Christ of Brazil Christ of Brazil 

ക്രിസ്തുവില്‍ പ്രതിഫലിക്കുന്ന യാഹ്വേയുടെ സ്വര്‍ഗ്ഗീയരാജത്വം

വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയില്‍ 89-Ɔο സങ്കീര്‍ത്തനപഠനം മൂന്നാം ഭാഗം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 89 ഭാഗം 3 - ശബ്ദരേഖ

ങ്കീര്‍ത്തനം 89-ന്‍റെ വ്യാഖ്യാന പഠനം നാം തുടരുകയാണ്. ഈ നീണ്ട കൃതജ്ഞതാ സങ്കീര്‍ത്തനം ദൈവത്തെ സ്തുതിച്ചു പ്രകീര്‍ത്തിക്കുന്ന മനോഹരമായ ഗീതമാണെന്ന് നാം കണ്ടതാണ്. മനുഷ്യന് ദൈവത്തോടുള്ള അപാരമായ സ്നേഹവും വിശ്വാസവും ഈ സങ്കീര്‍ത്തനം പ്രകടമാക്കുന്നു. എന്നാല്‍ വിശുദ്ധര്‍ക്കും ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാര്‍ക്കും ഒരുപോലെ ദൈവത്തോടുള്ള വാത്സല്യവും വിശ്വസ്തതയും പ്രകടമാക്കുന്നതിനുള്ള ഗീതമായി ചരിത്രത്തില്‍ ഈ സങ്കീര്‍ത്തനം പരിണമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്  പ്രഥമ വാക്യം, ‘കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും’ ലിസ്യൂയിലെ വിശുദ്ധ കൊച്ചുത്രേസ്യാ തന്‍റെ ആപ്തവാക്യമാക്കിയിരുന്നു.

സങ്കീര്‍ത്തനം മൊത്തമായി പരിശോധിക്കുമ്പോള്‍ ഇതൊരു സ്തുതിപ്പാണ്. it is a doxology. ആരാധനക്രമപരമായി സ്തുതിപ്പും ഏറെ ഉചിതമായ നന്ദിപ്രകടനവുമാണ്. ഉടമ്പടിപ്രകാരം ദൈവം ജനത്തോട് കാണിക്കുന്ന അപരിമേയമായ സ്നേഹവും വാത്സല്യവും വരികളില്‍ തിങ്ങിനില്ക്കുന്നു.

ഇസ്രായേലിലെ യൂദയാ ഗോത്രത്തില്‍പ്പെട്ട ജ്ഞാനി, ഏതോ ഒരു പണ്ഡിതന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് രചിച്ചതാണ് ഈ ഗീതമെന്ന് നിരൂപകന്മാര്‍ കണ്ടെത്തിയിരിക്കുന്നു. പഴയനിയമത്തിലെ‍ രാജാക്കന്മാരുടെ ഗ്രന്ഥത്തില്‍നിന്നും അദ്ദേഹത്തിന്‍റെ പേരും നിരൂപകന്മാര്‍ ഉദ്ധരിക്കുന്നുണ്ട് – എഫ്രൈറ്റ് ഗോത്രത്തില്‍പ്പെട്ട ‘ഏതാന്‍’ എന്ന വ്യക്തിയാണതെന്ന് കൃത്യമായി അവര്‍ സ്ഥാപിക്കുന്നുണ്ട് (രാജാക്കന്മാര്‍ 4, 31). അതിനാല്‍ ഈ സങ്കീര്‍ത്തനത്തെ പണ്ഡിതന്മാര്‍ ‘മാസ്ക്കില്‍’ എന്ന പ്രബോധനപരമായ ഹെബ്രായ സാഹിത്യഗണത്തി‍ല്‍ ഉള്‍പ്പെടുത്തുന്നു. അതായത് ഫലത്തില്‍ ഈ സങ്കീര്‍ത്തനത്തിന്‍റെ അടിസ്ഥാന ലക്ഷ്യം ദൈവസ്നേഹത്തെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുക എന്നതാണ്.

ഈ പരമ്പരയിലെ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും.

