Mount Blanc Range - France Mount Blanc Range - France 

“മലകള്‍ മാറിയാലും…” ദൈവത്തിന്‍റെ സ്നേഹം ശാശ്വതം!

സങ്കീര്‍ത്തം - 89ന്‍റെ പഠനം അഞ്ചാംഭാഗം - വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 89-ന്‍റെ പഠനം ഭാഗം 5 - ശബ്ദരേഖം

89-Ɔο സങ്കീര്‍ത്തിനത്തിന്‍റെ പഠനം തുടരുകയാണ്. നാം കണ്ടുകഴിഞ്ഞ ഭാഗങ്ങളിലേയ്ക്ക് ഒരു തിരനോട്ടം നടത്താം. ആദ്യത്തെ 28 പദങ്ങള്‍ ഈ ഗീതത്തിന് ഒരു ആമുഖമാണെന്നു നമുക്കു പറയാം. കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും! എന്നു തുടങ്ങുന്ന പദങ്ങള്‍ തീര്‍ച്ചയായും ഈ ഗീതത്തിന്‍റെ ആമുഖമാണ്. 19 മുതല്‍ 38-വരെയുള്ള പദങ്ങള്‍ കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം വിശദീകരിച്ചതാണ്. 52 പദങ്ങള്‍ ആകെയുള്ള ഈ നീണ്ട കൃതജ്ഞതാസങ്കീര്‍ത്തനം ദൈവത്തിന്‍റെ രണ്ടു തലത്തിലുള്ള ആധിപത്യം - ഭൗമികവും ആത്മീയവുമായ ആ ധിപത്യം വെളിപ്പെടുത്തുന്നുവെന്ന് നാം മനസ്സിലാക്കി. അനുദിന ജീവിതത്തില്‍, കര്‍ത്താവ് പ്രപഞ്ചനാഥനും, ഒപ്പം മനുഷ്യരുടെ സ്വര്‍ഗ്ഗീയ ജീവന്‍റെ നിയന്താവുമാണ്. ഈ വിശ്വാസബോധ്യമാണ് വരികളില്‍ വിരിയുന്നത്. അങ്ങനെയുള്ള ബോധ്യം ഏറ്റുപറഞ്ഞു ജീവിക്കാന്‍ ഈ ഗീതം പ്രചോദനമാവുകതന്നെ ചെയ്യും.

കഴിഞ്ഞ പ്രക്ഷേപണത്തില്‍ കണ്ട സങ്കീര്‍ത്തനത്തിന്‍റെ ഘടനയുടെ മൂന്നാം ഭാഗം 18 മുതല്‍ 38 വരെയുള്ള വരികള്‍ ദൈവത്തി‍ന്‍റെ രാജത്വം വളരെ കൃത്യമായി ചിത്രീകരിക്കുന്ന ഭാഗാമായിരുന്നല്ലോ. രക്ഷണീയ പദ്ധതയില്‍ ദാവീദു രാജാവിനുള്ള സ്ഥാനത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗമെങ്കിലും, നാം മനസ്സിലാക്കുന്നത് പ്രവചനാത്മകമായി പുതിയ നിയമത്തിലേയ്ക്കും ദാവിദാത്മജനായ ക്രിസ്തുവിലേയ്ക്കും സങ്കീര്‍ത്തനപദം വിരല്‍ ചൂണ്ടുന്നു എന്നാണ്.

രമേഷ് മുരളിയും സംഘവും ആലപിച്ച 89-Ɔο സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം നിര്‍വ്വഹിച്ചത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.

Musical version of  Ps. 89
കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും (2)

