തിരയുക

Vatican News
Life in the beaches of Mumbai Life in the beaches of Mumbai 

ക്രിസ്തുവിലേയ്ക്ക് വിരല്‍ചൂണ്ടുന്ന സങ്കീര്‍ത്തനം

സങ്കീര്‍ത്തനം 89-ന്‍റെ പഠനം ആദ്യഭാഗം. ഇതൊരു കൃതജ്ഞതാഗീതമാണ്. ദൈവിക കാരുണ്യത്തെ ഗായകന്‍ നന്ദിയോടെ പ്രകീര്‍ത്തിക്കുന്നു. രമേഷ് മുരളിയും സംഘവും ഈ സങ്കീര്‍ത്തനം മനോഹരമായി ആലപചിച്ചിരിക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 89 ഭാഗം 1 - ശബ്ദരേഖ

രാജാവായ ദൈവത്തിന്‍റെ കാരുണ്യാതിരേകം പ്രകീര്‍ത്തിക്കുന്ന 89-Ɔο സങ്കീര്‍ത്തിനത്തിന്‍റെ പഠനമാണിത്. ആകെ 52 പദങ്ങളുള്ള ഗീതം വിശുദ്ധ ഗ്രന്ഥത്തിലെ സാമാന്യം ദൈര്‍ഘ്യമുള്ള സങ്കീര്‍ത്തനമാണ്. ഇസ്രായേലില്‍ രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് രൂപംകൊണ്ടതാണ് ഇതെന്നുവേണം അനുമാനിക്കുവാന്‍. വ്യക്തിയുടെ സ്തുതിപ്പായി രചിക്കപ്പെട്ടിട്ടുള്ള ഗീതത്തിന് മൂന്നു ഭാഗങ്ങളാണുള്ളതെന്ന് നിരൂപകന്മാര്‍ തരംതരിച്ചു കാണിക്കുന്നുണ്ട്. ആദ്യഭാഗം 1 മുതല്‍ 18-വരെ പദങ്ങള്‍ ദൈവസ്തുതിയാണ്. രണ്ടാമത്തെ ഭാഗം 19-37വരെ വരികള്‍ ദൈവത്തിന്‍റെ അരുളപ്പാടുകളാണ്. മൂന്നാമത്തെ ഭാഗം 38-മുതല്‍ 52-വരെ വാക്യങ്ങള്‍ വിലാപങ്ങളുമാണ്. പദങ്ങളുമായി പരിചയപ്പെട്ടുകൊണ്ട്, സ്തുതിപ്പ്, അരുളപ്പാട്, വിലാപം എന്നിങ്ങനെയുള്ള സങ്കീര്‍ത്തനത്തിന്‍റെ മൂന്നു ഭാഗങ്ങളുടെയും വികാരങ്ങളിലേയ്ക്ക് നമുക്കിന്നു കടക്കാം, അങ്ങനെ
ഈ കൃത‍‍ഞ്ജതാഗീതത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ പരിശ്രമിക്കാം.

ഈ പരമ്പരയില്‍ പഠനവിഷയമാക്കിയിരിക്കുന്ന 89-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും.

Musical Version of  Ps.  89
(1) കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും,   കാരുണ്യം പ്രകീര്‍ത്തിക്കും.

