The first week of advent 2018 Malayalam Sunday Reflection The first week of advent 2018 Malayalam Sunday Reflection 

ആഗമനകാലം - ക്രിസ്തു വീണ്ടുംവരുന്ന ഒരാത്മീയകാലം!

ആഗമനകാലം ഒന്നാംവാരം ഞായറാഴ്ചത്തെ വചനവിചിന്തനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗമനകാലം ഒന്ന് - ശബ്ദരേഖ

ദൈവം ലോകത്തിലേയ്ക്കു വരുമ്പോള്‍
ഇന്നത്തെ ആദ്യവായന ജറെമിയാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്നാണ്. ദൈവം തന്‍റെ ജനത്തോടു ചെയ്ത രക്ഷയുടെ വാഗ്ദാനം നിറവേറും എന്ന ഉറപ്പാണ് ഈ വചനങ്ങള്‍. ദാവീദിന്‍റെ ഗോത്രത്തില്‍നിന്നും ദൈവം ഒരു മുളയെ വളര്‍ത്തും, രക്ഷകനെ ഉയര്‍ത്തും! അവിടുന്നു ജനത്തിനു നീതിയും ന്യായവും നടപ്പാക്കും. ജനം രക്ഷപ്രാപിക്കും. തന്‍റെ ജനത്തിനു നീതിയായവന്‍ “കര്‍ത്താവ്” എന്നു വിളിക്കപ്പെടും എന്നു പ്രവചിക്കുമ്പോള്‍ രക്ഷകനായ ക്രിസ്തുവിലേയ്ക്കാണ് ജെറെമിയ വിരല്‍ചൂണ്ടുന്നത് (ജെറ. 33, 14-16).

വെളിപാടിന്‍റെ ഭാഷയും അടയാളങ്ങളും
ദൈവം ലോകത്തിലേയ്ക്കു വരുന്ന നിമിഷങ്ങളെ വര്‍ണ്ണിക്കുന്നതാണ് ഇന്നത്തെ വചനഭാഗങ്ങള്‍. അതിന് ഗ്രന്ഥകാരന്മാര്‍ ഉപയോഗിക്കുന്നത് വെളിപാടിന്‍റെ ഭാഷയാണ് (Apocalyptic Language). “ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശിയും പ്രകാശം തരുകയില്ല. സൂര്യന്‍ ഉദയത്തില്‍ തന്നെ ഇരുണ്ടുപോകും, ചന്ദ്രന്‍ പ്രകാശം പൊഴിക്കുകയില്ല”. ഇങ്ങനെയൊക്കെ ഏശയ്യ പറയുന്നത് ശ്രദ്ധേയമാണ് (ഏശ. 13, 10). “കര്‍ത്താവിന്‍റെ ദിനത്തില്‍ ഭൂമി കുലുങ്ങുന്നു. ആകാശം വിറകൊള്ളുന്നു,” എന്നു ജോയേല്‍ പ്രവാചകന്‍ വര്‍ണ്ണിക്കുന്നതും ഈ ഭാഷയുടെ സ്വാധീനത്തില്‍തന്നെയാണ് (ജോയേല്‍ 2, 10). ദൈവം മനുഷ്യര്‍ക്കു പൊതുഭവനമായി നല്കിയ തന്‍റെ സൃഷ്ടിയായ ഭൂമി അവിടുന്നു സന്ദര്‍ശിക്കും. ഇവയെല്ലാം പഴയനിയമ പ്രവചനങ്ങളാണ്.

