Cerca

Vatican News
Wedding of Cana as depicted in mosaic by fr. marko rupnik sj കാനായിലെ കല്യാണവിരുന്ന് - ഫാദര്‍ റൂപ്നിക്കിന്‍റെ മൊസൈക് ചിത്രീകരണം 

കാനായില്‍ ദൃശ്യമായ ദൈവത്തിന്‍റെ സ്നേഹസമൃദ്ധി

ആണ്ടുവട്ടം രണ്ടാംവാരം ഞായറാഴ്ച. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 2,1-11വരെ വാക്യങ്ങളെ ആധാരമാക്കിയുള്ള സുവിശേഷവിചിന്തനം :
കാനായിലെ കല്യാണം - വചനചിന്തയുടെ ശബ്ദരേഖ

ഗലീലിയയിലെ കാനായില്‍ അന്നു നടന്ന സംഭവം നമുക്ക് ഒന്നുകൂടെ ഓര്‍മ്മയില്‍ കൊണ്ടുവരാം. കല്യാണവീട്ടില്‍ വീഞ്ഞു തീര്‍ന്നുപോയി. കാര്യംഗ്രഹിച്ച യേശുവിന്‍റെ അമ്മ ഓടിച്ചെന്ന് വിവരം മകനെ അറിയിക്കുന്നു. ഇനിയും തന്‍റെ സമയമായിട്ടില്ലെന്ന് ക്രിസ്തു പറഞ്ഞെങ്കിലും, മറിയത്തിന്‍റെ ഉത്കണ്ഠയും ഔത്സക്യവും കണ്ട്, ആറു വലിയ കല്‍ഭരണികളില്‍ നിറച്ചുവെച്ച വെള്ളമെല്ലാം വീഞ്ഞാക്കി, മേല്‍ത്തരം വീഞ്ഞാക്കി  ക്രിസ്തു മാറ്റി. ഈ അത്ഭുതത്തിലൂടെ അല്ലെങ്കില്‍ ‘അടയാള’ത്തിലൂടെ നവവും നിത്യവുമായ ദൈവിക ഉടമ്പടി ജനങ്ങളുമായി സ്ഥാപിക്കാന്‍ എത്തിയ രക്ഷകനും നിത്യതയുടെ വിരുന്നിലെ മണവാളനുമാണ് താനെന്ന് ക്രിസ്തു വെളിപ്പെടുത്തുന്നു. ഏശയായുടെ പ്രവചനവാക്യങ്ങള്‍ ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട
നിത്യതയിലെ മണവാളനായ രക്ഷകനെ കാലേകൂട്ടി അവതരിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്, “യുവാവ് കന്യകയെ എന്നപോലെ നിന്‍റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹംചെയ്യും, മണവാളന്‍ മണവാട്ടിയെ എന്നപോലെ നിന്‍റെ ദൈവം നിന്നില്‍ സന്തോഷിക്കും” (ഏശയ 62, 1-5). സ്വര്‍ഗ്ഗീയ വിരുന്നിലെ സ്നേഹസാന്ദ്രമായ സന്തോഷത്തിന്‍റെ അടയാളമാണ് കാനായില്‍ നിറഞ്ഞുപൊങ്ങിയ വീഞ്ഞ്, ഒപ്പം മനുഷ്യരക്ഷയുടെ അച്ചാരമായി കാല്‍വരിയില്‍ ക്രിസ്തു ചിന്തിയ രക്തത്തിന്‍റെയും പ്രതീകവുമായിരുന്നു അത്.

