തിരയുക

Sun sets over the cupola of St. Peter' Basilica Vatican Sun sets over the cupola of St. Peter' Basilica Vatican 

പ്രപഞ്ചനാഥനും ജീവന്‍റെ സ്രോതസ്സുമായ ദൈവം!

വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര - സങ്കീര്‍ത്തനം 89-ന്‍റെ പഠനം നാലാംഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 89-ന്‍റെ പഠനം - ഭാഗം 4.

89-Ɔο സങ്കീര്‍ത്തിനത്തിന്‍റെ പഠനം തുടരുകയാണ് (ഭാഗം-4). 1-മുതല്‍ 18-വരെയുള്ള പദങ്ങള്‍ കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം വിശദീകരിച്ചതാണ്. 52 പദങ്ങള്‍, വരികളുള്ള നീണ്ട കൃതജ്ഞതാ സങ്കീര്‍ത്തനം ദൈവത്തിന്‍റെ രണ്ടു തലത്തിലുള്ള ആധിപത്യം, ഭൗമികവും ആത്മീയവുമായ അധിപത്യം വെളിപ്പെടുത്തുന്നുവെന്ന് നമുക്ക് കാണുവാന്‍ സാധിച്ചു. ലോകത്തുള്ള ഭൗമികവും സ്വര്‍ഗ്ഗത്തിലെ ആത്മീയവുമായ ആധിപത്യങ്ങള്‍ സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വിവരിക്കുന്നത് നാം കണ്ടു. അനുദിന ജീവിതത്തില്‍ ഈ വിശ്വാസബോധ്യം, കര്‍ത്താവ് പ്രപഞ്ചനാഥനും, ഒപ്പം നമ്മുടെ ദൈവോത്മുഖമായ ജീവന്‍റെ, സ്വര്‍ഗ്ഗിയ ജീവന്‍റെ നിയന്താവുമാണെന്ന് ഏറ്റുപറഞ്ഞു ജീവിക്കാന്‍ ഈ ഗീതം പ്രചോദനമാവുകതന്നെ ചെയ്യും.

രമേഷ് മുരളിയും സംഘവും ആലപിച്ച 89-Ɔο സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം നിര്‍വ്വഹിച്ചത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.

Musical version o f Ps. 89
കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും (2)

സങ്കീര്‍ത്തനത്തിന്‍റ ആദ്യത്തെ 5 പദങ്ങള്‍ ലളിതമായ ആമുഖമാണ്. കര്‍ത്താവേ, ഞാന്‍ എന്നു മങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും, എന്നു പ്രസ്താവിച്ചുകൊണ്ട് കൃതഞ്ജതാ ഗീതം തുടങ്ങുമ്പോള്‍, ദൈവസ്നേഹത്തെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുക എന്ന ഈ ഗീതത്തിന്‍റെ അടിസ്ഥാന ലക്ഷൃമാണ് ആമുഖത്തില്‍ തന്നെ സങ്കീര്‍ത്തകന്‍ പുറത്തുകൊണ്ടുവരുന്നത്. തുടര്‍ന്ന് 6-മുതല്‍ 18-വരെയുള്ള പദങ്ങള്‍ ദൈവത്തെ രാജാവായി പ്രകീര്‍ത്തിക്കുന്ന സ്തുതിപ്പാണെന്നും കണ്ടതാണ്. ഈ 12 വരികള്‍ ദൈവത്തെ രാജാവായി പ്രകീര്‍ത്തിക്കുകയാണ്. രചനാ ശൈലിയില്‍നിന്നും, മൂലത്തിലെ വാക്കുകകളുടെ പ്രയോഗത്തില്‍നിന്നും നിരൂപകന്മാര്‍ പറയുന്നത് ഇസ്രായേലിന്‍റെ രാജവാഴ്ച കാലത്ത് രചിക്കപ്പെട്ടതാണ് ഈ ഗീതമെന്നാണ്. മാത്രമല്ല ദൈവത്തിന്‍റെ രണ്ടു ഭാവങ്ങള്‍ - ലോകത്ത് മനുഷ്യരോട് ഒത്തു നില്ക്കുന്ന ഭൗമിക ഭാവവും, ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അഭൗമഭാവവും അല്ലെങ്കില്‍ ആത്മീയഭാവവും നമുക്ക് ഇവിടെ കാണുവാന്‍ സാധിക്കും.

