Vatican News
Reflecting on death Reflecting on death  (ANSA)

മരണത്തെക്കുറിച്ചുള്ള നുറുങ്ങു ചിന്തകള്‍

മനസ്സിലേറ്റുന്ന നമ്മുടെ പ്രിയപ്പെട്ട പരേതാന്മാക്കളുടെ സ്മരണയില്‍ ഈ ചിന്താമലരുകള്‍ സമര്‍പ്പിക്കുന്നു :
ശബ്ദരേഖ - മരണത്തെക്കുറിച്ചുള്ള നുറുങ്ങു ചിന്തകള്‍

കടന്നുപോയ സ്നേഹമുള്ളവരുടെ സ്മരണയില്‍
മരണം ജീവിതാന്ത്യമാണെങ്കിലും, ദൈവികജീവനില്‍ നിലനില്ക്കുന്ന വിടുതലാണത്, ആത്മീയ സ്വാതന്ത്ര്യമാണത്. ആകയാല്‍ അത് ക്രൈസ്തവവീക്ഷണത്തില്‍ രക്ഷയുടെയും സ്വര്‍ഗ്ഗീയ ജീവന്‍റെയും വാതിലാണ്. ഈ വെളിച്ചം കിട്ടുന്നവര്‍ക്ക് മരണത്തെക്കുറിച്ച് ഭീതിയുണ്ടാവില്ല, അവര്‍ അതിനെ സന്തോഷത്തോടും സംതൃപ്തിയോടുംകൂടെ നേരിടും, സ്വീകരിക്കും. ദൈവം തന്ന ഈ ആയുസ്സ് ഹ്രസ്വമെങ്കിലും സുന്ദരമാണ്. അത് ജീവിതാന്ത്യത്തില്‍ സന്തുഷ്ടിയോടെ ദൈവത്തിന് തിരികെ സമര്‍പ്പിക്കാന്‍ നമുക്കു സാധിക്കട്ടെ! ആഗോളസഭ ആചരിച്ചതും, നാം മനസ്സിലേറ്റുന്ന നമ്മുടെ പ്രിയപ്പെട്ടവരായ പരേതാന്മാക്കളുടെ സ്മരണയില്‍ ഈ ചെറുചിന്താമലരുകള്‍ സ്നേഹത്തോടെ സമര്‍പ്പിക്കുന്നു.

മരണത്തെ ജയിച്ചവന്‍ ക്രിസ്തു 
ഏശയ്യാ പ്രവാചകന്‍വഴി കര്‍ത്താവ് ആരുള്‍ചെയ്യുന്നു. ‘നമ്മുടെ വേദനകളാണ് അവിടുന്ന് വഹിച്ചത്, നമ്മുടെ ദുഃഖങ്ങളാണ് അവിടുന്നു ചുമന്നത്. എന്നാല്‍ ദൈവം അവിടുത്തെ ശിക്ഷിക്കുകയും പ്രഹരിക്കുകയും ചെയ്തുവെന്ന് നാം കരുതി. നമ്മുടെ അധിക്രമങ്ങള്‍ക്കുവേണ്ടി അവിടുന്ന് മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ടു. അവിടുത്തെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി. അവിടുത്തെ ക്ഷതങ്ങളാല്‍ നാം സൗഖ്യംപ്രാപിച്ചു.’ ക്ഷതമേല്ക്കണമെന്നത് ദൈവഹിതമായിരുന്നു.

മരണത്തെ ധ്യാനിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ അതിദാരുണമായ പീഡാസഹനത്തിന്‍റെ ദൃശൃങ്ങള്‍ നമ്മുടെ മനോമുകുരത്തില്‍ തെളിയുന്നു. മഹായുദ്ധം ജയിച്ചുവരുന്ന സര്‍വ്വസൈന്ന്യാധിപന്‍ അലറിവിളിച്ച് ക്രിസ്തുവിനെ കുരിശില്‍ തറച്ചത് പാപികളാണെങ്കിലും അതിലെ ദൈവഹിതമറിഞ്ഞ്, ബോധപൂര്‍വ്വം പീഡനത്തിന് വിധേയനായി, സ്വയം മരണത്തിന് ഏല്പിച്ചുകൊടുത്തു. ദൈവത്തിന്‍റെ കരുണയുടെ ആഴമറിഞ്ഞ് മനുഷ്യന്‍ വിശ്വാസിയാകുവാനും, വിശ്വാസംവഴിയുള്ള കൃപയുടെ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുവാനും വേണ്ടിയായിരുന്നു അത്. ആദിപിതാവായ ആദം സാത്താനു കീഴ്പ്പെട്ട് നാശത്തില്‍ നിപതിച്ചുവെങ്കില്‍, ക്രിസ്തു കുരിശുമരണത്തോളം ദൈവത്തിനു കീഴ്പ്പെട്ട്, അവിടുന്ന് പുതിയ ആദമായി മനുഷ്യകുലത്തിന് കര്‍ത്താവായിത്തീര്‍ന്നു. അതുകൊണ്ടു മരണത്തിന്‍റെ മുന്‍പിലും ഞങ്ങള്‍ അങ്ങയോടു ചേര്‍ന്നു നില്ക്കും. കാരണം അവിടുന്ന് മരണത്തിന്‍റെമേല്‍ വിജയംവരിച്ചവനാണ്.

