തിരയുക

fishing by Boracay island Philippines as the sun sets fishing by Boracay island Philippines as the sun sets 

സമാശ്വാസകനായ ദൈവവും വിലപിക്കുന്ന മനുഷ്യനും

വിലാപസങ്കീര്‍ത്തനം 80-ന്‍റെ ആസ്വാദനപഠനം – ഭാഗം മൂന്ന് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 80-ന്‍റെ ആശ്വാദനം - ശബ്ദരേഖ

ഗീതത്തിന്‍റെ ആസ്വാദനം
വിലാപസങ്കീര്‍ത്തനം 80-ന്‍റെ ആസ്വാദനമാണ് ഈ പ്രക്ഷേപണത്തില്‍. ഘടനയില്‍ മൂന്നു പ്രാര്‍ത്ഥനകള്‍ കണ്ണിചേര്‍ത്തിരിക്കുന്ന മനോഹരമായ യാചനാഗീതമാണിത്.ഇസ്രായേലിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ മെനഞ്ഞെടുത്തിട്ടുള്ള ഈ വിലാപഗീതം പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന ദൈവജനത്തിന്‍റെ വിലാപമായി നമുക്ക് തോന്നാമെങ്കിലും, പദങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍  ജീവിതത്തില്‍ വേദനയും യാതനയും അനുഭവിക്കുന്നവരും പരിത്യക്തരുമായ ഏതു ജനത്തിനും ഈ സങ്കീര്‍ത്തനവും അതിലെ പ്രാര്‍ത്ഥനകളും ഏറെ പ്രസക്തമാണെന്നു മനസ്സിലാക്കാം. 

Musical version of Psalm 80 
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)

കാലാതീതമായ ചിന്തകള്‍
ചരിത്രത്തില്‍ ഇസ്രായേലിലെ ചില ഗോത്രങ്ങള്‍ വിപ്രവാസത്തില്‍ കഴിയേണ്ടി വന്ന കാലഘട്ടത്തിലാണ് സങ്കീര്‍ത്തനം രചിക്കപ്പെട്ടിട്ടുള്ളത് എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുമ്പോഴും, പദങ്ങളില്‍ സങ്കീര്‍ത്തകന്‍ കോറിയിട്ടിരിക്കുന്ന സംഭവങ്ങളും അനുഭവങ്ങളും കാലാതീതവും എന്നും പ്രസക്തവും മനുഷ്യമനസ്സുകളെ ദൈവത്തിങ്കലേയ്ക്ക്, രക്ഷകനും ഇടയനുമായ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുന്നതുമാണ്. ഈ കാലിക പ്രസക്തിയാണ് 80-Ɔο സങ്കീര്‍ത്തനത്തെക്കുറിച്ചുള്ള ആദ്യത്തെ ആസ്വാദനമായി നമുക്ക് പറയാവുന്നത്.

സമൂഹത്തിന്‍റെ വിലാപസങ്കീര്‍ത്തനം
സമൂഹത്തിന്‍റെ വിലാപ കീര്‍ത്തനമാണിത്, കേവലം ഒരു വ്യക്തിയുടേതല്ലെന്ന് നാം മനസ്സിലാക്കി. സമൂഹം ആവര്‍ത്തിക്കുന്ന ഈരടിയായി പൊതുവെ ഇതിലെ പദങ്ങളെ, വരികളെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അവയില്‍ ചില വരികള്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതും സങ്കീര്‍ത്തനത്തിന്‍റെ സാമൂഹ്യ സ്വഭാവം വെളിപ്പെടുത്തുന്നതുമാണ്. സംഗീതഭാഷയില്‍ പ്രഭണിതം അല്ലെങ്കില്‍ chorus, സംഘാലാപനത്തിന് ഉപയോഗിക്കാവുന്ന രീതിയിലാണ് അവ രചിക്കപ്പെട്ടിരിക്കുന്നത്.  ഉദാഹരണത്തിന് 3-Ɔമത്തെ പദം – സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിപ്പിക്കുകയും, അങ്ങനെ ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ.

വീണ്ടും 7-Ɔമത്തെ പദം ശ്രദ്ധിക്കുകയാണെങ്കില്‍,  സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ!  അങ്ങയുടെ മുഖം പ്രകാശിക്കുകയും, ഞങ്ങള്‍ അങ്ങനെ അങ്ങേ രക്ഷകാണുകയും ചെയ്യട്ടെ.