Psalm 89 musical version 
കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ 
കാരുണ്യം പ്രകീര്‍ത്തിക്കും (2).

സങ്കീര്‍ത്തനത്തിന്‍റെ ആദ്യത്തെ നാലു പദങ്ങളെ, ഒന്നു മുതല്‍ നാലുവരെയുള്ള വരികള്‍ ഘടനയില്‍ ആമുഖമായിട്ടാണ് നിരൂപകന്മാര്‍ പരിഗണിക്കുന്നത്. (1-4) It is an introduction.

Psalm 89 recitation 1-4
1-4 കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ ആധരങ്ങള്‍ തലമുറകളോട് അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്‍ക്കുന്നു.
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.

ആദ്യവരികളില്‍ത്തന്നെ  തന്‍റെ വാഗ്ദാനങ്ങളില്‍ എന്നും വിശ്വസ്തനായ ദൈവത്തോടുള്ള സ്നേഹവും നന്ദിയും ഗായകന്‍ പ്രകടമാക്കുന്നു. മാത്രമല്ല, തനിക്കു ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങളും, തന്നില്‍ വളര്‍ന്നിരിക്കുന്ന യാവേയോടുള്ള വിശ്വസ്തതയുടെയും കൃതജ്ഞതയുടെയും വികാരങ്ങളും തലമുറകളെ അറിയിക്കണം, അവ അവരോട് പ്രഘോഷിക്കണം എന്ന ആഗ്രഹം വെളിപ്പെടുത്തുന്നുണ്ട്. അങ്ങനെ വിശ്വാസപ്രഖ്യാപനമാണ്, അല്ലെങ്കില്‍ പ്രഘോഷണമാണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ നടത്തുന്നതെന്ന് നിരീക്ഷിക്കാവുന്നതാണ്.

Psalm 89 recitation
കര്‍ത്താവ് അരുളിച്ചെയ്തു. എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി
ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി. എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു.
നി‍ന്‍റെ സന്തതിയെ എന്നേയ്ക്കുമായ് ഞാന്‍ ഉറപ്പിക്കും.
നിന്‍റെ സിംഹാസനം തലമുറകളോളം ഞാന്‍ സ്ഥാപിക്കും.

ദൈവത്തിന് തന്‍റെ ജനത്തോടുള്ള പതറാത്ത സ്നേഹമാണ് സങ്കീര്‍ത്തനത്തിന്‍റെ കേന്ദ്രസ്ഥാനത്തെന്ന് അടിവരയിട്ടു പ്രസ്താവിക്കേണ്ടതാണ് (the steadfast love of Yahweh). ആമുഖത്തിന്‍റെ അവസാനഭാഗത്ത് ദൈവം ദാവീദിനോടും ഗോത്രത്തോടും എപ്രകാരം ഉടമ്പടിയുണ്ടാക്കിയെന്നു വിവരിക്കുമ്പോള്‍, അല്ലെങ്കില്‍ അവിടുന്നു തന്‍റെ സിംഹാസനം സ്ഥാപിച്ചുവെന്ന് പ്രസ്താവിക്കുമ്പോള്‍, ഇനിയും തലമുറ തലമുറയായി കര്‍ത്താവിന്‍റെ ഉടമ്പടി ഈ ലോകത്ത് നിലനില്ക്കണം എന്നാണ് സങ്കീര്‍ത്തന പദങ്ങള്‍ വ്യക്തമാക്കുന്നത്.

Psalm 89 musical version
കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും (2).

കര്‍ത്താവരുള്‍ ചെയ്യുന്നു, എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി
ഞാനൊരുടമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു
നിന്‍റെ സന്തതിയെ എന്നേയ്ക്കും ഞാന്‍ ഉറപ്പിക്കും
നിന്‍റെ സിംഹാസനം തലമുറതോറും നിലനില്ക്കും.
- കര്‍ത്താവേ....
 
