Cerca

Vatican News
 San Maximilian Kolbe martyr of fraternal love മാക്സിമീലയന്‍ കോള്‍ബെ - സഹോദര്യത്തിന്‍റെ രക്ഷസാക്ഷി 

മാക്സിമീലിയന്‍ കോള്‍ബെയെ ഓര്‍ക്കാന്‍ ഒരവസരം

വിശുദ്ധ മാക്സിമീലിയന്‍ കോള്‍ബെയുടെ ജനനത്തിന്‍റെ 125-Ɔο വാര്‍ഷികം 2019 ജനുവരി 8-Ɔο തിയതി ആചരിച്ചു. കേരളത്തില്‍ വന്നിട്ടുള്ള പരസ്നേഹത്തിന്‍റെ രക്തസാക്ഷി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ത്യാഗത്തിന്‍റെ ആത്മീയകഥനം
1894 ജനുവരി 8-Ɔο തിയതിയാണ്, ‘പരസ്നേഹത്തിന്‍റെ രക്തസാക്ഷി’ എന്നു വിശേഷിപ്പിക്കപ്പെട്ട  മാക്സിമീലിയന്‍ കോള്‍ബെ പോളണ്ടിലെ സ്ഡുനീസ്ക വോള (Zdunska Wola ) ഗ്രാമത്തില്‍ ജനിച്ചത്.

പോളണ്ടിലെ നാസി തടവറയില്‍ ജര്‍മ്മന്‍ സൈനികര്‍ കൊല്ലാന്‍ കൊണ്ടുപോയവരില്‍ കുടുംബസ്ഥനായ മനുഷ്യന്‍ തന്‍റെ കുടുംബത്തെ ഓര്‍ത്തു വിലപിക്കുന്നതു കണ്ട്, പകരം സ്വജീവന്‍ നല്കിയ ത്യാഗവര്യനാണ് മാക്സിമീലിയന്‍ കോള്‍ബെ.

സമര്‍പ്പണത്തിന്‍റെ പാതയിലെ സമാധാനവഴികള്‍
1914-ല്‍ കണ്‍വെച്വല്‍ ഫ്രാന്‍സിസ്കന്‍ സഭാംഗമായി. 1915 റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ പഠനം ആരംഭിച്ചു. 1918-ല്‍ റോമിലെ ഫ്രാത്തെയിലെ മേരിയന്‍ അള്‍ത്താര വേദിയില്‍ പൗരോഹിത്യം സ്വീകകരിച്ചു. 1919-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം പൂര്‍ത്തിയാക്കി.  പാപികളുടെ മാനസാന്തരം, വിശിഷ്യ സഭാവിദ്വേഷികളുടെ മാനസാന്തമാണ് അദ്ദേഹം തന്‍റെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ പൊരുളായി കണ്ടത്. ലോക മഹായുദ്ധത്തിന്‍റെ കരിന്തിര കത്തിനിന്ന ലോകത്ത് അമലോത്ഭവനാഥയുടെ നാമത്തിലുള്ള സമാധാന നഗരങ്ങള്‍ സ്ഥാപിക്കാന്‍ ജപ്പാനിലേയ്ക്കും ഇന്ത്യയിലേയ്ക്കും, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും നീണ്ടയാത്രകള്‍ നടത്തി.

വിശുദ്ധിയുടെ പടവുകള്‍ രക്തസാക്ഷിത്വത്തിലേയ്ക്ക്
1941 ആഗസ്റ്റ് 14-ന് രക്തസാക്ഷിത്വം വരിച്ച മാക്സിമീലിയന്‍ കോള്‍ബെയെ 1971-ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയത്. 1982-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധപദത്തിലേയ്ക്കും ഉയര്‍ത്തി.  ആഗസ്റ്റ് 14-Ɔο തിയതിയാണ് വിശുദ്ധ കോള്‍ബെയുടെ (1894-1941) അനുസ്മരണം സഭ കൊണ്ടാടുന്നത്. പോളണ്ടുകാരനായ കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികനാണ് പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി ക്യാമ്പില്‍ അപരനുവേണ്ടിയുള്ള സ്വയാര്‍പ്പണത്തിലൂടെ രക്തസാക്ഷിത്വം വരിച്ചുകൊണ്ട് വിശുദ്ധപദം ചൂടിയത്.

