തിരയുക

Vatican News
Composer Jerry Amaldev Composer Jerry Amaldev 

മലയാളിത്തം നിറഞ്ഞൊരു ക്രിസ്തുമസ് ഗീതം!

തദ്ദേശീയതയുള്ള ക്രിസ്തുമസ്ഗീതത്തിന് 35 വയസ്സ്! തുടികൊട്ടാം ശ്രുതിമീട്ടാം....!! രചന ആര്‍. കെ. ദാമോദരന്‍, സംഗീതം ജെറി അമല്‍ദേവ്.
അമല്‍ദേവിന്‍റെ ക്രിസ്തുമസ് ഈണം - തുടികൊട്ടാം - ശബ്ദരേഖ

തനിമയാര്‍ന്ന ക്രിസ്തുമസ് ഗീതം
1983-ലെ ക്രിസ്തുമസ്കാലത്ത് അമല്‍ദേവിന്‍റെ സംഗീതശൈലിയില്‍ ആകൃഷ്ടരായി കൊച്ചിയിലെ കുറെ യുവകലാകാരന്മാര്‍ ചേര്‍ന്നു സി.എ.സി.യുടെ (Cochin Arts & Communications) ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച “ക്രിസ്തുമസ് കരോള്‍ ഗീതങ്ങള്‍” (Christmas Carols) എന്ന ശേഖരത്തിലെ ഗീതമാണിത്.

കവിയും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ആര്‍. ദാമോദരന്‍റെ കേരളീയത തിങ്ങുന്ന വരികളാണ് ഗാനത്തിന്‍റെ ശക്തി. അമല്‍ദേവ് കവിതയുടെ “തുടികൊട്ടില്‍…”നിന്നു ക്രിസ്തുമസിന്‍റെ സാന്ദ്രലയം സൃഷ്ടിച്ചിരിക്കുന്നു. ഇന്നും പാടുമ്പോള്‍ പുതുമയും ക്രിസ്തുമസ് തരളിതയും, അതിലേറെ മലയാളിത്തവും മനസ്സില്‍ വിരിയിക്കുന്ന ഗാനത്തിന്‍റെ ജീവന്‍ ആര്‍.കെ.യുടെ കവിതയും അതില്‍നിന്നും ഒഴുകിയെത്തുന്ന അമല്‍ദേവ് ശൈലിയുമാണ്.

കവിതയിലും ഈണത്തിലും തനിമ
ധാരാളം കവിതകളും ഹൈന്ദവ ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും രചിക്കുന്ന ആര്‍.കെ.യെ ക്രിസ്തുമസ് ആല്‍ബത്തിലേയ്ക്കു ക്ഷണിച്ചത് അമല്‍ദേവ് തന്നെയാണ്. ഗാനനിര്‍മ്മിതിയില്‍ കവികളെ തേടിയിറങ്ങുന്ന അമല്‍ദേവിന്‍റെ ശുഷ്കാന്തി അറിയപ്പെട്ടതാണ്. സംഗീതസൃഷ്ടിയില്‍ ജാതിയുടെയും മതത്തിന്‍റെയും അതിരുകള്‍  ഭേദിച്ചാണ് മാസ്റ്ററുടെ നീക്കമെന്ന് അടുത്തറിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ആര്‍.കെ.യുടെ ഈ  ക്രിസ്തുമസ്ഗീതം അതു സാക്ഷ്യപ്പെടുത്തുന്നു. ശ്രീയേശു, ശ്രീസൂനം എന്നിങ്ങനെയുള്ള ദൈവികത പുല്‍കുന്ന പദങ്ങളും, അനാഥനാഥന്‍ ഉണ്ണി, ത്രിലോക നാഥനാം ദിവ്യന്‍, ശുഭം തരും അനാദിരൂപം തുടങ്ങിയ ആര്‍.കെയുടെ അത്യപൂര്‍വ്വ പ്രയോഗങ്ങളും ഈ ഗീതത്തിന് തദ്ദേശീയതയും തനിമയും നല്കുന്നു.

