The Immaculate pillar of Spanish Square in Rome The Immaculate pillar of Spanish Square in Rome 

ചരിത്രസ്മൃതികള്‍ ഉണര്‍ത്തുന്ന അമലോത്ഭവോത്സവം

ഒരു വിശ്വാസ സത്യത്തിന്‍റെ കലാപരമായ ദൃശ്യാവിഷ്കരണത്തെക്കുറിച്ചും റോമിലെ വിഖ്യാതമായ സ്പാനിഷ് ചത്വരത്തിലെ അമലോത്ഭവത്തിരുനാളി‍നെക്കുറിച്ചും ഒരവലോകനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ പങ്കെടുക്കുന്ന അമലോത്ഭവോത്സവം - ശബ്ദരേഖ

മറിയത്തിന്‍റെ അമലോത്ഭവം 
രക്ഷകന്‍റെ അമ്മയായിത്തീരുന്നതിന് മറിയത്തെ ആ സ്ഥാനത്തിന് അനുഗുണമായ ദാനങ്ങളാല്‍ ദൈവം സമ്പന്നയാക്കി. മംഗളവാര്‍ത്തയറിയിക്കുന്ന നിമിഷത്തില്‍ ഗബ്രിയേല്‍ മാലാഖ മറിയത്തെ അഭിസംബോധന ചെയ്യുന്നത്, ദൈവകൃപ നിറഞ്ഞവളേ, എന്നാണല്ലോ! വാസ്തവത്തില്‍ തന്‍റെ വിളിയെക്കുറിച്ചു കന്യകാ മറിയത്തിന് അറിവു ലഭിച്ചപ്പോള്‍ അതിന് വിശ്വാസത്തിന്‍റെ സ്വതന്ത്രസമ്മതം നല്കാന്‍ കഴിയുവോളം നസ്രത്തിലെ മറിയം ദൈവകൃപയാല്‍ നയിക്കപ്പെടേണ്ടിയിരുന്നു.

കൃപാവരംകൊണ്ട് ദൈവത്താല്‍  നിറയ്ക്കപ്പെട്ട മറിയം അവളുടെ ഉത്ഭവത്തിന്‍റെ നിമിഷം മുതല്‍ രക്ഷിക്കപ്പെട്ടവള്‍ ആണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ ബോധവതിയായത് രേഖീകൃതമാണ്. പീയൂസ് ഒമ്പതാമന്‍ പാപ്പാ 1854-ല്‍ ഡിസംബര്‍ 8-ന് പ്രഖ്യാപിച്ച Ineffabilis Deus എന്ന സ്വാധികാര പ്രബോധനത്തിലൂടെ (ex cathedra) അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.

അമലോത്ഭവം ഒരു വിശ്വാസസത്യം
അനന്യമായ ദൈവകൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാ മറിയം അവിടുത്തെ ഉത്ഭവത്തിന്‍റെ ആദ്യ നിമിഷം മുതല്‍ ഉത്ഭവപാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍നിന്നും പരിരക്ഷിക്കപ്പെട്ടു.

ഉത്ഭവത്തിന്‍റെ ആദ്യ നിമിഷംമുതല്‍ അതുല്യ വിശുദ്ധിയുടെ തേജസ്സാല്‍ പ്രശോഭിതയായ കന്യകാ മറിയം  സ്വപുത്രന്‍റെ യോഗ്യതകളെ മുന്‍നിറുത്തി, ഏറ്റവും സമുന്നതമായ രീതിയില്‍ രക്ഷിക്കപ്പെട്ടവളാണ് മറിയം (LG 53, 5). സൃഷ്ടിയായ മറ്റേതൊരു വ്യക്തിയെക്കാളുമധികമായി മറിയത്തെ ദൈവപിതാവ് സ്വര്‍ഗ്ഗീയമായ എല്ലാ അനുഗ്രഹങ്ങളുംകൊണ്ട് ആശീര്‍വ്വദിച്ചു. തന്‍റെ മുന്‍പില്‍  പരിശുദ്ധയും നിഷ്ക്കളങ്കയുമായി സ്നേഹത്തില്‍ ജീവിക്കാന്‍ ലോകസ്ഥാപനത്തിനു മുന്‍പേ മറിയത്തെ ദൈവം തിരഞ്ഞെടുത്തു (എഫെ. 1, 3-4).

