തിരയുക

Advent III week - Laetare Sunday reflections Advent III week - Laetare Sunday reflections 

അനുതാപം തരുന്ന ആനന്ദവും രക്ഷയുടെ തുറന്ന വഴികളും

ആഗനമകാലം മൂന്നാംവാരം ഞായറാഴ്ച - വിശുദ്ധ ലൂക്കായുടെ സുവിശേഷം 3, 10-18.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗമനകാലം മൂന്നാംവാരം ഞായര്‍ - വചനചിന്തകള്‍ - ശബ്ദരേഖ

 “ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?” 
ഇന്നത്തെ സുവിശേഷഭാഗം മൂന്നുപ്രാവശ്യം ഉന്നയിക്കുന്നൊരു ചോദ്യമുണ്ട്. നിങ്ങള്‍ മാനസാന്തരപ്പെടുവിന്‍, എന്നു പ്രബോധിപ്പിക്കുന്ന സ്നാപകയോഹന്നാനോടു  ജനങ്ങള്‍ ഉന്നയിക്കുന്ന മറുചോദ്യമാണിത്. "അതിന് ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?"  മൂന്നു തരക്കാരായ ജനങ്ങളാണ് യൂദയായിലെ മരുപ്രദേശത്ത് യോഹന്നാനെ ശ്രവിക്കാന്‍ എത്തിയത്. ആദ്യം സാധാരണക്കാരായ ജനങ്ങള്‍. രണ്ടാമത് പാപികളും ചുങ്കക്കാരും, മൂന്നാമത് പട്ടാളക്കാര്‍. സ്നാപകന്‍ ഉദ്ബോധിപ്പിക്കുന്ന മാനസാന്തരം ആര്‍ജ്ജിക്കാന്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?

സമാന്തരികതയുള്ള  ഉത്തരങ്ങള്‍
യോഹന്നാന്‍റെ ലളിതമായ മറുപടി, മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മാനിക്കുക, അല്ലെങ്കില്‍ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ പങ്കുചേരുക എന്നായിരുന്നു. ആദ്യത്തെ ഗ്രൂപ്പ് – വളരെ സാധാരണക്കാരോടു പറഞ്ഞു, “നിങ്ങളില്‍ രണ്ടു ഉടുപ്പുള്ളവന്‍ ഇല്ലാത്തവന് ഒന്നു കൊടുക്കട്ടെ. പിന്നെ ഭക്ഷണത്തിന്‍റെ കാര്യത്തിലും, അങ്ങനെ തന്നെ ചെയ്യട്ടെ! ഉള്ളതില്‍നിന്നും പങ്കുവയ്ക്കുക,” എന്നായിരുന്നു മറുപടി (11). ചുങ്കക്കാരോടും പാപികളോടും യോഹന്നാന്‍ പറഞ്ഞു, “നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത് (13). എന്താണ് ഇതിന്‍റെ അര്‍ത്ഥം? അതായത്, കോഴ വാങ്ങരുതെന്ന്! അഴിമതിക്കു കൂട്ടുനില്ക്കരുത്! സ്നാപകന്‍റെ വാക്കുകള്‍ വ്യക്തമാണ്. മൂന്നാമത്തെ ഗ്രൂപ്പിനോടു പറഞ്ഞത്, “പടയാളികളേ, നിങ്ങള്‍ ആരെയും അകാരണമായി ഭീഷണിപ്പെടുത്തരുത്. വ്യാജമായി കുറ്റാരോപണവും അരുത്. വേതനംകൊണ്ട് തൃപ്തിപ്പെടണം” (14). മൂന്നു കൂട്ടരുടെയും ചോദ്യങ്ങള്‍ക്കും സ്നാപകന്‍ നല്കിയ ഉത്തരങ്ങളാണ് നാം കേട്ടത്.

