തിരയുക

Vatican News
Creation - of Michaelangelo from Sistine Chapel, Vatican Creation - of Michaelangelo from Sistine Chapel, Vatican 

നിത്യതയെക്കുറിച്ചുള്ള ജാഗ്രതയും തയ്യാറെടുപ്പും

വിശുദ്ധ മര്‍ക്കോസ് 13, 24-32 - ആണ്ടുവട്ടം 33-Ɔ ο വാരം ഞായറാഴ്ചത്തെ വചനവിചിന്തനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആണ്ടുവട്ടം 33-Ɔ ο വാരം വചനചിന്തകള്‍ - ശ്ബ്ദരേഖ

നവംബറിന്‍റെ ഓര്‍മ്മയില്‍‍ - ഒരു നിത്യതയുടെ ധ്യാനം
വംബറിന്‍റെ ഓര്‍മ്മ പരേതാത്മക്കളുടെ ഓര്‍മ്മയാണ്. പരേതരായ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുന്ന “ആത്മക്കാരുടെ ദിനം” ഓര്‍മ്മകളുടെ ചിറകിലേറ്റുമ്പോള്‍ നമ്മെയും മരണത്തിന്‍റെയും സ്വര്‍ഗ്ഗത്തിന്‍റെയും ചിന്തകളില്‍ അത് എത്തിക്കുന്നു. അതിനാല്‍ മരണത്തെക്കുറിച്ച് ആരിലും ആകുലതകള്‍ ഉയര്‍ത്തുന്ന അവസരമാകാം നവംബറിന്‍റെ ഓര്‍മ്മകള്‍! സകലവിശുദ്ധരുടെയും സകല പരേതാത്മാക്കളുടെയും ദിനങ്ങള്‍ എത്രയോ ഭവ്യമായിട്ടും ദിവ്യമായിട്ടുമാണ് നാം കൊണ്ടാടുന്നത്! 

ദൈവസ്നേഹി മനുഷ്യസ്നേഹിയാണ്
ഏകദേശം അഞ്ചു പതിറ്റാണ്ടുകള്‍ക്കപ്പുറം, ഒരു ദിവസം ഇടവകപ്പളിയിലെ സെമിത്തേരിയില്‍വച്ച് ഒരു ധ്യാനത്തിന്‍റെ പരിസമാപ്തിയില്‍ പങ്കെടുത്തു. കാപ്പിക്കളറുള്ള കുപ്പായവും അരയില്‍ വെള്ളച്ചരടും കെട്ടി, ആറടി നീണ്ടുമെലിഞ്ഞ ദീക്ഷധാരിയായ ധ്യാനപ്പട്ടക്കാരന്‍! കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച തലോട്ടിയുമായി അദ്ദേഹം നടത്തിയ മരണത്തെയും നിത്യതയെയും കുറിച്ചുള്ള പ്രഭാഷണം ഓര്‍മ്മിയില്‍ ഇന്നും തങ്ങിനില്ക്കുന്നു. അത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തിലെ തിയോഫിനച്ചനായിരുന്നു! കേരളം ഇന്ന് ദൈവദാസനായി വണങ്ങുന്ന മനുഷ്യസ്നേഹിയായ തിയോഫിനച്ചന്‍!

മരിച്ചിട്ടും ജീവിക്കുന്നവര്‍
ജീവിച്ചിരുന്നപ്പോള്‍ത്തന്നെ തമ്പുരാന്‍റെ കൃപയുടെ ശക്തവും സുതാര്യവുമായ ഒരു മാധ്യമമായിരുന്നു തിയോഫിനച്ചന്‍! അദ്ദേഹം മരിച്ചിട്ടും ഇന്നും ആയിരങ്ങളുടെ മനസ്സുകളില്‍ ജീവിക്കുന്നു. മരണം മാധ്യസ്ഥ്യത്തിന്‍റെ മഹത്വവും സൗന്ദര്യവും വര്‍ദ്ധിപ്പിച്ചിരിക്കുന്നെന്ന് അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുമ്പോഴെല്ലാം ബോധ്യപ്പെടുകയാണ്.  ഈ പുണ്യാത്മാവിനെ നേരില്‍ കാണാനും കേള്‍ക്കാനും ഭാഗ്യമുണ്ടായ വ്യക്തിയെന്ന നിലയില്‍ തിയോഫിനച്ചന്‍റെ നാമകരണ നടപടിക്രമങ്ങള്‍ക്ക് 2008-ല്‍ തുടക്കം കുറിച്ച ദിനത്തില്‍ വരാപ്പുഴ അതിരൂപതയുടെ മെത്രാസനമന്ദിരത്തിലെ ഹാളില്‍ നടത്തപ്പെട്ട ലളിതമായ ചടങ്ങിലേയ്ക്ക് പോസ്റ്റുലേറ്റര്‍ ഫാദര്‍ ബോബി ജോസ് കട്ടിക്കാട് കപ്പൂച്ചിന്‍ അടിയനെയും ക്ഷണിച്ചത് വലിയ ഭാഗ്യമായി  കണക്കാക്കുന്നു.