അമലോത്ഭവ പ്രഖ്യാപനത്തിന്‍റെ ചരിത്രസ്മാരകം 
അമലോത്ഭവസത്യം പ്രഖ്യാപിതമായ 1854 ഡിസംബര്‍ 8-Ɔο തിയതി ആഗോളസഭ അമലോത്ഭവനാഥയുടെ തിരുനാള്‍ ഇന്നും ലോകമെമ്പാടും ആചരിക്കുന്നു. യേശുവിന്‍റെ അമ്മയായ പരിശുദ്ധ കന്യകാമറിയം പാപരഹിതയാണ്, ജന്മപാപത്തിന്‍റെ കറയില്ലാതെ ജനച്ചവളാണ് എന്ന വിശ്വാസസത്യം 9-Ɔ൦ പിയൂസ് പാപ്പാ പ്രാഖ്യപിച്ചതിന്‍റെ സ്മാരകമായി ഒരു മേരിയന്‍ സ്തൂഭം റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്പാനിഷ് ചത്വരത്തില്‍ സുവിശേഷപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for the Evangelization of Peoples) ഉമ്മറത്ത് 1857 സെപ്തംബര്‍ 8-Ɔο തിയതി കന്യകാനാഥയുടെ പിറവിത്തിരുനാളില്‍ സ്ഥാപിക്കപ്പെട്ടു. ഇറ്റാലിയന്‍ ശില്പി ജുസേപ്പെ ഒബീചിയാണ് അമലോത്ഭവസ്വരൂപം വെങ്കലത്തില്‍ പണിതീര്‍ത്തത്.

80 അടി ഉയരമുള്ള മാര്‍ബിള്‍ സ്തംഭത്തിലാണ് 16 അടി ഉയരമുള്ള അമലോത്ഭവനാഥയുടെ അതിമനോഹരമായ വെങ്കലശില്പം ഉയര്‍ന്നു നില്ക്കുന്നത്. പാപമാകുന്ന സര്‍പ്പത്തിന്‍റെ തലയില്‍ ചവിട്ടിയും, ചന്ദ്രനെ പാദപീഠമാക്കിയും ഞൊറിയുള്ള ഉടയാടയണിഞ്ഞും, ശിരസ്സില്‍ 12 നക്ഷത്രങ്ങളെ കിരീടമാക്കിയും സ്വര്‍ഗ്ഗോന്മുഖമായി ദൃഷ്ടിപതിച്ചു നില്കുന്ന അനുപമയായ സൗന്ദര്യധാമം അമലോത്ഭവയായ നസ്രത്തിലെ മറിയമാണ്. പാപരഹിതയാണ് യേശുവിന്‍റെ അമ്മയെന്ന് പ്രഖ്യാപിക്കുന്നതാണ് അമലോത്ഭവ സത്യം, അമലോത്ഭവ സ്വരൂപത്തില്‍ പ്രതിഫിലിക്കുന്ന ഭംഗി മറിയത്തിന്‍റെ ജീവിതത്തിലെ ദൈവകൃപനിറഞ്ഞ ആത്മീയ പൂര്‍ണ്ണതയുടെ പ്രതിഫലനമാണെന്നും മനസ്സിലാക്കാം.

