Last 2018 sunset in Nepal and birds perched on the tree have wondrous view Last 2018 sunset in Nepal and birds perched on the tree have wondrous view 

ദൈവികനന്മകള്‍ അനുസ്മരിക്കുന്ന കൃതജ്ഞതാഗീതം

ദൈവത്തിനു നന്ദിയര്‍പ്പിക്കുന്ന ഇസ്രായേലിലെ ആരാധനക്രമ ഗീതം - സങ്കീര്‍ത്തനം 105-ന്‍റെ പഠനം രണ്ടാംഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആരാധനക്രമഗീതം സങ്കീര്‍ത്തനം 105-ന്‍റെ പഠനം - ശബ്ദരേഖ

105- Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം പ്രിന്‍സിയും സംഘവും.

Musical Version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്.

സങ്കീര്‍ത്തനത്തെ ഏഴ് ചെറിയ ഭാഗങ്ങളായി നിരൂപകന്മാര്‍ തിരിച്ചിരിക്കുന്നത് വിശകലനം ചെയ്തുകൊണ്ട് സങ്കീര്‍ത്തനത്തിന്‍റെ ഘടന നാം മനസ്സിലാക്കുവാന്‍ ശ്രമിക്കുകയായിരുന്നു കഴിഞ്ഞ പ്രക്ഷേപണത്തില്‍. അതില്‍ പ്രധാനപ്പെട്ട അഞ്ചു ഭാഗങ്ങള്‍,  ആദ്യത്തെ നാലു ഭാഗങ്ങള്‍ .....

1.  ആമുഖം (1-6)

2.  ദൈവത്തിന്‍റെ ഉടമ്പടിയും വാഗ്ദാനങ്ങളിലുളള വിശ്വസ്തതയും (7-11)

3.  പിതാക്കന്മാര്‍ അലഞ്ഞു തിരിയുന്നത് (12-15)

4.  പൂര്‍വ്വ യോസേപ്പിന്‍റെ ചരിത്രം  (16 – 23)

കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം വിവരിച്ചതാണ്.

ഇന്ന് തുടര്‍ന്നുമുളള 2 ഭാഗങ്ങളാണ്
i) ഈജിപ്തില്‍നിന്നുമുള്ള പുറപ്പാടും,
ii) മരുഭൂമിയില്‍ ദൈവം തന്‍റെ ജനത്തിനുവേണ്ടി പ്രവര്‍ത്തിച്ച അത്ഭുതങ്ങളും...
ഇന്ന് നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം.

Musical Version of Ps. 105
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്
അവിടുന്നെന്നും പാലിക്കും തന്‍ ഉടമ്പടികള്‍ സത്യമായ്.

കര്‍ത്താവിനു നിങ്ങള്‍ കൃതജ്ഞതയര്‍പ്പിക്കുവിന്‍
അവിടുത്തെ നാമം നിങ്ങള്‍ വിളിച്ചപേക്ഷിക്കുവിന്‍
അവിടുത്തെ പ്രവൃത്തികള്‍ നിങ്ങള്‍
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍
അവിടുത്തേയ്ക്കു നിങ്ങള്‍ ഗാനമാലപിക്കുവിന്‍
സ്തുതികള്‍ ആലപിക്കുവിന്‍.
                       - അവിടുന്നാണു നമ്മുടെ

5.  ഈജിപ്തില്‍നിന്നുമുള്ള പുറപ്പാട്
(24-38).
ഈജിപ്തില്‍നിന്നുമുള്ള പുറപ്പാടിന്‍റെ സാഹചര്യവും അതിനുമുമ്പുള്ള സംഭവങ്ങളും ഭാഗികമായി ഇവടെ അനുസ്മരിക്കുകയാണ്. ഇസ്രായേല്‍ എണ്ണത്തില്‍ വര്‍ദ്ധിക്കുന്നത്, ഈജിപ്തുകാര്‍ അവരെ പീ‍ഡിപ്പിക്കുന്നത്, മോശയെ ജനത്തിന്‍റെ നായകനായി തിരഞ്ഞെടുക്കുന്നത്,  

Recitation
ഇതെല്ലാമാണ് ഇവിടത്തെ പ്രതിപാദ്യ വിഷയം. ദൈവം തന്‍റെ ജനത്തെ സന്താനപുഷ്ടിയുള്ളവരാക്കി, തങ്ങളുടെ വൈരികളെക്കാള്‍ ശക്തരാക്കി.
25. തന്‍റെ ജനത്തെ വെറുക്കുവാനും തന്‍റെ ദാസരോടു കൗശലം കാണിക്കുവാനുംവേണ്ടി അവിടുന്നു അവരെ പ്രേരിപ്പിച്ചു. 26. അവിടുന്നു തന്‍റെ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹറോനെയും അയച്ചു.