പ്രഭണിതത്തില്‍, അല്ലെങ്കില്‍ ആദ്യപദത്തില്‍തന്നെ സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ സ്നേഹ കാരുണ്യത്തെ സ്തുതിക്കുവാന്‍ ആഗ്രഹിക്കുകയാണ്. തന്‍റെ രക്ഷാകര പ്രവൃത്തികള്‍ വഴിയാണ് ദൈവം ചരിത്രത്തില്‍ തന്‍റെ സ്നേഹ-കാരുണ്യം പ്രകടമാക്കിയത്. ദൈവത്തിന്‍റെ അനന്തമായ സ്നേഹം ഗാനാലാപനത്തിലൂടെ പ്രകീര്‍ത്തിക്കുമെന്നാണ് മൂലത്തില്‍ സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുന്നത്. കര്‍ത്താവ് തന്‍റെ സ്നേഹവും വിശ്വസ്തതയും അഭംഗുരം തുടരുമെന്ന് സങ്കീര്‍ത്തകന്‍ പറഞ്ഞിട്ടുണ്ട്. ആകാശംപോലെ തീര്‍ച്ചയായിട്ടും അതു നിലനില്ക്കും. അതുപോലെ അവിടുന്നു ദാവീദിനോടു കാണിച്ച കാരുണ്യം, അവിടുത്തെ ഉടമ്പടി എല്ലാം അനുസ്മരിക്കുന്നു. ദാവീദിന്‍റെ സിംഹാസനം എന്നും നിലനില്ക്കുമെന്നും ഗീതത്തിന്‍റെ പദങ്ങള്‍ വിവരിക്കുന്നത് നമുക്കു ശ്രദ്ധിക്കാം. ദൈവസ്നേഹം മനുഷ്യരുടെമദ്ധ്യേ വസിച്ചത് ക്രിസ്തുവിലാണ്. അവിടുന്ന് ദാവീദു വംശജനായിരുന്നു എന്നു പറയുമ്പോള്‍ ക്രിസ്തു ഭൂമിയില്‍ തുറക്കുന്ന ദൈവരാജ്യത്തിന്‍റെ ശാശ്വതസ്വഭവാം തിന്നെയാണ് ഈ ഗീതം വിവരിക്കുന്നത്. അങ്ങനെ ക്രിസ്തുവിലേയ്ക്ക് ഈ ഗീതം വിരല്‍ചൂണ്ടുന്നത് ഈ പഠനത്തിന്‍റെ ആരംഭത്തില്‍ത്തന്നെ ശ്രദ്ധിക്കാം.

Verses 1-4
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ എല്ലാ തലമുറകളോടും അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കും.
എന്തെന്നാല്‍ അങ്ങു അരുള്‍ച്ചെയ്തു. എന്‍റെ നന്മ എന്നേയ്ക്കും ഉയര്‍ന്നു നില്ക്കുന്നു,
എന്‍റെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമായ ഉടമ്പടിയുണ്ടാക്കി.
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു.
നിന്‍റെ സന്തതിക്കു എന്നേയ്ക്കുമായി ‍ഞാന്‍ പിന്‍തുടര്‍ച്ച നല്കും.
നിന്‍റെ സിംഹാസനം എല്ലാ തലമുറകളിലും ഞാന്‍ ഉറപ്പിക്കും
കര്‍ത്താവിന്‍റെ സ്നേഹം ശാശ്വതമാണ്.

ഗായകന്‍ ദൈവിക നന്മകളെയും കാരുണ്യത്തെയും സ്തുതിക്കുകയാണ്. സ്തുതി രണ്ടു തലങ്ങളില്‍ നിന്നാണ് നിര്‍ഗ്ഗളിക്കുന്നത്, സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയില്‍നിന്നും. സ്വര്‍ഗ്ഗം കര്‍ത്താവിന്‍റെ അത്ഭുതങ്ങളെ പ്രകീര്‍ത്തിക്കുന്നു. അവിടുത്തെ അത്ഭുത ചെയ്തികളുടെ സ്ഥിരതയും വിശ്വാസ്യതയും പരിശുദ്ധരുടെ സ്തുതിക്കു കാരണമാകുന്നു, എന്ന് പ്രസ്താവിക്കുന്നതാണ് 5-13 വരെയുള്ള പദങ്ങളില്‍ നമുക്ക് വ്യക്തമായി കാണാം.

Musical Version of  Ps.  89 
(1) കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ
കാരുണ്യം പ്രകീര്‍ത്തിക്കും കാരുണ്യം പ്രകീര്‍ത്തിക്കും.
എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി ഞാന്‍ ഒരുടുമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടും ഞാന്‍ ശപഥംചെയ്തു
നിന്‍റെ സന്തതിയെ എന്നയേക്കുമായി ഞാന്‍ ഉറപ്പിക്കും
നിന്‍റെ സിംഹാസനം തലമുറതോറും നിലനിക്കും.
- കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ...