ഹിന്ദുസ്ഥാനി രാഗങ്ങള്‍ അടിത്തറയായുള്ള അമല്‍ദേവിന്‍റെ പാശ്ചാത്യസംഗീത പാടവവും ഈ ഗാനത്തിന്‍റെ നിര്‍മ്മിതിയില്‍ പ്രകടമാണ്. പടിഞ്ഞാറിന്‍റെ ബഹുസ്വന ആലാപനരീതിക്കൊപ്പം ഭാരതീയ നാദലയം ഉണര്‍ത്തുന്ന ഉപകരണങ്ങളുടെ വൈദഗ്ദ്ധ്യമുള്ള ഉപയോഗവും ഈ ഗാനത്തില്‍ തെളിഞ്ഞു കേള്‍ക്കാം.

Sing India ഗായകസംഘത്തിന്‍റെ അവതരണം
അമല്‍ദേവിന്‍റെ Sing India ഗായകസംഘം 2014-ല്‍ Jerry Amaldev Foundation-നുവേണ്ടി പുനര്‍സൃഷ്ടിചെയ്തതാണ് ഇവിടെ കണ്ണിചേര്‍ക്കുന്ന ശബ്ദരേഖ. മാസ്റ്ററുടെ ശിക്ഷണത്തില്‍ ഇന്നും പാടുന്ന ഗായകസംഘം പത്താം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍, അതിലെ ഗായകര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ നേരുന്നു!

സ്നേഹപൂര്‍വ്വം...
ജെറി അമല്‍ദേവിനും ആര്‍.കെ. ദാമോദരനും, Sing India ഗായകസംഘത്തിനും, ഈ നല്ലഗീതത്തിന്‍റെ നിര്‍മ്മിതിയില്‍ സഹകരിച്ച മറ്റെല്ലാ കലാകാരന്മാര്‍ക്കും ഒരായിരം നന്ദി!
Christmas Carols with Jerry Amaldev എന്ന ഇംഗ്ലിഷ്-മലയാളം   (AudioDouble Album) ഗാനശേഖരത്തില്‍ അമല്‍ദേവിന്‍റെ ക്രിസ്തുമാസ് ഗാനങ്ങള്‍ ലഭ്യമാണ്.  Sing India 9446358688, 9447302642.

തുടികൊട്ടാം ശ്രുതി മീട്ടാം…!

പല്ലവി
തുടികൊട്ടാം ശ്രുതി മീട്ടാം
കളിയാടാം സ്തുതിപാടാം -2

അനുപല്ലവി

പൊന്നണി പൂംചിറകിന്‍ തളിര്‍ വീശീ
മാലാഖ പാടുകയായ് താഴ്വരയില്‍ -2
ആ ഗാനം മനോഹരം അതിനീണം പ്രിയങ്കരം
ശ്രീയേശു തന്‍ വദനം ശ്രീസൂനം സനാതനം -2
- തുടി കൊട്ടാം.

ചരണം ഒന്ന്
1 വരൂ വരൂ വിനീതരായി
വരംതരുന്ന പുത്രനെ മുദാ വണങ്ങിടൂ (2)
അനാഥനാഥനാം ഉണ്ണിയെ
അനന്തരം നിരന്തരം സമാശ്രയിച്ചിടൂ (2)
ലോകമേ നാകമേ, ഈശനേ വാഴ്ത്തിടൂ (2)
വരൂ വരൂ വിനീതരായി
വരംതരുന്ന പുത്രനെ മുദാ വണങ്ങിടൂ (2)
- തുടി കൊട്ടാം.

ചരണം രണ്ട്
2 ശുഭം തരും അനാദിരൂപം
സുഖംതരാന്‍ സുമാനസം സദാനമിച്ചിടും (2)
ത്രിലോകനാഥനാം ദിവ്യനെ
നിരാമയം ദയാമയം ചിരം ജപിച്ചിടൂ (2)
ശുഭം തരും അനാദിരൂപം
സുഖംതരാന്‍ സുമാനസം സദാ നമിച്ചിടും (2)
- തുടി കൊട്ടാം.

09 December 2018, 12:06