തിരയുക

Vatican News
2018.10.08 pastorella 2018.10.08 pastorella 

"ഇടയനായ ദൈവത്തെ" പ്രകീര്‍ത്തിക്കുന്ന ഗീതം

വചനവീഥി എന്ന പരമ്പരയില്‍ സങ്കീര്‍ത്തനം 80 - ഒരു യാചനാഗീതത്തിന്‍റെ പഠനം :
യാചനാഗീതത്തിന്‍റെ പഠനം ഭാഗം 2 - ശബ്ദരേഖ

യാചനാഗീതത്തിന്‍റെ  തുടര്‍പഠനം
കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം 80-Ɔο സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനപഠനം ആരംഭിച്ചു. ഈ വിലാപഗീതത്തിന്‍റെ ആമുഖ പഠനത്തെ തുടര്‍ന്ന് അതിന്‍റെ ഘടനയെക്കുറിച്ചാണ് നാം മനസ്സിലാക്കിയത്. പൊതുവെ ആമുഖവും, പ്രധാനഭാഗവും ഉപസംഹാരവുമാണ് വിലാപഗീതത്തിന്‍റെ ഘടനയെന്ന് ആമുഖ പഠനത്തില്‍ കണ്ടതാണ്. തുടര്‍ന്ന് നാം ഈ ഗീതത്തിന്‍റെ ആദ്യത്തെ മൂന്നു പദങ്ങള്‍ വിഖ്യാനിക്കുകയുണ്ടായി. അനുദിന ജീവിതത്തില്‍ മനുഷ്യന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതുപോലുള്ള അല്ലെങ്കില്‍ നാം പ്രാര്‍ത്ഥിക്കുന്നതുപോലുള്ള വളരെ ലളിതമായ ഘടനയാണ് 80-Ɔο സങ്കീര്‍ത്തനത്തിന്‍റെ യാചനാസ്വഭാവം വ്യക്തമാക്കുന്നത്. ആമുഖപദങ്ങളുടെ വിശദമായ വ്യാഖ്യാനത്തിലൂടെ ഈ പ്രക്ഷേപണത്തിലും  യാചനാഗീതത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

Musical version of Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)
ഇസ്രായേലിന്‍റെ ഇടയനേ, ഞങ്ങളെ ശ്രവിക്കേണമേ
കെറൂബുകളുടെ മേല്‍ വസിക്കുന്നവനേ, ഞങ്ങളെ പ്രകാശിപ്പിക്കേണമേ
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരേണമേ.
ദൈവമേ, ഞങ്ങളേ പുനരുത്ഥരിക്കേണമേ.

ഇസ്രായേലിന്‍റെ ഇടയനായ ദൈവം
ദൈവത്തെ ഇസ്രായേലിന്‍റെ ഇടയനേ, എന്നു വിളിച്ചപേക്ഷിച്ചുകൊണ്ട് തുടങ്ങുന്ന ഗീതത്തിന്‍റെ സ്വഭാവവും ചരിത്ര പശ്ചാത്തലവും ഈ അഭിസംബോധനയില്‍നിന്നുതന്നെ സുവ്യക്തമാണ്. ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രഘട്ടങ്ങളിലെ പ്രതിസന്ധികളില്‍നിന്നും പ്രശ്നങ്ങളില്‍നിന്നും അവരെ നയിച്ചു പരിപാലിക്കുന്ന ഇടയനായ കര്‍ത്താവിനെയാണ് സങ്കീര്‍ത്തകന്‍ ‘ഇസ്രായേലിന്‍റെ ഇടയനേ..’ എന്നു വിളിച്ചപേക്ഷിക്കുന്നത്. അതുപോലെതന്നെ ജോസഫിനെ നയിച്ചവനേ, എന്നും ദൈവത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ വിശേഷിപ്പിക്കുകയും അഭിസംബോധനചെയ്യുകയും ചെയ്യുമ്പോള്‍ വീണ്ടും ദൈവജനത്തിന്‍റെ വളരെ നിര്‍ണ്ണായകവും സുപ്രധാനവുമായ വികാരസമ്മിശ്രമായ ചരിത്ര സംഭവങ്ങളിലേയ്ക്ക് സങ്കീര്‍ത്തകന്‍ പദങ്ങളിലൂടെ നമ്മെ നയിക്കുന്നു. 