ഇത്രയും ഈ ഗീതത്തിന്‍റെ ആദ്യഭാഗം 18 പദങ്ങളില്‍നിന്നും മനസ്സിലാക്കിയ നമുക്ക് തുടര്‍ന്നുള്ള പദങ്ങളുടെ പഠനത്തിലേയ്ക്ക് ഈ പ്രക്ഷേപണത്തില്‍ കടക്കാം.

Psalm 89 musical version
കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ 
കാരുണ്യം പ്രകീര്‍ത്തിക്കും (2) 

കര്‍ത്താവരുള്‍ ചെയ്യുന്നു
എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി
ഞാനൊരു ഉടമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു
നിന്‍റെ സന്തതിയെ എന്നേയ്ക്കുമായ് ഞാന്‍ ഉറപ്പിക്കും.
നിന്‍റെ സിംഹാസനം തലമുറതോറും നിലനില്ക്കും.
-കര്‍ത്താവേ...

ഈ സങ്കീര്‍ത്തന പഠനത്തിന്‍റെ മൂന്നാം ഭാഗത്ത്, മൂന്നാം ഖണ്ഡത്തില്‍ 18-മുതല്‍ 37-വരെയുള്ള വാക്യങ്ങളാണ് നിരൂപകന്‍മാരുടെ കാഴ്ചപ്പാടില്‍  വിലയിരുത്തുന്നതും വ്യാഖ്യാനിക്കുന്നതും. നമുക്ക് ഒന്നൊന്നായും ഹ്രസ്വമായും പരിശോധിക്കാം.

18 കര്‍ത്താവാണു ഞങ്ങളടെ പരിചയും കോട്ടയും,/ ഇസ്രായേലിന്‍റെ പരിശുദ്ധനാണ് ഞങ്ങളുടെ രാജാവ്. / പണ്ടൊരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ വിശ്വസ്തരോട് അരുള്‍ചെയ്തു. ശക്തനായൊരുവനെ ഞാന്‍ കിരീടമണിയിച്ചു./ ശക്തനായ ഒരുവനെ ഞാന്‍ ജനത്തില്‍നിന്നും തിരഞ്ഞെടുത്ത് രാജാവാക്കി.

+ സങ്കീര്‍ത്തകന്‍ വിവരിക്കുന്ന ഇസ്രായേലി‍ന്‍റെ പരിശുദ്ധനായ രാജാവ് ആരാണ്? രക്ഷണീയ പദ്ധതയില്‍ ദാവീദു രാജാവിനുള്ള സ്ഥാനത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗമെങ്കിലും, നാം മനസ്സിലാക്കുന്നത് പ്രവചനാത്മകമായി പുതിയ നിയമത്തിലേയ്ക്കും ക്രിസ്തുവിലേയ്ക്കുമാണ് ഈ സങ്കീര്‍ത്തനപദം വിരല്‍ ചൂണ്ടുന്നത്.

പണ്ടൊരു ദര്‍ശനത്തില്‍, എന്ന് കാലഘട്ടെക്കുറിച്ച് സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്നതും... ദൈവം തന്‍റെ വിശ്വസ്തരായവര്‍ക്ക് വെളിപ്പെടുത്തി കൊടുത്ത ഉടമ്പടിയുടെ കാലഘട്ടമാണ് എന്നും വരികള്‍ വ്യക്തമാക്കുന്നു.

പിന്നെ....20 ഞാന്‍ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി. വിശുദ്ധ തൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേചിച്ചു. എന്‍റെ കൈ എന്നും അവനോടൊപ്പം ഉണ്ടായിരിക്കും. എന്‍റെ ഭുജം അവനെന്നും ശക്തിയേകും.

+ ചരിത്രത്തില്‍ നാം കാണുന്നത് ദാവീദിനെ കര്‍ത്താവ് വിളിച്ചു, അയാളെ തിരഞ്ഞെടുത്ത് അഭിഷേചിച്ചു. അതുപോലെതന്നെ പുതിയ നിയമത്തിലെ അഭിഷിക്തന്‍ ക്രിസ്തുവിലേയ്ക്കും സാവധാനം സങ്കീര്‍ത്തനപദങ്ങള്‍ വിരല്‍ചൂണ്ടുകുയാണ്.

