Biodiversities that are gifts of God in our common home - earth Biodiversities that are gifts of God in our common home - earth 

ദൈവസന്നിധിയില്‍ ശരണപ്പെടുന്ന മനുഷ്യന്‍റെ പ്രാര്‍ത്ഥന

ഒരു ശരണസങ്കീര്‍ത്തനത്തിന്‍റെ പഠനം - സങ്കീര്‍ത്തനം 25 ഭാഗം രണ്ട്.
ശരണഗീതത്തിന്‍റെ പഠനം - ഭാഗം രണ്ട് (ശബ്ദരേഖ)

ശരണം പ്രാര്‍ത്ഥനയുടെ ആര്‍ദ്രഭാവം 
 25-Ɔο ശരണ സങ്കീര്‍ത്തനത്തിന്‍റെ ആമുഖപഠനമാണ് കഴിഞ്ഞ പ്രക്ഷേപണത്തില്‍ തുടങ്ങിവച്ചത്. പരമ്പരാഗതമായി ഈ ഗീതം ദാവീദു രാജാവിന്‍റേതെന്ന് നിരൂപകന്മാര്‍ അവകാശപ്പെടുന്നു. ഇതൊരു ശരണ സങ്കീര്‍ത്തനമാണെന്ന് ആമുഖപഠനത്തില്‍ നാം മനസ്സിലാക്കിയതാണ്. ജീവിത വ്യഥകളില്‍പ്പെടുന്ന മനുഷ്യന്‍ ദൈവത്തില്‍ ശരണപ്പെടുന്ന ഹൃദയസ്പര്‍ശിയായ ഗീതമാണ് 25-Ɔο സങ്കീര്‍ത്തനമെന്നു ഓരോ പദവും വ്യക്തമാക്കുന്നു. ശരണം പ്രാര്‍ത്ഥനയുടെ ആര്‍ദ്രമായ ഭാവവും ഭാവപ്രകടനവുമാണ്. അങ്ങനെ അനുദിന ജീവിതത്തില്‍ ഒറ്റയ്ക്കും കൂട്ടമായും ആലപിക്കാവുന്ന, അല്ലെങ്കില്‍ ഉരുവിടാവുന്ന മനോഹരമായ ഗീതമാണ് 25-Ɔο സങ്കീര്‍ത്തനമെന്ന് കാണുകയുണ്ടായി.

ഇസ്രായേലിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും, ആരാധനയ്ക്ക് ഏറെ ഉപയോഗിക്കുന്നതുമായ ശരണഗീതങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നതാണ് 25-Ɔο സങ്കീര്‍ത്തനമെന്നു ബൈബിള്‍ പടുക്കള്‍ സ്ഥാപിച്ചിട്ടുള്ളതാണ്. പദങ്ങളുടെ അര്‍ത്ഥം പരിശോധിക്കുമ്പോള്‍ ശരണവും വിലാപവും വളരെ അടുത്ത ഭാവവും വികാരവുമാകയാല്‍, ചില നിരൂപകന്മാര്‍ ശരണ സങ്കീര്‍ത്തനത്തെ വിലാപഗീതമായിട്ടും തരംതിരിക്കാറുണ്ട്. രണ്ടിനും അവയുടേതായ തനിമയുണ്ട്, പരസ്പര വ്യത്യാസങ്ങളുമുണ്ട്. തുടര്‍ന്നുള്ള പഠനം ഈ ശരണഗീതത്തിന്‍റെ പദങ്ങളുടെ വ്യാഖ്യാനമാണ്.

പ്രക്ഷേപണത്തില്‍ ഉപയോഗിക്കുന്ന 25-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം – ഗാഗുല്‍ ജോസഫും സംഘവും.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.

