God's goodness fills the earth  Ps. 33, 5. God's goodness fills the earth Ps. 33, 5. 

ഭൂമി മുഴുവനും നിറഞ്ഞിരിക്കുന്ന ദൈവിക നന്മകള്‍

ദൈവികനന്മകള്‍ പ്രഘോഷിക്കുന്ന കൃതജ്ഞതാഗീതം സങ്കീര്‍ത്തനം 150-ന്‍റെ പഠനം

- ഫാദര്‍ വില്യം നെല്ലിക്കല്‍

കൃതജ്ഞതാഗീതം സങ്കീര്‍ത്തനം 150-ന്‍റെ പഠനം ശബ്ദരേഖ

സാഹിത്യപരമായി ഇതൊരു സ്തുതിപ്പും ആരാധനാഗീതവുമാണെന്നു നാം കണ്ടുകഴിഞ്ഞു. ഈ ‘സങ്കീര്‍ത്തനത്തിന്‍റെ പ്രതിപാദ്യവിഷയം ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രമാണ്. ഇസ്രായേലിന്‍റെ പ്രയാണത്തിലെ ചരിത്രസംഭവങ്ങള്‍ അയവിറച്ചുകൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തെ സ്തുതിക്കുകയും, അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഇത് ഒരു ആരാധനഗീതമായി ചരിത്രത്തില്‍ പരിണമിക്കുന്നത്. സമകാലീന ജീവിതത്തില്‍ ദൈവത്തിന്‍റെ നന്മകളെ അയവിറയ്ക്കുവാന്‍ സഹായിക്കുന്ന ഗീതം നമ്മുടെയും ജീവിതത്തിന്‍റെ ഭാഗമാക്കാവുന്നതാണ്, നമ്മുടെയും ദൈവസ്തുതിയാക്കി മാറ്റാവുന്നതാണ്.

105-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും  ഹാരി  കൊറയയുമാണ്. ആലാപനം പ്രിന്‍സിയും സംഘവും.

Musical Version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്.

കര്‍ത്താവിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍,
അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍
അവിടുത്തേയ്ക്കു നിങ്ങള്‍ ഗാനമാലപിക്കുവിന്‍
സ്തുതികള്‍ ആലപിക്കുവിന്‍.

പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള സൗകര്യാര്‍ത്ഥം സങ്കീര്‍ത്തനത്തെ ഏഴ് ചെറിയ ഭാഗങ്ങളായി നിരൂപകന്മാര്‍ തിരിച്ചിരിക്കുന്നത് പരിശോധിച്ചുകൊണ്ടാണ് സങ്കീര്‍ത്തന പഠനം പുരോഗമിക്കുന്നത്. ആറുഭാഗങ്ങള്‍ നാം കണ്ടുകഴിഞ്ഞു. അവയിലേയ്ക്ക് ഒന്നുകൂടെ എത്തിനോക്കിക്കൊണ്ട്, നമുക്കു പഠനം തുടരാം.

1.  ആമുഖം (1-6) : ഘടനയില്‍ വ്യക്തമായി കാണുന്നതുപോലെ ആദ്യത്തെ 5 പദങ്ങള്‍ ആമുഖമാണ്. ദൈവത്തെ സ്തുതിക്കുന്നതിനും പുകഴ്ത്തുന്നതിനും മഹത്വപ്പെടുത്തുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആജ്ഞാരൂപങ്ങളാണ് ഇവയെന്ന് നമുക്കു മനസ്സിലാക്കാം. കാരണം ജനം അനുസ്മരിക്കുന്നത്, ദൈവത്തിന്‍റെ അത്ഭുതചെയ്തികള്‍ ജീവിതത്തില്‍ അനുദിനം അനുസ്മരിക്കണമെന്നാണ്.