7-Ɔമത്തെ പദത്തോടെ ഏറെ സാമ്യമുള്ളതാണ് 14-Ɔമത്തെ പദം, യാചനാപദം.
14-Ɔമത്തെ പദം, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളിലേയ്ക്കു തിരിയണമേ! സ്വര്‍ഗ്ഗത്തില്‍നിന്നും അങ്ങു ഞങ്ങളെ നോക്കിക്കാണേണമേ.

അതുപോലെതന്നെ സങ്കീര്‍ത്തനത്തിന്‍റെ ഏറ്റവും അവസാനത്തെ പദം,
19-Ɔമത്തെ പദവും ഈ സമൂഹത്തി‍ന്‍റെ സജീവ പങ്കാളിത്തവും, ആവര്‍ത്തന സ്വഭാവവും പ്രകടമാക്കുന്നതാണ്. 19. സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിപ്പിക്കുകയും അങ്ങനെ ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ.

സംഗീതാത്മകമായ ഉപയോഗത്തിന് രചയിതാവ് ചിട്ടപ്പെടുത്തിയ പദം, സമൂഹത്തിന് എളുപ്പത്തില്‍ ഏറ്റുപാടി പ്രാര്‍ത്ഥിക്കുവാന്‍ സഹായകമാകുന്ന വിധത്തിലുള്ള ഏറെ ഹൃദ്യമായ ഈരടികളാണ്. അങ്ങനെ, 80-Ɔο സങ്കീര്‍ത്തനം അതിന്‍റെ ഘടനയില്‍ വളരെ മനോഹരമായ ഗീതമെന്നോ, പ്രാര്‍ത്ഥനയെന്നോ വിശേഷിപ്പിക്കുന്നതോടൊപ്പംതന്നെ, പദങ്ങളുടെ സംയോജന ശൈലികൊണ്ട് ഈ ഗീതം സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയും, യാചനയും വിലാപവുമാണെന്നത് സുവ്യക്തമാണ്. അതോടൊപ്പംതന്നെ വിശ്വാസ സമൂഹത്തിന്‍റെ സജീവ പങ്കാളിത്തത്തോടെ പ്രാര്‍ത്ഥനാ വേളകളില്‍ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ള ഗീതമാണിതെന്നും നമുക്ക് മനസ്സിലാക്കാം. അതിനാല്‍ സമൂഹാലാപനത്തിന് മാതൃകയാക്കാവുന്നതാണ് ഈ സങ്കീര്‍ത്തനം.
എപ്രകാരം ദൈവസന്നിധിയില്‍ അവിടുത്തെ ജനത്തിന് ഐക്യത്തോടും ഏകമനസ്സോടുംകൂടെ സജീവമാകാമെന്ന് ഘടനതന്നെ വ്യക്തമാക്കുന്നു. അതിന് ഉതകുന്ന പ്രാര്‍ത്ഥനയാണിതെന്നത്  ഈ ഗീതത്തിന്‍റെ വളരെ ശ്രദ്ധേയമാകുന്ന മറ്റൊരു ആസ്വാദനമാണ്, appreciation-നാണ് – ഗീതത്തി‍ന്‍റെ സമൂഹാലാപന രീതി. 

Musical version of Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)
സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ
അങ്ങേ വലതുകരം നീട്ടിയീ മുന്തിരിച്ചെടിയെ എന്നും പരിഗണിക്കണമേ.
അങ്ങേ വിളിച്ചപേക്ഷിക്കുന്ന പുത്രനെ പരിപാലിക്കാന്‍ വേഗം വരണമേ
ദൈവമേ, ഞങ്ങളെ കടാക്ഷിക്കണമേ.