സ്തൂഭത്തിന്‍റെ കീഴ്ത്തട്ടിലെ കലാഭംഗി
അമലോത്ഭവ ശില്പത്തിന് ഇണങ്ങുന്ന സ്തംഭത്തിന്‍റെ കീഴ്ത്തട്ട് ഏറെ കലാപരവും വാസ്തു ചാതുരിയുള്ളതുമാക്കുന്നത്, ക്രിസ്തുവിലുള്ള രക്ഷയുടെ പദ്ധതി ചരിത്രത്തില്‍ ചുരുളഴിയിച്ച പ്രവാചക ശബ്ദങ്ങളായ മോശയും,  ഏശയായും എസേക്കിയേലും ദാവീദും ഇരിക്കുന്നു.  കൈകളില്‍ കല്പനകളുടെ ഫലകവുമായി മോശയും ഏശയായും, എസേക്കിയേലും പ്രവാചകച്ചുരുളുമായും ശില്പി ആവിഷ്ക്കരിച്ചിക്കുന്നു.  ദാവീദു രാജാവ് കിന്നരം മീട്ടി രക്ഷയുടെ ചരിത്രത്തിലെ കൃപാപൂര്‍ണ്ണയായ സ്ത്രീയെ പ്രകീര്‍ത്തിക്കുന്നതായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.  മാര്‍ബിളില്‍ തീര്‍ത്ത ഈ നാലു പൂര്‍ണ്ണകായ ശില്പങ്ങളാണ് അമലോത്ഭവ സ്തൂഭത്തിന്‍റെ പാദപീഠം അലങ്കരിക്കുന്നത്.

പഴയനിയമത്തിലെ നാലു വ്യക്തിത്വങ്ങളും രക്ഷകനായ ക്രിസ്തുവിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ഏശയ കുറിക്കുന്നത് (9, 6), നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു. സമാധാന രാജാവെന്ന് അവിടുന്നു വിളിക്കപ്പെടും. ജറെമിയ (23, 5) ഇതാ, ഞാന്‍ ദാവീദിന്‍റെ വംശത്തില്‍നിന്നും നീതിയുടെ ശാഖമുളപ്പിക്കും. അവിടുന്നു നീതിയും ന്യായവും നടപ്പാക്കും. 
3 എസേക്കിയേല്‍ (34, 14) പച്ചയായ പുല്‍ത്തകിടികളിലേയ്ക്ക് തന്‍റെ ആടുകളെ നയിക്കുന്ന നല്ലിടയനെ ദൈവം തരും, തന്‍റെ ജനത്തിനു തരും! എന്നു പ്രവചിക്കുന്നു.
4  പുറപ്പാട് ഗ്രന്ഥത്തില്‍ (6, 20) ഇസ്രായേലിനെ ഈജിപ്തില്‍നിന്നും മോചിപ്പിച്ച രക്ഷകനായ മോശയെപ്പോലെ പുതിയ നിയമത്തില്‍ ഇതാ, നവഇസ്രായിലിന്‍റെ മോചകന്‍  ക്രിസ്തുവില്‍ വെളിപ്പെടുന്നു.

