തിരയുക

Vatican News
White Fathers - Missionaries of Africa White Fathers - Missionaries of Africa  

ആഫ്രിക്കയിലെ “വെളുത്തച്ചന്മാര്‍” ജൂബിലി ആഘോഷിക്കും!

“white fathers & White Sisters” സഭാസ്ഥാപനത്തിന്‍റെ 150-‍Ɔο വാര്‍ഷികം ആഘോഷിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

അമലോത്ഭവത്തിരുനാളോടെ ജൂബിലിക്കു തുടക്കം
ആസന്നമാകുന്ന ഡിസംബര്‍ 8-ന്‍റെ അമലോത്ഭവത്തിരുനാളി‍ല്‍ കറുത്തഭൂഖണ്ഡത്തിലെ രണ്ടു മിഷണറി സഭകള്‍ - ആഫ്രിക്കന്‍ മിഷണറിമാരായ  സന്ന്യാസിമാരുടെയും, സന്ന്യാസിനിമാരുടെയും സമൂഹങ്ങളാണ് സ്ഥാപനത്തിന്‍റെ 150-Ɔο വാര്‍ഷികം ആചരിക്കുന്നത്.

അടിമക്കച്ചവടത്തിനെതിരെ  പോരാടിയ  തദ്ദേശീയരായ സന്ന്യസ്തര്‍
ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ അള്‍ജിയേഴ്സ് അതിരൂപതയുടെ  മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ചാള്‍സ് ലവീഞ്ചെറിയാണ് 1888-ല്‍ ഈ രണ്ടു സന്ന്യാസസമൂഹങ്ങള്‍ക്ക് (White Fathers and White Sisters) തുടക്കമിട്ടത്. കറുത്ത ഭൂഖണ്ഡത്തിന്‍റെ ശാപമായിരുന്ന അടിമക്കച്ചവടത്തിന് എതിരെ പോരാടാനും ജനങ്ങളില്‍ ആത്മീയവും ഭൗതികവുമായ സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും ദൈവിക ആഹ്വാനവുമായിട്ടാണ് വൈറ്റ് ഫാദേഴ്സും സിസ്റ്റേഴ്സും ആഫ്രിക്കയുടെ മണ്ണില്‍ സുവിശേഷ ജോലി നിര്‍വ്വഹിച്ചു പോരുന്നത്. അഫ്രിക്കയിലെ അടിമക്കച്ചവടവും അധിനിവേശ വ്യവസ്ഥിതികളും പ്രായോഗികമായി നിലച്ചുവെങ്കിലും, ഇനിയും ഏറെ പീഡനങ്ങള്‍ക്കും ചൂഷണത്തിനും വിധേയരാകുന്ന കറുത്തവര്‍ഗ്ഗക്കാരുടെ വിമോചനത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്, ഇപ്പോള്‍ റോമില്‍ ആസ്ഥാനമുള്ള തദ്ദേശീയ സഭാസമൂഹങ്ങള്‍ അവരുടെ പ്രേഷിതവൃത്തി തുടരുന്നത്.

“ഗണ്ടൂരാ”യും ജപമാലയും അണിയുന്നവര്‍
ആഫ്രിക്കക്കാര്‍ ഉപയോഗിക്കാറുള്ള അറബി വസ്ത്രമായ വെളുത്ത “ഗണ്ടൂരാ”യും കഴുത്തില്‍ ആഭരണംപോലെ അണിയുന്ന വലിയ ജപമാലയുമാണ് “വെളുത്തച്ചന്മാരെ”യും “വെളുത്തമ്മമാരെ”യും (White Fathers and White Sisters) മറ്റു സന്ന്യസ്തരില്‍നിന്നും ബാഹ്യമായി തനിമയുള്ളവരാക്കുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം ഉള്‍ക്കൊണ്ട്
2014 സന്ന്യസ്തരുടെ വര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “ആനന്ദിക്കുക!” (Rejoice) എന്ന കത്തിന്‍റെ ആഹ്വാനവും അരൂപിയും ഉള്‍ക്കൊണ്ട് തങ്ങളുടെ സമൂഹങ്ങളുടെ നിജസ്ഥിതി പരിശോധിച്ചും പഠിച്ചും നവീകൃതരാകാനുള്ള സന്നദ്ധതയോടെയാണ് ഒരു വര്‍ഷക്കാലം - 2018 ഡിസംബര്‍ 8-മുതല്‍, 2019 ഡിസംബര്‍ 8-വരെ നീളുന്ന ആത്മീയ ആഘോഷ പരിപാടികള്‍ക്കും നവീകരണ പദ്ധതികള്‍ക്കും White Fathers and White Sisters തയ്യാറെടുക്കുന്നതെന്ന്, സഭയുടെ സെക്രട്ടറി ജനറല്‍, ഫാദര്‍ സ്റ്റാന്‍ലി ലുബൂംഗോ നവംബര്‍ 26 തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

തദ്ദേശീയര്‍ക്കുവേണ്ടി അര്‍പ്പിതരായവര്‍
1868-ല്‍ സ്ഥാപിതമായ വൈദികരായ സന്ന്യസ്തരുടെയും, 1869-ല്‍ തുടക്കമിട്ട സന്ന്യാസിനീ സഹോദരിമാരുടെയും സമൂഹങ്ങള്‍ ഇന്നും അള്‍ജീരിയയില്‍നിന്നും പൊട്ടിപ്പുറപ്പെട്ട് ആഫ്രിക്ക ഭൂഖണ്ഡത്തിലെ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായി അശ്രാന്തം പ്രവര്‍ത്തിക്കുന്നു.

30 November 2018, 16:45