തിരയുക

Vatican News
Gospel Reflection on The Widow's mite Gospel Reflection on The Widow's mite 

ക്രിസ്തു പ്രബോധിപ്പിക്കുന്ന പങ്കുവയ്ക്കലിന്‍റെ ആത്മീയത

മര്‍ക്കോസ് 12, 38-44 ആണ്ടുവട്ടം 32-Ɔο വാരം ഞായറാഴ്ചത്തെ വചനവിചിന്തനം : കൊടുക്കുക... ജീവിതം ക്ലേശകരമാകുമ്പോഴും ഉള്ളതില്‍നിന്നു കൊടുക്കുക. നല്കുമ്പോഴാണ് നമുക്ക് ലഭിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം 32-Ɔο വാരം ഞായറാഴ്ചത്തെ വചനവിചിന്തനം - ശബ്ദരേഖ

സഭയെ വിമര്‍ശന വിധേയയാക്കുമ്പോള്‍ 
പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ ചെറിയ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന സുവിശേഷപ്രഭാഷണം ഇന്ന് ലോകപ്രശസ്തിയാര്‍ജ്ജിച്ചിട്ടുണ്ട്. തത്സമയം കുറിപ്പുകളൊന്നുമില്ലാതെയാണ് പാപ്പാ ചിന്തകള്‍ പങ്കുവയ്ക്കുന്നത്. സുവിശേഷം പ്രതിപാദിക്കുന്ന യഹൂദപുരോഹിതന്മാരു‌ടെയും നിയമഞ്ജരുടെയും ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്‍റെതന്നെ സഭയിലെ നിജസ്ഥിതിയെയും പൗരോഹിത്യ മേല്‍ക്കോയ്മയെയും പാപ്പാ ഫ്രാന്‍സിസ് വിമര്‍ശിക്കാറുണ്ട്. തുറന്നടിക്കുന്ന വാക്കുകളും നിലപാടുകളും മൂലം കത്തോലിക്കാസമൂഹത്തിലെ തലപ്പത്തുള്ള ചിലരും വൈദികരും സന്ന്യസ്തരുമായ കുറെപ്പേരും ഇന്ന് ഉള്ളുകൊണ്ടെങ്കിലും പാപ്പാ ഫ്രാന്‍സിസിനെ എതിര്‍ക്കുന്നുണ്ട്.

യഹൂദവിദ്വേഷമെന്ന തെറ്റിദ്ധാരണ
ഇനി, സുവിശേഷത്തിലെ യഹൂദപുരോഹിതന്മാരും നിയമജ്ഞനും ഫരീസേയക്കൂട്ടവും പാപ്പായുടെ മൂര്‍ച്ചയുള്ള വാക്കുകളുടെ മുനത്തുമ്പില്‍ പതിക്കുന്നതിനാല്‍ ഒരു യഹൂദവിദ്വേഷിയായും പാപ്പാ ഫ്രാന്‍സിസ് (Anti-semitism) ഇന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. റോമിലെ അതിപൂരാതനമായ യഹൂദസമൂഹം പാപ്പായുടെ വാക്കുകള്‍ കേട്ട് നെറ്റിചുളിക്കാറുണ്ട്.  ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ചിലപ്പൊഴെങ്കിലും പാപ്പാ ഫ്രാന്‍സിസിന് എതിരായി തലപൊക്കുന്ന വര്‍ത്തകള്‍ക്ക് ഇസ്രായേലിലെയും  അമേരിക്കയിലെയും മൗലികവാദികളായ യഹൂദര്‍ക്കു പങ്കുണ്ടെന്നും നിരൂപകന്മാര്‍ ഗണിക്കുന്നു.