പ്രത്യാശ പ്രചോദിപ്പിക്കുന്ന ഗീതം
ഇസ്രായേലിന്‍റെ ഇടയനേ, എന്നു തുടങ്ങുന്ന സങ്കീര്‍ത്തനത്തിന്‍റെ ആമുഖം, അല്ലെങ്കില്‍ 1-മുതല്‍ 3-വരെയുള്ള പദങ്ങള്‍ ഏറെ ഉത്തേജിപ്പിക്കുന്ന ചിന്തകള്‍ വിരിയിക്കുന്നു. കര്‍ത്താവ് മുഖം മറച്ചാല്‍ മനുഷ്യന്‍ അപകടത്തിലാകും. പ്രാര്‍ത്ഥിക്കുവാന്‍ ഹൃദയം നമുക്കുണ്ടെങ്കില്‍  ദൈവത്തിനു കേള്‍ക്കുവാന്‍ ചെവിയുമുണ്ട്. കേരളത്തിലെ‍ ബൈബിള്‍ പണ്ഡിതന്‍ തുരുത്തിമാലിയച്ചന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, ‘അനീതിക്കെതിരായി കേസു കൊടുക്കുവാന്‍ നാം തയ്യാറെങ്കില്‍ അവിടുന്ന് അതു ഫയലില്‍ സ്വീകരിക്കും.....പിന്നെന്താ....!’ ദൈവത്തിന്‍റെ അപദാനങ്ങള്‍ പാടുകയും അവിടുന്നു ചരിത്രത്തില്‍ ചെയ്തിട്ടുള്ള മനോഗുണങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യാം! കര്‍ത്താവ് എന്‍റെ ഇടയനാണെന്ന് നമുക്കും സങ്കീര്‍ത്തകനോട് ചേര്‍ന്ന് അനുദിനം ആവര്‍ത്തിച്ചു പാടാം. തങ്ങളെ ശ്രവിച്ച ദൈവത്തെപ്പറ്റി പിതാക്കന്മാര്‍ മക്കളോടു പറയണം – ദൈവം നമ്മുടെ ഇടയനാണ്, അവിടുന്ന് നമ്മുടെ നല്ലിടയനാണെന്ന്!  അനുതാപവും തിരിച്ചുവരവും നമ്മെ തീര്‍ച്ചയായും എല്ലാ ദുരന്തങ്ങളില്‍നിന്നും രക്ഷിക്കും!!

രക്ഷയ്ക്കുള്ള  പ്രത്യാശ
രണ്ടാമത്തെ പ്രാര്‍ത്ഥന  4-മുതല്‍ 7-വരെയുള്ള പദങ്ങളാണല്ലോ.  പ്രാര്‍ത്ഥന കേള്‍ക്കാന്‍ വൈകുന്നതുകൊണ്ട് കര്‍ത്താവു നമ്മെ ഉപേക്ഷിച്ചു എന്നു കരുതേണ്ട.  പ്രാര്‍ത്ഥന കേള്‍ക്കപ്പെടാത്ത സാഹചര്യത്തില്‍ ആത്മപരിശോധനയിലും ചിന്തയിലും എല്ലാം വ്യക്തമാകണമെന്നില്ല. അയല്‍ക്കാര്‍ പലപ്പോഴും വഴക്കിനും തിന്മയ്ക്കും കാരണമാകാറുണ്ട്. ശത്രുക്കള്‍ ചുറ്റും ഉയരുന്നു. ഏതു പ്രകോപനം ഉണ്ടായാലും അവര്‍ക്കു നന്മചെയ്യുന്നതില്‍ നാം വിജയിക്കണം. കര്‍ത്താവില്‍നിന്നു വരുന്ന രക്ഷയ്ക്കും മോചനത്തിനുമായി നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്, എന്ന പ്രത്യാശ പകരുന്ന  വസ്തുത ഈ ഗീതത്തിന്‍റെ മറ്റൊരു ആസ്വാദനമാണ്. കാരണം, മതികെട്ട് മനുഷ്യന്‍ പാടാറില്ലേ,

“വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ,
മന്നിതില്‍ വലയുന്ന മനുഷ്യനോ...
അന്ധനാര്, ഇപ്പോള്‍ അന്ധനാര്....
അന്ധകാരപ്പരപ്പിതില്‍ അന്ധനാര്....?”

വയലാറിന്‍റെ വരികള്‍ മനോഹരമാണെങ്കിലും ആത്മവിശ്വാസമില്ലാത്തതാണ്.  അവിശ്വാസത്തില്‍ പ്രത്യാശയറ്റുപോകുന്ന നിമിഷങ്ങളില്‍ നമുക്ക് പ്രത്യാശ പകരാന്‍, ആത്മധൈര്യംപകരാന്‍ 80-Ɔο സങ്കീര്‍ത്തനത്തിന്‍റെ ഈരടികള്‍ക്ക് കരുത്തുണ്ട്.

Musical version of Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)
ഇസ്രയേലിന്‍റെ രക്ഷകനേ, ഞങ്ങളെ സഹായിക്കേണമേ
അങ്ങേ ശുശ്രൂഷകനാം മനുഷ്യപുത്രനെ അങ്ങു സദാ തുണയ്ക്കേണമേ
അങ്ങേ നാമം വിളിച്ചപേക്ഷിക്കുന്നവരില്‍ അങ്ങേ ജീവന്‍ ചൊരിയണമേ
ദൈവമേ, ഞങ്ങളെ കൈവെടിയരുതേ...!

