തിരയുക

Maestro K. J.  Yesudas Maestro K. J. Yesudas  

ജെ. എം. രാജുവിന്‍റെ സംഗീതസൃഷ്ടി : “കാനായിലെ കല്യാണനാളില്‍”

ഫാദര്‍ ജോയ് ആലപ്പാട്ടു രചിച്ച ഗാനത്തിന്‍റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ജെ. എം. രാജുവാണ്. കെ. ജെ. യേശുദാസിന്‍റെ മധുരമായ ശബ്ദത്തില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ പതിഞ്ഞ ഭക്തിഗാനത്തിന്‍റെ വിശദാംശങ്ങളിലേയ്ക്കൊരു എത്തിനോട്ടം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കാനായിലെ കല്യാണനാളില്‍ - ഗാനത്തിന്‍റെ ശബ്ദരേഖ

1. മൂന്നു പതിറ്റാണ്ടെത്തുന്ന ഭക്തിഗാനം
മൂന്നു പതിറ്റാണ്ടോളമായി മലയാളികളുടെ മനസ്സില്‍ തത്തിക്കളിക്കുന്ന ഗാനമാണ് “കാനായിലെ കല്യാണനാളില്‍…!”  ലളിതമായ ഈ ക്രിസ്തീയ ഗാനം ഇത്രയേറെ ശ്രദ്ധിക്കപ്പെടാനും ആരുടെയും മനസ്സില്‍ പെട്ടെന്ന് ഊറിയെത്താനും കാരണം, അതിന്‍റെ പിന്നിലെ ഗന്ധര്‍വ്വനാദമാണെന്നു പറയേണ്ടതില്ല. എന്നാല്‍ ഗാനത്തിന്‍റെ സ്രഷ്ടാക്കളായ സംഗീതസംവിധായകന്‍, ജെ. എം. രാജുവിനെക്കുറിച്ചും, രചയിതാവ് ഫാദര്‍ ജോയ് ആലപ്പാട്ടിനെക്കുറിച്ചും പറയാതിരിക്കാനാവില്ല.

2. കല്യാണവീട്ടിലെ പ്രതിസന്ധിയും ക്രിസ്തു കാട്ടിയ മനുഷ്യസ്നേഹവും
ക്രിസ്തുവിന്‍റെ പ്രിയ ശിഷ്യനായിരുന്ന യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്‍റെ ജീവിതത്തിലെ സംഭവവും, അവിടുത്തെ പരസ്യജീവിതത്തിലെ ആദ്യാത്ഭുതവുമാണ് കാനായിലെ കല്യാണം (യോഹ. 2, 1-11). ഗലീലിയയിലെ കാനായില്‍ നടന്ന സംഭവം, ദൃക്സാക്ഷിയായ യോഹന്നാന്‍ കുറിക്കുന്നത് ചുരുക്കിപ്പറഞ്ഞാല്‍, ഗലീലിയന്‍ തീരഗ്രാമമായ കാനായില്‍, ഒരു കല്യാണവീട്ടിലെ വിരുന്നിനിടയില്‍ വീഞ്ഞു തീര്‍ന്നുപോയി.  കാര്യംഗ്രഹിച്ച, അവിടെയുണ്ടായിരുന്ന യേശുവിന്‍റെ അമ്മ ഓടിച്ചെന്ന് വിവരം മകനെ അറിയിക്കുന്നു. ഇനിയും തന്‍റെ സമയമായിട്ടില്ലെന്ന് ക്രിസ്തു പറഞ്ഞെങ്കിലും, അമ്മയുടെ ഉത്കണ്ഠയും ഔത്സുക്യവും കണ്ട്, അവിടെയുണ്ടായിരുന്ന ആറു വലിയ കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കാന്‍ വേലക്കാരോടു അവിടുന്നു പറഞ്ഞു. നിറച്ചുവെച്ച വെള്ളമെല്ലാം ക്രിസ്തു വീഞ്ഞാക്കി, മേല്‍ത്തരം വീഞ്ഞാക്കി മാറ്റി.

