തിരയുക

Light of peace - project by Pontifical Foundation for Aid to the church in need Light of peace - project by Pontifical Foundation for Aid to the church in need 

സിറിയയുടെ സമാധാനത്തിനായി ഒരുക്കുന്ന ദീപാവലി!

സിറിയയുടെ സമാധാനത്തിനുവേണ്ടി ഒരുക്കുന്ന “ദീപാവലി”. ഡിസംബര്‍ 2 ഞായര്‍ ആഗമനകാലത്തിന്‍റെ ആദ്യനാളില്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം
യുദ്ധത്തിന്‍റെയും അഭ്യന്തര കലാപത്തിന്‍റെയും ഒടുങ്ങാത്ത വ്യഥയില്‍ കഴിയുന്ന സിറയിലെ പീഡിതരും പരിത്യക്തരുമായവര്‍ക്ക് സാന്ത്വനമായിട്ടാണ് ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം (Pontifical Foundation for Church in Need) മറ്റു രാജ്യാന്തര ഉപവി പ്രസ്ഥാനങ്ങളോടു കൈകോര്‍ത്ത് 50,000 വിളക്കുകളുടെ ‘ദീപാവലി’ (Candles for peace in Syria) സിറയയില്‍ ഒരുക്കുന്നത്.

പാപ്പാ ഫ്രാന്‍സിസ് തെളിയിച്ച സമാധാനനാളം
ക്രിസ്തുമസിന് ഒരുക്കമായുള്ള ആഗമനകാലത്തിന്‍റെ ആദ്യദിനമായ ഡിസംബര്‍ 2-Ɔο തിയതി ഞായറാഴ്ച വത്തിക്കാനില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് തെളിയിച്ച ആദ്യത്തെ പ്രത്യേക ദീപത്തോടെ സിറിയിലെ 50,000 കുടുംബങ്ങളില്‍ തെളിയിക്കാന്‍ പോകുന്ന സമാധാനത്തിന്‍റെയും പ്രത്യാശയുടെയും പ്രതീകമായ ദീപാവലിക്ക് തുടക്കമായി.  സിറിയയിലെ ഹതഭാഗ്യരായ 50,000-ത്തോളം കുട്ടികളും അവരുടെ കുടുംബങ്ങളും സമാധാന വിളക്കുകള്‍ ഭവനങ്ങളില്‍ തെളിയിക്കും. യുദ്ധത്തിന്‍റെ കെടുതിയില്‍ കഴിയുന്ന കുടുംബങ്ങളിലേയ്ക്ക് ജാതിമത ഭേദമന്യേ നല്കിയിരിക്കുന്ന വലിയ തിരികളില്‍ കുട്ടികള്‍ ഒട്ടിച്ചിരിക്കുന്ന പ്രാവ്, കുരിശ്, സമാധാന സന്ദേശമുള്ള മറ്റു ചിത്രങ്ങള്‍ എന്നിവ സിറിയയില്‍ ഇന്നും തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വേദനിക്കുന്ന സിറിയന്‍ ജനതയ്ക്ക് പ്രത്യാശയുടെ പ്രതീകമാണ്.

ലോകത്തു തെളിയേണ്ട സമാധാന വെളിച്ചം
ആഗമനകാലത്തില്‍ തുടങ്ങി, ഇനി സമാധാന സംലബ്ധി ഉണ്ടാകുംവരെ സിറിയിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും സമാധാനപ്രേമികള്‍ ദീപങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. തകര്‍ന്ന ഭൂമിയായ സിറിയയില്‍ അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ഇല്ലാതെ കഴിയുന്ന 50,000-ത്തോളം വരുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും കരച്ചില്‍ കേള്‍ക്കാനും, ലോകശ്രദ്ധ അവിടേയ്ക്ക് ആകര്‍ഷിക്കാനും വേണ്ടിയാണ് 50,000-ത്തില്‍പ്പരം വിളക്കുകള്‍   ക്രിസ്തുമസ്നാളില്‍ രാജ്യാന്തര ഉപവിപ്രസ്ഥാനങ്ങള്‍ സിറിയയില്‍ത്തന്നെ ഒരുക്കുന്നത്.  എന്നാല്‍ എ.സി.എന്‍. പ്രസ്ഥാനത്തിന്‍റെ സിറിയയിലെ സമാധാനത്തിനുള്ള ദീപാവലി ലോകത്തെ സമാധാനപ്രേമികളുടെ സമൂഹങ്ങളും സ്ഥാപനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ഓരോ ദിവസവും രാത്രി 8 മണിക്ക് തിരിതെളിയിച്ച് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്ന പതിവാണ് സിറിയയില്‍ തുടക്കമായിരിക്കുന്നത്.

ദീപാവലി ഒരു സമാധാന കാഹളം
സമാധാന വിളക്കുകള്‍ക്കൊപ്പം 23 രാജ്യങ്ങളിലെ എ.സി.എന്നിന്‍റെ, ACN-Aid to the Church in Need Foundation-ന്‍റെ ഓഫീസുകള്‍വഴി സിറിയന്‍ ജനതയ്ക്കുള്ള അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മരുന്നുകള്‍, ശുചിത്വസാമഗ്രികള്‍, ശുദ്ധജലം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, തകര്‍ന്ന വീടുകളുടെ പുനരുത്ഥാരണം എന്നിവയ്ക്കായുള്ള നീക്കങ്ങളും തുടരുകയാണ്.  എട്ടു വര്‍ഷത്തോളമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന  പുരാതന ക്രൈസ്തവ സമൂഹങ്ങളെ പ്രത്യേകമായി  തുണയ്ക്കുകയാണ് ദീപാവലിയുടെ ലക്ഷ്യം.  

സമാധാന പാതകള്‍ തേടി
സമാധാനത്തിന്‍റെ ദീപാവലിക്കൊപ്പം 23 രാജ്യങ്ങളില്‍ നിലവിലുള്ള എ.സി.എന്നിന്‍റെ  ഓഫീസുകള്‍ വഴി സിറിയയ്ക്കുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പണികള്‍ ആരംഭിച്ചിട്ടുണ്ട്.  2016-ല്‍ എ.സി.എന്‍. യൂറോപ്യന്‍ പാര്‍ളിമെന്‍റിനോടും, യുഎന്നിനോടും സിറിയന്‍ ജനതയുടെ, വിശിഷ്യാ അവിടുത്തെ കുട്ടികളുടെ യാതനകള്‍ ശമിപ്പിക്കാന്‍ രാഷ്ട്രീയമായി ഇടപെടണമെന്ന  അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

For more info link : syria-acninternational.org
acs-italia.org

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2018, 14:21