങ്ങളോ ദൈവത്തിന്‍റെ അത്ഭുത സാന്നിദ്ധ്യമോ?
വീണ്ടും നസ്രത്തിലെ സിനഗോഗിലേയ്ക്ക് തിരികെച്ചെല്ലാം, അവിടെ ഇതാ, മറിയം! യേശുവിന്‍റെ അമ്മ നില്ക്കുന്നു!! ആ അമ്മയുടെ ഹൃദയമിടിപ്പ് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. കുരിശിന്‍ ചുവട്ടില്‍ സഹിക്കാനിരിക്കുന്ന വലിയ വേദനയുടെ ചെറിയൊരു പ്രതിഫലനമാണ് അവിടെ സിനഗോഗിലെ  ബഹളത്തില്‍ ആ അമ്മ അനുഭവിച്ചത്. ആദ്യം സിനഗോഗില്‍ ജനങ്ങള്‍ യേശുവിനെ അഭിനന്ദിക്കുകയും, പ്രശംസിക്കുകയും, അംഗീകരിക്കുകയും ചെയ്തത് ആ അമ്മ കണ്ടതാണ്. പിന്നീടോ, ഇതാ! അവര്‍ അവിടുത്തെ വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. തീര്‍ന്നില്ല, അവിടുത്തേയ്ക്കെതിരായി ഇതാ... അവര്‍ വധഭീഷണി മുഴക്കിക്കഴിഞ്ഞ‍ു. എന്നാല്‍ “മറിയമാകട്ടെ, എല്ലാം തന്‍റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവയ്ക്കുന്നു!” അത്ഭുതങ്ങളുടെ ദൈവത്തില്‍നിന്ന്, ദൈവത്തിന്‍റെ അത്ഭുത സാന്നിദ്ധ്യമായി മനുഷ്യരുടെമദ്ധ്യേ വസിച്ച ദൈവമായ ക്രിസ്തുവിനെ, രക്ഷകനായ ക്രിസ്തുവിനെ നമുക്കു കാണാനാവണം. നമ്മുടെ കണ്ണുകളിലും മനസ്സുകളിലും തെളിയേണ്ടതും, നാം അംഗീകരിക്കേണ്ടതും, പ്രഘോഷിക്കേണ്ടതുമായ ക്രിസ്തുരൂപം ഇതാണ്. മനുഷ്യരുടെമദ്ധ്യേ മറ്റൊരു മനുഷ്യനായി, ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാന്നിദ്ധ്യവും സാമീപ്യവുമായി ജീവിച്ച ദൈവമനുഷ്യന്‍, ദൈവപുത്രന്‍.  

ദൈവിക കാരുണ്യത്തിന്‍റെ സാമീപ്യവും സാന്നിദ്ധ്യവും
അത്ഭുതങ്ങള്‍ തേടുന്ന മനുഷ്യരാകാതെ, പ്രപഞ്ചത്തില്‍ ആകമാനം, നമുക്കു ചുറ്റും, വിശിഷ്യ നമ്മുടെ സഹോദരങ്ങളില്‍, പാവങ്ങളിലും പരിത്യക്തരിലും ദൈവിക സാന്നിദ്ധ്യാനുഭവത്തിന്‍റെ അത്ഭുതം കാണുകയും അംഗീകരിക്കുകയും ചെയ്യുന്നവരായി ജീവിക്കാന്‍ നമുക്കു സാധിക്കട്ടെ! ഈ കാഴ്ചപ്പാടിന്‍റെ മാറ്റം അനുദിനജീവിതത്തില്‍ നമുക്ക് ആവശ്യമാണ്. ദൈവികമായ അത്ഭുതങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമപ്പുറം, മാനുഷികമായ ദൃഷ്ടിയില്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാണുവാനും,  മനസ്സിലാക്കുവാനും, അംഗീകരിക്കുവാനും,  അതു ജീവിക്കുവാനുമുള്ള കാഴ്ചപ്പാടാണ് നമുക്കിന്ന് ആവശ്യം.  ക്രിസ്തു വെളിപ്പെടുത്തിയ സദ്വാര്‍ത്തയിലൂടെ ജീവിതത്തിലെ മാനുഷികദൃഷ്ടി ദൈവോത്മുഖമാക്കി അനുദിനം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 February 2019, 15:05