നന്മയുടെ ജീവതം തരുന്ന പ്രത്യാശ 
പ്രിയരായവര്‍ വേര്‍പിരിയുമ്പോഴും പ്രത്യാശയില്ലാത്തവരെപ്പോലെ ഞങ്ങള്‍ കരയുന്നില്ല. അങ്ങു സകല കടങ്ങളും ഇളച്ചു തന്നതുകൊണ്ട് ഞങ്ങള്‍ക്കു രക്ഷയുണ്ട്. അതുകൊണ്ട് കടക്കാരായി ആരും ഇവിടം വിട്ടുപോകുവാന്‍ ഞങ്ങളെ അനുവദിക്കരുതേ...! മാമരത്തില്‍ ഇരുന്നു ചിലയ്ക്കുന്ന പക്ഷിയുടെ സ്വരത്തില്‍പ്പോലും ‘ഇന്നു ഞാന്‍ നാളെ നീ...’എന്നു ഞങ്ങള്‍ കേള്‍ക്കുന്നു. മനുഷന്‍ ഈ ജീവിതത്തില്‍ വെറുംകൈയ്യോടെ പിറന്നുവീണവനാണ്. വെറും കൈയ്യോടെ മടങ്ങിപ്പോകുന്നവനുമാണ്. അസ്ഥിരമായ ലോകത്തില്‍ സ്ഥിരമായവന്‍ അവിടുന്നു മാത്രം, ദൈവം മാത്രം! അങ്ങയോടു കൂടെയും, അങ്ങയ്ക്കുവേണ്ടിയും ജീവിക്കുമ്പോള്‍ ഈ ഭൂമിയിലെ ജീവിതത്തില്‍ ഞങ്ങള്‍ അര്‍ത്ഥംകാണുന്നു, നിത്യത രൂചിക്കുന്നു. അങ്ങ് മനുഷ്യനെ സൃഷ്ടിച്ചാക്കിയത് നിത്യജീവനൊഴുകുന്ന ഏദന്‍ തോട്ടത്തിലായിരുന്നുവല്ലോ. ഏദന്‍ തോട്ടമെന്ന

ആ പറുദീസ, അല്ലെങ്കില്‍ പരിശുദ്ധാത്മാവില്‍ സന്തോഷിക്കുന്ന വിശുദ്ധ ജീവിതം മനുഷ്യനു നഷ്ടപ്പെട്ടത് സാത്താന്‍റെ പാഴ്വാക്ക് വിശ്വസിച്ചുപോയതു കൊണ്ടാണല്ലോ. ‘ഈ പഴം തിന്നാല്‍ നീ ദൈവത്തെപ്പോലെയാകും,’ എന്നയാ പാഴ്വാക്ക്, കത്തിപ്പടരുന്ന തീജ്വാലപോലെ ഇന്നും മനുഷ്യകുലത്തെ ചൂഴ്ന്നു തിളങ്ങിനില്ക്കുന്നു. തീജ്വാലയാല്‍ ആകര്‍ഷിക്കപ്പെട്ട് അതില്‍ എരിഞ്ഞു തീരുന്ന ഈയലുകളെപ്പോലെ നശിക്കുവാന്‍ ദൈവമേ, അങ്ങ് ഞങ്ങളെ അനുവദിക്കരുതേ...

പുതിയനിയമത്തിലെ പുത്രകാമേഷ്ഠി 
ലോകം വച്ചുനീട്ടുന്ന ക്ഷണിക സുഖങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നത്, എത്രയോ മൗഢ്യം?! ദൈവത്തില്‍ മാത്രമാണ് യഥാര്‍ത്ഥ സുഖവും സന്തോഷവും കുടികൊള്ളുന്നത്. അങ്ങയോട് മനസ്സുകൊണ്ടും ഹൃദയംകൊണ്ടും, ശരീരംകൊണ്ടും ആത്മാവുകൊണ്ടും ചേര്‍ന്നു കഴിയുമ്പോള്‍, ആ സുഖം നിത്യമായി ഞങ്ങള്‍ക്കും ലഭിക്കുമല്ലോ. ക്രൂശിച്ചാലും, ക്രൂശില്‍ തറച്ചവരെ കൈവെടിയാതെ സ്നേഹിക്കുന്ന ദൈവമേ! അങ്ങയെ സ്വന്തമാക്കാന്‍ മറ്റുള്ളതെല്ലാം കൈവിടുവാന്‍ ഞങ്ങള്‍ക്ക് വിശ്വാസത്തിന്‍റെ ധൈര്യം നല്കണമേ. അങ്ങയുടെ കുരിശിലെ പരമയാഗം ആദി സര്‍പ്പത്തിന്‍റെ ആധിപത്യം നിരര്‍ത്ഥകമാക്കിയിരിക്കുന്നു. ദൈവരാജ്യത്തില്‍ ധാരാളം മക്കള്‍ പിറവിയെടുക്കാന്‍ പിതാവായ ദൈവത്തിന്‍റെ പുത്രകാമേഷ്ടിയായി ഞങ്ങള്‍ അതിനെ കാണുന്നു.