ഇന്നത്തെ വചനഭാഗം
വിശുദ്ധ മര്‍ക്കോസ് കുറിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം ജരൂസലേം ദേവാലയത്തിലെ ക്രിസ്തുവിന്‍റെ നീണ്ടതും എന്നാല്‍ അവസാനത്തേതുമായ പ്രഭാഷണമാണ്. ഇതില്‍ രണ്ട് സംഭവങ്ങള്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. ഒന്ന്, നിയമജ്ഞരെ കുറ്റപ്പെടുത്തിക്കൊണ്ട് ക്രിസ്തു സംസാരിക്കുന്നു. രണ്ട്, ദരിദ്രയായൊരു വിധവയുടെ എളിയ ജീവതത്തെ തന്‍റെ ശിഷ്യര്‍ക്ക് ക്രിസ്തു മാതൃകയായി ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുവിന്‍റെ പൗരോഹിത്യമാതൃക ഉള്‍ക്കൊള്ളാം
നിയമജ്ഞരെക്കുറിച്ച് ക്രിസ്തു പറയുന്നത് രസകരമാണ്. അതായത് അവര്‍ നീണ്ട മേലങ്കി ധരിക്കുന്നു. പൊതുസ്ഥലങ്ങളി‍ല്‍വച്ച് ജനങ്ങളുടെ അഭിവാദ്യങ്ങള്‍ സ്വീകരിക്കുന്നു, അല്ലെങ്കില്‍ അതു പ്രതീക്ഷിക്കുന്നു. സിനഗോഗുകളില്‍ ഉന്നതപീഠം, പിന്നെ വിരുന്നുകളില്‍ പ്രമുഖസ്ഥാനം എന്നിങ്ങനെ! നാം സൂക്ഷ്മമായി വായിച്ചാല്‍ ഇന്നത്തെ പുരോഹിതര്‍ക്കും പൗരോഹിത്യ നേതൃത്വത്തിനും വളരെ അധികം ചേര്‍ന്നുപോകുന്നതാണിവ. അത്രയ്ക്കു വലിയ താദാത്മ്യം ഇന്നത്തെ പുരോഹിതരും അന്നത്തെ ഫരീസേയരും തമ്മില്‍ ഉള്ളതായിട്ടു മനസ്സിലാക്കാം.

ഇത് ബാഹ്യമായ കാര്യങ്ങളിലാണെങ്കില്‍, പിന്നെ ആന്തരികമായ കാര്യങ്ങളിലോ! അന്നത്തെ നിയമജ്ഞരുടെയും ഫരീസേയരുടെയും ആന്തരിക ഭാവമായിട്ട് ഈശോ സൂചിപ്പിക്കുന്നത് അവരുടെ സ്വാര്‍ത്ഥത തന്നെയാണ്. പണവും സ്ഥാനവുമാണ് അവരുടെ ആന്തരികത. എന്തിന് ദശാംശം എന്നു പറയുന്ന, ക്രിസ്തുപോലും തള്ളിപ്പറഞ്ഞിട്ടുള്ള പഴയനിയമ സങ്കല്പത്തെ ഇന്ന് പൊക്കിയെടുത്ത്, ദശാംശം പള്ളിക്കും പട്ടക്കാരനും വേണം എന്ന സംസ്ക്കാരത്തിലാണ് നാം ജീവിക്കുന്നത്.