2.  ദൈവത്തിന്‍റെ ഉടമ്പടിയും വാഗ്ദാനങ്ങളിലുളള വിശ്വസ്തതയും (7-11) :
ദൈവത്തിന്‍റെ ഉടമ്പടിയും  വാഗ്ദാനങ്ങളിലുള്ള അവിടുത്തെ വിശ്വസ്തതയുമാണ് ചിത്രീകരിക്കുന്നത് (7-11). അബ്രാഹത്തിന്‍റെ വിളി, ഈജിപ്തിലേയ്ക്കുള്ള യാത്ര, നെഗേബിലെ വാസം, യാക്കോബ് ഒളിച്ചോടുന്നത്, ബെത്തേലില്‍ ഉണ്ടായ യാക്കോബിന്‍റെ സ്വപ്നം തുടങ്ങിയവയെല്ലാം സങ്കീര്‍ത്തനത്തിന്‍റെ ഈ ഭാഗത്ത് അനുസ്മരിക്കപ്പെടുകയാണ്. അബ്രാഹത്തിനെ പഴയ നിയമത്തില്‍ പ്രവാചകനായും ദൈവത്തിന്‍റെ മനുഷ്യനായും വിശേഷിപ്പിക്കുന്നുണ്ട് (ഉല്പത്തി 20, 7...23, 6). ഇതിന്‍റെ പശ്ചാത്തലത്തില്‍ വേണം ‘ദൈവത്തിന്‍റെ അഭിഷിക്തന്‍’ എന്ന വിശേഷണം മനസ്സിലാക്കാന്‍.

3.  പിതാക്കന്മാര്‍ അലഞ്ഞു തിരിയുന്നത് (12-15)
 
105-Ɔο സങ്കീര്‍ത്തനം പ്രതിപാദിക്കുന്ന ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമാണ് - പൂര്‍വ്വ യൗസേപ്പിന്‍റെ ചരിത്രം (16–23). സങ്കീര്‍ത്തനത്തിന്‍റെ നാലാമത്തെ ഘടനയാണിത്. യാക്കോബിന്‍റെ ഏറ്റവും ഇളയ സന്തതി സ്വന്തം സഹോദരങ്ങളാല്‍ പരിത്യക്തനായി എപ്രകാരം ഈജിപ്തില്‍ എത്തിച്ചേര്‍ന്നുവെന്നും, ദൈവത്തിന്‍റെ പരിപാലനയില്‍ അവിടെ നവമായൊരു ജീവിതം ആരംഭിച്ചുവെന്നും സങ്കീര്‍ത്തനത്തിന്‍റെ വരികള്‍ വിവരിക്കുന്നു.

4.  പൂര്‍വ്വയൗസേപ്പിന്‍റെ ചരിത്രം  (16 – 23)
 ജോസഫ് വില്ക്കപ്പെടുന്നു, ഈജിപ്തില്‍ എത്തിച്ചേരുന്നു, ഫറവോയുടെ സ്വപ്നം വിശദീകരിക്കുന്നു, ഈജിപ്തിലെ ക്ഷാമത്തിന്‍റെ വത്സരങ്ങള്‍ ആരംഭിക്കുന്നു, അവിടെ സഹോദരങ്ങളുമായി കണ്ടുമുട്ടുന്നു, തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. "ഹാമിന്‍റെ ദേശമായി" ഈജിപ്തിനെ സങ്കീര്‍ത്തകന്‍ വിശേഷിപ്പിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ്. 

5.  ഈജിപ്തില്‍നിന്നുമുള്ള പുറപ്പാട് (24-38).
ഈജിപ്തില്‍നിന്നുമുള്ള പുറപ്പാടിനുള്ള സാഹചര്യവും അതിനുമുമ്പുള്ള സംഭവങ്ങളും ഭാഗികമായി ഇവടെ അനുസ്മരിക്കുകയാണ്. ഇസ്രായേല്‍ എണ്ണത്തില്‍ വര്‍ദ്ധിക്കുന്നത്, ഈജിപ്തുകാര്‍ അവരെ പീ‍ഡിപ്പിക്കുന്നത്, മോശയെ ജനത്തിന്‍റെ നായകനായി തിരഞ്ഞെടുക്കുന്നത്,  ഇതെല്ലാമാണ് ഇവിടത്തെ പ്രതിപാദ്യ വിഷയം.  സങ്കീര്‍ത്തനത്തിന്‍റെ
6-Ɔമത്തെ ഘടനയില്‍ (39-41) ദൈവം ഇസ്രായേല്‍ക്കാര്‍ക്കുവേണ്ടി മരുഭൂമിയില്‍വച്ചു ചെയ്ത അത്ഭുതകൃത്യങ്ങള്‍ ഇവിടെ അനുസ്മരിക്കുകയാണ്. സംരക്ഷിക്കുന്ന മേഖസ്തംഭം, മന്നയും കാടപ്പക്ഷിയും ഭക്ഷണത്തിന്, മരുഭൂമിയില്‍വച്ചുപോലും ആവശ്യത്തിനു വെള്ളം തുടങ്ങിയവ ദൈവത്തിന്‍റെ ശക്തിയാലാണ് സംഭവിച്ചത്.