വേദനിക്കുന്ന മനുഷ്യന് സാന്ത്വനമേകിയ കര്‍മ്മയോഗി
2018-Ɔമാണ്ട തിയോഫിനച്ചന്‍റെ 50-Ɔο ചരമവാര്‍ഷികം അനുസ്മരിക്കപ്പെടുന്ന വര്‍ഷമാണ്. മനുഷ്യന്‍റെ നിത്യതയെ ഈ ലോകത്തെ ജീവിതവുമായി ബന്ധപ്പെടുത്തി ജീവിച്ച വ്യക്തായിയാരുന്നു കര്‍മ്മയോഗി തിയോഫിനച്ചന്‍. പൊന്നുരുന്നിയിലുള്ള അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപത്തില്‍ ആയിരങ്ങള്‍ വന്നു പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥനയില്‍ പലവട്ടം ലയിച്ചു നിന്നുപോയിട്ടുണ്ട്. 

ആ പുണ്യാത്മാവിന്‍റെ ലളിതമായ കുഴിമാടത്തില്‍ കത്തിയെരിയുന്ന മെഴുതിരിയുടെ അരണ്ട വെളിച്ചത്തില്‍ തെളിയുന്ന മാര്‍ബില്‍ ഫലകത്തിലെ ലിഖിതം ധ്യാനാത്മകമാണ്. “വേദനിക്കുന്ന മനുഷ്യന്‍റെ തോളില്‍ കൈയിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ കര്‍മ്മയോഗി, തിയോഫിനച്ചന്‍ ഇവിടെ വീണ്ടും മനുഷ്യരെ കാത്തിരിക്കുന്നു!”   50 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു മാര്‍ബിള്‍ കല്ലില്‍ ആരോ കൈകൊണ്ട് മോശമായി കൊത്തിയ വരികളാണെങ്കിലും പ്രവചനത്തിന്‍റെ സ്പര്‍ശമുള്ള വരിയാണത്, തീര്‍ച്ച!   

ദൈവികവിധിയുടെ ആസന്നമാകുന്ന നാളുകള്‍
വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷഭാഗം ഇന്ന് ക്രിസ്തുവിന്‍റെ രണ്ടാം വരവിനെക്കുറിച്ചാണ് ഓര്‍പ്പിക്കുന്നത്. “ആ ദിവസങ്ങള്‍,” എന്ന പ്രയോഗം അവസാന നാളുകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പഴയ നിയമ സൂക്തമാണ്. പ്രവാചകഗ്രന്ഥങ്ങളില്‍ അത് സമൃദ്ധമായി കാണാം. ആദ്യവായനയില്‍ ദാനിയേല്‍ പ്രവാചകന്‍ പറയുന്നു, “ആ ദിവസങ്ങളില്‍ മിഖയേല്‍ ദൂതന്‍ എഴുന്നേല്‍ക്കും. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത കഷ്ടതകള്‍ ജനത്തിനുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള ജനം മുഴുവന്‍ രക്ഷപ്പെടും. ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും....” (ദാനിയേല്‍ 12, 1-13). അതായത് കര്‍ത്താവിന്‍റെ നാളില്‍ അസംഭവ്യമായത് സംഭവിക്കുമെന്നാണ് പ്രവാചകന്‍ സമര്‍ത്ഥിക്കുന്നത്. പാപത്തില്‍ നിപതിച്ച ലോകത്തിലേയ്ക്കാണ് ദൈവം കടന്നുവന്നത്, ഇനിയും കടന്നുവരുന്നത്. അതിനാല്‍ മനുഷ്യരെ വിധിക്കാനായി ദൈവം വരും, വീണ്ടും കടന്നുവരുമെന്നാണ് ഇന്നത്തെ വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. എന്നാല്‍ ഒരുകാര്യം നിശ്ചയം, നമ്മുടെ ഓരോരുത്തരുടെയും ലോകാന്ത്യം അല്ലെങ്കില്‍ യുഗാന്ത്യം നമ്മുടെ മരണമാണെന്ന് ലോകാവസാനത്തെക്കുറിച്ച് വ്യഗ്രതപ്പെടാതെ തന്നെ നമുക്ക് സ്ഥാപിക്കാവുന്നതാണ്.