ഇനി, 89-Ɔο സങ്കീര്‍‍ത്തനത്തിന്‍റെ 5-മുതല്‍ 18-വരെയുളള പദങ്ങളാണ് വ്യാഖ്യാനത്തിന് നാം ഉപയോഗിക്കുന്ന അടുത്ത ഭാഗം. ഇതിനെ പ്രത്യേക ഭാഗമായിത്തന്നെ മാറ്റി നിര്‍ത്താവുന്നതാണ്. കാരണം, ദൈവത്തെ രാജാവായി പ്രഖ്യാപിക്കുന്ന ഒരു ഗീതം തന്നെയാണ് ഈ ഭാഗം. അതുകൊണ്ടു തന്നെയാണ് ഈ സങ്കീര്‍ത്തനം ഇസ്രായേലിലെ രാജാക്കന്മാരുടെ കാലത്ത് രചിക്കപ്പെട്ടതായിരിക്കണമെന്ന് പണ്ഡിതന്മാര്‍ അനുമാനിക്കുന്നത്.

Psalm 89 recitation 5-18
കര്‍ത്താവേ, ആകാശം അങ്ങയുടെ അത്ഭുതങ്ങളെ സ്തുതിക്കട്ടെ.
നീതിന്മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കപ്പെടട്ടെ.
വിശുദ്ധരുടെ സമൂഹം അവിടുത്തെ ഭയപ്പെടുന്നു,
ചുറ്റും നില്‍ക്കുന്നവരെക്കാള്‍ അവിടുന്ന് ഉന്നതനും ഭീതിദനുമാണ്. 

അങ്ങയുടെ അത്ഭുത ചെയ്തികളെ ദൈവമേ, ‘ആകാശം പ്രഘോഷിക്കട്ടെ’ എന്ന് സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുമ്പോള്‍, ആകാശം പ്രഘോഷിക്കട്ടെ’ എന്നതിന്‍റെ  പൊരുള്‍, രക്ഷയുടെ വാഗ്ദാനങ്ങള്‍ ഭൂമുഖത്തിന് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ദാവീദു വംശത്തിന്‍റെ തിരഞ്ഞെടുപ്പ് മാനുഷികമല്ല ദൈവികമാണെന്ന് രചയിതാവ് വാക്കുകളില്‍ സ്ഥാപിക്കുകയാണ്.

Psalm 89 recitation 6-7.
1.കര്‍ത്താവിനു സമനായി സ്വര്‍ഗ്ഗത്തില്‍ ആരുണ്ട്,
കര്‍ത്താവിനോടു സദൃശനായി സ്വര്‍ഗ്ഗവാസികളില്‍‍ മറ്റാരുണ്ട്,
വിശുദ്ധരുടെ സമൂഹം അവിടുത്തെ ഭയപ്പെടുന്നു,
ചുറ്റു നില്‍ക്കുന്നവരെക്കാള്‍ അവിടുന്ന് ഉന്നതനും ഭീതിദനുമാണ്.

അതായത് ഇന്നിന്‍റെ ഭാഷയില്‍ പറയുകയാണെങ്കില്‍ ദാവീദിന്‍റെ ഗോത്രത്തില്‍നിന്നുമുള്ള രക്ഷകന്‍റെ തിരഞ്ഞെടുപ്പിനും വംശീയമായ രക്ഷണീയ പദ്ധതിയിലെ സ്ഥാനത്തിനും അഭൗമമായ പദ്ധതിയും ആത്മീയ ഭാവവും, ലക്ഷൃവും ഉണ്ടെന്നാണ് സ്ഥാപിക്കുന്നത്.   ദൈവത്തിന്‍റെ ശക്തിയും അധികാരവും വ്യക്തമാക്കുന്ന വരികള്‍ ഇനി നമുക്കു  ശ്രവിക്കാം. 

Psalm 89 recitation 8-9.
1. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങു വിശ്വസ്തത ധരിച്ചിരിക്കുന്നു,
അങ്ങയെപ്പോലെ ബലവാനായീ ഭൂമിയില്‍ ആരുണ്ട്?
അങ്ങ് ഇളകിമറിയുന്ന കടലിനെ ഭരിക്കുന്നു,
തിരമാലകള്‍ ഉയരുമ്പോള്‍ അങ്ങ് അവയെ ശാന്തമാക്കുന്നു.