അമലോത്ഭവ രഹസ്യം ഉള്‍ക്കൊണ്ട  സുവിശേഷകന്മാര്‍
ക്രിസ്തുവിലൂടെ ലോകത്ത് തുറക്കപ്പെട്ട ദൈവരാജ്യത്തിന്‍റെ സന്ദേശം പ്രഘോഷിച്ച 4 സുവിശേഷകന്മാരെയും പ്രതീകാത്മകമായി സ്തൂഭത്തിന്‍റെ ചുവട്ടില്‍ ചിത്രീകരിച്ചിട്ടുണ്ട്. ദാവീദിന്‍റെ പുത്രനായ യേശുവിനെക്കുറിച്ചെഴുതുന്ന മത്തായിയുടെ സുവിശേഷത്തെ ആള്‍രൂപംകൊണ്ടു ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തുവിന്‍റെ ദൈവിക പ്രാഭവത്തെയും ശക്തിയെയും എടുത്തുകാട്ടുന്ന മര്‍ക്കോസ് സുവിശേഷകനെ ചിറകുള്ള സിംഹത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. മനുഷ്യരെ ദൈവവുമായി കണ്ണിചേര്‍ക്കുന്ന നിത്യപുരോഹിതനായ ക്രിസ്തുവിനെ ചിത്രീകരിക്കാന്‍ ചിറകുള്ള കാളയുടെ രൂപത്തില്‍‍ വിശുദ്ധ ലൂക്കായെ ആവിഷ്കരിച്ചിരിക്കുന്നു. സൂര്യനു നേരെ നോക്കാന്‍ കരുത്തുള്ള കഴുകനിലാണ് ക്രിസ്തുവിന്‍റെ ദൈവികഭാവവും കരുണാര്‍ദ്രരൂപവും സൂക്ഷ്മമായി എഴുതിയ വിശുദ്ധ യോഹന്നാനെ  പ്രതിഫലിപ്പിക്കുന്നത്. അമലോത്ഭവ സ്തംഭത്തിന് അടിത്തറയായിരിക്കുന്ന പ്രവാചകന്മാരോടു ചേര്‍ന്നാണ് മാര്‍ബിള്‍ ഫലകങ്ങളില്‍ തങ്ങളുടെ രചനകളില്‍ ദൈവപുത്രനായ ക്രിസ്തുവിനെ മനോഹരമായി ആവിഷ്ക്കരിച്ചിട്ടുള്ള സുവിശേഷകരെ പ്രതീകാത്മകമായി  ചിത്രീകരിക്കുന്ന ഫലകങ്ങള്‍ സംയോജനംചെയ്തിരിക്കുന്നത്.

പാപ്പാ പങ്കെടുക്കുന്ന തിരുനാള്‍
റോമാനഗരത്തിന്‍റെ ഹൃദയഭാഗത്ത് ഉയര്‍ന്നുനില്ക്കുന്ന ഇറ്റാലിയന്‍ കലാചാതുരിയുടെ ഈ ദൃശ്യാവിഷ്ക്കാരം അതിന്‍റെ തികവിലെത്തുന്നത് എല്ലാവര്‍ഷവും അമലോത്ഭവനാഥയുടെ തിരുനാളിലാണ്. ഇക്കാലമൊക്കെയും പത്രോസിന്‍റെ പിന്‍ഗാമികള്‍ മുടങ്ങാതെ സംബന്ധിക്കുന്ന റോമാക്കാരുടെ ഈ തിരുനാളില്‍ ഈ വര്‍ഷവും പങ്കെടുക്കാന്‍ ഡിസംബര്‍ 8-Ɔ൦ തിയതി, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാപ്പാ ഫ്രാന്‍സിസ് എത്തിചേരും. ദൈവമാതൃഭക്തനായ ലാറ്റിനമേരിക്കന്‍ പാപ്പായുടെ ആറാമത്തെ ഊഴമാണിത്. റോമിന്‍റെ മേയറും, അതുപോലെ മറ്റു നഗര പൗരപ്രമുഖരും ഉദ്യോഗസ്ഥരും, വിവിധ തുറകളില്‍നിന്നുള്ള വ്യക്തികളും സകുടുംബം മേരിയന്‍ പ്രാര്‍ത്ഥനാശുശ്രൂഷയില്‍  പങ്കെടുക്കുന്നതും പതിവാണ്.

‘റോമിലെ ഫയര്‍ ഫോര്‍സിനും’ അമലോത്ഭവഭക്തി
റോമാനഗരത്തിലെ ‘ഫയര്‍ ഫോര്‍സി’ല്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ‘ക്രെയിനി’ന്‍റെ സഹായത്തോടെ ഉയര്‍ന്നുപൊങ്ങി 80 അടിമേല്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമലോത്ഭവ സ്വരൂപത്തിന്‍റെ വലതു കൈത്തണ്ടില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നത് പാരമ്പര്യമാണ്.  രണ്ടു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് പണിതീര്‍ത്ത അമലോത്ഭവസ്തംഭം അന്ന് (1878-ല്‍) ഉയര്‍ത്തിയതും, അതിനു മുകളില്‍ 10,000 കി.ലോ (20,000 Pounds) ഭാരമുള്ള വെങ്കലശില്പം സ്ഥാപിച്ചതും റോമാനഗരത്തിലെ അഗ്നിശമന സേനാംഗങ്ങളായിരുന്നു. അതിന്‍റെ പിന്‍തുടര്‍ച്ചയാണ് അവരുടെ അനുവര്‍ഷമുള്ള പുഷ്പാര്‍ച്ചന. അമലോത്ഭവ ശില്പത്തില്‍ അഗ്നിശമന സേന ചാര്‍ത്തുന്ന പുഷ്പചക്രത്തിലെ ലത്തീന്‍ ലിഖിതം അതിവിശിഷ്ടമാണ്. "Flammas domamus, donamus Corda !"   “ഹൃദയം കൊടുത്തും ഞങ്ങള്‍ തീ കെടുത്തും!”