നിത്യവിധിയില്‍ അധിഷ്ഠിതമായ വിശ്വാസം
നാം വിശ്വാസപ്രമാണത്തില്‍ ഏറ്റുചൊല്ലുന്നുണ്ട്, ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. മരണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ വിശ്വാസത്തില്‍  നമ്മുടെ മനസ്സില്‍ ഉണരുന്ന ചിന്തയാണ്, ഒടുവില്‍ ഒരു നിത്യവിധി ഉണ്ടാകുമെന്നത്. ഒരേ വലയില്‍ ശേഖരിക്കപ്പെടുന്ന മത്സ്യങ്ങളില്‍നിന്ന് നിത്യനായ മുക്കുവന്‍ നമ്മെ തരംതിരിക്കും.  ഒരേ കളപ്പുരയില്‍ ശേഖരിക്കുന്ന കൊയ്ത്തില്‍നിന്ന് കാറ്റിന് അഭിമുഖമായി എല്ലാം പാറ്റിയെടുക്കുന്ന നിത്യനായ കൃഷിക്കാരന്‍ കളയും വിളയും വേര്‍തിരിക്കും. ഓരേ ആട്ടിന്‍ പറ്റത്തില്‍നിന്ന് ചെമ്മരിയാടുകളെയും കോലാടുകളെയും നിത്യനായ ഇടയന്‍ ഇരുവശങ്ങളിലേയ്ക്ക് മാറ്റി നിര്‍ത്തും. ഈ വേര്‍തിരിക്കല്‍ നിത്യവിധിയുടെ ഉപമയാണ്, പ്രതീകമാണ്.  

മൈക്കിളാഞ്ചലോ ചിത്രീകരിച്ച അന്ത്യവിധി
ചരിത്രത്തില്‍ ആദ്യമായി അന്ത്യവിധി ചിത്രീകരിച്ചത് മൈക്കിളാഞ്ചലോ ആയിരുന്നിരിക്കണം. അത് വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയില്‍ ഇന്നും തെളിഞ്ഞുനില്ക്കുന്നു. ആ ചിത്രീകരണം വിശ്വവിഖ്യാതമാണ്. അതില്‍ പിന്നെയും ശ്രദ്ധേയമാകുന്ന ഒരു കാര്യം, വിധിയാളന്‍റെ ഇടതുവശത്ത് നില്ക്കുന്നവരുടെ കൂട്ടത്തില്‍ ചിത്രകാരന്‍ തന്നെത്തന്നെ  വരച്ചുചേര്‍ത്തിരിക്കുന്നു. അതും മറ്റൊരൊളുടെ കൈവശമുള്ള ഉരിഞ്ഞെടുത്ത തോലില്‍ വരച്ചുചേര്‍ത്തിരിക്കുന്ന മുഖം, മൈക്കിളാഞ്ചലോയുടെ self portrait ആണ്! എന്തിനാണ് കലാകാരന്‍ അങ്ങനെ ചെയ്തതെന്ന് ചിന്തിച്ചേക്കാം! ഉത്തരം വ്യക്തമാണ്, എല്ലാ പ്രതിഭകളും നേട്ടങ്ങളും, സമ്പത്തും അധികാരവുമൊക്കെ നിസ്സാരമാണെന്ന് ഓര്‍പ്പിക്കാന്‍ ആയിരുന്നിരിക്കണം - ഒരു തോലുരിയില്‍ തന്‍റെ മുഖം മാത്രം മൈക്കിളാഞ്ചലോ കോറിയിട്ടത്.