ജീവിതക്ലേശങ്ങളില്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ജനം
എഫ്രയിം, ബഞ്ചമിന്‍, മനാസെ എന്നീ ഇസ്രായേല്‍ ഗോത്രങ്ങളെക്കുറിച്ച് കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം പരാമര്‍ശിച്ചതാണ്. ഈ ഗോത്രങ്ങള്‍ക്കെന്നപോലെ ദൈവം അവിടുത്തെ വെളിപ്പെടുത്തിക്കൊടുക്കണമേ, എന്ന് സങ്കീര്‍ത്തകന്‍ യാചിക്കുമ്പോള്‍ വിപ്രവാസത്തില്‍ അന്യദേശത്ത് ബന്ധികളാക്കപ്പെട്ട മൂന്നു ഗോത്രങ്ങള്‍ ഗീതത്തില്‍ അനുസ്മരിക്കപ്പെടുകയാണ്. തീര്‍ച്ചയായും നമ്മുടെ ജീവിത ബദ്ധപ്പാടുകളില്‍  ആര്‍ക്കും എപ്പോഴും ഈ ഗോത്രങ്ങളോട് താദാത്മ്യപ്പെടുത്താവുന്നതാണ്. ഗായകനോടൊപ്പം ഇന്നും നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതും, ഇസ്രായേലിലെ ഗോത്രങ്ങളെപ്പോലെ, ഗോത്രങ്ങളോടൊപ്പം നമുക്കും ദൈവത്തെ വിളിച്ചപേക്ഷിക്കാവുന്നതുമാണ്.

ദൈവം “സ്വര്‍ഗ്ഗസ്ഥന്‍” എന്ന പ്രയോഗം
ആമുഖഭാഗത്ത് കണ്ട മറ്റൊരു ശ്രദ്ധേയമായ പ്രയോഗം, കെറൂബുകളുടെ ഇടയില്‍ വസിക്കുന്നവനേ, എന്ന് സങ്കീര്‍ത്തകന്‍ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്. Kerubu…Cherub, cherubim, Cherubs… ക്ലാസിക്കല്‍ അസ്സീറിയന്‍ ബാബിലോണിയന്‍ ഭാഷകള്‍ മുതല്‍ ഹീബ്രൂ, ഗ്രീക്ക്, ലത്തീന്‍,  ഇംഗ്ലിഷ് എന്നിങ്ങനെയുള്ള ഭാഷകളില്‍ കെറൂബുകളെക്കുറിച്ച് പരാമര്‍ശമുണ്ട്.  ആധുനിക കാലത്തുള്ള മതാത്മക രചനകളില്‍ നാം കാണുന്ന angel, മാലാഖ തുടങ്ങിയ പദങ്ങള്‍ക്കു തുല്യമാണ് ഈ ക്ലാസ്സിക്കല്‍ പ്രയോഗമെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സമ്മതിക്കുന്നുണ്ട്. മാലാഖമാരുടെ മദ്ധ്യേ വസിക്കുന്നവനാണ് ദൈവം! അപ്പോള്‍ കെറൂബുകള്‍ സ്വര്‍ഗ്ഗീയ ദൂതന്മാരാണ്. 

അതിനാല്‍ കെറൂബുകളുടെ ഇടയില്‍ വസിക്കുന്നവന്‍ സ്വര്‍ഗ്ഗീയന്‍, സ്വര്‍ഗ്ഗസ്ഥനായ ദൈവമാണെന്ന് സയുക്തം നമുക്ക് സ്ഥാപിക്കാവുന്നതാണ്. പുതിയ നിയമത്തിലും മാലാഖമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിരവധിയാണ്. ദൈവം മാലാഖമാരുടെ മദ്ധ്യേ വസിക്കുന്നവനാണെന്നു സ്ഥാപിക്കുന്നു. പിതാവായ ദൈവത്തെ ക്രിസ്തു അഭിസംബോധനചെയ്യുന്നതും വിളിച്ചു പ്രാര്‍ത്ഥിക്കുന്നതും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ,’ എന്നല്ലേ! അവിടുന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതും പലവട്ടം നാം സുവിശേഷങ്ങളില്‍ കാണുന്നുണ്ട്. ഇത്രയും  80-Ɔο സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനമായി നാം കൂട്ടിച്ചേര്‍ക്കുമ്പോള്‍, മനുഷ്യരായ നമുക്ക് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും ജീവിതവ്യഥകളുടെയും കരിനിഴലില്‍ ഇടയനായ ദൈവത്തിന്‍റെ പാത തേടാം,  അവിടുത്തെ ദിവ്യവെളിച്ചം തേടാം.

