തിരയുക

singer k. s. chitra singer k. s. chitra  

തെന്നിന്ത്യയുടെ ഗാനകോകിലം ചിത്രയുടെ കരോള്‍ ഗീതങ്ങള്‍

ജെറി അമല്‍ദേവ് സംവിധാനംചെയ്തതും കെ. എസ്. ചിത്ര ആലപിച്ചതുമായ മലയാളത്തിലുള്ള 3 കരോള്‍ ഗീതങ്ങള്‍ കേള്‍ക്കാമിവിടെ . ഒപ്പം ആ ഗീതങ്ങളുടെ ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടവും :
മൂന്നു പരമ്പരാഗത കരോള്‍ ഗീതങ്ങളുടെ ശബ്ദരേഖ

ക്രിസ്തുമസ് കാലത്തിന്‍റെ അനുഭൂതിയുമായെത്തുന്ന പൂജരാജാക്കളുടെ തിരുനാളില്‍ (Solemnity of Epiphany – പ്രത്യക്ഷീകരണ മഹോത്സവത്തില്‍) വിശ്വോത്തര കരോള്‍ ഗീതങ്ങളെക്കുറിച്ചുള്ള ചെറുചിന്താമലരുകളാണിത്.

ചരിത്രത്തില്‍ ആദ്യത്തെ കരോള്‍ഗീതം 
ണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്, യൂദയായിലെ ബതലഹേമില്‍ ദിവ്യഉണ്ണി പിറന്നപ്പോള്‍ ദേവദൂതന്മാര്‍ ആര്‍ത്തുപാടി, “ഗ്ലോരിയ ഈന്‍ ഏക്സ് ചേള്‍സീസ് ദേവോ...”(Gloria in ex coelsis Deo) ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.’! ഇതായിരുന്നു ആദ്യ കരോള്‍ ഗീതം!

ക്രിസ്തുമസ് ആനന്ദത്തിന്‍റെ മഹോത്സവമാണ്. ലോകരക്ഷകനായ ക്രിസ്തു പിറന്ന സന്ദേശം മാലാഖമാരുടെ ‘ഗ്ലോരിയ’ ഗീതത്തിലൂടെ ആദ്യം ബതലഹേമിലെ ഇടയന്മാരും, പിന്നെ ലോകംമുഴുവനും അറിഞ്ഞു. ആ ദേവഗീതത്തിന്‍റെ മാറ്റൊലി ചരിത്രത്തില്‍ ഇന്നും അലയടിക്കുന്നു. കോരോള്‍ ഗീതങ്ങള്‍ ജനതകളുടെയും സംസ്ക്കാരങ്ങളുടെയും, പിന്നെ കവികളുടെയും കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും ഇഷ്ടവിഷയമായി. ഇന്ന് ക്രിസ്തുമസ് ഗീതങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ഭാഗമാണ്.

1. അന്നൊരുനാള്‍ ബതലഹേമില്‍....!!
Mary’s Boy Child എന്ന പ്രശസ്തമായ കരോള്‍ ഗീതം അമേരിക്കന്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ Jester Hairston-ന്‍റേതാണ്.  1956-ലെ ക്രിസ്തുമസ്നാളില്‍ ഒരു ജന്മദിനാഘോഷത്തിനുവേണ്ടി തയ്യാറാക്കിയതാണീ ഗാനം. 2000-‍Ɔമാണ്ടില്‍ നടനും, സംഗീതജ്ഞനും ഗാനരചയിതാവുമായ ഹെയര്‍സ്റ്റണ്‍ Hairston അന്തരിച്ചു. എന്നാല്‍ ഗാനം ഇന്നും ജീവിക്കുന്നു.  കാലാകാലങ്ങളില്‍ പ്രഗത്ഭരായ സംഗീതജ്ഞന്മാര്‍ ഈ കരോള്‍ ഗീതത്തിന് നിറപ്പകിട്ടേകിയിട്ടുണ്ട്. 60-കളില്‍ അമേരിക്കന്‍ ഗായകന്‍, ജിം റീവ്സിന്‍റെ (Jim Reeves) ശബ്ദഗാംഭീര്യത്തില്‍ അത് ലോകം ശ്രവിച്ചപ്പോള്‍, 70-കളില്‍ ജെര്‍മ്മന്‍ ഡിസ്ക്കോ ബാന്‍ഡ്, “ബോണി.എം” BoneyM  ഈ ഗീതത്തെ കൂടുതല്‍ താളാത്മകവും ജനകീയവുമാക്കി.

2000-ാമാണ്ട് ക്രിസ്തുജയന്തി വര്‍ഷത്തില്‍ ഈ ഗാനത്തിന് മലയാളത്തിന്‍റെ പ്രിയ സംഗീതസംവിധായകന്‍ ജെറി അമല്‍ദേവും ഫാദര്‍ ജോസഫ് മനക്കിലും ചേര്‍ന്ന് ഒരു മലയാളപ്പിറവി നല്കി. മൂലകൃതിയുടെ സാഹിത്യഭംഗിയും അര്‍ത്ഥവും കളയാതെ മനക്കിലച്ചന്‍ ഗാനരചന നടത്തിയപ്പോള്‍ ജെറി അമല്‍ദേവ് വളരെ വൈദഗ്ദ്ധ്യത്തോടും തനിമയാര്‍ന്ന ശൈലിയോടുംകൂടെ ഈ അനശ്വരഗീതം,  കെ. എസ്. ചിത്രയുടെ ശബ്ദത്തില്‍ കൈരളിക്കു കാഴ്ചവച്ചിരിക്കുന്നു. 