പിന്നീട് നാട്ടില്‍ ഉണ്ടാകുന്ന ബാധകളെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ജനത്തിന്‍റെ പുറപ്പാട് ദൈവത്തിന്‍റെ പരിലാളനയിലും അവിടുത്തെ നേതൃത്വത്തിലുമായിരുന്നു എന്നാണ് നിരൂപകന്മാര്‍ സ്ഥാപിക്കുന്നത്. കാരണം മാനുഷികമായി ചെയ്യാവുന്നതിനെല്ലാം അതീതമായി, പ്രകൃത്യാ ഉണ്ടായ മാറ്റങ്ങളില്‍ ഇസ്രായേല്‍ തങ്ങളെ വിളിച്ച ദൈവത്തിന്‍റെ കരവും പരിപാലനയും വ്യക്തമായി കണ്ടു.  

Recitation
27. അവരുടെ ഇടയില്‍ അവിടുത്തെ അടയാളങ്ങളും,  ഹാമിന്‍റെ ദേശത്ത് അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു.  28. അവിടുന്ന് അന്ധകാരം അയച്ചു.  നാടിനെ ഇരുട്ടിലാക്കി. അവര്‍ കര്‍ത്താവിന്‍റെ വചനം തിരസ്കരിച്ചു.

ഈജിപ്തില്‍ അപ്രതീക്ഷിതമായിട്ടുണ്ടായ പേമാരിയും, ചത്തൊടുങ്ങിയ ജന്തുക്കളും, രക്തമയമായ ജലവും, പെരുകിയ ഈച്ച ശല്യവും, പേനും കന്മഴയുമെല്ലാം ഈജിപ്തുകാരുടെ ജീവിതം ദുസ്സഹമാക്കുന്നതായിരുന്നു. എന്നിട്ടും ഫറവോ കഠിന ചിത്തനായിരുന്നു. അയാള്‍ ഇസ്രായേല്യരെ വിട്ടയച്ചില്ല.

Recitation
29. അവിടുന്ന് അവരുടെ ജലമെല്ലാം രക്തമാക്കി, അവരുടെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി. 30. അവരുടെ നാട്ടില്‍ തവളകള്‍ നിറഞ്ഞു. അവരുടെ രാജാക്കന്മാരുടെ മണിയറകളില്‍പ്പോലും . 31. അവിടുന്നു കല്പിച്ചു, ഈച്ചകളും പേനും പറ്റമായിവന്ന് അവരുടെ നാട്ടിലെങ്ങും നിറഞ്ഞു. 32. അവിടുന്ന് അവര്‍ക്കു മഴയ്ക്കുപകരം കന്മഴ പെയ്യിച്ചു, അവരുടെ നാട്ടിലെല്ലാം മിന്നല്‍പിണര്‍ പാഞ്ഞുനടന്നൂ.

പിന്നെ ഈജിപ്തിലുണ്ടായ വിളനാശവും മറ്റു കെടുതികളും പ്രകൃതിയിലെ മാറ്റം എന്നതിനെക്കാള്‍ എന്തോ ദൈവികമായ ഇടപെടലായി ഇസ്രായേല്‍ ജനം കണ്ടു. ഒപ്പം ഈജിപ്തുകാരും, ഫറവോ രാജാവും ഇസ്രായേല്യരുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങള്‍ ദൈവത്തിന്‍റെ കൃപാസ്പര്‍ശമായും അത്ഭുതചെയ്തികളായും  കണ്ടു . അതുപോലെ തന്‍റെ ജനത്തെ മോചിക്കുവാന്‍ ദൈവം മെനഞ്ഞെടുത്ത അഭൂതപൂര്‍വ്വമായ തന്ത്രങ്ങളായിത്തന്നെ ഇസ്രായേല്‍ സ്വീകരിച്ചുവെന്ന് പദങ്ങളില്‍നിന്നും നമുക്ക് മനസ്സിലാക്കാം.

Recitation
33. അവിടുന്ന് അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തി വൃക്ഷങ്ങളും തകര്‍ത്തു, അവരുടെ നാട്ടിലെ വൃക്ഷങ്ങള്‍ നശിപ്പിച്ചു.  34. അവിടുന്നു കല്പിച്ചപ്പോള്‍ വെട്ടുകിളികള്‍ വന്നു, സംഖ്യാതീതമായി അവ വന്നു. 35. അവ അവരുടെ നാട്ടിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളവുകളും തിന്നൊടുക്കി. 36. അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്‍റെ ആദ്യഫലങ്ങളേ, മുഴുവന്‍ അവിടുന്നു സംഹരിച്ചു.
പിന്നെ ഇസ്രായേല്‍ അവസാനം പുറപ്പെടുന്നു. ഗോഷനില്‍നിന്നും അവര്‍ പുറപ്പെട്ടപ്പോള്‍ സമീപവാസികള്‍ സഹതപിച്ചു. സങ്കടം പ്രകടമാക്കി. പുറപ്പെട്ടുപോകുന്ന ഇസ്രായേല്യരോട് അവര്‍ക്ക് ഏറെ അനുകമ്പ തോന്നി. ഈജിപ്തുകാര്‍ അവര്‍ക്ക് ഏറെ സമ്മാനങ്ങള്‍ നല്കിയും സന്തോഷം പ്രകടമാക്കി.