രക്ഷകനും വിധിയാളനുമായ ക്രിസ്തു
വിശുദ്ധ ലൂക്കാ സുവിശേഷകന്‍ രക്ഷകന്‍റെ ആഗമനത്തെക്കുറിച്ച് വെളിപാടിന്‍റെ ഭാഷയില്‍ വിവരിക്കുന്നു. ആഗമനകാലത്തിന്‍റെ ആരംഭത്തില്‍ ഇന്ന് അതു നാം ധ്യാനിക്കുന്നു (ലൂക്ക 21, 25-28). ആദ്യം, ദൈവം ലോകത്തിലേയ്ക്കു വരുന്നതിന്‍റെ രണ്ടു നിയോഗങ്ങള്‍ സുവിശേഷകന്‍ വ്യക്തമാക്കുന്നു. ആദ്യമായി, ലോകത്തെ വിധിക്കാനാണ് അവിടുന്നു വരുന്നത്. വിധിയാളനായി വരുന്ന ദൈവം നന്മതിന്മകളെ വേര്‍തിരിക്കുന്നു. രണ്ടാമതായി, ലോകത്തെ രക്ഷിക്കാനാണ് അവിടുന്നു വരുന്നത്. തീര്‍ച്ചയായും ദൈവത്തിന്‍റെ ഈ രക്ഷണീയ ദൗത്യമാണ് പുതിയനിയമത്തില്‍ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തില്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നത്.

മനുഷ്യപുത്രന്‍റെ പ്രത്യാഗമനം
പഴയനിയമത്തിലെന്നപോലെ പുതിയനിയമത്തിലും സുവിശേഷകന്മാര്‍ക്കു മനുഷ്യപുത്രന്‍റെ ആഗമനം ഇഷ്ടവിഷയം തന്നെയാണ്. വിശുദ്ധ ലൂക്കാ സുവിശേഷത്തിന്‍റെ 21-Ɔο അദ്ധ്യായത്തില്‍ യുഗാന്ത്യപ്രഭാഷണത്തില്‍ മനുഷ്യപുത്രന്‍റെ ആഗമനം വരച്ചുകാട്ടുന്നു. നഗരത്തിന്‍റെ പതനത്തെക്കുറിച്ചും ശക്തമായ ഭാഷയില്‍ സുവിശേഷകന്‍ വിവരിക്കുന്നു. ജരൂസലേമിനു ചുറ്റും സൈന്യം തമ്പടിച്ചിരിക്കുന്നു. അതു കാണുമ്പോള്‍ നഗരത്തിന്‍റെ വിനാശമായെന്ന് നമുക്കറിയാം. അതില്‍ ആരും പ്രവേശിക്കാതിരിക്കട്ടെ. അത് പ്രതികാരത്തിന്‍റെ ദിനങ്ങളാണ്. അതിനാല്‍ സംഭവിക്കാന്‍ പോകുന്ന വിനാശങ്ങളില്‍നിന്ന് രക്ഷപെട്ട് മനുഷ്യപുത്രന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ കരുതലോടെ പ്രാര്‍ത്ഥനയില്‍ മുഴുകി ജീവിക്കാന്‍ സുവിശേഷകന്‍ ഉദ്ബോധിപ്പിക്കുന്നു (ലൂക്ക 21, 25-28).

പ്രാര്‍ത്ഥനാപൂര്‍വ്വം  ജാഗരൂകരായിരിക്കുവിന്‍!
ഇന്നത്തെ സുവിശേഷത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെ രക്ഷയ്ക്കുള്ള ഒരു വ്യവസ്ഥ തിരുവെഴുത്തുകള്‍ മുന്നോട്ടുവയ്ക്കുന്നു. രക്ഷപ്രാപിക്കണമെങ്കില്‍  ഭൂമിയില്‍ മനുഷ്യര്‍ ജാഗ്രതയോടെ ജീവിക്കണം, ജാഗരൂകത പാലിക്കണം (ലൂക്ക 21, 34-38). സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നമ്മുടെ ഹൃദയങ്ങള്‍ ദുര്‍ബലമാക്കരുതെന്നും നിഷ്ക്കര്‍ഷിക്കുന്നു.
ആ ദിവസം കെണിപോലെ മനുഷ്യരുടെമേല്‍ നിപതിക്കും. എന്നാല്‍ എങ്ങനെയാണ് ജാഗരൂകത പാലിക്കേണ്ടതെന്നു സുവിശേഷകന്‍ ഓര്‍മ്മിപ്പിക്കുന്നു. അതായത്, സദാ പ്രാര്‍ത്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവാനാണ് വചനം ഉദ്ബോധിപ്പിക്കുന്നത്. ദൈവവുമായി നാം സൂക്ഷിക്കേണ്ട വ്യക്തിപരമായ ബന്ധമാണ് പ്രാ‍ര്‍ത്ഥന. വ്യക്തിയും, അയാളുടെ എല്ലാ സുഖദുഃഖങ്ങളും, സന്തോഷ സന്താപങ്ങളും ദൈവവുമായി പങ്കുവയ്ക്കുന്ന അനുഭവമാണ് പ്രാര്‍ത്ഥന. ഇത് ദൈവവുമായുള്ള വ്യക്തിയുടെ സൗഹൃദമാണെന്നു പറയാം. അപ്പോള്‍ ഈ ആഗമനകാലത്ത് നാം പരിപോഷിപ്പിക്കേണ്ടത്, പ്രാര്‍ത്ഥനയിലൂടെ ദൈവവുമായുള്ള ഒരു ആത്മബന്ധമാണ്.