അസ്സീസി കൊളുത്തിയ ശാന്തിദൂത്
യുദ്ധത്താല്‍ തകര്‍ന്ന ലോകത്ത് സമാധാനം വളര്‍ത്താന്‍ അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥ്യം തേടാം എന്നതായിരുന്നു വിശുദ്ധ കോള്‍ബെയുടെ അടിസ്ഥാന ദര്‍ശനം. അതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മേരിയന്‍ നഗരങ്ങള്‍ സ്ഥാപിക്കാനായിരുന്നു, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പകര്‍ന്നുകൊടുത്ത വിശ്വശാന്തിയുടെ സന്ദേശം ഉള്‍ക്കൊണ്ട് മാക്സിമീലിയന്‍ കോള്‍ബെ പരിശ്രമിച്ചത്. അദ്ദേഹത്തിന്‍റെ ജന്മനാടായ പോളണ്ടിലും ജപ്പാനിലും മേരിയന്‍ പട്ടണങ്ങള്‍  സ്ഥാപിക്കപ്പെട്ടു.

മനുഷ്യസ്നേഹത്തിന്‍റെ ധന്യമാതൃക
“ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും തീക്ഷ്ണത കൂട്ടിയണിക്കി മനുഷ്യജീവിതങ്ങള്‍ ധന്യമാക്കാന്‍ മാതൃക കാട്ടിയ രക്തസാക്ഷിയെന്ന്,” മാക്സിമീലിയന്‍ കോള്‍ബെയെ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ വേദിയായ, ഓഷ്വിറ്റ്സ് 2016-ല്‍ സന്ദര്‍ശിക്കവെ തന്‍റെ കൈപ്പടയില്‍ അവിടെ ഒരു തുണ്ടുകടലാസ്സില്‍ കുറിച്ചുവച്ചിട്ടു പോന്നു. ദൈവസ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണം സഹോദരസ്നേഹത്തില്‍ പ്രകടമാക്കിയ രക്ഷയാക്ഷിയായ സിദ്ധനെന്ന് മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനും ഈ മഹാത്യാഗിയെ വിശേഷിപ്പിച്ചു.

ജീവിക്കാനുള്ള അവകാശം അടിസ്ഥാനം
നിര്‍ദ്ദോഷിയായ ഒരു സാധാരണ മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തിനായി സ്വന്തം ജീവന്‍ സമര്‍പ്പിച്ച ധീരനായ രക്ഷസാക്ഷിയെന്ന് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, കോള്‍ബെയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തവെ പ്രസ്താവിച്ചു. അനുദിനജീവിതത്തില്‍ സഹോദരങ്ങളുടെ യാതനകളില്‍ പങ്കുചേരുവാനും, അവരെ സാധിക്കുന്നതുപോലെ തുണയ്ക്കുവാനും വിശുദ്ധ കോള്‍ബെയുടെ ജീവസമര്‍പ്പണം നമുക്കും പ്രചോദനമേകട്ടെ!

കോള്‍ബെ കേരളത്തില്‍
മേരിയന്‍ സമാധാനപട്ടണങ്ങള്‍ സ്ഥാപിക്കാനുള്ള തീക്ഷ്ണതയുമായി   കോള്‍ബെ 1933-ല്‍ കേരളത്തില്‍ എത്തിയതിന്‍റെ ചരിത്ര സാക്ഷ്യമാണ് ആലുവ നഗരപ്രാന്തത്തിലെ (തടിക്കക്കടവ്) ഫ്രാന്‍സിസ്ക്കന്‍ കണ്‍വെഞ്ച്വല്‍ സമൂഹവും അതിനോടു ചേര്‍ന്നുള്ള സെമിനാരിയും! പിന്നീട് അങ്കമാലി  കിഴക്കുഭാഗത്ത് വളര്‍ന്നു വലുതായ ആസ്സീസി ശാന്തികേന്ദ്രവും (St. Francis Assisi Peace Center) രക്തസാക്ഷിയായ കോള്‍ബെയുടെ സ്വപ്നസാക്ഷാത്ക്കാരമാണ്!

09 January 2019, 19:19