തിരയുക

Vatican News
Manjari sings for Amaldev - Christmas song (manjin pookal...) Manjari sings for Amaldev - Christmas song (manjin pookal...) 

നിങ്ങള്‍ക്കു പാടാന്‍ നല്ലൊരു ക്രിസ്തുമസ്ഗീതം!

ആലാപനം മഞ്ജരിയും സംഘവും, രചന ജോര്‍ജ്ജ് ജോസഫ് ചെന്നൈ, സംഗീതം ജെറി അമല്‍ദേവ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മഞ്ഞിന്‍ പൂക്കള്‍ - ഒരു ക്രിസ്മസ്ഗീതം -ശബ്ദരേഖ

ജെറി അമല്‍ദേവിന്‍റെ ഭാവാത്മകമായൊരു ക്രിസ്തുമസ്ഗാനം! ജോര്‍ജ്ജ് ജോസഫിന്‍റെ വരികളാണ്. ലാളിത്യമാര്‍ന്ന ശൈലിയില്‍ പരമ്പരാഗത ക്രിസ്തുമസ് ബിംബങ്ങള്‍ വളരെ വ്യത്യസ്തമായി ചെന്നൈയില്‍ താമസിക്കുന്ന ജോര്‍ജ്ജ് ജോസഫ് വരികളില്‍ വരച്ചുകാട്ടുന്നു. അമല്‍ദേവിന്‍റെ ഈണവും ജോര്‍ജ്ജ് ജോസഫിന്‍റെ വരികളും ചേര്‍ന്നു നല്കുന്ന ക്രിസ്തുമസ് ഭാവഭംഗിയാണ് ഈ ഗാനത്തിന്‍റെ പ്രത്യേകത. ഗായിക മഞ്ജരിയുടെ നാദശുദ്ധിയും ആലാപന ഭംഗിയുംകൊണ്ട് ഗാനത്തിന് ആകര്‍ഷകമായ ഭക്തിരസം ലഭിച്ചിട്ടുണ്ട്. ഗായകസംഘങ്ങള്‍ക്ക് കൂട്ടമായി ആലപിക്കാനും അവതരിപ്പിക്കാനും ഉതകുന്ന ഗാനം എന്ന രീതിയിലും “മഞ്ഞിന്‍ പൂക്കള്‍…” ശ്രദ്ധേയമാണ്.  ഈ നല്ല ഗാനത്തിന്‍റെ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍!

മഞ്ഞിന്‍ പൂക്കള്‍

പല്ലവി
മഞ്ഞിന്‍ പൂക്കള്‍ തെന്നല്‍ വീഴ്ത്തും രാത്രിയില്‍
മണ്ണിന്‍ മാറില്‍ ജന്മം തേടി മോചകന്‍ (2)

അനുപല്ലവി

ഒന്നായിടാം, കൊണ്ടാടിടാം പൂം-
താരകങ്ങള്‍ പൂത്തുനില്ക്കും വേളയില്‍
ഒന്നായിടാം, കൊണ്ടാടിടാം വിണ്‍-
മേഘദൂതര്‍ കാത്തുനില്ക്കും വേദിയില്‍.
- മഞ്ഞിന്‍ പൂക്കള്‍

ചരണം ഒന്ന്
ഓ... അന്നാരാവില്‍ പോലവേ
ഓ... ഇന്നീഭൂവും പൂക്കവേ (2)
സംഗീതത്തില്‍ തേനൊലി
സന്ദേശത്തില്‍ തേരൊലി
കണ്ണില്‍ സ്വപ്നം നെയ്തിടാം
കണ്ണീര്‍പ്പൂക്കള്‍ നീക്കിടാം
ഹല്ലേലൂയ നാദമധുരം വാനിലെങ്ങെങ്ങും
ഹല്ലേലൂയ ഗാനരുചിരം ഭൂവിലെങ്ങെങ്ങും.
- മഞ്ഞിന്‍ പൂക്കള്‍

ചരണം രണ്ട്
ഓ... വിണ്ണിന്‍ നാഥന്‍ വന്നിതാ
ഓ... മണ്ണില്‍ സ്നേഹം തന്നിതാ (2)
സമ്മോദത്തിന്‍ ഗീതമായ്
സന്തോഷത്തിന്‍ തീരമായ്
കൈകള്‍ കൂപ്പി നിന്നിടാം
കൈവല്യത്തില്‍ ചേര്‍ന്നിടാം
അല്ലേലൂയ നാദമധുരം വാനിലെങ്ങെങ്ങും
ഹല്ലേലൂയ ഗാനരുചിരം ഭൂവിലെങ്ങെങ്ങും.
- മഞ്ഞിന്‍ പൂക്കള്‍

“ദേവന്‍ ജാതനായ്...” എന്ന മനോരമ മ്യസിക്സിന്‍റെ ആല്‍ബത്തിലുള്ളതാണ് ഈ ഗാനം. മനോരമ മ്യൂസിക്സിനുവേണ്ടി അമല്‍ദേവും ജോര്‍ജ്ജ് ജോസഫും ചേര്‍ന്നു ഒരുക്കിയ ആല്‍ബത്തിലെ 10 ക്രിസ്തുമസ് ഗാനങ്ങളും ഒന്നിനൊന്നു മേന്മയുള്ളവയാണെന്നു പറയേണ്ടതില്ല! കെ. എസ്. ചിത്ര, കെ.ജി. മര്‍ക്കോസ്, മധു ബാലകൃഷ്ണന്‍, ശങ്കരന്‍ നമ്പൂതിരി, കെസ്റ്റര്‍, രമേഷ് മുരളി, ശ്വേത മോഹന്‍, ശ്രുതി ജോര്‍ജ്ജ് എന്നിവരാണ് മറ്റു ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.
2012-ലാണ് മനോരമ മ്യൂസിക്സ് “ദേവന്‍ ജാതനായ്...” പുറത്തിറക്കിയത്. ഗാനങ്ങള്‍ ഇന്നും ലഭ്യമാണ്.
manoramamusic@mm.co.in15 December 2018, 18:39