How great Thou art O Lord!  (Psalm 8, 1). How great Thou art O Lord! (Psalm 8, 1). 

വിലാപം ദൈവത്തിലേയ്ക്കുള്ള മനുഷ്യന്‍റെ പിന്‍തിരിയല്‍

വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയില്‍ സങ്കീര്‍ത്തനം 80 ഒരു വിലാപഗീതത്തിന്‍റെ പഠനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

വിലാപസങ്കീര്‍ത്തനം 80-ന്‍റെ പഠനം - ശബ്ദരേഖ

വിലാപഗീതത്തെക്കുറിച്ച് 
80-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കുകയാണ്. ഇതൊരു വിലാപ സങ്കീര്‍ത്തനമാണ്. പ്രത്യേകിച്ച് സമൂഹത്തിന്‍റെ വിലാപകീര്‍ത്തനമാണെന്നും, വ്യക്തിയുടേതല്ലെന്നും ബൈബിള്‍ പണ്ഡ‍ിതന്മാര്‍ സ്ഥിരപ്പെടുത്തുന്നു. സങ്കീര്‍ത്തനങ്ങളുടെ സാഹിത്യ ഘടനയെക്കുറിച്ചുള്ള ആദ്യ പ്രക്ഷേപണങ്ങളില്‍ വിശദീകരിച്ചപ്പോള്‍ അല്ലെങ്കില്‍ പഠിച്ചപ്പോള്‍ വിലാപസങ്കീര്‍ത്തനം എന്നൊരു വിഭാഗത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുളളതാണ്. സാഹിത്യഘടനയില്‍ വിലാപം പ്രാര്‍ത്ഥനയുടെ ഒരു ഭാവവും ഭാവപ്രകടനവുമാണ്. അത് വ്യക്തിയുടേതാണെങ്കില്‍ വ്യക്തിഗത വിലാപമെന്നും, സമൂഹത്തിന്‍റേതാണെങ്കില്‍ സമൂഹവിലാപമെന്നും രണ്ടായി തരം തിരിക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും, ആരാധനയ്ക്ക് ഏറെ ഉപയോഗിക്കുന്നതുമായ വിഭാഗമാണ് വിലാപഗീതങ്ങള്‍, അല്ലെങ്കില്‍ യാചനാഗീതങ്ങള്‍.

Musical version of Ps. 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)

വ്യക്തിഗതവും പൊതുവുമായ വിലാപഗീതങ്ങള്‍
വരികളില്‍ സങ്കീര്‍ത്തകന്‍ രക്ഷയ്ക്കായ് യാചിക്കുന്നു അല്ലെങ്കില്‍ വിലപിക്കുന്നു. ഒരാമുഖവും, പിന്നെ പ്രധാനഭാഗവും, ഉപസംഹാരവുമാണ് പൊതുവെ വിലാപസങ്കീര്‍ത്തനങ്ങളുടെ ഘടനയെന്ന് പണ്ഡിതന്മാര്‍ തിട്ടപ്പെടുത്തിയിരിക്കുന്നു. അത് വ്യക്തിയുടെ വിലാപമായാലും സമൂഹത്തിന്‍റെ വിലാപമായാലും എല്ലാം ഒരുപോലെയാണ്. ആമുഖത്തില്‍ സങ്കീര്‍ത്തകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള നിലവിളി പലപ്പോഴും ആജ്ഞാരൂപത്തിലോ, യാചനാരൂപത്തിലോ, ആവലാതി അല്ലെങ്കില്‍ പരാതിയായിട്ടോ പ്രത്യക്ഷപ്പെടാം. അതിന്‍റെ ആവര്‍ത്തനങ്ങള്‍ വിലാപ സങ്കീര്‍ത്തനങ്ങളുടെ പ്രത്യേകതയായി നാം മനസ്സിലാക്കേണ്ടതാണ്. ഇതുവഴി വിലപിക്കുന്ന വ്യക്തി തന്‍റെ ജീവിതത്തില്‍ യാഹ്വേയ്ക്കുള്ള പ്രഥമ സ്ഥാനവും, വിശ്വാസവും വെളിപ്പെടുത്തുകയാണ്. “വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍,” എന്ന് പുതിയനിയമത്തില്‍ ക്രിസ്തു ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ (മത്തായി 5, 4). വിലപിക്കുന്നവര്‍, അത് ആരുതന്നെയായാലും അവര്‍  ദൈവത്തിങ്കലേയ്ക്കാണ് തിരിയുന്നത് എന്ന സത്യം സുവ്യക്തമാണ്. വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്‍റെ ആവലാതിയും വേവലാതിയുമൊക്കെ ദൈവസന്നിധിയിലാണ് വാക്കുകളിലും വരികളിലും, ഈണത്തിലും താളത്തിലും സമര്‍പ്പിക്കപ്പെടുന്നത്.