കച്ചവടം പെരുകുന്ന ദേവാലയങ്ങള്‍
പണത്തോടുള്ള അമിതാസക്തിക്ക് എതിരായിട്ടാണ് ക്രിസ്തു ജരൂസലേത്ത് ഒരിക്കല്‍ ചാട്ടവാര്‍ ഉയര്‍ത്തിയത്. അന്ന് അവിടെ സംഭവിച്ചതുപോലെ, അറിയാതെയും ശ്രദ്ധിക്കാതെയും നമ്മുടെ ദേവാലയങ്ങളും ചന്തസ്ഥലങ്ങള്‍പോലെ ആകുന്നുണ്ട്. ചില ദേവാലയങ്ങളില്‍ ഒരു “നിരക്കുപട്ടിക” തൂങ്ങിക്കിടക്കുന്നത് കാണാം. കൂദാശകള്‍ക്കും മറ്റ് അടിയന്തിരങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ജനങ്ങളില്‍നിന്ന് പണം ഈടാക്കാനുള്ള നിരക്കുഫലകമാണത്. കുര്‍ബ്ബാനയ്ക്കും കൂദാശകള്‍ക്കുമുള്ള ഓഹരിയായ പണം, പിന്നെ പാട്ടുകാര്‍ക്ക് വേറെ. ഇതെല്ലാമിന്ന് വലിയ കച്ചവടത്തുകയാണ്. എന്നാല്‍ കുര്‍ബ്ബാനപ്പണം ഒരു സ്തോത്രക്കാഴ്ചയാണ്. സ്തോത്രക്കാഴ്ചകള്‍ കാണിക്കയാണ്. അത് രഹസ്യമായി നിക്ഷേപിക്കേണ്ടതോ, നല്കപ്പെടേണ്ടതോ ആണ്. അതിനാല്‍ അത് ബോര്‍ഡില്‍ എഴുതി തിട്ടപ്പെടുത്തി വാങ്ങേണ്ടതുമല്ല.

ഭംഗിയുള്ള ആഘോഷം  ആര്‍ഭാടമാകണമെന്നില്ല! 
ചില തിരുനാളാഘോഷങ്ങളിലേയ്ക്ക് നാം കടന്നു ചെല്ലുമ്പോള്‍ മനസ്സിലാക്കാം ആര്‍ഭാടങ്ങളുടെ തള്ളിച്ച. നാം വിലയിരുത്തേണ്ടതാണ്. - ആര്‍ഭാടങ്ങളുടെയും, സാമൂഹിക ആഘോഷങ്ങളുടെയും മണ്ഡപമാണോ ദേവാലയം? നമ്മുടെ ദൈവാലയാഘോഷങ്ങള്‍ ഇന്നു വളരെയധികം ലൗകികതയിലേയ്ക്ക് വഴുതിപ്പോകുന്നുണ്ട്. നല്ല ആഘോഷങ്ങള്‍ ഭംഗിയുള്ളതായിരിക്കണം, തീര്‍ച്ച...! എന്നാല്‍ മനോഹരമായത് ലൗകികമല്ല, ലൗകികത പണത്തെയും സമ്പത്തിനെയും അധികാരത്തെയും മേല്ക്കോയ്മയെയും ആശ്രയിച്ചിരിക്കുന്നു. ദൈവത്തിന്‍റെ സ്ഥാനത്ത് സമ്പത്തിനെ പൂജിക്കുന്നതും പ്രതിഷ്ഠിക്കുന്നതും ലൗകായത്വമാണ്, ലൗകികതയാണ്.

വിധവയുടെ നിസ്വാര്‍ത്ഥമായ നല്കല്‍
സുവിശേഷം വരച്ചുകാട്ടുന്ന വിധവയായ സ്ത്രീയെ ഈശോയാണ് കണ്ടുപിടിക്കുന്നത്. എന്നിട്ട് ശിഷ്യന്മാരെ ചൂണ്ടിക്കാണിക്കുന്നു. ഈ ധനവാന്മാര്‍ നിക്ഷേപിച്ചതിനെക്കാള്‍ അധികമായിട്ട്, ഏറ്റവും വലിയ കൊടുക്കല്‍ നടത്തിയിരിക്കുന്നത് ഈ വിധവയാണ്. എന്നാല്‍ അവള്‍ നിക്ഷേപിച്ചതോ, ഏറ്റവും തുച്ഛമായ ഒരു തുട്ട് ചെമ്പുനാണയം!  ചെറിയ പൈസാപോലൊരു നാണയമാണത്!! ഏറ്റവും വലിയ കൊടുക്കലേതാണ്, എന്നാണ് ഈശോ ചൂണ്ടിക്കാണിക്കുന്നത്. തനിക്ക് ഉണ്ടായിരുന്നതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ളതുപോലും അവള്‍ അതില്‍ നിക്ഷേപിക്കുന്നു. നിസ്സാരമായ അവളുടെ നിക്ഷേപം ഏറ്റവും വലിയ കൊടുക്കലിന് മാതൃകയായിട്ടാണ് ജരൂസലേം ദേവാലയത്തില്‍വച്ച് ക്രിസ്തു ചൂണ്ടിക്കാണിച്ചത്. നിസ്സ്വാര്‍ത്ഥമായ നല്കലിന്‍റെ ആള്‍രൂപമാണ്  ഈ വിധവയില്‍ ക്രിസ്തു വരച്ചുകാട്ടുന്നത്.