ശരണത്തോടു ചേര്‍ന്നുവരുന്ന യാചന
ശരണഗീതത്തില്‍ യാചനകളും, ശരണ പ്രഖ്യാപനവും, പ്രബോധനപരമായ സന്ദേശങ്ങളും, പാപമോചനത്തിനായുള്ള  അപേക്ഷയും കാണാം. ഇതില്‍ സങ്കീര്‍ത്തകന്‍ പീ‍ഠിപ്പിക്കപ്പെടുകയും തെറ്റായി കുറ്റം ആരോപിക്കപ്പെടുകയും ചെയ്യുന്നതായും പദങ്ങളില്‍നിന്നും നമുക്കു മനസ്സിലാക്കാം. കൂടാതെ, സാഹിത്യഗുണങ്ങളും പ്രാര്‍ത്ഥനാശൈലികളും വിജ്ഞാനചിന്തകളും നിറഞ്ഞതാണ് ഈ സങ്കീര്‍ത്തനം.  ഇത്രയും വിവരണങ്ങളോടെ നമുക്കിനി പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കാം. ഒന്നോ രണ്ടോ ചേര്‍ച്ചയുള്ള ചെറിയ പദക്കൂട്ടങ്ങള്‍ എടുത്ത് അവയെ ഹ്രസ്വമായി വ്യാഖ്യാനിക്കുന്ന ശൈലിയില്‍ നമുക്ക് ഈ ഗീതത്തിന്‍റെ പഠനത്തില്‍  മുന്നോട്ടു പോകാം.

Recitation :
കര്‍ത്താവേ, എന്‍റെ ആത്മാവിനെ
അങ്ങയുടെ സന്നിധിയിലേയ്ക്കു ഞാന്‍ ഉയര്‍ത്തുന്നു.
2. ദൈവമേ, അങ്ങില്‍ ഞാന്‍ ആശ്രയിക്കുന്നു,
ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ!

ശരണം ദൈവത്തിലുള്ള ആശ്രയം
പ്രാര്‍ത്ഥനയ്ക്കായി ദൈവത്തിങ്കലേയ്ക്കു തിരിയുന്നൊരു മനുഷ്യനെയാണ് സങ്കീര്‍ത്തകനില്‍ നാം കാണുന്നത്.  ദൈവസഹായം ലഭിക്കുന്നതിനും അവിടുത്തെ വഴികള്‍ അറിയുന്നതിനും വേണ്ടിയുള്ള ശ്രമമാണ് സങ്കീര്‍ത്തകന്‍റേത്!  ദൈവത്തിലുള്ള ആശ്രയം സൂചിപ്പിക്കുന്നത് ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമെന്ന മനോഭാവത്തെയാണ്. അതുകൊണ്ടാണ് ശത്രുക്കള്‍ പതിയിരുന്നാലും പരാജിതനാകാനോ, ലജ്ജിതനാകാനോ ദൈവം ഇടയാക്കില്ല, ദൈവം അനുവദിക്കില്ല, എന്ന  ശരണവും ബോധ്യവും ആദ്യത്തെ രണ്ടു പദങ്ങളില്‍ തെളിഞ്ഞു നില്ക്കുന്നത്.

Recitation :
3. “ വിശ്വാസ വഞ്ചകര്‍ അപമാനിതരാകട്ടെ
  പ്രത്യാശയറ്റവര്‍ ഭഗ്നാശരാകാതിരിക്കട്ടെ!”

ശരണം ദൈവസന്നിധിയിലെ കാത്തിരിപ്പ്
മൂന്നാമത്തെ പദം പരിശോധിക്കുമ്പോള്‍, ദൈവത്തിലുള്ള ആശ്രയം, അല്ലെങ്കില്‍ വിലപിക്കുന്നവന്‍റെ  പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്നുള്ള  ഉറപ്പു ലഭിക്കുമ്പോള്‍, ഗായകന്‍റെ കാത്തിരിപ്പ്  ദൈവത്തിനുവേണ്ടിയുള്ള പതറാത്തതും, വിശ്രമമില്ലാത്തതുമായ  ശ്രദ്ധയും താല്പര്യവുമാണ് സൂചിപ്പിക്കുന്നത്.  ദൈവസഹായം കാത്തിരിക്കുന്നവര്‍ ലജ്ജിക്കയില്ലെന്നുള്ള  ഉറപ്പിനു കാരണം അതുതന്നെയാണ്. എന്നാല്‍ വിശ്വാസമില്ലാത്തവരും, വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചു പോയവരും, വെറും കയ്യോടെ, ഒന്നും ലഭിക്കാതെ മടങ്ങിപ്പോകേണ്ടിവരുന്നു.