80-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ഇത് ആലപച്ചിരിക്കുന്നത് ‍ഡാവിനയും സംഘവുമാണ്.

Musical version of Ps. 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ 
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)
ഇസ്രായേലിന്‍റെ ഇടയനേ, ഞങ്ങളെ ശ്രവിക്കേണമേ
കെറൂബുകളുടെ മേല്‍ വസിക്കുന്നവനേ, ഞങ്ങളെ പ്രകാശിപ്പിക്കേണമേ
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരേണമേ.
ദൈവമേ, ഞങ്ങളേ പുനരുത്ഥരിക്കേണമേ.

വിലാപത്തിലും പ്രകീര്‍ത്തിക്കപ്പെടുന്ന യാഹ്വേയുടെ നന്മകള്‍
സങ്കീര്‍ത്തനങ്ങളിലൂടെ മനുഷ്യന്‍ വിലപിക്കുമ്പോള്‍, അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഉപമയിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും യാഹ്വേയുടെ നന്മയും സംരക്ഷണവും പ്രകീര്‍ത്തിക്കുകയാണ് സങ്കീര്‍ത്തകന്‍. ആരാധകന്‍ ദരിദ്രനും ക്ലേശിതനുമായിട്ടാണ് വിലാപ സങ്കീര്‍ത്തനങ്ങളില്‍ സ്വയം വിശേഷിപ്പിക്കപ്പെടുന്നത്, അല്ലെങ്കില്‍ ചിത്രീകരിക്കപ്പെടുന്നത്. കൂടാതെ പ്രധാന ഭാഗത്ത് (in the body of the Psalm) വിലാപം, യാചന അല്ലെങ്കില്‍ അപേക്ഷ തുടങ്ങിയ ആശയങ്ങള്‍ കൂടുതല്‍ വിസ്തരിക്കപ്പെടുന്നതായി നമുക്കു കാണാം. ഇവിടെ ആരാധകന്‍ തന്‍റെ ആവലാതി ദൈവത്തിന്‍റെ മുമ്പാകെ ചൊരിയുകയാണ്. ദൈവത്തിന്‍റെ മുന്നില്‍ വ്യക്തി വിലപിക്കുകയാണ്. അതുവഴി വ്യക്തിയുടെ ഹൃദയത്തിന് ആശ്വാസം ലഭിക്കുന്നു. അപേക്ഷിക്കുന്നവരു‌ടെ യാചനയോടു പ്രതികരിക്കാന്‍ ദൈവം പ്രേരിതനായിത്തീരുന്നു എന്നുവേണം അനുമാനിക്കാന്‍ അല്ലെങ്കില്‍ വിശ്വസിക്കാന്‍. വിലാപത്തിന്‍റെ ഈ സവിശേഷതകളാണ് നാം ഇന്ന് പഠനവിഷയമാക്കിയിരിക്കുന്നത്. ഇസ്രായേലിന്‍റെ ഇടയനേ, എന്ന അഭിസംബോധന 80-Ɔο സങ്കീര്‍ത്തനത്തിന്‍റെ പ്രത്യേകതയാണ്. സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ഇസ്രായേലിന്‍റെ ഇടയനെ വിളിച്ചപേക്ഷിച്ചുകൊണ്ടാണ്. ദൈവം നല്ലിടയന്‍, എന്നത് ഇത് ഇസ്രായേല്യരുടെ മാത്രം ദൈവത്തെക്കുറിച്ചുള്ള തനിമയാര്‍ന്ന വിശേഷണമാണ്, പ്രതിബിംബമാണ്. 