6.  മരുഭൂമിയിലെ അത്ഭുതങ്ങള്‍  (39-41)
പുറപ്പാടു സംഭവത്തിലെ‍ ശ്രദ്ധേയമായ കാലഘട്ടമാണ് സീനായ് മരുപ്രദേശത്തിലൂടെയുള്ള അവരുടെ യാത്രയും പ്രയാണവും. ദൈവം ഇസ്രായേലിന്‍റെ ജീവിതത്തില്‍ നേരിട്ട് ഇടപെടുകയും,  അവരോടു സംവദിക്കുകയും  കല്പനകള്‍ നല്‍കുകയും, അവിടുത്തെ അപരിമേയമായ സ്നേഹം, തന്‍റെ ജനത്തോടുള്ള സ്നേഹം വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് മരുഭൂമിയിലെ അത്ഭുതചെയ്തികളില്‍, സംഭവങ്ങളില്‍ നാം കാണേണ്ടത്.  

ഇവയെല്ലാമാണ് നാം കഴിഞ്ഞ രണ്ടു പ്രക്ഷേപണങ്ങളിലായി വിവരിച്ചത്.  ഇന്ന് 7-Ɔο ഭാഗത്തിന്‍റെ വിവരണത്തിലേയ്ക്ക് നമുക്ക് ആദ്യം കടക്കാം.

7. അവസാനം,  ദൈവത്തിന്‍റെ  വാഗ്ദാന  പൂര്‍ത്തീകരണമായി  ഇസ്രായേല്‍ കാനാന്‍ ദേശം കൈവശപ്പെടുത്തുന്ന  സംഭവം  (42-45).

വാഗ്ദത്ത ഭൂമി കരസ്ഥമാക്കുന്നതുവഴി ദൈവം തന്‍റെ ജനത്തോടു ചെയ്ത വാഗ്ദാനം നിറവേറ്റി. അങ്ങനെ ദൈവം തന്‍റെ ഉടമ്പടിയില്‍ വിശ്വസ്തനാണെന്നാണു പുറപ്പാടു കാണിച്ചു തരുന്നത്. അതുകൊണ്ടു ദൈവത്തോടുള്ള നന്ദി അവിടുത്തെ കല്പന അനുസരിച്ചുകൊണ്ടുവേണം പ്രകടമാക്കാന്‍.

42. എന്തെന്നാല്‍, അവിടുന്നു തന്‍റെ വിശുദ്ധവാഗ്ദാനത്തെയും തന്‍റെ ദാസനായ അബ്രാഹത്തെയും അനുസ്മരിച്ചു.
43. അവിടുന്നു തന്‍റെ ജനത്തെ സന്തോഷത്തോടെയും, തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപനത്തോടെയും ആനയിച്ചു.
44. അവിടുന്നു ജനതകളുടെ ദേശങ്ങള്‍ അവര്‍ക്കു നല്കി. ജനതകളുടെ അദ്ധ്വാനത്തിന്‍റെ ഫലം അവര്‍ കൈയടക്കി.
45. അവര്‍ എന്നെന്നും തന്‍റെ ചട്ടങ്ങള്‍ ആദരിക്കുവാനും തന്‍റെ നിയമങ്ങള്‍ അനുസരിക്കുവാനും വേണ്ടിത്തന്നെയാണ് വാഗ്ദത്ത ഭൂമിയില്‍ ദൈവം തന്‍റെ ജനത്തെ എത്തിച്ചത്. ആകയാല്‍ കര്‍ത്താവിനെ സ്തുതിക്കുവിന്‍!

Musical Version of  Psalm 105
അവിടുത്തെ വിശുദ്ധനാമത്തില്‍ നിങ്ങള്‍ അഭിമാനം കൊള്ളുവിന്‍
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ,
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും നിങ്ങള്‍ അന്വേഷിക്കുവിന്‍
നിരന്തരം അവിടുത്തെ നാമം തേടുവിന്‍,
നാമം തേടുവിന്‍...!
- അവിടുന്നാണു നമ്മുടെ...