സമാനതയും സമാന്തരികതയുമുള്ള സല്‍പ്രവൃത്തികളുടെ ഉത്തരങ്ങള്‍ മാനസാന്തരത്തിന്‍റെ പാതയിലേയ്ക്കാണ് സ്പഷ്ടമായും വിരല്‍ചൂണ്ടുന്നത്. നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും വളരെ കൃത്യമായ പാതയാണിത്. പിന്നീട് ക്രിസ്തുവിന്‍റെ എല്ലാ പ്രബോധനങ്ങളിലും പ്രതിധ്വനിക്കുന്ന സഹോദരസ്നേഹത്തിന്‍റെ മാര്‍ഗ്ഗവുമാണ് അവ ചൂണ്ടിക്കാണിക്കുന്നത്. സ്നാപകന്‍റെ സാരോപദേശങ്ങളില്‍നിന്നും അക്കാലഘട്ടത്തിലെ അധികാരികളെക്കുറിച്ചും, സാമൂഹ്യരാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചുമുള്ള ഒരു ധാരണയും നമുക്കു ലഭിക്കുന്നുണ്ട്.

രക്ഷയുടെ തുറന്ന വഴികള്‍
കാലം മാറിയെങ്കിലും ചുറ്റുവട്ടങ്ങള്‍ക്ക് മാറ്റമില്ല. ഒരു കാര്യം സത്യമാണ്,  പാപികളില്‍ യാതൊരുവനും മാനസാന്തരത്തിന്‍റെ മാര്‍ഗ്ഗത്തില്‍നിന്നോ, മാനസാന്തരത്തിനുള്ള സാധ്യതയില്‍നിന്നോ ഒഴിവാക്കപ്പെട്ടിട്ടില്ല. അതു ഉറപ്പാണ്. ദൈവം ആരെയും രക്ഷയുടെ വഴിയില്‍നിന്നും മാറ്റിനിര്‍ത്തുന്നില്ലെന്നത് ഉറപ്പാണ്. ദൈവം നമ്മെ ശിക്ഷിക്കുന്നില്ല. അവിടുന്നു രക്ഷിക്കുന്നു. അവിടുന്ന് രക്ഷകനാണ്. അവിടുന്ന് എന്നും അങ്ങനെതന്നെ ആയിരിക്കുന്നു. സകലര്‍ക്കും തന്‍റെ കരുണ നല്കുവാനുള്ള വ്യഗ്രതയിലാണ് അവിടുന്ന്. അനുരജ്ഞനത്തിന്‍റെയും ക്ഷമയുടെയും നീണ്ടകരങ്ങള്‍കൊണ്ട് സകലരെയും ലോലമായി ആശ്ലേഷിക്കുവാന്‍ അവിടുന്ന് വെമ്പല്‍കൊണ്ടു നില്ക്കുകയാണ്. സ്നേഹമുള്ള പിതാവിനെപ്പോലെ കാത്തുനില്ക്കുകയാണ്. നാം അനുവര്‍ഷം ആചരിക്കുന്ന ആഗമനകാലത്തിന്‍റെയും ക്രിസ്തുമസിന്‍റെയും പൊരുള്‍ ഇന്നും തുടരുന്ന രക്ഷയുടെ വാഗ്ദാനവും, അതു നല്കുന്ന ആത്മീയ ആനന്ദവുമാണ്.

“ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്,” എന്ന ഇന്നത്തെ വചനം,  നമ്മുടെ മുന്നില്‍ വയ്ക്കുന്ന ഈ  ചോദ്യം ഇന്നും എവിടെയും പ്രസക്തമാണ്. ഈ ചോദ്യം ഇന്നും ഉയരുന്നുണ്ട്. അത് നിങ്ങളെയും എന്നെയും – നമ്മെ ഓരോരുത്തരെയും സംബന്ധിക്കുന്നതാണ്. അനുതാപം നമുക്ക് അനിവാര്യമാണെന്നാണ് വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. നമ്മുടെ ജീവിതപാത നാം നേരെയാക്കണം. ക്രമീകരിക്കണം... നീതിയുടെയും, കൂട്ടായ്മയുടെയും, ഐക്യദാര്‍ഢ്യത്തിന്‍റെയും മിതത്വത്തിന്‍റെയും പാത നാം പുല്കണമെന്നാണ് സ്നാപക യോഹന്നാന്‍ ഇന്നും നമ്മെ അനുസ്മരിപ്പിക്കുന്നത്. മാനുഷികതയ്ക്കും ക്രിസ്തീയതയ്ക്കും ഇണങ്ങുന്ന ജീവിത മൂല്യങ്ങളാണവ. അതിനാല്‍, അനുതപിക്കുക! അനുതാപമാണ് ദൈവരാജ്യത്തിന്‍റെ കാതലായ സന്ദേശം.