ഇനി നമുക്ക് സങ്കീര്‍ത്തനത്തി‍ന്‍റെ അവസാനത്തെ 20 പദങ്ങളിലേയ്ക്ക് കടക്കാം. അതായത്, ഗീതത്തിന്‍റെ നാലാമത്തെ ഘടന 38-മുതല്‍ 52-വരെ പദങ്ങളാണ്. ദൈവം ദാവീദിനോടു ചെയ്ത വാഗ്ദാനങ്ങളാണ് ഇവിടെ സങ്കീര്‍ത്തകന്‍ ഒന്നൊന്നായി വിസ്തരിക്കുന്നത്. 38-മുതല്‍ 45-വരെയുള്ള ഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍, ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ ദൈവം തന്‍റെ ജനത്തോടു ചെയ്ത ഉടമ്പടികള്‍ക്ക് വിപരീതമായി സംഭവിച്ചിരിക്കുന്നു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ പറയുന്നത്, കര്‍ത്താവ് അവനെ പരിത്യജിച്ചു കളഞ്ഞു, അഭിഷിക്തന്‍റെ നേരേ അവിടുന്നു ക്രോദ്ധനായി. 39 ദാസനോടു ചെയ്ത ഉടമ്പടി അങ്ങ് ഉപേക്ഷിച്ചു.. അവിടുന്ന് അവന്‍റെ കിരീടത്തെ നിലത്തെറിഞ്ഞു മലിനമാക്കി. സങ്കീര്‍ത്തകന്‍ ദാവീദിനുണ്ടായ തിക്താനുഭവങ്ങള്‍ പിന്നെയും എണ്ണിയെണ്ണിപ്പറയുകയാണ്.

വഴിപോക്കര്‍ അവനെ കൊള്ളയടിക്കുന്നു. അവന്‍ അയല്‍ക്കാര്‍ക്കു പരിഹാസപാത്രമായി. അങ്ങ് അവന്‍റെ വൈരികളുടെ വലതുകൈ ഉയര്‍ത്തി,  അവന്‍റെ സകല ശത്രുക്കളെയും സന്തോഷിപ്പിച്ചു. അവന്‍റെ വാളിന്‍റെ വായ്ത്തല മടക്കി, യുദ്ധത്തില്‍ ചെറുത്തു നില്‍ക്കാന്‍ അവനു കഴിവില്ലാതാക്കി.

ദൈവം തന്‍റെ മകന് എതിരായി കരം ഉയര്‍ത്തിയിരിക്കുന്നു, അയല്‍ രാജ്യങ്ങള്‍ അയാള്‍ക്കെതിരായി ഉയരാന്‍ ദൈവം ഇടയാക്കിയെന്ന് സങ്കീര്‍ത്തകന്‍ പരാതിപ്പെടുന്നു. ഇതെല്ലാം ദൈവം ഇടയാക്കിയതാണെന്നാണ് സങ്കീര്‍ത്തകന്‍റെ ആവലാതി. പുത്രനെ പിതാവ് അപമാനിതനാക്കിയെന്നാണ് ഗീതകന്‍ പ്രസ്താവിക്കുന്നത്. സത്യമാണ്.... ചരിത്രത്തിലേയ്ക്ക് എത്തിനോക്കുമ്പോള്‍... ക്രിസ്തുവിനു മുന്‍പ് 597-ല്‍ ഇസ്രായേലിന്‍റെ യുവരാജാവായിരുന്ന ജെഹോവാക്കിം ബാബിലോണിയന്‍ രാജാവിന്‍റെ തടങ്കലില്‍ പാര്‍ക്കേണ്ടി വന്നു.  അദ്ദേഹം രാജാധികാരമേറ്റത് 18-Ɔο വയസ്സിയിരുന്നു. യുവരാജാവ് കീഴടക്കപ്പെട്ട്, ബാബിലോണ്‍ വിപ്രവാസത്തില്‍ കഴിയേണ്ടി വന്നു (2 രാജാക്കന്മാര്‍ 25, 27). ദൈവത്തിന്‍റെ ജനമായ ഇസ്രായേലിനോട് ഈ അതിക്രമങ്ങളെല്ലാം ചെയ്തത് നെബുക്കദനേസ്സര്‍ രാജാവാണ് (ജെറ. 25, 9). സങ്കീര്‍ത്തകനെപ്പോലെ നാമും, ആരും ആശ്ചര്യപ്പെടും, എന്തുകൊണ്ട് ജീവിതത്തില്‍ ഈ യാതനകളെല്ലാം സഹിക്കണം?. ഉത്തരം, പ്രവാചക വാക്യങ്ങളില്‍ കാണാം. ജെറമിയാ പ്രസ്താവിക്കുന്നു (25, 9).

നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കാതിരുന്നതിനാല്‍ ഉത്തരദേശത്തെ വംശങ്ങളെയും ബാബിലോണ്‍ രാജാവായ എന്‍റെ ദാസന്‍,  നെബുക്കദ്നേസറിനെയും ഞാന്‍ വിളിച്ചു വരുത്തും.  ഞാന്‍ ഈ ദേശത്തെയും ഇതിലെ നിവാസികളെയും ചുറ്റുമുള്ള ജനതകളെയും നിശ്ശേഷം നശിപ്പിക്കും, ഇല്ലാതാക്കും.