ജനത്തിന്‍റെ ഇടയനായ ദൈവം
ഇടയനായ ദൈവം ഇസ്രായേലിലെ പിതാക്കന്മാരെ തിന്മകളില്‍നിന്നു രക്ഷിച്ചിട്ടുണ്ടെന്ന് രക്ഷാകരചരിത്രം വെളിപ്പെടുത്തുന്നു. തന്‍റെ കൈയ്യിലെ ഇടയവടികൊണ്ട് ദൈവം ജനത്തെ ആട്ടിന്‍പറ്റത്തെപ്പോലെ നയിച്ചിട്ടുണ്ട്. നല്ലിടയനായ അവിടുന്ന് കണ്ണിമയ്ക്കാതെ ഇസ്രായേലിനെ കാത്തുപാലിച്ചിട്ടുണ്ട്. തന്‍റെ ജനത്തെ ഇന്നും അവിടുന്നു കാത്തുപാലിക്കുന്നുണ്ട്. ഇസ്രായേലും ദൈവവുമായുള്ള ഉറ്റബന്ധം, ആത്മബന്ധം കര്‍ത്താവിന് അവരുടെമേലുള്ള ആധിപത്യം തുടങ്ങിയവ സങ്കീര്‍ത്തനം 80 വരച്ചുകാട്ടുന്ന ഇടയരൂപം, അല്ലെങ്കില്‍ ഇടയന്‍റെ ഉപമ വെളിവാക്കുന്നു. ജോസഫ്, ഈജിപ്തിലെ ഇസ്രയേലിനേയും, ഇസ്രായേല്‍ ജനത്തെയുമാണ് സൂചിപ്പിക്കുന്നത്. കാനാന്യരുടെ ഇടയില്‍ ഉണ്ടായിരുന്ന സിംഹാസനസ്ഥനായ ദൈവം എന്ന ആശയമാണ് കെറൂബുകള്‍. അത് ദൈവത്തിന്‍റെ സ്വര്‍ഗ്ഗീയ സ്ഥാനമാണ് വ്യക്തമാക്കുന്നതെന്ന് നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നു. “മേഘങ്ങളില്‍ സിംഹാസനസ്ഥനായ ദൈവം” എന്ന് ഇസ്രായേലിന്‍റെ പ്രാര്‍ത്ഥനകളില്‍ പ്രയോഗമുള്ളത് ഇനിയും നാം മനസ്സിലാക്കേണ്ടതാണ്. സങ്കീര്‍ത്തനത്തിന്‍റെ ആമുഖ പദങ്ങളില്‍ ഈ പ്രയോഗം വളരെ സ്പഷ്ടമായുള്ളത് നമുക്ക് ശ്രവിക്കാം :

Musical version of Ps. 80
ഇസ്രായേലിന്‍റെ ഇടയനേ, ഞങ്ങളെ ശ്രവിക്കേണമേ
കെറൂബുകളുടെ മേല്‍ വസിക്കുന്നവനേ, ഞങ്ങളെ പ്രകാശിപ്പിക്കേണമേ
ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വേഗംവരേണമേ.
ദൈവമേ, ഞങ്ങളേ പുനരുത്ഥരിക്കേണമേ.

ഇസ്രായേലിന്‍റെ പുറപ്പാടിലും പ്രയാണത്തിലും അവര്‍ മാര്‍ഗ്ഗമദ്ധ്യേ തോറ്റുപോയ ചെറുഗോത്രങ്ങള്‍ക്ക് മുമ്പില്‍ കര്‍ത്താവ് സാഹസികമായ ശക്തിയോടെ പ്രത്യക്ഷപ്പെടണം, രക്ഷിക്കാന്‍ വേഗം വരണം ഇതാണ് സങ്കീര്‍ത്തകന്‍റെ യാചനയും ജനത്തിന്‍റെ അപേക്ഷയും. സഹായത്തിനും രക്ഷയ്ക്കുമായുള്ള വിലാപമാണ് സങ്കീര്‍ത്തന പദങ്ങളില്‍ ഉടനീളം അങ്ങനെ വെളിപ്പെട്ടു കിട്ടുന്നത്.