22 ശത്രു അവനെ തോല്‍പ്പിക്കുകയില്ല. ദുഷ്ടന്‍ അവന്‍റെമേല്‍ പ്രാബല്യം നേടുകില്ല./ ശത്രുവിനെ അവന്‍റെ മുന്‍പില്‍വച്ചുതന്നെ ഞാന്‍ തകര്‍ക്കും./ അവന്‍റെ വൈരികളെ ഞാന്‍ നിലംപതിപ്പിക്കും.

+  ദൈവമായിരുന്നു തന്‍റെ രാജാവിനെ തിരഞ്ഞെടുത്തതും, അവന് സഹായമായി നിന്നതെന്നും വരികളില്‍നിന്നും മനസ്സിലാക്കാം. അതിനാല്‍ വൈരികള്‍ക്ക്, അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവനെതിരായി, കര്‍ത്താവിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന് എതിരായി ഒന്നും ചെയ്യാനാവില്ലെന്ന് ഗായകന്‍ സമര്‍ത്ഥിക്കുന്നു.

24 എന്‍റെ വിശ്വസ്തതയും കാരുണ്യവും  എന്നും അവനോടുകൂടെ ഉണ്ടായിരിക്കും,/ എന്‍റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തിനില്ക്കും./ ഞാന്‍ അവന്‍റെ അധികാരം സമുദ്രത്തിന്മേലും ആധിപത്യം നദികളുടെമേലുമെല്ലാം വ്യാപിപ്പിക്കും.

+ കര്‍ത്താവ് ദാവീദിനെ തന്‍റെ ജനത്തിന്‍റെ രാജാവിനെ, ഭരിക്കുവാനുള്ളവനെ കണ്ടെത്തി എന്നു സങ്കീര്‍ത്തകന്‍ പ്രയോഗിക്കുന്നത് സന്തോഷദായകമാണ്., അതുപോലെ ദൈവം നമ്മെ തെരഞ്ഞെടുത്തതും അത് സ്ഥിരീകരിച്ചതും ജ്ഞാനസ്നാനത്തിലൂ‍ടെയാണ്. തിരഞ്ഞെടുക്കപ്പട്ടവര്‍ക്ക് ദൈവം വരദാനങ്ങള്‍ നല്‍കുന്നു. എന്നാല്‍ ദൈവം നല്കുന്ന അധികാരം സ്വീകരിക്കുന്നവര്‍ ദൈവിക അധികാരംതന്നെയാണ് ഉപയോഗിക്കുന്നത് എന്നും ബോധ്യവും വിശ്വാസവും വിശ്വസ്തതയും ഉണ്ടായിരിക്കേണ്ടതാണ്.

26 അവന്‍ എന്നോട്, എന്‍റെ പിതാവും ദൈവവും/ എന്‍റെ രക്ഷാശിലയും കോട്ടയും അവിടുന്നാണ്/ എന്ന് ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്നു/. ഞാന്‍ അവനെ എന്‍റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനുമാക്കി, അവിടുന്നാണെന്‍റെ രാജാവ്!

+ അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ദൈവം പ്രവര്‍ത്തിക്കും, ദൈവം തന്‍റെ കരം ഉയര്‍ത്തും. അങ്ങനെ താന്‍ തിരഞ്ഞെടുത്തവനെ ദൈവംതന്നെ പരിരക്ഷിക്കുമെന്നും, അവിടുത്തെ ജനത്തെയും രാജ്യത്തെയും ദൈവം പരിപാലിക്കുകയും നയിക്കുകയും ചെയ്യുമെന്ന് സങ്കീര്‍ത്തന പദങ്ങള്‍ വ്യക്തമാക്കുന്നു.

28 എന്‍റെ കരുണ എപ്പോഴും അവന്‍റെമേല്‍ ഉണ്ടായിരിക്കും,/ അവനോടുള്ള എന്‍റെ ഉടമ്പടി അചഞ്ചലമായിരിക്കും./ ഞാന്‍ അവന്‍റെ വംശത്തെ ശാശ്വതമാക്കും, അവന്‍റെ സിംഹാസനം ആകാശമുള്ളിടത്തോളം നിലനില്‍ക്കും./

+ ദാവീദിന്‍റെ സിംഹാസനം ലോകത്തിന്‍റെ സകല അതിര്‍ത്തികളോളം എത്തും എന്നു മാത്രമല്ല, അത് എന്നും നിലനില്‍ക്കുമെന്നും സങ്കീര്‍ത്തകന്‍ സമര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തുവിലേയ്ക്കും നവഇസ്രായേലായ ക്രിസ്തുവി‍ന്‍റെ സഭയിലേയ്ക്കും അത് വിരല്‍ചൂണ്ടുന്നില്ലേ.  