കര്‍ത്താവിന്‍റെ പരിശുദ്ധര്‍ സ്വര്‍ഗ്ഗീയ ശക്തിയാണ്. കര്‍ത്താവിന്‍റെ മഹത്വവും ഔന്നത്യവും അതുല്യമാണ്. അവിടുന്നു ദേവന്‍മാരുടെ രാജാവാണ്. അത്യുന്നതനായ ദൈവം കാര്‍മേഘങ്ങളുടെ ചിറകുകളില്‍ സഞ്ചിരിക്കുന്നു. സത്തയിലും പ്രവര്‍ത്തനത്തിലും അവിടുത്തേയ്ക്കു സമനായി ആരുമില്ല. കര്‍ത്താവല്ലാതെ വേറൊരു ദൈവമില്ല മനുഷ്യര്‍ക്ക്...! വിശുദ്ധരുടെ സമൂഹം അവിടുത്തെ ഭയപ്പെടുന്നു. അലറി ഇരമ്പുന്ന സമുദ്രത്തെ ഭരിക്കുന്നതു കര്‍ത്താവാണ്.

Verses  5-13
a. കര്‍ത്താവിനു സമനായി ആകാശത്ത് ആരുണ്ട്
കര്‍ത്താവിനോടു സദൃശനായി സ്വര്‍ഗ്ഗവാസികളില്‍ ആരുണ്ട്
ഏകദൈവത്തെ വിശുദ്ധരുടെ സമൂഹം ഭയപ്പെടുന്നു.
അവിടുന്നു തന്‍റെ സമീപത്തുള്ളവയെക്കാള്‍ ഉന്നതനും ഭീതിദനുമാണ്.
b. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയെപ്പോലെ ആരുണ്ട്?
അങ്ങയുടെ ശക്തിയും വിശ്വസ്തതയും അങ്ങയുടെ ചുറ്റുമുണ്ട്.
അങ്ങ് ഇളകിമറിയുന്ന കടലിന്‍റെ മേല്‍ ആധിപത്യം പ്രകടമാക്കുന്നു,
കടല്‍ ക്ഷോഭിക്കുമ്പോള്‍ അങ്ങ് അതിനെ ശാന്തമാക്കുന്നു.

പിന്നെ വികൃതവും വിചിത്രവുമായ സാങ്കല്പിക മൃഗമാണ് റാഹാബ്. ഇതിനെ ലെവിയാഥന്‍ എന്നു വിളിക്കാറുണ്ട്. ശത്രുസൈന്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. എല്ലാ ശത്രുക്കളെയും തോല്‍പിച്ച ദൈവം ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥനാണ്. ഉന്നതമായ പര്‍വ്വതങ്ങള്‍ കര്‍ത്താവിന്‍റെ നാമത്തെ സ്തുതിക്കുന്നു. അവ മറ്റു ദേവന്മാരെ അറിയുന്നില്ല. താബോറില്‍ കര്‍ത്താവിനെ ആരാധിച്ചിരുന്നു. കര്‍ത്താവിന്‍റെ സാഹസികമായ ശക്തിയെപ്പറ്റിയാണ് 13-വരെയുള്ള പദങ്ങളില്‍ കാണുന്നത്. അവിടുത്തെ ഭരണത്തിന്‍റെ ശക്തിയും നീതിയും ന്യായവും വ്യക്തമായി ചിത്രീകരിക്കുന്നതു കാണാം.

c. അങ്ങു റാഹാബിനെ നിര്‍ജ്ജീവനാക്കി,
കരുത്തുറ്റ കരംകൊണ്ട് അങ്ങു ശത്രുക്കളെ ചിതറിച്ചു. 
ആകാശം അങ്ങയുടേതാണ്. ഭൂമിയും അങ്ങയുടേതാണ്.
ലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചതാകുന്നു.
 
d. കര്‍ത്താവേ,  വടക്കും തെക്കും അങ്ങു സൃഷ്ടിച്ചു, താബോറും ഹെര്‍മോനും
അങ്ങയുടെ നാമത്തെ സദാ പാടിപ്പുകഴ്ത്തുന്നു.
സാഹസികമായ ശക്തിയുള്ള കരമാണ് അവിടുത്തേത്
അങ്ങയുടെ കരം കരുത്തുറ്റതാണ്,
അങ്ങേ വലതുകരം ഉയര്‍ന്നിരിക്കുന്നു.

