തിരയുക

International Day of Remembrance for the Victims of the Holocaust International Day of Remembrance for the Victims of the Holocaust 

ദുരന്തങ്ങളു‌ടെ സജീവസ്മരണയും ജീവന്‍റെ സുസ്ഥിതിക്കുള്ള കാഹളവും

ജനുവരി 31 - “യോം ഹഷോഹാ,” യഹൂദകൂട്ടക്കുരുതിയുടെ ഓര്‍മ്മയില്‍ - ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കേന്ദ്രത്തില്‍ വത്തിക്കാന്‍റെ അഭിപ്രായപ്രകടനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദുരന്തങ്ങള്‍ അനുസ്മരിക്കുന്നത് ചരിത്രത്തില്‍ അതിന്‍റെ സജീവ സ്മരണ നിലനിര്‍ത്താനും തിന്മ ആവര്‍ത്തിക്കപ്പെടാതിരിക്കാനുമാണ്. വിയെന്നയിലെ യുഎന്‍ കേന്ദ്രത്തിലെ വത്തിക്കാന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ യാനൂസ് ഊര്‍ബന്‍സിക് പ്രസ്താവിച്ചു.

ഒരു കൂട്ടക്കുരുതിയുടെ ദുഃഖസ്മരണയില്‍
ജനുവരി 31-ന് ലോകം അനുസ്മരിച്ച “യോം ഹഷോഹാ,” (Yom Hashoah – International Holocaust Remembrance Day) യഹൂദ കൂട്ടക്കുരുതിയുടെ രാജ്യാന്തര അനുസ്മരണ ദിനത്തില്‍, യൂറോപ്പിന്‍റെ സുരക്ഷയെ സംബന്ധിച്ച കമ്മറ്റിയുടെ ജനീവ കേന്ദ്രത്തിലെ 1214-Ɔമത് സമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രഖ്യാപനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ഊര്‍ബന്‍സിക് ഇങ്ങനെ പ്രസ്താവിച്ചത്.

ഭാവിയെ കരുപ്പിടിപ്പിക്കേണ്ട സജീവസ്മരണകള്‍!
ചരിത്രത്തിലെ കൂട്ടക്കുരുതികള്‍ക്ക് ഇരയായവരെയും, അതിനെ അതിജീവിച്ചവരെയും ഓര്‍ക്കുന്നത് പ്രതീകാത്മകവും ഫലപ്രദവുമാണ്. പഴയ അനുഭവങ്ങള്‍ മാനവകുലത്തിന്‍റെ സ്മരണകളില്‍ മങ്ങിപ്പോകരുത്. കൂട്ടക്കുരുതികള്‍ ഓര്‍മ്മിക്കപ്പെടണം. അങ്ങനെ അവയുടെ സജീവ സ്മരണ പുതിയ തലമുറയുടെ ഓര്‍മ്മയില്‍ ജീവിക്കുന്നതാകണം. കാരണം “ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധവും സജീവവുമായ സ്മരണകളില്ലാതെ മനുഷ്യകുലത്തിന് ഭാവിയില്ല. ചരിത്രത്തിലെ അരണ്ട ഓര്‍മ്മകളുടെ വെളിച്ചത്തില്‍ തെറ്റുകള്‍ തിരുത്താന്‍  മനുഷ്യര്‍ക്ക് സാധിച്ചില്ലെങ്കില്‍, മനുഷ്യാന്തസ്സ് നിര്‍ജ്ജീവമായ പാഴ്വാക്കുകളായി ചരിത്രത്തില്‍ അവശേഷിക്കും,” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍ മോണ്‍. ഊര്‍ബന്‍സിക് പ്രസ്താവനയില്‍ ഉദ്ധരിച്ചു.

ഭൂമുഖത്ത് മനുഷ്യാന്തസ്സു സംരക്ഷിക്കപ്പെടണം
ഇന്നും ലോകത്ത് ഉയര്‍ന്നുനില്ക്കുന്ന വിദ്വേഷത്തിന്‍റെയും അതിക്രമങ്ങളുടെയും സാമൂഹിക ചുറ്റുപാടുകള്‍ മനുഷ്യകുടുംബത്തെ ആഞ്ഞടിക്കുന്ന വിനാശത്തിന്‍റെ ശക്തിയാണ്. അതിനാല്‍ മനുഷ്യാന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. ക്രൂരതയുടെയും വെറുപ്പിന്‍റെയും വിത്തു വിതയ്ക്കുന്ന “ഷോഹാ” കൂട്ടക്കുരുതികള്‍ ഇന്നും ലോകത്ത് അങ്ങിങ്ങായി തലപൊക്കുന്നുണ്ടെങ്കില്‍, അത് ഭൂമുഖത്തെ മനുഷ്യാന്തസ്സു സംരക്ഷിക്കപ്പെടാനുള്ള ഉണര്‍ത്തു വിളിയായിത്തന്നെ നാം കണക്കാക്കേണ്ടതാണ്. ഒപ്പം അതുപോലുള്ള തെറ്റുകള്‍ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എല്ലാവിധത്തിലുമുള്ള മുന്‍കരുതലുകള്‍ നാം എടുക്കേണ്ടതുമാണ്. മോണ്‍സീഞ്ഞോര്‍ ഊര്‍ബന്‍സിക് സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2019, 17:10