അനുതാപം തരുന്ന ആനന്ദം
ആരാധനക്രമപ്രകാരം ആഗമനകാലത്തിലെ മൂന്നാംവാരം ചിന്താവിഷയമാക്കുന്നത് അനുതാപത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആനന്ദമാണ്, അല്ലെങ്കില്‍ അനുതാപം തരുന്ന ആനന്ദമാണ്. അനുതാപത്തില്‍ ഒളിഞ്ഞിരിക്കുന്ന ആത്മീയാനന്ദം ജീവിതത്തില്‍ പുനരാവിഷ്ക്കരിക്കാന്‍ വചനം നമ്മെ ക്ഷണിക്കുന്നു. അതുകൊണ്ടാണ് ഈ ഞായര്‍ദിനത്തെ നാം (Laetare Sunday),  ‘ആനന്ദത്തിന്‍റെ ‍ഞായര്‍’ എന്നു വിളിക്കുന്നത്. അനുതപിച്ച് ദൈവസന്നിധിയില്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. സെഫാനിയ പ്രവാചകന്‍ ഉദ്ബോധിപ്പിക്കുന്നതും ഇതാണ്. ജരൂസലത്തെ ജനങ്ങളോടു പ്രവാചകന്‍ പറഞ്ഞത്, സിയോന്‍ പുത്രീ! സന്തോഷിക്കുക (സെഫ. 3, 14-17)!! പിന്നീട് പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയക്കാരോടു പറയുന്നുണ്ട്. സന്തോഷിക്കുക! നിങ്ങള്‍ എപ്പോഴും കര്‍ത്താവില്‍ സന്തോഷിക്കുക! ആനന്ദത്തെക്കുറിച്ചു തുറന്നു സംസാരിക്കാന്‍ നമുക്ക് ധൈര്യം വേണം, സര്‍വ്വോപരി വിശ്വാസബോധ്യവും വേണം! (ഫിലി. 4, 4-7).

ക്രിസ്തു തുറക്കുന്ന ആനന്ദവഴികള്‍
നമ്മുടെ മദ്ധ്യേ ആഗതനാകുന്ന ക്രിസ്തു പൂര്‍ണ്ണ അവബോധത്തിന്‍റെയും പൂര്‍ണ്ണ സ്നേഹത്തിന്‍റെയും മറുപദമാണ്. പുണ്യപാപങ്ങള്‍ അവിടുത്തെ ചിന്തയുടെ ആനുപാതികമായ ചെറിയൊരു ഘടകം മാത്രമായിരുന്നു. എന്നാല്‍ മനുഷ്യര്‍ അങ്ങനെയൊരു ചിന്തയില്‍ മുഴുകിപ്പോയപ്പോള്‍ പ്രകാശം പ്രസരിക്കുന്ന അവിടുത്തെ ധ്യാനചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്ത് എല്ലാവര്‍ക്കും സാധിക്കാതെ പോയി. എന്നാല്‍ ദൈവരാജ്യത്തിന്‍റെ അനുഭവത്തിന് നാം എന്തുചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് സ്നാപകനെക്കാള്‍ അധികമായി അവിടുന്നു വ്യക്തമാക്കിത്തരുന്നുണ്ട്.

വയലിലെ ഇത്തിരിപ്പൂക്കള്‍ക്ക് സോളമനേക്കാള്‍ സൗന്ദര്യമുണ്ടെന്നും, ചെറുകിളികളില്‍നിന്ന് ജീവന്‍റെ പാഠങ്ങള്‍ അഭ്യസിക്കാമെന്ന് ഓതുമ്പോഴും, ഒരു നുള്ള് പുളിമാവ് പടരുന്നതുപോലെ പടരണം എന്ന് അനുശാസിക്കുമ്പോഴും ലാവണ്യം നിറഞ്ഞ വാക്കുകളിലാണ് നാം എത്തിച്ചേരുന്നത്.  കണ്ണ് നിന്‍റെ ശരീരത്തിന്‍റെ വിളക്കാണെന്ന് ധ്യാനിക്കുമ്പോള്‍ മനസ്സിലേക്കൊരു നിലാവെട്ടം വീശുന്നില്ലേ! വെറുതെ ഇരിക്കാന്‍ കഴിയുക ജീവിതത്തിന്‍റെ നല്ല ഭാഗമാണെന്ന് ബഥനിയായിലെ മാര്‍ത്തയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ നിഗൂഢാനന്ദങ്ങളുടെ ആത്മീയതയില്‍ നാം എത്തിച്ചേരുന്നു. അതാണ് മിസ്റ്റിസിസം... യോഗാത്മകത്വം... ഭാരതീയ ചിന്തയിലെ ആത്മീയരസം.