Musical version of Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)
സൈന്ന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ
അങ്ങേ വലതുകരം നീട്ടിയീ മുന്തിരിച്ചെടിയെ എന്നും പരിഗണിക്കേണേ.
അങ്ങേ വിളിച്ചയീ  പുത്രനെ പരിപാലിക്കാന്‍ വേഗം വരേണമേ
ദൈവമേ, ഞങ്ങളെ കടാക്ഷിക്കേണമേ.

ദൈവത്തെ ഇടയനേ, എന്നു വിളിക്കുന്ന ഗീതം
ആദ്യത്തെ മൂന്നു പദങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ അല്ലെങ്കില്‍ ആലപിക്കുമ്പോള്‍ നമുക്കു മറ്റൊരു കാര്യംകൂടി മനസ്സിലാകും. 80-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആമുഖപദങ്ങള്‍തന്നെ ഹ്രസ്വവും മനോഹരവുമായ പ്രാര്‍ത്ഥനകളാണ്. ദൈവത്തെ ഇടയനേ, എന്നു വിളിച്ചപേക്ഷിക്കുന്ന മനോഹരമായ പ്രാര്‍ത്ഥനയാണ് സങ്കീര്‍ത്തനത്തിന്‍റെ ആമുഖഭാഗമെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നുണ്ട്. ദൈവത്തെ ഇടയനെന്നു വിളിക്കുമ്പോള്‍, സ്വാഭാവികമായും വിശുദ്ധ ഗ്രന്ഥത്തിലെ 23-Ɔο സങ്കീര്‍ത്തനത്തിലേയ്ക്കാണ് നമ്മുടെ ചിന്തകള്‍ പായുന്നത്.

Recite :
കര്‍ത്താവ് എന്‍റെ ഇടയാനാകുന്നു.
എന്നിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍പ്പുറങ്ങളിലേയ്ക്ക്
അവിടുന്നെന്നെ നയിക്കുന്നു (2).

ഇതേ സങ്കീര്‍ത്തനംതന്നെ മാത്യു മുളവനയച്ചന്‍റെ മണിപ്രവാള ശൈലിയില്‍ മൂളുകയാണെങ്കില്‍....
Recitation :
നാഥന്‍ കൃപാലു ഇടയന്‍ മമ ജീവരക്ഷ തരുവോന്‍
പൂവോലും പുല്‍ത്തകിടികള്‍ തവ് മേച്ചില്‍ വരിച്ചവയല്ലോ...
പരിഭാഷ എന്തുമാവട്ടെ, എങ്ങനെയുമാവട്ടെ! അടിസ്ഥാനപരമായി പദങ്ങളില്‍ സങ്കീര്‍ത്തകന്‍ വരച്ചു കാട്ടുന്നത്. തന്‍റെ ജനത്തിന്‍റെകൂടെ ജീവിക്കുന്ന ഇടയനും നായകനും നാഥനുമായ ദൈവത്തെയാണ്.

ജനത്തിന്‍റെ പരിപാലകനായ ദൈവം
സോളമന്‍റെ കാലംവരെയ്ക്കും, ക്രിസ്തുവിനുമുന്‍പ് 921-വരെയ്ക്കും ഇസ്രായേല്‍ അലഞ്ഞു തിരികയുകയായിരുന്നു. എന്നാല്‍ ദൈവം അവരുടെ ഇടയനായി ജനത്തെ നയിച്ചു. ദൈവം ഇസ്രായേലിന്‍റെ അഭൗമനായ, സ്വര്‍ഗ്ഗസ്ഥനായ ഇടയനാണെന്ന്, the Transcendental Shepherd എന്ന ആശയം സങ്കീര്‍ത്തനപദങ്ങളില്‍ തെളിഞ്ഞുവരുന്നത് നിരൂപകന്മാര്‍ വിസ്തരിക്കുന്നുണ്ട്. പിന്നീട് ഇസ്രായേല്‍ തെക്കും വടക്കും ഗോത്രങ്ങളായി അല്ലെങ്കില്‍ രാജ്യങ്ങളായി തിരിയുമ്പോഴും ദൈവം തങ്ങളുടെ ഇടയന്‍ എന്ന സംജ്ഞ അവര്‍ മറഞ്ഞുപോകുന്നില്ല, മറിച്ച് അത് തെളി‍ഞ്ഞു വരികയായിരുന്നു. എന്തിന് ഇന്ന് നവഇസ്രായേലിന്‍റെ ജീവിതത്തിലേയ്ക്കു കടക്കുമ്പോഴും,  ഇതാ... നല്ലിടയന്‍ കടന്നുവരുന്നു.