ജീവിതസാക്ഷ്യമാക്കേണ്ട  വിശ്വാസം
രണ്ടാം വായനയില്‍, പൗലോസ് അപ്പസ്തോലന്‍ നമ്മില്‍ നിറയുകയും നിറഞ്ഞു കവിയുകയും ചെയ്യേണ്ട സ്നേഹത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നു. നിങ്ങളോടു ഞങ്ങള്‍ക്കുള്ള സ്നേഹംപോലെ, നിങ്ങള്‍ തമ്മില്‍ത്തമ്മിലും, തുടര്‍ന്ന് മറ്റുള്ളവരോടും ആ സ്നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെയെന്ന് അപ്പസ്തോലന്‍ ആശംസിക്കുന്നു (1 തെസ്സ. 3, 12). ക്രൈസ്തവ വിശ്വാസം ജീവിതസാക്ഷ്യമാക്കി നാം പകര്‍ത്തണം. അത് സ്നേഹത്തിന്‍റെ സാക്ഷ്യമാണെന്ന് അപ്പസ്തോലന്‍ ഉദ്ബോധിപ്പിക്കുന്നു.

നന്മചെയ്തു കടന്നുപോവുകയും, രോഗികളെ സുഖപ്പെടുത്തുകയും, ലോകത്തിന് ജീവിതമൂല്യങ്ങളുടെ മനോഹരമായ പാഠങ്ങള്‍ പറഞ്ഞുതരുകയുംചെയ്ത ഒരാളിലാണ് നമ്മുടെ വിശ്വാസം. അതായത് ക്രിസ്തുവില്‍ വിശ്വസിക്കുന്നത് അവിടുത്തെ സ്നേഹവും നന്മയും നമ്മുടെ ജീവിതത്തില്‍ പ്രകടമാക്കുന്നതാണ്,  നാം അവിടുത്തെ സ്നേഹത്തിന്‍റെ സാക്ഷികളാകുന്നതാണ്.  അപ്പോള്‍ ക്രിസ്തുസാക്ഷ്യം പ്രഥമമായും ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെടുകയും, അയയ്ക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ്. അയക്കപ്പെടുന്നവനാണ് അപ്പസ്തോലന്‍, അയാള്‍ ക്രിസ്തുവിന്‍റെ പ്രേഷിതനാണ്. ക്രൈസ്തവര്‍ ക്രിസ്തുരാജ്യത്തിന്‍റെയും ക്രിസ്തുസ്നേഹത്തിന്‍റെയും പ്രേഷിതരും സാക്ഷികളും പ്രഘോഷകരുമാണ്.