എന്നും നവീകരിക്കപ്പെടേണ്ട ക്രിസ്തുവിന്‍റെ സഭ
ക്രിസ്തുവാകുന്ന ദിവ്യവരന്‍റെ കൃപാധിക്യത്തിലും വിശുദ്ധിയിലും അണിഞ്ഞൊരുങ്ങി നില്ക്കുന്ന മനോഹരിയായ മണവാട്ടിയാണ് സഭ. ബലഹീനരായ മനുഷ്യരുടെ കൂട്ടായ്മയാകയാല്‍ വധുവായ സഭ എന്നും നവീകൃതയാകേണ്ടതാണ്, നവീകരിക്കപ്പെടേണ്ടതാണ്. അവളുടെ മുഖകാന്തി വികൃതമാക്കുന്ന ഏറ്റവും വലിയ തിന്മ സഭയില്‍ത്തന്നെ ചരിത്രപരമായി സംഭവിച്ചിട്ടുള്ള ഭിന്നിപ്പുകളാണ്. ഭിന്നിച്ചുനില്ക്കുന്ന സഭാ സമൂഹങ്ങള്‍ക്കും വിശ്വാസികള്‍ക്കും സ്വീകാര്യവും സന്തോഷദായകവുമായ അവസരങ്ങളാണ് സഭകളുടെ കൂട്ടായ്മകള്‍, ക്രിസ്തുവിലുള്ള വിദൂരമായ ഐക്യം സ്വപ്നംകണ്ടുകൊണ്ടും, അനുവര്‍ഷം ഒത്തൊരുമിച്ച് ആചരിക്കുന്ന, ജനുവരി 18-മുതല്‍ 25-വരെ നീളുന്ന സഭൈക്യവാരം, Christian Unity Octave ശ്രദ്ധേയമാണ്. വിദൂരമെങ്കിലും സാദ്ധ്യമാക്കാവുന്ന ക്രൈസ്തവ കൂട്ടായ്മയുടെ അടയാളമാണ് പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളിനോട് അനുബന്ധിച്ച് അനുവര്‍ഷം ലോകമെമ്പാടും ക്രൈസ്തവമക്കള്‍ ആചരിക്കുന്ന സഭൈക്യവാരം,Unity Octave.

പ്രതിസന്ധികളില്‍ തെളിയേണ്ട വിശ്വാസവെളിച്ചം
ഓരോ മനുഷ്യനും തന്‍റെ ജീവിതത്തില്‍ ദൈവത്തെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അഭിമുഖീകരിക്കുന്ന സമയമുണ്ട്. മാമോദീസായിലൂടെയാണ് ക്രൈസ്തവമക്കള്‍ ദൈവിക സാന്നിദ്ധ്യാനുഭവത്തിനുള്ള അവസരങ്ങളുടെ തുറന്ന ജീവിതം ലഭ്യമാകുന്നത്. അങ്ങനെ വിശ്വാസം ജീവിതത്തിന്‍റെ സുഖദുഃഖങ്ങളും, ഇരുളും വെളിച്ചവും, ഉയര്‍ച്ചയും താഴ്ച്ചയും നേരിടാനുള്ള അവസരം നമുക്കു നല്കുന്നു. കാനായിലെ സംഭവത്തില്‍ ക്രിസ്തു ഒരു വിധിയാളന്‍റെയും ന്യായാധിപന്‍റെയും സ്ഥാനമല്ല എടുക്കുന്നത്. മറിച്ച്, അവിടുന്ന് സ്നേഹമുള്ള രക്ഷകനായി മാറുന്നു. മനുഷ്യഹൃദയങ്ങളുടെ ആശകളെയും പ്രത്യാശകളെയും ഗ്രഹിക്കുന്ന സ്നേഹപിതാവിന്‍റെ അരുമ സുതനാണു താനെന്നു ക്രിസ്തു ഈ സംഭവത്തില്‍ വെളിപ്പെടുത്തുകയാണ്.

 ജീവിതത്തില്‍  പൊട്ടിപ്പോകുന്ന കടലാസുപട്ടങ്ങള്‍
ജീവിതം ഒരു ക്രമീകരണത്തിനും വിധേയമാകുന്നില്ലെന്നു നാം കരുതുന്നുണ്ടോ? കെട്ടിടം പണിയുന്നതുപോലെ ചിട്ടപ്പെടുത്തിയ പ്ലാനില്‍ കെട്ടി ഉയര്‍ത്താവുന്നതാണ് ജീവിതമെന്ന് നാം തെറ്റിദ്ധരിക്കുന്നു. എന്നാല്‍ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ച് ചില നേരങ്ങളില്‍ ജീവിതത്തിന്‍റെ വീഞ്ഞില്ലാതെ പോകുന്നു. വിരുന്നിനെത്ര പേരെത്തുമെന്നും, എത്ര പേര്‍ക്ക് എന്തൊരുക്കണം എന്നുമൊക്കെ  വളരെ വ്യക്തതയും catering സംവിധാനങ്ങളുമൊക്കെ ഉണ്ടായിരുന്നിട്ടും, ഭക്ഷണം തികയാതെ വരുമ്പോള്‍, വീഞ്ഞില്ലാതെ വരുമ്പോള്‍ അറിയണം – അത് ജീവിതവുമായി ബന്ധപ്പെട്ട പാഠമാണെന്ന്.