അരുതുകള്‍  ഇല്ലാത്ത ക്രിസ്തുശൈലി!
അലംഘനീയമെന്നു വിശേഷിപ്പിക്കാവുന്ന ഒരു രീതികളും അവിടുന്ന് എല്ലാ കാലങ്ങള്‍ക്കുമായി രൂപപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെയാണ് ധനികനായ ചെറുപ്പക്കാരനോട് നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്ത് പൂര്‍ണ്ണനാവാന്‍ പറഞ്ഞത്. എന്നാല്‍ സക്കേവൂസ് പകുതി ദരിദ്രര്‍ക്ക് കൊടുക്കാന്‍ തയ്യാറായപ്പോള്‍, അയാള്‍ രക്ഷ പ്രാപിച്ചുവെന്ന് അവിടുന്ന് സാക്ഷ്യപ്പെടുത്തി. തന്നെ അനുഗമിക്കാന്‍ തുടങ്ങിയ ഒരാളെ വേണ്ടെന്ന് നിരുത്സാഹപ്പെടുത്തിയ ക്രിസ്തുതന്നെയാണ്, വാര്‍ദ്ധക്യത്തിലെത്തിയ പിതാവിനെ സംസ്ക്കരിച്ചതിനുശേഷം വരാമെന്നു മടിപറഞ്ഞ ചെറുപ്പകാരനോട്,  “മരിച്ചര്‍ മരിച്ചവരെ സംസ്ക്കരിക്കട്ടെ…” എന്നുള്ള കഠിനവാക്ക് ഓതിയതും. രണ്ടുപേര്‍ കൂടി പ്രാര്‍ത്ഥിക്കണമെന്നു പഠിപ്പിക്കുന്ന ക്രിസ്തുതന്നെയാണ് പ്രാര്‍ത്ഥിക്കുമ്പോള്‍ വാതിലുകള്‍ക്കു തഴുതിട്ട്, മൗനത്തില്‍ പ്രാര്‍ത്ഥിക്കണമെന്നും മറ്റൊരിടത്ത് പറയുന്നത്. ഒരാളുടെ അന്ധതയെ തൊട്ടു സുഖപ്പെടുത്തുന്ന ക്രിസ്തുവാണ്, മറ്റൊരാളെ ഗ്രാമത്തിന്‍റെ വെളിയിലേയ്ക്കു നയിച്ചിട്ട്, മിഴികളില്‍ ചെളികൊണ്ടു ലേപനംചെയ്തു സൗഖ്യം നല്കിയത്.

ഒറ്റനോട്ടത്തില്‍ വിരുദ്ധങ്ങളെന്ന് തോന്നുന്ന ഈ സമീപനങ്ങളിലൂടെ ക്രിസ്തു എന്താണ് വെളിപ്പെടുത്തുന്നത്? എത്രകോടി മനുഷ്യരുണ്ടെങ്കിലും എല്ലാവരും വ്യത്യസ്തരാണ്! വ്യത്യസ്തരായ മനുഷ്യര്‍ വേറിട്ടുള്ള സമീപനങ്ങളും നിലപാടുകളും അര്‍ഹിക്കുന്നുവെന്നാണ് അര്‍ത്ഥം. നമ്മള്‍ അനുഭവിക്കുന്ന ഭീതിയോടും വ്യഥകളോടും കൂടിയല്ല അവിടുന്ന് പാപിയെയും പാപത്തെയും വെളിപ്പെടുത്തുന്നത്. സ്നേഹിക്കുന്ന ഒരാള്‍ക്ക് തെറ്റുചെയ്യാനാവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അതിനാല്‍ സ്നേഹമാണ് എല്ലാറ്റിനും അവിടുത്തെ മാനദണ്ഡം!