Recitation
37. അനന്തരം, അവിടുന്ന് ഇസ്രായേലിനെ സ്വര്‍ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു, അവന്‍റെ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല, 38. അവര്‍ പുറപ്പെട്ടപ്പോള്‍ ഈജിപ്ത് സന്തോഷിച്ചു, എന്തെന്നാല്‍, അവരെപ്പറ്റിയുള്ള ഭീതി അതിന്‍റെ മേല്‍ നിപതിച്ചിരുന്നു.

Musical Version of Ps. 105  
അവിടുത്തെ വിശുദ്ധനാമത്തില്‍ നിങ്ങള്‍
അഭിമാനം കൊള്ളുവിന്‍ കര്‍ത്താവിനെ
അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ,
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും
നിങ്ങള്‍ അന്വേഷിക്കുവിന്‍ നിരന്തരം
അവിടുത്തെ നാമം തേടുവിന്‍, നാമം തേടുവിന്‍..

മരുഭൂമിയിലെ അത്ഭുതങ്ങള്‍ 
സങ്കീര്‍ത്തനത്തിന്‍റെ 6-ാമത്തെ ഘടനയില്‍ (39-41) ദൈവം ഇസ്രായേല്‍ക്കാര്‍ക്കുവേണ്ടി മരുഭൂമിയില്‍വച്ചു ചെയ്ത അത്ഭുതകൃത്യങ്ങള്‍ ഇവിടെ അനുസ്മരിക്കുകയാണ്. സംരക്ഷിക്കുന്ന മേഖസ്തംഭം, മന്നയും കാടപ്പക്ഷിയും ഭക്ഷണത്തിന്, മരുഭൂമിയില്‍വച്ചുപോലും ആവശ്യത്തിലും അധികം വെള്ളം തുടങ്ങിയവ ദൈവത്തിന്‍റെ ശക്തിയാലാണ് സംഭവിച്ചത്.

Recitation
പകല്‍ മേഘസ്തംഭമായ്, രാത്രിയില്‍ അഗ്നിശലാകയായ്,
മരുഭൂവിലൂടവിടുന്നു നയിക്കുന്നു,
ചെങ്കടല്‍ തന്നിലേയ്ക്കു തന്‍റെ ജനത്തെ നയിക്കുന്നു
കര്‍ത്താവു തന്‍റെ ജനത്തെ നയിക്കുന്നു, കാക്കുന്നൂ...

39. അവിടുന്ന് അവര്‍ക്കു തണലിനുവേണ്ടി മരുഭൂമിയില്‍ ഒരു മേഘത്തെ വിരിയിച്ചു, രാത്രിയില്‍ പ്രകാശം നല്‍കാന്‍ അഗ്നി ജ്വലിപ്പിച്ചു. 40. അവര്‍ ചോദിച്ചപ്പോള്‍ അവിടുന്ന് കാടപ്പക്ഷികളെ കൊടുത്തു, പിന്നെ അവര്‍ക്കുവേണ്ടി അവിടുന്നു ആകാശത്തുനിന്നും സമൃദ്ധമായി അപ്പം വര്‍ഷിച്ചു.

പുറപ്പാടു സംഭവത്തിലെ‍ ശ്രദ്ധേയമായ കാലഘട്ടമാണ് സീനായ് മരുപ്രദേശത്തിലൂടെയുള്ള അവരുടെ യാത്രയും പ്രയാണവും.

ദൈവം ഇസ്രായേലിന്‍റെ ജീവിതത്തില്‍ നേരിട്ട് ഇടപെടുകയും, ദൈവം അവരോടു സംവദിക്കുകയും അവര്‍ക്ക് കല്പനകള്‍ നല്‍കുകയും, അവിടുത്തെ അപരിമേയമായ സ്നേഹം, തന്‍റെ ജനത്തോടുള്ള സ്നേഹം വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് മരുഭൂമിയിലെ അത്ഭുതചെയ്തികളില്‍, സംഭവങ്ങളില്‍ നാം കാണേണ്ടത്

Musical Version of Ps. 105
അവിടുന്നു ചെയ്ത വിസ്മയാവഹമായ പ്രവൃത്തികള്‍
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍, അവിടുത്തെ അത്ഭുതങ്ങളെയും
ന്യായവിധികളെയും നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍, അവിടുത്തെ ദാസനായ
അബ്രാഹത്തിന്‍റെ സന്തതികളേ, ഓര്‍മ്മിക്കുവിന്‍, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍....
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരായ യാക്കോബിന്‍റെ സന്തതികളേ
നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍, നിങ്ങള്‍ ഓര്‍മ്മിക്കുവിന്‍.
                 - അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്

ജീവിതനന്മകള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട് ദൈവത്തെ സ്തുതിക്കുന്ന ആരാധനഗീതം,  105-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ഇനിയും അടുത്ത ആഴ്ചയില്‍...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2019, 12:49