“ചെറൂബുകള്‍” മാലാഖമാര്‍ - പഴയനിയമത്തില്‍ 
ഇസ്രായേലിലെ ഗോത്രങ്ങളോടുകൂടെ എന്നപോലെ സകല മനുഷ്യരുടെയുംകൂടെ ചരിക്കുന്ന ദൈവം, അല്ലെങ്കില്‍ നമ്മെ നയിക്കുന്ന ഇടയനായി ദൈവത്തെ മനസ്സിലാക്കിയ ദാവീദിന്‍റെ, ദാവീദു രാജാവിന്‍റെ വികാരങ്ങളാണ് ഇവിടെ മുന്തിനില്ക്കുന്നത്. അതുപോലെ നമുക്കും ദൈവത്തെ വിളിച്ചപേക്ഷിക്കാവുന്നതാണ്. നാം ആമുഖഭാഗത്തു കണ്ട പ്രയോഗം, സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ സ്വര്‍ഗ്ഗീയന്‍, സ്വര്‍ഗ്ഗസ്ഥന്‍, എന്ന് ദൈവത്തെക്കുറിച്ചു പറയുകയാണെങ്കില്‍, ആ ദൈവം മാലാഖമാരുടെകൂടെ വസിക്കുന്നവനാണെന്നും നമുക്ക് സ്ഥാപിക്കാവുന്നതാണ്. Cherubims, ചെറൂബിംസ്, ചെറൂബുകള്‍ എന്നിങ്ങനെ  ക്ലാസ്സിക്കല്‍ അസ്സീറയന്‍, ഗ്രീക്ക് ഭാഷകളില്‍ മാലാഖമാരെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.  ആധുനിക കാലത്തെ മതാത്മക രചനകളില്‍ കാണുന്ന മാലാഖമാര്‍, എയിഞ്ചല്‍സ് എന്ന പ്രയോഗവും ഇതുതന്നെയാണെന്ന് പണ്ഡിതന്മാര്‍ സമ്മതിക്കുന്നതാണ്. മാലാഖമാരുടെകൂടെ വസിക്കുന്നവനാണ് ദൈവം, അതിനാല്‍ ചെറൂബുകളുടെകൂടെ വസിക്കുന്ന ഇടയനായ ദൈവം, സ്വര്‍ഗ്ഗസ്ഥന്‍, സ്വര്‍ഗ്ഗീയന്‍, സ്വര്‍ഗ്ഗസ്ഥനായ ദൈവമാണെന്ന് നമുക്ക് സ്ഥാപിക്കാവുന്നതാണ്. 

മാലാഖമാര്‍ പുതിയ നിയമത്തില്‍
പുതിയ നിയമത്തില്‍ മാലാഖമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിരവധിയാണ്. പുതിയ നിയമത്തിലേയ്ക്കു തിരിയുമ്പോള്‍ ക്രിസ്തു പിതാവിനെ അഭിസംബോധനചെയ്യുന്നത്, സ്വര്‍ഗ്ഗസ്ഥന്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ്... എന്നല്ലേ. ക്രിസ്തു സ്വര്‍ഗ്ഗത്തിലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചതായി, പലവട്ടം പുതിയ നിയമം രേഖപ്പെടുത്തുന്നുണ്ട് (യോഹ. 11, 41... 17, 1). ഇത്രയും കൂടി 80-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആമുഖ വ്യാഖ്യാനമായി കൂട്ടിച്ചേര്‍ത്തുകൊണ്ട്, മനുഷ്യരായ നമുക്ക് പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും, ജീവിതവ്യഥകളുടെയും കരിനിഴലില്‍ ഇടയനായ ദൈവത്തിന്‍റെ പാത തേടാം, നമ്മെ നയിക്കണമേ, നമ്മെ കാത്തുകൊള്ളണമേ, എന്നു പ്രാര്‍ത്ഥിക്കാം. അവിടുത്തെ ദിവ്യവെളിച്ചം തേടാം.

28 January 2019, 17:27