3. സുവിശേഷസംഭവത്തിന്‍റെ ഭാവാത്മകമായ അവതരണം
രാജ്യങ്ങളുടെയും മതങ്ങളുടെയും സംസ്കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതാണ് ഗാനത്തിന്‍റെ വിഷയം – വിവാഹം. പിന്നെ എവിടെയും സംഭവ്യമായ പ്രശ്നം – ഭക്ഷണം തികയാതെ വരിക! വിഷയത്തിന്‍റെ വിശാലത ഉള്‍ക്കൊള്ളുന്ന കിഴക്കിന്‍റെ ഒരു നാടന്‍ ശൈലിയിലാണ് ഫാദര്‍ ആലപ്പാട്ടിന്‍റെ വരികള്‍  നല്ല ഗായകനും സംഗീത സംവിധായകനുമായ ജെ. എം. രാജു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തു പച്ചവെള്ളം വീഞ്ഞാക്കിയപോലെ യേശുദാസ് തന്‍റെ നാദസ്പര്‍ശത്താല്‍ അനശ്വരമായ ഒരു ഭാവാത്മഗീതമാക്കി  ലളിതമായ ഈ ഗാനത്തെ  മാറ്റി!

4. വരികളിലെ ക്രിസ്തുവിജ്ഞാനീയം
മലയാളം,  തമിഴ് എന്നിങ്ങനെ തരംഗിണിയുടെ ബഹുഭാഷ ഗാനനിര്‍മ്മിതിക്കുള്ള ശ്രമകരമായ ഉദ്യമത്തില്‍, ജെ. എം. രാജുവിന്‍റെ ഈണത്തിനൊപ്പിച്ച് ഫാദര്‍ ജോയ് ആലപ്പാട്ട്, ഭാഷാഭംഗി ത്യജിച്ചും, വിഷയത്തോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ടുമാണ് ഗാനരചന നടത്തിയതെന്ന് സ്പഷ്ടമാണ്. ഈണത്തിന് ഇണങ്ങി, അളവു തെറ്റിക്കാതെ വരികള്‍ ചിട്ടപ്പെടുത്തുന്ന ശ്രമത്തില്‍  സുവിശേഷസംഭവത്തിന്‍റെ ദൈവശാസ്ത്രസംജ്ഞയ്ക്ക് വിഘ്നംവരാതെ ഫാദര്‍ ആലപ്പാട്ട് ഭംഗിയായി ഗാനരചന നടത്തിയിട്ടുണ്ട്. പല്ലവി വിവരിക്കുന്ന കാനായിലെ കല്യാണവീട്ടില്‍നിന്നും, ഒന്നാം ചരണത്തില്‍ ക്രിസ്തുവിന്‍റെ മനുഷ്യാവതാരസത്യം വെളിപ്പെടുത്തുന്ന ബെതലഹേമിലെ പുല്‍ത്തൊഴുത്തിലേയ്ക്കും, രണ്ടാം ചരണത്തില്‍ ഊമനു സൗഖ്യവും അന്ധനു കാഴ്ചയും നല്കിയ അത്ഭുതപ്രവൃത്തികളിലേയ്ക്കും രചയിതാവ് കുതിക്കുന്നതായി തോന്നാമെങ്കിലും, മൂന്നു സംഭവങ്ങളും ക്രിസ്തുവിന്‍റെ രക്ഷണീയപദ്ധതിയിലെ മറ്റൊരു “പ്രത്യക്ഷീകരണത്രയ”മെന്നത് (Theophanic Triology) ക്രിസ്തുവിജ്ഞാനീയമാണ്.

5. ഗാനം – കാനായിലെ കല്യാണനാളില്‍
പല്ലവി

കാനായിലെ കല്യാണനാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരിനീരായ് (2)

അനുപല്ലവി

വിസ്മയത്തില്‍ മുഴുകി ലോകരന്ന്
വിസ്മൃതിയില്‍ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥന്‍
- കാനായിലെ കല്യാണനാളില്‍...

ചരണം ഒന്ന്
കാലികള്‍ മേയും പുല്‍ത്തൊഴുത്തില്‍
മര്‍ത്ത്യനായ് ജന്മമേകിയീശന്‍ (2)
മെഴുതിരിനാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും (2)
അഹാ... ഞാന്‍ എത്ര ഭാഗ്യവാന്‍... (2)
യേശു എന്‍ ജീവനേ...!
- കാനായിലെ കല്യാണനാളില്‍...

ചരണം രണ്ട്
ഊമയെ സൗഖ്യമാക്കി ഇടയന്‍
അന്ധനു കാഴ്ചയേകി നാഥന്‍ (2)
പാരിതില്‍ സ്നേഹസൂനം വിതറി
കാല്‍വരിനാഥന്‍ പാദമിടറി (2)
അഹാ... ഞാന്‍ എത്ര ഭാഗ്യവാന്‍... (2)
യേശു എന്‍ ജീവനേ...!
- കാനായിലെ കല്യാണനാളില്‍...