റോമാക്കാരുടെ സവിശേഷമായ  പെരുനാള്‍ 
വത്തിക്കാനില്‍നിന്നും 5 കി.മി. കാറില്‍ യാത്രചെയ്ത് അമലോത്ഭവോത്സവത്തിന്‍റെ വേദിയില്‍ പാപ്പാ എത്തിച്ചേരുന്നത്. പാപ്പായും, നഗരാധിപയും അമലോത്ഭവസ്തംഭത്തിന്‍റെ ചുവട്ടില്‍ പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചശേഷമാണ് അമലോത്ഭവത്തിരുനാളിന്‍റെ പ്രാര്‍ത്ഥന ആരംഭിക്കുന്നത്. ചത്വരത്തിന്‍റെ തുറസ്സായ വേദിയില്‍  ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാനായി അമലോത്ഭവത്തിരുനാളില്‍ പത്രോസിന്‍റെ പിന്‍ഗാമി എത്തുന്നത് ചരിത്രപരമായ സവിശേഷതയാണ്. റോമാ രൂപതയുടെ മെത്രാനും ആഗോളസഭയുടെ അദ്ധ്യക്ഷനുമായ പാപ്പായ്ക്കൊപ്പം ദൈവമാതാവിന്‍റെ അമലോത്ഭവ മഹോത്സവം ആഘോഷിക്കാന്‍ റോമാവാസികള്‍ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി നൂറുകണക്കിന് തീര്‍ത്ഥാടകരും അന്നേദിവസം സ്പാനിഷ് ചത്വരത്തില്‍ എത്തിച്ചേരാറുണ്ട്.

സ്പാനിഷ് ചത്വരത്തിലെ ലളിതമായ പ്രാര്‍ത്ഥനാശുശ്രൂഷ
പാപ്പാ നയിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷ ദൈവമാതാവിന്‍റെ ‘ലൂത്തീനിയ’പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു. വചനപാരായണത്തെ തുടര്‍ന്ന് ഹ്രസ്വമായ വചനചിന്തയുമുണ്ട്. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥ്യം തേടുന്ന പ്രാര്‍ത്ഥന പാപ്പാ ചൊല്ലിക്കൊണ്ടാണ് ശുശ്രൂഷ സമാപിക്കുന്നത്. റോമിലെ അമലോത്ഭവത്തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം നേടാനായി ഡിസംബറിന്‍റെ തണുപ്പിനെ വെല്ലുവിളിച്ചും ആബാലവൃന്ദം ജനങ്ങള്‍ എത്തിച്ചേരാറുണ്ട്. കുടുംബങ്ങളിലെ രോഗികളെയും പ്രായമായവരെയും കൂട്ടിക്കൊണ്ട് ആശിഷങ്ങള്‍ തേടി ആയിരങ്ങള്‍ ഭക്തിയോടെ മാതൃസന്നിധി അണയുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്.  അവിടെ എത്തിയിട്ടുള്ള രോഗികളെയും വയോജനങ്ങളെയും സന്ദര്‍ശിച്ച്, അവര്‍ക്ക്  വ്യക്തിപരമായി  ആശീര്‍വ്വാദം നല്കിയ ശേഷമാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലേയ്ക്ക് മടങ്ങുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2018, 18:25