പട്ടം പറപ്പിക്കുന്ന പയ്യന്‍റെ അഹന്തയാണ് ചിലപ്പോള്‍ നമുക്ക്! ഞാനാണ്  ഈ വര്‍ണ്ണക്കടലാസിനെയും നീലമാനത്തെയും നിയന്ത്രിക്കുന്നത് എന്നൊരു ശാഠ്യത്തിലാണവന്‍! പിന്നീടെപ്പൊഴോ പട്ടം പൊട്ടിവീണപ്പോഴുണ്ടായ അവബോധത്തിന്‍റെ നിമിഷത്തില്‍ നാമറിയുന്നു, നമ്മുടെ ഇച്ഛകളല്ല, മറിച്ച് വീശിയടിച്ച കാറ്റാണ് ജീവിതത്തിന്‍റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതെന്ന്! അതിനാല്‍ ദൈവത്തിനുമാത്രം ക്രമീകരിക്കാവുന്ന ചില തലങ്ങളുണ്ടെന്ന് നാം അറിയേണ്ടതും, അംഗീകരിക്കേണ്ടതുമാണ്. ആ അറിവിനു മുമ്പില്‍ വിനയപൂര്‍വ്വം നില്ക്കാന്‍ നാം പഠിക്കണം. ഒരമ്മ പങ്കുവച്ചത് ഇങ്ങനെയാണ് : എങ്ങനെ എന്‍റെ മകന്‍, ഇങ്ങനെയൊക്കെയായി?! അവന്‍റെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചിട്ടപ്പെടുത്തിയാണ് ജീവിച്ചത്. അവന്‍ വായിക്കുന്ന പുസ്തകങ്ങള്‍, അവന്‍റെ സുഹൃത്തുക്കള്‍, അവന്‍റെ ബൈക്ക്, കാറ്... ഒക്കെ ഞങ്ങളുടെ ശ്രദ്ധയ്ക്ക് വിധേയമായിരുന്നു. എന്നിട്ടും... ഞങ്ങളുടെ കൈവിരലുകള്‍ക്കിടയിലൂടെ അവന്‍ വഴുതിപ്പോയല്ലോ, ദൈവമേ....! എന്ത് പറയാനാണ്!!

സ്നേഹമുണ്ടെങ്കില്‍ ജീവിതത്തെ ലഹരിയുള്ളതാക്കാം
പച്ചവെള്ളം വീഞ്ഞാക്കി മാറ്റാനുള്ള കെല്പ് മനുഷ്യനും ഉണ്ടെന്നു വിശ്വസിക്കുന്നുവോ?  ഉള്ളുനിറയെ സ്നേഹവും കൂടെ ദൈവവുമുണ്ടെങ്കില്‍ ജീവിതത്തെ നമുക്ക് ലഹരിയുള്ളതാക്കി മാറ്റാം. അതൊരു ജീവിതാനുഭവവും, അത്ഭുതവുമായിരിക്കും.  A single rose can be your garden, എന്ന് കേട്ടിട്ടില്ലേ. ആരു പറഞ്ഞു, പൂന്തോട്ടം പണിയാന്‍ നിറയെ ‘ആന്തൂറിയ’ങ്ങളും ‘ഓര്‍ക്കിഡു’കളും വേണമെന്ന്. നാലുമണിപ്പൂകൊണ്ടും, ഒറ്റചെമ്പരത്തി കൊണ്ടും, കട്ടച്ചെമ്പരത്തികൊണ്ടുമൊക്കെ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കാമല്ലോ. ഗൃഹപാഠം ചെയ്യുന്ന കുഞ്ഞ്, ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവ്, അത്താഴമൊരുക്കുന്ന ഭാര്യ, അതിഥി, കത്ത് ഇങ്ങനെ ജീവിതത്തിലെ സാധാരണ സംഭവങ്ങളെയും സാധനങ്ങളെയും വ്യക്തിസ്പര്‍ശംകൊണ്ട് നമുക്ക് ‘വീഞ്ഞാ’ക്കി മാറ്റാനാകും. ഇതിന്‍റെ മറുതലവും മനസ്സിലാക്കണം. എന്താണെന്നോ..? ജീവിതത്തിന്‍റെ സ്നേഹതലങ്ങളില്‍ ദൈവം ഇല്ലാതെയാകുമ്പോള്‍, സ്വാര്‍ത്ഥതയും ജഡീകതയും വളര്‍ന്നുവരുന്നു. 