6. ജെ. എം. രാജുവിനെക്കുറിച്ച്...
മലയാളം തമിഴ് ഭാഷകളില്‍ നിരവധി നല്ല ഗാനങ്ങള്‍ സംവിധാനംചെയ്തിട്ടുള്ള ജെ. എം. രാജു, കേരളത്തില്‍ എറണാകുളം വിട്ടിറങ്ങിയ മാട്ടുപ്പുറത്ത് ജോണ്‍ രാജുവാണ്. ജന്മനാട്ടിലെ കലാലോകത്തുനിന്നും മദ്രാസ് സിനിമാലോകത്തേയ്ക്ക് അറുപതുകളുടെ അന്ത്യത്തില്‍ ചേക്കേറിയ രാജുവിനെ ആദ്യം ഉള്‍ക്കൊണ്ടത് “ക്രിസ്ത്യന്‍ ആര്‍ട്സ് & കമ്യൂണിക്കേഷന്‍സി”ന്‍റെ (Christian Arts & Communications, Madras) “വാനമുദം” സുവിശേഷപരിപാടികളാണ്. രണ്ടുപതിറ്റാണ്ടുകളോളം  എല്ലാശനിയാഴ്ചകളിലും അരമണിക്കൂര്‍ സമയം സിലോണ്‍ റേഡിയോ നിലയത്തില്‍നിന്നും ഇന്ത്യയിലെത്തിയ വാനമുദം മലയാളപരിപാടികളിലൂടെ ജെ. ​​​എം. രാജു മലായാളികളുടെ ഇഷ്ടഅവതാരകനും ഗായകനും റോഡിയോ പരിപാടികളുടെ സംവിധായകനുമായി. ആള്‍ ഇന്ത്യ റേഡിയോ ക്രൈസ്തവ  പരിപാടികള്‍ പ്രക്ഷേപണം ചെയ്യാതിരുന്ന കാലത്ത് ജാതിവ്യത്യാസമില്ലാതെ  മലയാളികള്‍ എവിടെയും കാതോര്‍ത്ത പരിപാടിയായിരുന്നു രാജുവിന്‍റെ “വാനമുദം”.

7. പതറാത്ത സംഗീതസപര്യ
തന്‍റെ ക്രിസ്തീയ സംഗീതസൃഷ്ടികളുമായി ജെ. എം. രാജുവും സഹധര്‍മ്മിണി ലതരാജുവും ചേര്‍ന്നു തമിഴ്നാട്ടിലും കേരളത്തിലും നടത്തിയിട്ടുള്ള സംഗീതയാത്രകള്‍ അനുസ്മരണീയമാണ്. ക്രിസ്ത്യന്‍ ആര്‍ട്സ് & കമ്യൂണിക്കേഷന്‍സ് നിലച്ചതോടെയാണ്, രാജു സ്വന്തമായ സ്റ്റുഡിയോയുമായി സകുടുംബം സംഗീതത്തിനായി  പൂര്‍ണ്ണമായും സമര്‍പ്പിച്ചത്. തമിഴ്, മലയാളം സിനിമകളുടേയും, 50-ല്‍ അധികം  “ആല്‍ബ”ങ്ങളുടേയും സംഗീതസൃഷ്ടിയില്‍
ജെ. എം. രാജു തനിമയാര്‍ന്ന ശൈലിയും കഴിവും തെളിയിച്ചിട്ടുണ്ട്. ചെന്നൈ അശോക്നഗറിലെ രാജുവിന്‍റെ സംഗീതകുടുംബം - ഭാര്യ ലത,  രണ്ടു മക്കള്‍ അനുപമ, ആലാപ് എന്നിവരോടൊപ്പം  സാന്ദ്രമായ ആ  സംഗീതസപര്യ തുടരുന്നു.  മകന്‍, ആലാപ് രാജു അറിയപ്പെടുന്ന ഗായകനും സംഗീതജ്ഞനുമാണ്.

8. നന്ദിയോടെ...!
കാനായിലെ കല്യാണനാളില്‍... എന്ന ഗാനം യേശുദാസിന്‍റെ തരംഗിണി മ്യൂസിക് കമ്പനിയുടെ “സ്നേഹസുധ” എന്ന ഗാനശേഖരത്തിലുള്ളതാണ്. കെ. ജെ. യേശുദാസിനെയും, ജെ. എം. രാജുവിനെയും, ഫാദര്‍ ജോയ് ആലപ്പാട്ടിനെയും, ഈ അനശ്വരഗാനത്തിന്‍റെ സൃഷ്ടിയില്‍ സഹകരിച്ച മറ്റു കലാകാരന്മാരെയും നന്ദിയോടും  അഭിനന്ദനങ്ങളോടുംകൂടെ  ഓര്‍ക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2019, 12:30