മരണചിന്ത ഉണര്‍ത്തുന്ന സ്നേഹപ്രകരണം
സുപരിചിതമാണ് നമുക്കീ സങ്കീര്‍ത്തനപദങ്ങള്‍, “പാപങ്ങളെല്ലാം നീ ഓര്‍ത്തിടുകില്‍ ആര്‍ക്കുള്ളൂ രക്ഷയീ പാരിടത്തില്‍...!”  ആഗാധതത്തില്‍നിന്നു ഞാന്‍ ദൈവമേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നു... എന്ന 130 സങ്കീര്‍ത്തനത്തിലെ 3-Ɔമത്തെ പദമാണിത്. മരണത്തെക്കുറച്ചുള്ള ചിന്തയും ധ്യാനവും നമ്മില്‍  സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ കൂട്ടായ്മയുടെയും വികാരങ്ങള്‍, ചിന്തകള്‍ ഉയര്‍ത്തുന്നതായിരിക്കണം. അന്ത്യനാളുകളെക്കുറിച്ചും ജീവിതാന്ത്യത്തെക്കുറിച്ചം, ലോകാന്ത്യത്തെക്കുറിച്ചുമുള്ള ചിന്തകള്‍ ഇവിടെ ചിറകുവിരിക്കുന്നു. എന്നാല്‍, കരണീയമായിരിക്കുന്നത് ഒരുങ്ങിയിരിക്കുക, തയ്യാറായിരിക്കുക, ജാഗ്രതയുള്ളവരായിക്കുക എന്നതാണ്. ഹ്രസ്വമായ നമ്മുടെ ഈ ഭൂമിയിലെ ജീവിതങ്ങള്‍ കരുതലോടെ നന്മയില്‍ ചെലവഴിച്ച്, ജീവിതബന്ധിയായും സഹോദരബന്ധിയായും ചെലവഴിച്ചാല്‍ ജീവിതാന്ത്യം പ്രശാന്തമാക്കാന്‍ സാധിക്കും.

വിശ്വാസം വളര്‍ത്തുന്ന സാഹോദര്യം
മാനുഷികയുക്തിയെ വെല്ലുന്ന ദൈവപരിപാലനയില്‍ നമ്മെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തോടെ ജീവിക്കാം, ദൈവസ്നേഹം സഹോദരസ്നേഹമായി, മനുഷ്യസ്നേഹമായി ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണ് ധാരളംപേര്‍ വിശുദ്ധിയിലേയ്ക്ക് ഉയര്‍ന്നിട്ടുള്ളത്. സ്നേഹമുള്ള പിതാവാണു ദൈവം എന്നു വിശ്വസിക്കുന്നവര്‍, പിതൃസ്നേഹത്തിന്‍റെ മാഹാത്മ്യം ജീവിതത്തില്‍  പ്രതിഫലിപ്പിക്കേണ്ടതാണ്.  ജീവതം മറ്റുള്ളവര്‍ക്ക് സാക്ഷ്യമായിരിക്കേണ്ടതാണ്. ചുറ്റുമുള്ളവരെയും മറ്റു മനുഷ്യരെയും  ആ പിതൃസ്നേഹം അറിയിക്കേണ്ടത് ജീവിതത്തില്‍ സ്നേഹമുള്ള പ്രവൃത്തികള്‍ ചെയ്തുകൊണ്ട്, വിശിഷ്യാ പാവങ്ങള്‍ക്കും എളിയവര്‍ക്കും നന്മചെയ്തുകൊണ്ടാണ്. ജീവിത സാഹചര്യങ്ങളില്‍, അത് കുടുംബത്തിലോ, സമൂഹത്തിലോ, സേവനമേഖലയിലോ എവിടെയുമാകട്ടെ, സാഹോദര്യത്തിന്‍റെയും സല്‍പ്രവൃത്തികളുടെയും നന്മകള്‍ നമ്മുടെ വിശ്വാസത്തില്‍ ഉതിര്‍ക്കൊള്ളുന്ന ദൈവപരിപാലനയുടെ പ്രത്യക്ഷ അടയാളങ്ങള്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല.  

കരുതലും കാവലുമാകുന്ന സ്നേഹം 
സ്നേഹത്തില്‍ അധിഷ്ഠിതമായ ജാഗ്രതയും കരുതലും ജീവിതനന്മയുടെ നറുമലരായി നമുക്ക് വ്യക്തിജീവിതത്തില്‍ വിരിയിക്കാനാകട്ടെ! അപരന്‍ അപരിചതനാണെങ്കിലും തുണതേടുന്നവനെങ്കില്‍ സഹോദരനായി വീക്ഷിക്കുന്നതാണ് നല്ല അയല്‍ക്കാരന്‍റെ സുവിശേഷ ചിന്ത! അവന്‍ എന്‍റെ സഹോദരനാണെങ്കില്‍ മുടന്തനോ, കുരുടനോ, ദരിദ്രനോ, അഭയാര്‍ത്ഥിയോ കുടിയേറ്റക്കാരനോ ആരുമാവട്ടെ, അവനും അവളും എനിക്ക് ഭാരമല്ല, മറിച്ച് അവരും എന്‍റെ സഹോദരങ്ങളാണെന്ന ജാഗ്രതയും കരുതലും ഇന്നിന്‍റെ വിസ്തൃതവും ആഗോളവത്കൃതവുമാകുന്ന സാമൂഹികാന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.  