30  അവന്‍റെ സന്തതി എന്‍റെ നിയമങ്ങള്‍ ഉപേക്ഷിക്കുകയും, വിധികള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്നു,/ 32 എന്നാലും ഞാന്‍ എന്‍റെ കാരുണ്യം അവനില്‍നിന്നു പിന്‍വലിക്കുകയില്ല./ എന്‍റെ വിശ്വസ്തതയ്ക്കു ഭംഗം വരുത്തുകയില്ല. ഞാന്‍ എന്‍റെ ഉടമ്പടി എന്നും പാലിക്കും.

+ ദൈവത്തിന്‍റെ കാരുണ്യം ദാവീദിനോട് വാഗ്ദാനംചെയ്യുമ്പോഴും, തന്‍റെ ആദ്യജാതനെന്നു വിശേഷിപ്പിച്ച് ഉടമ്പടി ഉണ്ടാക്കുമ്പോഴും, ദൈവം സീനായ് മലയില്‍ തന്‍റെ ജനത്തോടു ചെയ്ത വാഗ്ദാനത്തിന്‍റെ തനിയാവര്‍ത്തനമാണത്. അതുപോലെ, പുതിയ ഇസ്രായേലായ സഭയിലേയ്ക്കും തുടരുന്നു വഴിയുന്ന ദൈവികവാഗ്ദനം തന്നെയാണതെന്ന് ഈ പദങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാം.

35 ഞാന്‍ എന്നേയ്ക്കുമായി എന്‍റെ പരിശുദ്ധിയെക്കൊണ്ടു ശപഥം ചെയ്തു,/ അവന്‍റെ സിംഹാസനം സൂര്യനുള്ള കാലത്തോളവും നിലനില്‍ക്കും./ 37 ചന്ദ്രനെപ്പോലെ എന്നേയ്ക്കും നിലനില്‍ക്കും. ആകാശമുള്ളിടത്തോളം കാലവും അതു അചഞ്ചലമായിരിക്കും.

+ ദാവീദിനെ അത്യുന്നതനായി ഗീതത്തില്‍ ചിത്രീകരിക്കുന്നുണ്ട്, അത്യുന്നതന്‍ എന്നു വിശേഷിപ്പിക്കുന്നതുപോലെ..... എന്നാല്‍ മൂലത്തില്‍ അത് ‘ഏലെയോണ്‍,’ അത്യുന്നതനായ ദൈവം... എന്നാകയാല്‍, അത് ഇസ്രായേലിലെ ദാവീദു രാജാവിനെ പരാമര്‍ശിക്കുകയോ, ഇസ്രായേലിനെ  വിശേഷിപ്പിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ നമുക്ക് ആത്മവിശ്വാസത്തോടെ സമര്‍ത്ഥിക്കാവുന്ന ഒരു വസ്തുത ഈ സങ്കീര്‍ത്തനം പുതിയ നിയമത്തിലേയ്ക്കും ദാവീദിന്‍റെ ഗോത്രത്തില്‍ പിറന്ന രക്ഷകനായ ക്രിസ്തുവിലേയ്ക്കും വിരല്‍ചൂണ്ടുന്നുണ്ട് എന്നാണ്.  

Psalm 89 Musical version :
കര്‍ത്താവേ, കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും (2)
കര്‍ത്താവരുള്‍ ചെയ്യുന്നു
എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി
ഞാനൊരു ഉടമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു
നിന്‍റെ സന്തതിയെ എന്നേയ്ക്കുമായ് ഞാന്‍ ഉറപ്പിക്കും.
നിന്‍റെ സിംഹാസനം തലമുറതോറും നിലനില്ക്കും.
-കര്‍ത്താവേ...

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന  ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത്  ഫാദര്‍ വില്യം നെല്ലിക്കല്‍ .

രാജാവായ ദൈവത്തിന്‍റെ കാരുണ്യാതിരേകം പ്രകീര്‍ത്തിക്കുന്ന 89-Ɔο സങ്കീര്‍ത്തനത്തിന്‍റെ 38-മുതല്‍ 52-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം ഇനിയും അടുത്തയാഴ്ചയില്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2018, 10:22