ജീവിതമാകുന്ന മണ്‍പാത്രങ്ങള്‍ ക്രിസ്തുവിനു നല്കാം 
ജീവിതത്തില്‍ വീഞ്ഞു തീര്‍ന്നുപോകുന്ന ഏതു അവസരങ്ങളെയും, അതിനാല്‍ നവമായ സാദ്ധ്യതകളായി നാം കാണേണ്ടതാണ്.  ദൈവത്തിന്, ക്രിസ്തുവിന് അതു സാധിക്കും അപ്പോഴാണ് നമുക്ക് പ്രത്യാശ ഉളവാകുന്നത്. അങ്ങനെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ മേല്‍ത്തരം വീഞ്ഞുണ്ടാക്കുവാനുള്ള അവസരങ്ങളാക്കി മാറ്റാം. അതാണ് സുവിശേഷം നമുക്കിന്ന് പറഞ്ഞു തരുന്ന പാഠം. ജീവിതത്തില്‍ വീഞ്ഞു തീര്‍ന്നുപോകുന്ന ഏതു അനുഭവത്തിലും രണ്ടു പേരുണ്ട് - അവര്‍ യേശുവും, അവിടുത്തെ അമ്മയും!

നാം എന്താണു ചെയ്യേണ്ടത്? തീര്‍ന്നുപോകുന്ന വീഞ്ഞും, വീഞ്ഞില്ലാത്ത ജീവിതത്തിന്‍റെ പൊള്ളയായ മണ്‍കലങ്ങളും ദൈവകരങ്ങളിലേയ്ക്ക് നമുക്ക് സമര്‍പ്പിക്കാം. പിന്നെ യേശുവിന്‍റെ ഹിതമനുസരിച്ചാണ് എല്ലാം സംഭവിക്കുന്നത്. അവിടുത്തെ വാക്കുകളില്‍ വെള്ളം നിറയ്ക്കപ്പെടുമ്പോഴാണ് മേല്‍ത്തരം വീഞ്ഞുണ്ടാകുന്നത്. നമ്മുടെ ജീവിതത്തിന്‍റെ വീഞ്ഞു തീര്‍ന്നുപോകുന്ന അനുഭവങ്ങളെ ഈശോയുടെ കരങ്ങളിലേയ്ക്കു സമര്‍പ്പിക്കുകയും, അതിനെ അവിടുത്തേയ്ക്ക് ഇടപഴകുവാനുള്ള അവസരമായി വിശ്വാസത്തില്‍ കാണുകയും ചെയ്യുമ്പോഴാണ്, മാനുഷികമായ നമ്മുടെ പരിമിതികളും കുറവുകളും ഇല്ലായ്മയും ദൈവത്തിന്‍റെ സാദ്ധ്യതകളായി മാറുന്നത്.  കൃപയുടെ വലിയ അത്ഭുതങ്ങളായി അവ പരിവര്‍ത്തനംചെയ്യപ്പെടുന്നത്. ആ സാദ്ധ്യതകള്‍ അനന്തമാണ്! മേല്‍ത്തരം വീഞ്ഞ് ഉണ്ടാക്കത്തക്ക രീതികള്‍ അനന്തമായി മാറുന്നു. അതിനുള്ള ശ്രദ്ധയും തുറവും അനുദിനം ഞങ്ങള്‍ക്കു തരണമേ, ദൈവമേ...! എന്നു നമുക്കു പ്രാര്‍ത്ഥിക്കാം!

19 January 2019, 15:28