തിന്മയെ കീഴ്പ്പെടുത്തുന്ന സ്നേഹശക്തി
ക്രിസ്തു വരുന്നത് ശക്തിയോടും പ്രാഭവത്തോടും കൂടിയാണ്. വെളിപാടിന്‍റെ ഭാഷയില്‍, ലോകത്തുള്ള വിനാശങ്ങളുടെമദ്ധ്യേ ക്രിസ്തു ശക്തിയോടും പ്രഭയോടുകൂടെ രക്ഷകനും നാഥനുമായി വരുന്നു (ലൂക്ക 21, 27). അവിടുന്നിലെ സ്നേഹത്തിന്‍റെ ശക്തിയെ ഒന്നിനും തടസ്സപ്പെടുത്താനാവില്ല. തകര്‍ന്നുവീഴുന്ന ആകാശ ശക്തികള്‍ക്കോ, അലതല്ലിയെത്തുന്ന തിരമാലകള്‍ക്കോ ആ സ്നേഹശക്തിയെ  ചിതറിക്കാനാവില്ല!  അതായത് ഈ ലോകത്ത് ഉയരുന്ന സകല പ്രതിസന്ധികളെയും തകര്‍ച്ചകളെയും ഒരു വിശ്വാസിക്ക് പ്രശാന്തതയോടും ധൈര്യത്തോടും, ശക്തിയോടുംകൂടെ അതിജീവിക്കാനാകുമെന്നാണ്.

 ക്രിസ്തു പകര്‍ന്നുതരുന്ന രക്ഷണീയശക്തി
മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് ഏതാനും മാസങ്ങള്‍ക്കുമുന്‍പ് (ജൂലൈ-ആഗസ്റ്റ് 2018) കേരളം നേരിട്ട പേമാരിയും വെള്ളപ്പൊക്കവുമാണ്. കൊച്ചുകേരളത്തെ വെള്ളപ്പാച്ചില്‍ ഒഴുക്കി കടലിലെറിയും എന്ന ഭീതിയില്‍ നില്ക്കെ രക്ഷകരായി ആദ്യം എത്തിയത് കൊല്ലം, ആലപ്പി, കൊച്ചി തീരങ്ങളിലെ മത്സ്യത്തൊഴിലാളികളാണ്. അതിന്‍റെ നെടും നായകരായവര്‍ ക്രിസ്തുസ്നേഹത്താലും സഹോദരസ്നേഹത്താലും നിറഞ്ഞ്, ജാതിവര്‍ഗ്ഗ വ്യത്യാസങ്ങളുടെ അതിരുകള്‍ മറന്ന്,  സ്നേഹത്താല്‍ പ്രചോദിതരായി രക്ഷാദൗത്യം സ്വയം ഏറ്റെടുത്തു.  ജീവന്‍ പണയംവച്ചും അവര്‍ കെടുതിയില്‍പ്പെട്ടവര്‍ക്ക് തുണയായി  ഇറങ്ങിപുറപ്പെട്ടു. രക്ഷകനായ ക്രിസ്തുവിന്‍റെ ശക്തിയിലും സ്നേഹത്തിലുമുള്ള ഉറച്ച വിശ്വാസത്താല്‍ പ്രേരിതരായി നാരകീയ ശക്തികള്‍ ഇളകി വരുമ്പോഴും, അവിടുന്നില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ ശിരസ്സുയര്‍ത്തി, ധൈര്യപൂര്‍വ്വം ദൈവികസ്വരത്തിന് കാതോര്‍ത്തു നില്ക്കുന്നു. ആ ദൈവികസ്വരം സ്നേഹത്തിന്‍റേതാണ്, ശാന്തിയുടേതാണ്!

ഉപസംഹാരം
സഹോദരങ്ങളേ, മനുഷ്യനായ് നമ്മുടെമദ്ധ്യേ അവതരിക്കുന്ന ക്രിസ്തു ദുര്‍ബലമായ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധിയുടെയും സ്നേഹത്തിന്‍റെയും ശക്തിയാല്‍ നിറയ്ക്കുകയും ബലപ്പെടുത്തുകയുംചെയ്യട്ടെ! അങ്ങനെ ജീവിതചുറ്റുപാടുകളില്‍ ദൈവസ്നേഹത്തിന്‍റെ ഹൃദയവുമായി  സഹോദരങ്ങള്‍ക്കു നന്മചെയ്തു ജീവിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2018, 16:58