സൈന്യങ്ങളുടെ നാഥനായ കര്‍ത്താവിനെക്കുറിച്ച് വര്‍ണ്ണിക്കുന്നതും ഇസ്രായേലിനെ നയിക്കുന്ന രാജാവായ ദൈവത്തെയും, അവിടുത്തെ സ്വര്‍ഗ്ഗീയ സൈന്യനിരയെയുമാണ് സങ്കീര്‍ത്തകന്‍ ഇവിടെ പ്രതിപാദിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്.

Psalm 89 recitation 10-11.

2.അങ്ങു റാഹാബിനെ ശവശരീരമെന്നപോലെ തകര്‍ത്തു,
കരുത്തുറ്റ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു. ആകാശം അങ്ങയുടേതാണ്,
ഭൂമിയും അങ്ങയുടേതാകുന്നു, ലോകവും അതിലുള്ള സമസ്തവും അങ്ങാണു സ്ഥാപിച്ചത്.

യാഹ്വേയുടെ സ്വര്‍ഗ്ഗീയ ആധിപത്യം യാഥാര്‍ത്ഥ്യമാകുന്നതും വ്യക്തമാകുന്നതും പുതിയ നിയമത്തില്‍ ക്രിസ്തുവിലാണ്. അതിനാല്‍ ദാവീദിനെക്കുറിച്ചും,  ദാവീദു വംശത്തെക്കുറിച്ചും സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും തീര്‍ച്ചയായും അത് ഭൗമിക രാജാവിനെയല്ല, രാജാവും നാഥനുമായ ദൈവത്തെയാണ് സൂചിപ്പിക്കുന്നത് എന്ന കാര്യം പദങ്ങളില്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗീയ രാജനും നാഥനുമായ ദൈവത്തെ  മനുഷ്യാവതാരംചെയ്ത ക്രിസ്തുവില്‍ നമുക്ക് വ്യക്തമായി കാണാം – ലോകരക്ഷകനും നാഥനുമായ ക്രിസ്തു!

അങ്ങനെ ഇന്നത്തെ വ്യാഖ്യാന പഠനത്തില്‍ ദൈവത്തിന്‍റെ രണ്ടു തലത്തിലുള്ള ആധിപത്യമാണ് - ലോകത്തുള്ള ഭൗമികവും സ്വര്‍ഗ്ഗത്തിലെ ആത്മീയവുമായ ആധിപത്യങ്ങള്‍ സങ്കീര്‍ത്തകന്‍ പദങ്ങളില്‍ തെളിയിക്കുന്നതാണ് കാണുന്നത്. അനുദിന ജീവിതത്തില്‍ ഈ വിശ്വാസബോധ്യം, കര്‍ത്താവ് പ്രപഞ്ചനാഥനും, നമ്മുടെ ദൈവോത്മുഖമായ ജീവന്‍റെ, സ്വര്‍ഗ്ഗിയ ജീവന്‍റെ നിയന്താവുമാണെന്ന് ഏറ്റുപറഞ്ഞു ജീവിക്കാന്‍ ഈ ഗീതം പ്രചോദനമാകട്ടെ!

Psalm 89 musical version
കര്‍ത്താവരുള്‍ ചെയ്യുന്നു, എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി
ഞാനൊരുടമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു
നിന്‍റെ സന്തതിയെ എന്നേയ്ക്കും ഞാന്‍ ഉറപ്പിക്കും
നിന്‍റെ സിംഹാസനം തലമുറതോറും നിലനില്ക്കും.
- കര്‍ത്താവേ....

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍  വാര്‍ത്താവിഭാഗത്തിന്‍റെ  വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്.  അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.

രാജാവായ ദൈവത്തിന്‍റെ കാരുണ്യാതിരേകം പ്രകീര്‍ത്തിക്കുന്ന 89-Ɔο സങ്കീര്‍ത്തനത്തിന്‍റെ  19-മുതലുള്ള പദങ്ങളുടെ വ്യാഖ്യാനം ഇനിയും അടുത്തയാഴ്ചയില്‍ - ഭാഗം നാല്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 November 2018, 12:27