Musical version of Ps. 89
കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും (2)

പ്രവാചകന്മാര്‍ പ്രഘോഷിക്കുന്ന, ദൈവത്തിന്‍റെ പ്രഹരങ്ങള്‍ക്കു മുന്നില്‍ മനുഷ്യന്‍ സ്തംഭിച്ചു പോകാറുണ്ട്. ലോകത്തിന്‍റെ പ്രകാശമായി എത്തിയ ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ പ്രഭമങ്ങിയപ്പോള്‍, അവിടുത്തേയ്ക്കുമേല്‍ മരണത്തിന്‍റെ നിഴല്‍ വീശിയപ്പോള്‍ ശിഷ്യന്മാര്‍ ആദ്യം ചിതറിപ്പോയതാണ്. വീണ്ടും ഏശയാ പ്രവാചകന്‍ നമുക്ക് ഉത്തരംതരുന്നുണ്ട്, (ഏശയ 53, 4).

Recitation :
അവിടുന്നു നിന്ദിക്കപ്പെട്ടു. നാം അവിടുത്തെ ബഹുമാനിച്ചതുമില്ല, നമ്മുടെ വേദനകളാണ് അവിടുന്ന് യഥാര്‍ത്ഥത്തില്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവിടുന്നു ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും  ചെയ്തു. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ടു. അവിടുത്തെ ശിക്ഷ നമുക്ക് രക്ഷ നല്കി. അവിടുത്തെ ക്ഷതങ്ങളാല്‍ നാം സൗഖ്യംപ്രാപിച്ചു.

ഏശയ വിവരിക്കുന്ന സഹനദാസന്‍റെ രൂപമാണ് വരികളില്‍ ചരുളഴിയുന്നത്. അങ്ങനെ പഴയനിയമത്തില്‍ നെബുക്കദനേസറിന്‍റെ കാലത്തെ പീ‍‍ഡനങ്ങളും വിപ്രവാസവും ഇസ്രായേലിനെ കര്‍ത്താവിന്‍റെ സഹന ദാസനാക്കുന്നുണ്ട്. ജനത്തിന്‍റെ പാപങ്ങളെയും കുറവുകളെയും പ്രതിയാണ് ഈ സഹനം ഉണ്ടാകുന്നതെന്നും നാം മനസ്സിലാക്കേണ്ടതാണ്.

Recitation :
46-48 കര്‍ത്താവേ, അങ്ങയുടെ ദാസന്‍ എത്ര നിന്ദിക്കപ്പെടുന്നെന്ന് ഓര്‍ക്കണമേ. ജനതകളുടെ പരിഹാസശരം ഞാന്‍ നെഞ്ചില്‍ ഏല്‍ക്കുന്നു. കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്ദിക്കുന്നു. അങ്ങയുടെ അഭിഷിക്തന്‍റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു. കര്‍ത്താവ് എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ! ആമേന്‍, ആമേന്‍...

സകല ലോകവും രക്ഷിക്കപ്പെടേണ്ടതുണ്ട്. വ്യര്‍ത്ഥജീവിതം നയിക്കുന്നവര്‍ നാശത്തില്‍ നിപതിക്കും. മനുഷ്യരില്‍ ആര്‍ക്കെങ്കിലും, അവര്‍ ഏതു മതത്തില്‍പ്പെട്ടാലും മരണത്തില്‍നിന്നും രക്ഷനേടാനാകും. വിപ്രവാസകാലത്തെ പ്രവാചകന്‍റെ ശബ്ദം സങ്കീര്‍ത്തകന്‍ കേട്ടിരിക്കുവാന്‍ ഇടയില്ല, എന്നാല്‍ അത് രണ്ടാം ഏശയാ പ്രവാചകനാണ്. രണ്ടാം ഏശയാ പ്രവാചകന്‍ പറയുന്നുണ്ട്, "മലകള്‍ മാറിയേക്കാം, കുന്നുകള്‍ പിഴുതെറിയപ്പെട്ടേയ്ക്കാം. എങ്കിലും കര്‍ത്താവി‍ന്‍റെ സ്നേഹം ശാശ്വതമാണ്. അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനില്ക്കുന്നതാണ്" (ഏശയ 54, 10).