2. താരം നീലവാനില്‍ ഉദിച്ചുയര്‍ന്നൂ! 
അറിയപ്പെടാതെപോയ നല്ല ഗാനരചയിതാവാണ് അന്തരിച്ച പീറ്റര്‍ മൂഞ്ഞപ്പിള്ളി, ജെറി അമല്‍ദേവിന്‍റെ മാതൃസഹോദര പുത്രന്‍. അമല്‍ദേവ് നിഷ്ക്കര്‍ഷിച്ച കൃത്യമായ അളവില്‍ വരികള്‍ ചിട്ടപ്പെടുത്താന്‍ മൂഞ്ഞപ്പിള്ളിക്കു കഴിഞ്ഞു എന്നതാണ് ഈ ഗാനത്തിന്‍റെ വിജയം.
ഈ അമല്‍ദേവ് ഈണം എന്നും ഓര്‍ക്കാവുന്ന, മലയാളത്തനിമയുള്ള കരോള്‍ ഗീതമാണ്.
കെ. എസ്. ചിത്ര തന്‍റെ ആലാപനഭംഗിയില്‍ ഈ ഗാനത്തിന് കൂടുതല്‍ ക്രിസ്തുമസ് അനുഭൂതി പകര്‍ന്നിരിക്കുന്നു.

3. ദൈവം മന്നില്‍ വാഴ്വൂ...!
കേരളത്തിന്‍റെ സ്വാതിതിരുനാളിനെപ്പോലെ പോര്‍ച്ചുഗലിലെ കലാകാരനും സംഗീതഞ്ജനും സാഹിത്യകാരനുമായിരുന്നു ജോണ്‍ 4-Ɔമന്‍ രാജാവ്. 1640-നും 50-നും ഇടയ്ക്ക് ജോണ്‍ രാജാവ് ചിട്ടപ്പെടുത്തിയതാണ് Adeste Fideles എന്ന ലത്തീന്‍ കരോള്‍ ഗാനമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ ഗാനത്തിന്‍റെ ഇംഗ്ലീഷ് രൂപമാണ്, ഓ! വിശ്വാസികളേ, വരുവിന്‍! എന്നര്‍ത്ഥം വരുന്ന  O Come,
All ye faithful.  വിഖ്യാതമായ ഈ ലത്തീന്‍ ഗാനത്തിന്‍റെ മൊഴിമാറ്റമാണ് ഫാദര്‍ ജോസഫ് മനക്കില്‍ രചിച്ച ‘ദൈവം മന്നില്‍ വാഴ്വൂ...’ എന്ന ഗീതം.

ലത്തീന്‍ ഭാഷാപണ്ഡിതനായിരുന്ന മനക്കിലച്ചന്‍ മൂലകൃതിയുടെ സത്ത നഷ്ടപ്പെടുത്താതെ, ഗാനം മലയാളത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഗ്രിഗോരിയന്‍ സംഗീതത്തിന്‍റെ പൗരസ്ത്യമൂലം മനസ്സില്‍ പേറിനടക്കുന്ന ജെറി അമല്‍ദേവ് മനക്കിലച്ചന്‍റെ വരികളെ കെ. എസ്. ചിത്രയുടെ മധുരനാദത്തില്‍, Adeste Fideles- എന്ന പരമ്പരാഗത ഗാനം അതിന്‍റെ ലത്തീന്‍ ഗ്രീഗോരിയന്‍ ഭംഗിക്ക് ഭംഗംവരുത്താതെ സംവിധാനംചെയ്തിരിക്കുന്നു. 

നന്ദിയോടെ...
മഞ്ഞണിക്കൊമ്പും, മിഴിയോരവും, ആയിരംകണ്ണും, ദേവദുംദുഭിയും സംഗീതലോകത്തിനു നല്കിയ ജെറി അമല്‍ദേവു തന്നെയാണ് അതിമനോഹരമായ ഈ ക്രിസ്തുമസ് ഗീതങ്ങള്‍ കേരളത്തിനു സമ്മാനിച്ചത്. അമല്‍ദേവിനും, ഗായിക കെ. എസ് ചിത്രയ്ക്കും വത്തിക്കാന്‍ വര്‍ത്താവിഭാഗത്തിന്‍റെ പേരില്‍ ‍നന്ദിയര്‍പ്പിച്ചുകൊണ്ട് കരോള്‍ ഗീതങ്ങളെക്കുറിച്ചുള്ള ക്രിസ്തുമസ് ചിന്താലമലരുകള്‍ ഉപസംഹരിക്കുന്നു.

ഗാനങ്ങളുടെ നിര്‍മ്മാണം
മൂന്നു ഗാനങ്ങളും മനോരമ മ്യൂസിക്സും (Marorama Musics) ഓഡിയോ ട്രാക്സ് ചെന്നൈയും (Audio Tracks Chennai)  ചേര്‍ന്നു നിര്‍മ്മിച്ച ഗ്ലോരിയ എന്ന ഗാനശേഖരത്തില്‍നിന്നും എടുത്തതാണ്.
ക്രിസ്തുജയന്തി ജൂബിലി വര്‍ഷത്തിലാണ് ഈ ആല്‍ബം പുറത്തുവന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 January 2019, 14:30