 Recitation :
4. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്കു മനസ്സിലാക്കി തരണമേ!
അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
5. അങ്ങയുടെ സത്യത്തിലേയ്ക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം,
അങ്ങേയ്ക്കുവേണ്ടി ദിവസംമുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.

നിയമത്തിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതം
നാല്, അഞ്ച് പദങ്ങള്‍ കര്‍ത്താവിന്‍റെ വഴികള്‍ വെളിവാക്കുന്ന ‘തോറാ’ , അതായത് ഇസ്രായേലിനു ദൈവം നല്കിയ കല്പനകള്‍ ആധാരമാക്കിയുള്ള നിര്‍ദ്ദേശങ്ങളും ധാര്‍മ്മിക ഉപദേശങ്ങളും തരുന്ന വചന വ്യാഖ്യാനങ്ങളാണ്. നിയമത്തിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ  തിരുമനസ്സാണ് അവിടുത്തെ വഴികള്‍.  വിജ്ഞാനപരമായ ജീവിതവും അതിന്‍റെ ഭാഗമാണ്. ഈ വഴി വ്യക്തിക്കും സമൂഹത്തിനും  അനുദിന ജീവിതത്തിലേയ്ക്കുള്ള  ദൈവതിരുമനസ്സിന്‍റെ ചൂണ്ടുപലകയുമാണ്.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
കര്‍ത്താവേ, അങ്ങേ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ
അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ
അങ്ങേ സന്നിധിയിലേയ്ക്കെന്നെ നയിക്കേണമേ
അങ്ങേ സത്യമെനിക്ക് വെളിപ്പെടുത്തി തരണമേ.

ദൈവത്തിന്‍റെ പതറാത്ത വിശ്വസ്തത
പദങ്ങളുടെ വ്യാഖ്യാനം തുടരുകയാണ്. ഇനി നമുക്ക് 6, 7 പദങ്ങളിലേയ്ക്ക് കടക്കാം.

Recitation :
6. കര്‍ത്താവേ, പണ്ടുമുതലേ  ഞങ്ങളോടു കാണിച്ച
  അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കേണമേ.
7. എന്‍റെ യൗവ്വനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
  കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്നേഹത്തിന് അനുസൃതമായി
  കരുണാപൂര്‍വ്വം എന്നെ അനുസ്മരിക്കേണേ!

ദൈവത്തിന്‍റെ കാരുണ്യവും സംപ്രീതിയും പണ്ടെന്നപോലെ ഇന്നും എന്നും ഉണ്ടെന്നുള്ളത് ആരെയും ആശ്വസിപ്പിക്കുന്നതും, സമാശ്വാസം പകരുന്നതുമായ കാര്യമാണ്. പാപങ്ങള്‍ പഴയതായാലും  അവ നമ്മെ വേദനിപ്പിക്കാനായി പല തരത്തില്‍ എഴുന്നേറ്റുവരും, നമ്മെ പിടികൂടും. സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂര്‍ത്തരൂപമായ ക്രിസ്തുവില്‍ ലോകത്ത് പ്രത്യക്ഷപ്പെട്ട ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും ഓര്‍ത്തോര്‍ത്ത് ആശ്വസിക്കുക. നമ്മള്‍ പാപികളാണ്. കര്‍ത്താവിന്‍റെ കൃപ നമ്മെ രക്ഷിച്ചു.  Misericordes sicut Pater, “കരുണയുള്ള പിതാവിനെപ്പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍...” (ലൂക്കാ 6, 36). ഇങ്ങനെയുള്ള പ്രതിപാദ്യവിഷയവുമായി പാപ്പാ ഫ്രാന്‍സിസ് കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം ആഗോളസഭയില്‍ ആചരിച്ചതും ഇത്തരുണത്തില്‍ അനുസ്മരണീയമാണ്.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
കര്‍ത്തവേ, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം
അങ്ങേയ്ക്കു വേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നൂ
അങ്ങേ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കി തരണമേ
അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2019, 16:48