ദൈവം സമീപസ്ഥാനാണ്!
നിരവധി പ്രശ്നങ്ങളാണ് ഇന്നു ലോകം നേരിടുന്നത്!! ആകാംക്ഷയാലും ഭീതിയാലും ഭാവിയെക്കുറിച്ചുള്ള ചിന്തയാലും ആശങ്കാവഹമാണ് നമ്മുടെ ജീവിതങ്ങള്‍. നമ്മുടെ നാട്ടില്‍, കൊച്ചു കേരളത്തില്‍ത്തന്നെ എന്തെല്ലാം കോലാഹലങ്ങളാണ്. എങ്കിലും ക്രൈസ്തവര്‍ പ്രത്യാശപൂര്‍ണ്ണരാവണം. നാം സന്തോഷം കൈവിടുന്നില്ല. കാരണം യഥാര്‍ത്ഥമായ സന്തോഷം ഭൗമികമല്ല, മറിച്ച് അത് ജീവിതത്തെ നിറയ്ക്കുന്ന ആഴമുള്ളതും സുസ്ഥിരവുമായ ആത്മീയദാനവും ദൈവികദാനവുമാണ്! 

തന്‍റെ കാരുണ്യത്തിലും സ്നേഹത്തിലും ക്ഷമയിലും ലാളിത്യത്തിലും പാപികളായ നമുക്ക് ‘ദൈവം സമീപസ്ഥനാണെ’ന്ന ചിന്തയാണ് നമുക്ക് ജീവിതത്തില്‍ ആനന്ദം തരുന്നത്. അതിനാല്‍ ക്രിസ്തുവില്‍ വീണ്ടും ഉദിക്കുന്ന കിഴക്കിന്‍റെ നക്ഷത്രത്തെ നാം തിരിച്ചറിയണം. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും കാലപ്പഴക്കത്തില്‍ കൈവിട്ടുപോയ ധ്യാനത്തിന്‍റെയും അവബോധത്തിന്‍റെയും തലങ്ങള്‍ സമന്വയിപ്പിക്കുന്ന ഒരാത്മീയതയാണ് നമുക്കിന്ന് ആവശ്യം. അത് പുറത്തുനിന്നുള്ള ഒരു രക്ഷകനെ കാത്തിരിക്കുന്നതല്ല, മറിച്ച് ഉള്ളിലെ രക്ഷകനെ തിരിച്ചറിയുകയാണ്. ഉള്ളിലെ ക്രിസ്തുവിലേയ്ക്ക് തിരിച്ചെത്തുന്നതാണ് ക്രിസ്തുമസ്!

ആഗമനകാലത്തിന്‍റെ ആനന്ദവും ഊഷ്മളതയും
നമ്മുടെമദ്ധ്യേ വസിക്കാന്‍ വെമ്പല്‍കൊള്ളുന്ന സന്തോഷത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദൈവത്തെ ഈ ആഗമനകാലത്തിലൂടെ കാത്തിരിക്കാം. അഗ്നിയാലും അരൂപിയാലും നവജീവന്‍ പകരുന്നവന്‍ നമ്മുടെ ഹൃദയത്തില്‍ വസിക്കുമ്പോള്‍, അവിടുത്തെ ആത്മീയാനന്ദം  ചെറുപുഞ്ചിരിയായി പങ്കുവയ്ക്കാന്‍ ഈ ആഗമനകാലം നമ്മെ സഹായിക്കട്ടെ. സല്‍പ്രവൃത്തികളിലൂടെയുള്ള പങ്കുവയ്ക്കലിന്‍റെ ആത്മീയ ആനന്ദം സകലര്‍ക്കും രക്ഷയുടെ സന്തോഷമായി ഭവിക്കും! അങ്ങനെ ചുറ്റുമുള്ളവര്‍ക്ക്, പ്രത്യേകിച്ച് എളിയവര്‍ക്കും പാവങ്ങള്‍ക്കും ഈ പുണ്യകാലത്തിലൂടെ ക്രിസ്തു നല്കുന്ന ഊഷ്മളതയും സ്നേഹവും പങ്കുവയ്ക്കാന്‍ നമുക്കു സാധിക്കട്ടെ! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 December 2018, 14:55