പരിപാലിക്കുന്ന ദൈവം
ഇനി അവസാനമായി 8-മുതല്‍ 15-വരെയുള്ള പദങ്ങളും സങ്കീര്‍ത്തനത്തിന്‍റെ ഹൃദ്യമായ പ്രാര്‍ത്ഥനാഭാഗമാണ്. ദൈവം മനുഷ്യന്‍റെ ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. ചരിത്രം ദൈവപരിപാലനയുടെ അത്ഭുതങ്ങള്‍ നിറഞ്ഞുനില്ക്കുന്നതാണ്. അവിടുന്നു പണിതുയര്‍ത്താന്‍ തുടങ്ങിയ ഭവനത്തിന്‍റെ പണിതീര്‍ക്കാതെ ഉപേക്ഷിച്ചു പോകുമോ? അവിടുന്നു നട്ടുപിടിപ്പിച്ച മുന്തിരി  നശിച്ചുപോകാന്‍ അവിടുന്നു തന്നെ അനുവദിക്കുമോ? അവിടുത്തേയ്ക്ക് എളിയവരെ വലിയവരാക്കാന്‍ സാധിക്കും. അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേയ്ക്കും, നിസ്സാരതയില്‍നിന്ന് ഔന്നത്യത്തിലേയ്ക്ക് മനുഷ്യരെയും ജനതകളെയും രാജ്യത്തെയും ഉയര്‍ത്താന്‍ കരുത്തുണ്ട്. 

പാപത്തിന്‍റെ ഫലമായി ഞെരുക്കങ്ങളും ദുരിതങ്ങളും ഉണ്ടാകും. മറിച്ചും സംഭവിക്കാം. എങ്ങനെ ആയാലും ദുഃഖങ്ങളില്‍ മോചിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന കര്‍ത്താവിന്‍റെ വരവിനായി നാം പ്രാര്‍ത്ഥിക്കണം, പാര്‍ത്തിരിക്കണം, കാത്തിരിക്കണം. ഇന്നും വിപ്രവാസത്തിന്‍റെയും അസ്വാതന്ത്ര്യത്തിന്‍റെയും നാടുകടത്തലിന്‍റെയും കുടിയേറ്റത്തിന്‍റെയുമെല്ലാം തിക്താനുഭവങ്ങളിലും പ്രത്യാശപകരുന്ന ഈരടിയാണ് 80-Ɔο സങ്കീര്‍ത്തനം.

കാരുണ്യത്തിനായി കൈകൂപ്പാം!
ഒരിക്കലും പ്രത്യേകിച്ച്, അനര്‍ത്ഥങ്ങളുടെ നാളുകളില്‍, ദൈവത്തെ ഉപേക്ഷിക്കാതിരിക്കുവാനും, അവിടുത്തെ എന്നും വിളിച്ചപേക്ഷിക്കാനുള്ള വരം തേടുന്നതിനും, എന്നും അവിടുന്നില്‍ നിന്ന് ജീവന്‍ പ്രാപിക്കാന്‍  തീക്ഷ്ണമായി നാം പ്രാര്‍ത്ഥിക്കണമെന്ന ഗീതകന്‍ ആവര്‍ത്തിച്ച് അനുസ്മരിപ്പിക്കുന്നു. ജീവിതത്തില്‍ നന്മകള്‍ സ്വീകരിക്കുന്നവര്‍ അതു കര്‍ത്താവിന്‍റെ ഔദാര്യത്തില്‍നിന്നാണെന്ന് ഓര്‍ക്കട്ടെ. സഹിക്കുന്നവര്‍ ദൈവിക കാരുണ്യത്തിനായി കൈകൂപ്പട്ടെ. എല്ലാവരും പൂര്‍ണ്ണ ഹൃദയത്തോടെ കൃപാസനത്തെ സമീപിക്കട്ടെ, എന്ന ആശംസയോടും പ്രാര്‍ത്ഥനയോടുംകൂടെ 80-Ɔο സങ്കീര്‍ത്തനപഠനം ഉപസംഹരിക്കുന്നു. 

Musical version of Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)
ഇസ്രയേലിന്‍റെ ഇടയനേ, ഞങ്ങളെ ശ്രവിക്കേണമേ
കെറൂബുകളുടെ മേല്‍ വസിക്കുന്നവനേ, ഞങ്ങളെ പ്രകാശിപ്പിക്കേണമേ 
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരേണമേ.
ദൈവമേ, ഞങ്ങളേ പുനരുത്ഥരിക്കേണമേ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 February 2019, 17:44