യോഗാത്മക ചിന്തകളോടെയാണ് സങ്കീര്‍ത്തനം അവസാനിക്കുന്നത്. കാരണം മനുഷ്യന്‍റെ യാതനകളില്‍ മറഞ്ഞിരിക്കുന്ന ദൈവത്തെയാണ് സങ്കീര്‍ത്തകന്‍ പ്രഘോഷിക്കുന്നത്, വേദനയോടെ വിളിച്ചപേക്ഷിക്കുന്നത്.  

കര്‍ത്താവേ, എത്ര ഹ്രസ്വമാണ് ആയുസ്സെന്നും, എത്ര വ്യര്‍ത്ഥമാണ് അങ്ങു സൃഷ്ടിച്ച മര്‍ത്യജീവിതമെന്നും ഓര്‍ക്കണമേ! മരണം കാണാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ? ജീവനെ പാതാളത്തിന്‍റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആര്‍ക്കു കഴിയും?/ കര്‍ത്താവേ, അങ്ങയുടെ പൂര്‍വ്വ സ്നേഹം എവിടെ? കര്‍ത്താവേ, അങ്ങയുടെ ദാസന്‍ എത്ര നിന്ദിക്കപ്പെടുന്നെന്ന് ഓര്‍ക്കണമേ. ജനതകളുടെ പരിഹാസശരം ഞാന്‍ നെഞ്ചില്‍ ഏല്‍ക്കുന്നു.

കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്ദിക്കുന്നു. അങ്ങയുടെ അഭിഷിക്തന്‍റെ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു. കര്‍ത്താവ് എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ! ആമേന്‍, ആമേന്‍.

ജനം സഹിക്കുന്ന കാലത്ത്, അല്ലെങ്കില്‍ ഇസ്രായേല്‍ സഹന ദാസനായിരുന്നപ്പോള്‍ ദൈവം അവരില്‍ മറഞ്ഞിരുന്നെന്ന വിചിത്രമായ ധ്യാനമാണ് സങ്കീര്‍ത്തനത്തിന്‍റെ അവസാനത്തെ വരികളില്‍ കാണുന്നത്. എന്നാല്‍ മനുഷ്യന്‍ ഓര്‍ക്കേണ്ടത് - ദൈവം പ്രവചിക്കുന്നില്ല, അവിടുന്ന് നമ്മോട് വാഗ്ദാനംചെയ്യുകയും തന്‍റെ ജനത്തോടുള്ള സ്നേഹത്തില്‍ വിശ്വസ്തത കാണിക്കുകയും ചെയ്യുന്നു. വാഗ്ദാനങ്ങള്‍ ദൈവം പാലിക്കുന്നു.  അവിടുന്ന് വാഗ്ദാനങ്ങളില്‍ സമ്പന്നനാണ്. അവിടുത്തെ വാഗ്ദാനങ്ങള്‍ അവസാനിക്കുന്നില്ല. അവിടുത്തെ സ്നേഹം അസ്തമിക്കുന്നില്ല. അങ്ങനെ പഴയ നിയമത്തിലെ ദൈവിക വാഗ്ദാനങ്ങള്‍ ക്രിസ്തുവിന്‍റെ, പുതിയ നിയമത്തിലെ സഹനദാസനില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. അവിടുത്തെ കുരിശുയാഗത്തിലാണ് അത് പൂര്‍ത്തീകരിക്കപ്പെടുന്നത്,  മനുഷ്യകുലത്തിന് രക്ഷ കൈവരുന്നത്. ആകയാല്‍ വിശ്വസ്തനായ ദൈവം എന്നെന്നും വാഴ്ത്തപ്പെടട്ടെ! എന്നിങ്ങനെയുള്ള കൃതഞ്ജതാ ഭാവത്തോടെ 89-Ɔο ഗീതം സമാപിക്കുന്നു.

Psalm 89 Musical version.
കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും (2)
കര്‍ത്താവരുള്‍ ചെയ്യുന്നു എന്‍റെ തിരിഞ്ഞെടുക്കപ്പെട്ടവരുമായി
ഞാനൊരു ഉടമ്പടിയുണ്ടാക്കി.
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു
എന്‍റെ സന്തതിയെ എന്നേയ്ക്കും ഞാന്‍ ഉറപ്പിക്കും
നിന്‍റെ സിംഹാസനം തലമുറതോറും നിലനില്ക്കും.

കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും (2)

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2018, 14:44