രസകരമായ നിരീക്ഷണം, രണ്ടും സംഭവിക്കുന്നത് ജരൂസലേം ദേവാലയത്തിലാണ്. സ്വാര്‍ത്ഥതയുടെ മൂര്‍ത്തരൂപങ്ങളായ നിയമജ്ഞരെ ക്രിസ്തു വിമര്‍ശിക്കുന്നത് ഈ ദേവാലയ പരിസരത്തുതന്നെയാണ്. ഒപ്പം നിസ്സ്വാര്‍ത്ഥതയുടെ ഭാവമായ സ്ത്രീ നില്ക്കുന്നതും ദേവാലയത്തിനുള്ളിലാണ്. രണ്ടും പള്ളിക്കകത്ത്!! ഇന്നും അതുതന്നെയാണ് സത്യം. രണ്ടും ദേവാലയത്തില്‍ തന്നെയുണ്ടു്.

ആഡംബരവും അധികാരവും
ഫ്രാന്‍സ് പീറ്റര്‍, ജര്‍മ്മനിയില്‍ ലിംബൂര്‍ഗിലെ മെത്രാനായിരുന്നു. സംഭവം 2013-ലാണ്. അദ്ദേഹം മെത്രാനായിട്ട് 10 വര്‍ഷങ്ങള്‍ പിന്നിട്ടു. ബനഡിക്ട് 16-Ɔമന്‍ പാപ്പായാണ് അദ്ദേഹത്തെ മെത്രാനാക്കിയത്. അതും വെറും  43-Ɔമത്തെ വയസ്സില്‍! ഇത്ര ചെറുപ്പത്തിലേ മെത്രാനാക്കുന്ന പതിവ് കത്തോലിക്കാ സഭയില്‍ അത്യപൂര്‍വ്വമാണ്. അങ്ങനെ വേണമെങ്കില്‍ അസാധാരണമായ കഴിവുകള്‍, അസാധാരണമായ പുണ്യങ്ങള്‍, അതിനൊപ്പം അസാധാരണമായ നേതൃത്വപാ‍ടവം എന്നിവ ഉണ്ടായിരിക്കണം. ഫ്രാന്‍സ് പീറ്റര്‍ എന്ന യുവമെത്രാന്‍ 10 വര്‍ഷക്കാലം ലിംബൂര്‍ഗ് രൂപത ഭരിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് തന്‍റെ മെത്രാസനമന്ദിരം ഒന്ന് മെച്ചപ്പെടുത്തണം എന്ന് അദ്ദേഹത്തിനു തോന്നിയത്. നവീകരണപദ്ധതികള്‍ നടന്നു, നടപ്പിലാക്കി. ചെലവായതോ, നാലു മില്യന്‍, അതായത് 40 ലക്ഷം യൂറോയ്ക്ക് അപ്പുറമായിരുന്നു. ഏകദേശം മുന്നൂറുകോടി രൂപയാണ് തന്‍റെ അരമന, മെത്രാസന മന്ദിരം നവീകരിക്കാന്‍ വേണ്ടി ചിലവാക്കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു പ്രതിമയുണ്ടാക്കാന്‍ 3000 കോടിയിലും മേലെ  ചെലവഴിച്ച കഥ ബാക്കിനില്ക്കട്ടെ!