മൂന്നാമത്തെ പദം പരിശോധിക്കാം:
Recitation 3
3. ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ.
അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ.

ഇസ്രായേലിന്‍റെ പുനരുദ്ധാരണം
ഇസ്രായേലിന്‍റെ പുനരുദ്ധാരണത്തിനുവേണ്ടിയാണ് മൂന്നാമത്തെ വാക്യത്തില്‍ പ്രാര്‍ത്ഥിക്കുന്നത്. പ്രകാശിക്കുന്ന മുഖം ദൈവത്തിന്‍റെ അനുഗ്രഹത്തിന്‍റെയും കടാക്ഷത്തിന്‍റെയും അടയാളമാണ്. ദൈവകോപം ജനത്തിന്‍റെമേല്‍ വിന വരുത്തിവച്ചിരിക്കുന്നു. അതു തുടങ്ങിയിട്ട് ഏറെക്കാലമായി. നിരന്തരമായ പ്രാര്‍ത്ഥനകള്‍ ഫലരഹിതമായിരുന്നു. ഇസ്രായേലിലെ ഗോത്രങ്ങള്‍ വലിയ ദുരിതത്തിലാണ്.  ക്രിസ്തുവിന് 500, 550 വര്‍ഷങ്ങള്‍ക്കുമുന്‍പ് നെബുക്കദനേസര്‍ രാജാവിന്‍റെ കാലത്തുണ്ടായ വിപ്രവാസമാകാം ഇവിടെ  സങ്കീര്‍ത്തകന്‍ വിവക്ഷിക്കുന്നത്. അല്ലാതെ മറ്റൊരു ദേശീയ പ്രതിസന്ധിയോ കെടുതിയോ ഇസ്രായേലിന്‍റെ ചരിത്രത്തില്‍ നാം കാണുന്നില്ല. അത് സാമാന്യം നീണ്ടുനിന്ന വിപ്രവാസമാണ്, 50 നീണ്ടവര്‍ഷക്കാലമായിരുന്നു അത്. പിന്നെ നഷ്ടപ്പെട്ട ആധിപത്യം കൈക്കലാക്കാന്‍ ഇസ്രായേലിന്‍റെ അയല്‍ക്കാരായിരുന്ന അസീറിയാക്കാര്‍ പരിശ്രമിച്ചു. ഇവരുടെയെല്ലാം മുന്നില്‍ ഇസ്രായേല്‍ പരിഹാസപാത്രവുമായിരിക്കുകയാണ്. അപ്പോഴും യാവേയിലുള്ള പ്രത്യാശ കൈവെടിയാതെ ഇസ്രായേല്‍ ദൈവത്തിങ്കലേയ്ക്കു തിരിയുന്നു, വിലപിക്കുന്നു, രക്ഷയ്ക്കായ് കേഴുന്നു. അതാണ് നാം പഠനവിഷയമാക്കിയിരിക്കുന്ന യാചനാഗീതം, വിലാപഗീതം - സങ്കീര്‍ത്തനം 80!

Psalm 80
ദൈവമേ, നിന്‍ സന്നിധി ഞങ്ങള്‍ പൂകട്ടെ തവ
ദര്‍ശന കാന്തിയാല്‍ രക്ഷ കാണട്ടെ. (2)
സൈന്ന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ
അങ്ങേ വലതുകരം നീട്ടിയീ മുന്തിരിച്ചെടിയെ എന്നും പരിഗണിക്കേണമേ.
അങ്ങേ വിളിച്ചപേക്ഷിക്കുന്ന പുത്രനെ പരിപാലിക്കാന്‍ വേഗംവരേണമേ
ദൈവമേ, ഞങ്ങളെ കടാക്ഷിക്കേണമേ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2019, 18:14