പദങ്ങള്‍ സ്തിതിപ്പിന്‍റെ എല്ലാ ലക്ഷണവും വ്യക്തമാക്കുന്നുണ്ട്. സ്തുതിയുടെ ഈ ഭാഗത്ത് ഇസ്രായേലിലേയ്ക്കും അതിന്‍റെ രാജാവിലേയ്ക്കുമാണ് സങ്കീര്‍ത്തകന്‍ തിരിയുന്നത്. കാഹളധ്വനികള്‍ മുഴക്കിക്കൊണ്ടും ഉച്ചത്തില്‍ ആര്‍പ്പു വിളിച്ചുകൊണ്ടുമാണ് ഇസ്രായേല്‍, രാജാവായ കര്‍ത്താവിനെ ആരാധിച്ചിരുന്നത്. ദൈവത്തില്‍‍ നിന്നാണ് സന്തോഷവും ശക്തിയും ബഹുമാനവും ഇസ്രായേല്‍ ആര്‍ജ്ജിക്കുന്നത്, അനുഭവിക്കുന്നത്. അങ്ങയുടെ നന്മകൊണ്ട് ഞങ്ങളുടെ “കൊമ്പ്” ഉയര്‍ത്തപ്പെടുന്നു. കൊമ്പ് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ശക്തിയും ബഹുമാനവുമുള്ള ജീവിതങ്ങളാണ്, ഒരു ജനതയാണ് ഇസ്രായേല്‍ എന്ന് സങ്കീര്‍ത്തകന്‍ സ്ഥാപിക്കുന്നുണ്ട്.. ഇസ്രായേലിന്‍റെ പരിശുദ്ധനായ കര്‍ത്താവിന്‍റെ ശക്തി ലോകം മുഴുവനിലുമുണ്ട് എന്ന കൊമ്പ് എന്ന പ്രയോഗംകൊണ്ട് സങ്കീര്‍ത്തകന്‍ അര്‍ത്ഥമാക്കുകയാണ്.

അങ്ങനെ സങ്കീര്‍ത്തകന്‍ പദങ്ങളിലുടെ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഈ ആദ്യ ഭാഗത്തോടെ നമുക്ക് സങ്കീര്‍ത്തം 89-Ɔο സങ്കീര്‍ത്തന പഠനത്തിന്‍റെ ആദ്യഭാഗം നമുക്കിവിടെ ഉപസംഹരിക്കാം.

Musical Version of Psalm 89: 
(3) കര്‍ത്താവേ, ഞാന്‍ എന്നുമങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും
കാരുണ്യം പ്രകീര്‍ത്തിക്കും  (2)

a. കര്‍ത്താവരുള്‍ ചെയ്യുന്നു എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുമായി
ഞനൊരുടമ്പടിയുണ്ടാക്കി
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു
നിന്‍റെ സന്ത്തിയെ എന്നേയ്ക്കും ഞന്‍ ഉറപ്പിക്കും
നിന്‍റെ സിംഹാസനം തലമുറതോറും നിലനില്‍ക്കും.
b-ജനതകളേ, കേള്‍ക്കുവിന്‍ ഉത്സവഘോഷത്താല്‍
കര്‍ത്താവിനെ സ്തുതിക്കുന്ന നിങ്ങള്‍ എന്നും ഭാഗ്യവാന്മാര്‍,
കര്‍ത്താവേ, അവര്‍ എന്നും അങ്ങയുടെ പ്രകാശത്തില്‍ ചരിക്കുന്നു,
അവരെന്നുമങ്ങേ നാമത്തില്‍ നിത്യം ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ അവരെന്നുമെന്നും പാടിപ്പുകഴ്ത്തും.

c.കര്‍ത്താവരുള്‍ ചെയ്യുന്നു എന്‍റെ പിതാവും ദൈവവും
രക്ഷാശിലയും അവിടുത്തെ ഞാന്‍ എന്‍റെ ആദ്യജാതനെന്നും അത്യുന്നതനെന്നും
എന്‍റെ കാരുണ്യം അവിടുത്തെമേല്‍ എന്നും ഉണ്ടായിരിക്കും
എന്‍റെ ഉടമ്പടി അവിടുത്തോടെന്നും അചഞ്ചലമായിരിക്കും.

നിങ്ങള്‍  ഇതുവരെ  ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ  വചനവീഥി  എന്ന  ബൈബിള്‍  പഠന പരമ്പരയാണ്.  ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.

രാജാവായ ദൈവത്തിന്‍റെ കാരുണ്യം പ്രകീര്‍ത്തിക്കുന്ന  89-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം അടുത്തയാഴ്ചയില്‍ തുടരും.

06 November 2018, 12:28