ആത്മീയതയ്ക്ക് ഇണങ്ങാത്ത ധൂര്‍ത്ത്
ഒരു മെത്രാസന മന്ദിരം പുതുക്കിപ്പണിയാന്‍ ഇത്രവലിയ തുകയോ!?  ഇതു കേട്ടിട്ട് ജര്‍മ്മന്‍കാര്‍ ഞെട്ടി. സാധരണ ജര്‍മ്മകാര്‍ അങ്ങനെ എളുപ്പത്തില്‍ ഞെട്ടാത്തവരാണ്. ജര്‍മ്മനിയിലെ മെത്രാന്‍ സംഘത്തിന്‍റെ തലവന്‍ അദ്ദേഹത്തെ വിളിപ്പിച്ചു ചില വിവരങ്ങള്‍ ആവശ്യപ്പെട്ടു, എന്നിട്ടു പറഞ്ഞു. മുന്നോട്ടു പോകുന്നതിനു മുന്‍പ് ചില ആത്മപരിശോധനകള്‍ നടത്തേണ്ടതല്ലേ! അദ്ദേഹം പറഞ്ഞു ഒരു പരിശോധനയുടെയും ആവശ്യമില്ല, എല്ലാം നിയമപരമായിട്ടാണ് നടക്കുന്നതെന്ന്. അങ്ങനെ ഇരിക്കെയാണ് പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ വത്തിക്കാനിലേയ്ക്ക് വിളിച്ചത്.  അവിടെ മുറിയും ഭക്ഷണവുമെല്ലാം കൊടുത്തു പേപ്പല്‍ വസതിയില്‍ത്തന്നെ താമസിപ്പിച്ചു. തന്നെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെന്നു നില്പില്‍നിന്നു മനസ്സിലാക്കിയാല്‍, താല്പര്യമെടുത്ത് അങ്ങോട്ടുചെന്ന് അവരെ കാണുന്ന വ്യക്തിയാണ്  പാപ്പാ ഫ്രാന്‍സിസ്. ഏഴു ദിവസങ്ങള്‍ കഴിഞ്ഞിട്ടും താന്‍ വിളിച്ചു വരുത്തിയ മെത്രാനെ കാണുവാന്‍ പാപ്പാ കൂട്ടാക്കിയില്ല. ഏട്ടാം ദിവസം അദ്ദേഹം പാപ്പായുമായി കണ്ടുമുട്ടി. സംസാരിച്ചു.

കരുണയോടെ ശ്രവിച്ച പാപ്പാ ഫ്രാന്‍സിസ് 
അതിനുശേഷം പുറത്തുവന്നപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വളഞ്ഞു. എന്നിട്ടു ചോദിച്ചു. പാപ്പാ എന്താണ് താങ്കളോടു പറഞ്ഞത്. ഫ്രാന്‍സ് പീറ്റര്‍ മറുപടി പറഞ്ഞു. പാപ്പാ ഫ്രാന്‍സിസ് എല്ലാം ശ്രദ്ധയോടെ കേട്ടു, കരുണയോടെ കേട്ടു. ഫ്രാന്‍സ് പീറ്റര്‍ ജര്‍മ്മനിയില്‍ ഫ്ളൈറ്റ് ഇറങ്ങി തന്‍റെ രൂപതയില്‍ എത്തിയതും കിട്ടി – സസ്പെന്‍ഷന്‍ ഓര്‍ഡര്‍! രൂപതയില്‍നിന്നും തല്ക്കാലം മാറിനില്ക്കണം. പിന്നെ നാലു മാസങ്ങള്‍ക്കുശേഷം ഡിസ്മിസ്സല്‍! രൂപത വിടുക! പാപ്പാ ഫ്രാന്‍സിസ് ഇതിലൂടെ നമുക്കു നല്കുന്ന സന്ദേശം വളരെ കൃത്യമാണ്. ആ‍ഡംബരം, ആഡംബരം! അത് ക്രിസ്തു ശിഷ്യനെ സംബന്ധിച്ച് പാപമാണ്. Luxury is sin.  ആഡംബരം പാപമാണ്! കാരണം ആഡംബരം സ്വാര്‍ത്ഥതയുടെ അടയാളമാണ്. അതില്‍നിന്നും തിരിഞ്ഞു നടക്കാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. ബിഷപ്പ് ഫ്രാന്‍സി പീറ്റര്‍ സഭ വിട്ടുപോയില്ല. അദ്ദേഹം തിരുത്താന്‍ തയ്യാറായി റോമിലെ ജര്‍മ്മന്‍ സ്ഥാപനത്തില്‍ ഇന്നും ജോലിചെയ്യുന്നുണ്ട്.