ഭാഗം രണ്ട്
ഇനി നമുക്ക് ഈ സങ്കീര്‍ത്തനത്തിന്‍റെ ആസ്വാദനത്തിലേയ്ക്കു കടക്കാം :

ഒന്നാമത്തെ ആസ്വാദനം
1. ആദ്യത്തെ വരികളില്‍ കര്‍ത്താവിനെ സ്തുതിക്കുവാനുള്ള ക്ഷണമാണ് നാം കാണുന്നത്. അതുവഴി മനുഷ്യരുടെ ജീവിതങ്ങളില്‍ അവിടുത്തെ കരുത്തും ശക്തിയും അരൂപിയും ഉണരുന്നു. അപ്പസ്തോല നടപടിയില്‍ നാം വായിക്കുന്നുണ്ടല്ലോ, ആദിമ സഭയില്‍ സ്റ്റീഫന്‍ കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ പല അത്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു (നടപടി 6, 8). അതുപോലെ തന്നെ സെഹിയോന്‍ ഊട്ടുശാലയില്‍ സമ്മേളിച്ച ശ്ലീഹന്മാരിലും പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥത്തിലും  പെന്തക്കൂസ്താ നാളില്‍ ഇറങ്ങിവന്നെന്നും നാം വായിക്കുന്നു. അതേ അരൂപിയെക്കുറിച്ചാണ് സങ്കീര്‍ത്തനങ്ങളും പ്രതിപാദിക്കുന്നത്. എന്നാല്‍ കര്‍ത്താവിന്‍റെ അരൂപിയുടെ ശക്തി വെറും കരുത്തോ കരബലമോ അല്ല, അത് അവിടുത്തെ സ്നേഹത്തിന്‍റെ ചൈതന്യമാണ്, അത് അവിടുത്തെ സ്നേഹസ്പര്‍ശമാണ്. അത് അവിടുത്തെ ദൈവിക ഭാവത്തിന്‍റെ സ്വഭാവവുമാണ്. അതിനാല്‍ സങ്കീര്‍ത്തകന്‍ പറയുന്നത്, നാം ദൈവത്തെ സ്തുതിക്കുകയും, വിളിക്കുകയും, ഓര്‍ക്കുകയും ചെയ്യുന്നതുവഴി, അതിന്‍റെ നന്മ പ്രാര്‍ത്ഥിക്കുന്ന അല്ലെങ്കില്‍ വിളിച്ചപേക്ഷിക്കുന്ന വ്യക്തിക്കു മാത്രമല്ല, അതു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തിക്കും  ജീവിതസാക്ഷ്യമായും, പ്രചോദനമായും മാറുന്നു.  മാത്രമല്ല സങ്കീര്‍ത്തനത്തിന് അതുവഴി ഒരു മിഷണറി സ്വഭാവം ലഭിക്കുന്നു. കര്‍ത്താവിന്‍റെ നന്മകള്‍ സങ്കീര്‍ത്തകന്‍ ലോകമെമ്പാടും പ്രഘോഷിക്കുന്നു.

Musical Version of  Psalm 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്.
അവിടുന്നു ചെയ്ത വിസ്മയാവഹമായ പ്രവൃത്തികള്‍
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
അവിടുത്തെ അത്ഭുതങ്ങളും ന്യായവിധികളും
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍
അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ
നി ങ്ങള്‍ ഓര്‍മ്മിക്കുവിന്‍ (2)
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരായ യാക്കോബിന്‍റെ സന്തതികളേ,
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍ (2).
- അവിടുന്നാണു നമ്മുടെ