അതിരുകള്‍ ലംഘിക്കുന്ന സല്‍പ്രവൃത്തികള്‍
ജാഗ്രതയും കരുതലുമുള്ളവര്‍ ചെയ്യേണ്ട നന്മകള്‍ തക്കസമയത്ത്, ചെയ്യും. ആപത്തില്‍പ്പെട്ട മനുഷ്യനെ സഹായിക്കാന്‍ സമറിയക്കാരന്‍ യാത്രാമദ്ധ്യേ കുതരിപ്പുറത്തുനിന്ന് ചാടിയിറങ്ങയില്ലേ. അപരിചതനും വിജാതിയനുമായി വീണുകിടക്കുന്നവനെ ഉടനെ താങ്ങിയെടുത്ത്, മുറിവു  വൃത്തിയാക്കി, എണ്ണപുരട്ടി വച്ചുകെട്ടി. അവനെ സത്രത്തില്‍ കൊണ്ടാക്കി.  പ്രവര്‍ത്തികളില്‍ വൈകാതിരിക്കുന്നത് സുകൃതമാണ്. തന്‍റെ ബന്ധുവായ എലിസബത്തിന് തന്‍റെ സഹായം അങ്ങകലെ ആവശ്യമുണ്ടെന്ന് വെളിപ്പെട്ടുകിട്ടിയ മറിയം, തത്രപ്പെട്ട് അവിടേയ്ക്ക് പുറപ്പെട്ടുപോയി. ഈ സുവിശേഷമൂല്യങ്ങള്‍ ജീവിതാന്ത്യത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും ചിന്തിക്കാന്‍ നമുക്ക് സഹായകമാകും.

നിത്യതയിലേയ്ക്കുള്ള സ്നേഹതീര്‍ത്ഥാടനം
ദൈവസന്നിധിയില്‍ പരിപൂര്‍ണ്ണതിയില്‍ വാഴുന്ന നിത്യപുരോഹിതനായ ക്രിസ്തുവിലേയ്ക്കാണ് രണ്ടാമത്തെ വായന ഹെബ്രായരുടെ ലേഖനം വിരല്‍ചൂണ്ടുന്നത്. മനുഷ്യകുലത്തിന്‍റെ പാപമോചനം സ്നേഹത്തിലുള്ള സ്വയാര്‍പ്പണത്തിലൂടെ നേടിയ നിത്യപുരോഹിതനാണ് ക്രിസ്തു. അതിനാല്‍ ഇനിയൊരു പരിഹാരബലി ആവശ്യമില്ലെന്ന് വചനം പഠിപ്പിക്കുന്നത് (ഹെബ്രായര്‍ 10, 11-14). ബലിയല്ല കരുണയാണ്, സ്നേഹമാണ് ആവശ്യം, സ്നേഹപ്രവൃത്തികളാണ് ആവശ്യം!

വിധി, അവസാനവിധി ഇവിടെ ഇപ്പോള്‍ത്തന്നെയാണ് സഹോദരങ്ങളേ, അത് ഈ ഭൂമിയില്‍ത്തന്നെയാണ്. നാം ജീവിക്കുന്ന ഭൂമിതന്നെ ദൈവസ്നേഹത്തെയും അതിന്‍റെ മനോഹാരിതയെയും വരച്ചുകാട്ടുമ്പോള്‍, സൃഷ്ടിയുടെ മകുടമായ മനുഷ്യനില്‍ - എന്‍റെ സഹോദരനിലും സഹോദരിയിലും ദൈവത്തിന്‍റെയും അവിടുത്തെ സ്നേഹത്തിന്‍റെയും പ്രതിച്ഛായ കാണാതിരിക്കാനാകുമോ? സഹോദരങ്ങളില്‍ ഊന്നിയ പരസ്നേഹത്തിന്‍റെ ജീവിതത്തിലൂടെ നിത്യവിധായാളന്‍റെ സന്നിധിയിലേയ്ക്ക് നമുക്ക് അനുദിനം നടന്നടുക്കാം!17 November 2018, 17:33