നിസ്വാര്‍ത്ഥതയുടെ ആത്മീയത
ദേവാലയത്തിനുള്ളില്‍വച്ച് ക്രിസ്തു വിധവയായ സ്ത്രീയുടെ ചെമ്പുതുട്ടു ചൂണ്ടിക്കാണിച്ചുകൊണ്ടു പറയുന്നത്, ദേ... കൊടുക്കുക, കൊടുക്കുക...! ജീവിതത്തെ വേദനിപ്പിക്കുന്ന വിധത്തില്‍ ഉപജീവനത്തിന് ഉള്ളതില്‍നിന്നുപോലും കൊടുക്കുക എന്നാണ് ഈശോ ഉദ്ബോധിപ്പിക്കുന്നത്. ഉപജീവനത്തിനുള്ളതില്‍നിന്നുപോലും പങ്കുവയ്ക്കുന്ന നിസ്വാര്‍ത്ഥതയുടെ ആത്മീയതയിലേയ്ക്കാണ് ക്രിസ്തു നമ്മെ ഇന്നു വിളിക്കുന്നത്. ഈശോ ഇന്നു നമ്മെ വിളിച്ചിട്ട്,  "ഏതെല്ലാം അരുത്, ഏതു വേണം"  എന്നു കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

ഭൗതികമായ സമ്പത്തിന്‍റെ... ഭൗമികമായ അധികാരത്തിന്‍റെ... ഭൗതികമായ ബഹുമിതകളുടെയും സ്വാര്‍ത്ഥതയുടെയും ആള്‍രൂപമായിരുന്ന നിയമജ്ഞരെ വിമര്‍ശിച്ചിട്ട്, അത് അരുതെന്നു പറഞ്ഞു തരികയും. കൊടുക്കലിന്‍റെയും എളിമയുടെയും മാതൃകയായ വലിയ ദാനശീലം വിധവയായ പാപം സ്ത്രീയിലൂടെ നമുക്കായി ക്രിസ്തു ചൂണ്ടിക്കാട്ടിത്തരുകയും ചെയ്യുന്നു. ഈ ജീവിതയാത്രയില്‍ സമ്പത്തിനോടുള്ള ആര്‍ത്തിയും അധികാരഭ്രമവും വെടിഞ്ഞ്  ആത്മീയതയിലേയ്ക്ക് ഉയരാന്‍ ക്രിസ്തു നമ്മെ വിളിക്കുന്നു, നമ്മോട് ആഹ്വാനംചെയ്യുന്നു. ആത്മനാദരിദ്രരായവര്‍ അനുഗൃഹീതരാകുന്നു! അവര്‍ ഭാഗ്യവാന്മാരാകുന്നു (മത്തായി 5, 3... ലൂക്ക 6, 20).  

ഗാനമാലപിച്ചത്  ശ്രീനിവാസന്‍, രചന ജയന്‍ പള്ളുരുത്തി, സംഗീതം ജര്‍സന്‍ ആന്‍റെണി.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ആണ്ടുവട്ടം 32-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനമാണ്. 

10 November 2018, 16:50