രണ്ടാമത്തെ ആസ്വാദനം
2. ബൈബിള്‍ ചരിത്രത്തിന്‍റെ പുനരവലോകനം, അല്ലെങ്കില്‍ പുനരാവിഷ്ക്കരണം ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്, ദൈവം തന്‍റെ ജനത്തിനു ചെയ്ത അത്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കപ്പെടുമ്പോഴാണ്. അത് അനുസ്മരിക്കുമ്പോള്‍ മാത്രമല്ല,  പ്രഖ്യാപിക്കപ്പെടുമ്പോഴും, പ്രഘോഷിക്കപ്പെടുമ്പോഴും, അത് സാക്ഷ്യമായി പങ്കുവെയ്ക്കപ്പെടുമ്പോഴുമാണ് അത് പൂര്‍ത്തീകരണത്തില്‍ എത്തുന്നത്. അങ്ങനെ 105-Ɔο സങ്കീര്‍ത്തനത്തിലൂടെ ജനമദ്ധ്യത്തില്‍ കര്‍ത്താവിന്‍റെ നന്മകള്‍, അവിടുത്തെ ചെയ്തികള്‍ വിളംബരം ചെയ്യപ്പെടുകയാണ്.  അത് ഇസ്രായേലിന്‍റെ കാലത്ത് മാത്രമല്ല, ഒരു ആരാധനക്രമഗീതമായി ഉപയോഗിച്ചത്, ഇന്നും തലമുറ തലമുറകളായിട്ട് ആരാധനക്രമ ഗീതമായി  ലോകത്ത് പ്രഘോഷിക്കപ്പെടുകയാണ്.  ഇവിടെ ശ്രദ്ധേയമാകുന്നൊരു കാര്യം ചരിത്രത്തിന്‍റെ പ്രത്യേക ഘട്ടത്തിലാണ് ദൈവത്തിന്‍റെ ഇടപെടല്‍ ജനത്തിന്‍റെ മദ്ധ്യത്തില്‍ ഉണ്ടാകുന്നത് എന്ന വസ്തുതയാണ്. മനുഷ്യന്‍റെ ചരിത്രത്തില്‍ നേരിട്ടും അല്ലാതെയും ദൈവം ഇടപെടുന്നത് സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തി വയ്ക്കുക മാത്രമല്ല, അത് തലമുറകള്‍ക്കായിട്ട് കൈമാറുകയും ചെയ്യുന്നു. അങ്ങനെയാണ് 105-Ɔο സങ്കീര്‍ത്തനം ഒരു ആരാധനക്രമഗീതമായി ഇസ്രായേലിന്‍റെ ചരിത്രത്തില്‍ വളര്‍ന്നുവരുന്നത്. അങ്ങനെ ദൈവത്തിന്‍റെ ഇടപെടലുകളുടെ വളരെ നാടകീയമായ സംഭവങ്ങളാണ് ഈ സങ്കീര്‍ത്തനത്തില്‍ നാം  ഏറ്റുപാടുന്നത്.  

മൂന്നാമത്തെ ആസ്വാദനം
3. മറ്റൊരു അവലോകന ചിന്തകൂടെ കൂട്ടിച്ചേര്‍ത്തുകൊണ്ട് നമുക്ക് ഈ പൊതുഅവലോകനം ഉപസംഹരിക്കാം. ഇസ്രായേലിന്‍റെ ജീവിതത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കര്‍ത്താവുചെയ്ത നന്മകള്‍ ഇന്നും 105-Ɔο സങ്കീര്‍ത്തനത്തിന്‍റെ പദങ്ങളിലൂടെ കാലികപ്രസക്തിയുള്ളതും ജീവിക്കുന്നതും സജീവവുമായിത്തീരുന്നു. എന്നാല്‍ ദൈവത്തിന്‍റെ നന്മകള്‍ തിരസ്ക്കരിക്കുന്നവര്‍ എത്രയോ പേരാണ് ഇന്നു ലോകത്ത്! എന്തിന് ദൈവത്തെ നിഷേധിച്ചു പറയുന്നവരും  ധാരാളമാണ്. ദൈവം ഇല്ലാത്തതുപോലെയും, ദൈവികനന്മകള്‍ കിട്ടിയിട്ടും  കണ്ടിട്ടും കാണാത്തതുപോലെയാണ് ജീവിക്കുന്നത്.  ദൈവം ദാനമായി നല്കിയ ഭൂമിയില്‍ ജീവിക്കുകയും, ദൈവം ഇല്ലാത്തതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുണ്ട്. ദൈവികനന്മകള്‍ ഈ ലോകത്ത് ഒരു പുളിമാവുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. പുളിമാവ് നിസ്സാരമാണ്, എന്നാല്‍ അത് മാറ്റങ്ങളുടെ രസതന്ത്രമാണ്, കാറ്റലിസ്റ്റാണ്!  

Musical Version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്.... 

അടുത്തയാഴ്ചയില്‍ സങ്കീര്‍ത്തനം 80, ഒരു യാചനാഗീതത്തിന്‍റെ പഠനം ആരംഭിക്കാം.



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2019, 12:09