വിജയശ്രീലാളിതനായി കുരിശില്‍ ജീവന്‍ സമര്‍പ്പിച്ച പ്രിയപുത്രന്‍റെ  മുറിവാര്‍ന്ന തിരുശരീരം മാറോടു ചേര്‍ത്തുവച്ചവള്‍‍, നസ്രത്തിലെ മറിയം പുതിയ നിയമത്തിലെ പുത്രകാമേഷ്ടിയാണ്. നിശ്ചേഷ്ടമാകുന്ന മനുഷ്യദേഹങ്ങള്‍ രൂപാന്തരപ്പെട്ട് തന്‍റെ മകന്‍റെ ഉയിര്‍പ്പില്‍ പങ്കുചേരുമെന്ന്  ആ അമ്മ അറിയുന്നു. അതുകൊണ്ട് വേദനിക്കുമ്പോഴും അമ്മ ദുഃഖിതയല്ല. ഓര്‍ത്തോര്‍ത്തു കരയുന്നില്ല, ആരേയും പഴിക്കുന്നുമില്ല. പിന്നെയോ, ഉത്ഥാനത്തിന്‍റെ മഹത്വം കണ്‍മുന്‍പിലെന്നപോലെ കാണുന്നു. ഈയുള്ളവരും മരിച്ച് മഞ്ചത്തില്‍ ശയിക്കുമ്പോള്‍, അമ്മയുടെ മടിയിലെന്നപോലെ കരുതി, പ്രിയപുത്രന്‍റെ ഉത്ഥാനത്തില്‍ പങ്കുലഭിക്കാന്‍ ഇടയാക്കണമേ, എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. 

രക്ഷയിലേയ്ക്കു നയിക്കുന്ന വിശ്വാസം 
സുവിശേഷകനായ യോഹന്നാന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.  ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ വചനം കേള്‍ക്കുകയും, എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവന് ശിക്ഷാവിധി ഉണ്ടാകുന്നില്ല, പ്രത്യുത അവന്‍ മരണത്തില്‍നിന്ന് ജീവനിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു.’ ജീവന്‍ പിരിഞ്ഞ് ചലനമറ്റ ഭൗതികദേഹം മഞ്ചത്തില്‍ ശയിക്കുമ്പോള്‍, അങ്ങില്‍ വിശ്വസിച്ചവര്‍ നിത്യജീവനില്‍ പ്രവേശിച്ച് ആനന്ദിക്കുകയാണല്ലോ. അവര്‍ ലക്ഷൃംപ്രാപിച്ച് സന്തോഷിക്കുമ്പോള്‍, ഓര്‍ത്തോര്‍ത്ത് കരയാന്‍ ന്യായമില്ല. മരണം സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ജനനമാണെന്നു കാണിച്ചുതന്ന ക്രിസ്തു ഈ ഭൂമിയില്‍ അവതരിച്ച് ഞങ്ങളോടു സംസാരിച്ചതുകൊണ്ടും, സംസാരിച്ചത് ജീവിതംകൊണ്ട് തെളിയിച്ചതുകൊണ്ടുമാണ് ഞങ്ങള്‍ക്കു വിശ്വാസം ലഭിച്ചത്. ഈ വിശ്വാസമാണു ഞങ്ങളെ രക്ഷയിലേയ്ക്ക് നയിക്കുന്നത്.

യോഹന്നാന്‍റെ സുവിശേഷം മൂന്നാം അദ്ധ്യായത്തില്‍ വീണ്ടും വായിക്കുന്നു, ‘അങ്ങില്‍ വിശ്വസിക്കുന്നവരില്‍ ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.’ വിശ്വാസം ജനിപ്പിക്കാന്‍, മനുഷ്യര്‍ക്ക് രക്ഷ നല്കുവാന്‍ ക്രിസ്തു ഇന്നും ഓരോ വ്യക്തിയെയും സമീപിക്കുന്നുണ്ട്. യാക്കോബിന്‍റെ കിണറ്റിന്‍ കരയില്‍ ഒക്കത്ത് നീര്‍ക്കുടവുമായി അലസംനിന്ന ആ പാപിനിയെ രക്ഷിക്കാന്‍ എങ്ങനെയൊക്കെയാണ് അവിടുന്ന് ഇടപെട്ടത് എന്നു നമുക്ക് അറിയാമല്ലോ. സഭയിലൂടെ ക്രിസ്തു ഇന്നും നമ്മുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണല്ലോ, ഞങ്ങളോടൊത്തു ചരിക്കുന്നുവല്ലോ.  
ആ രക്ഷാകര പ്രവര്‍ത്തനത്തിന്‍റെ ഫലം ഞങ്ങളും അനുദിന ജീവിതത്തില്‍ അനുഭവിക്കട്ടെ.

കാരുണ്യം നിത്യതയുടെ മാനദണ്ഡം
സുഖം തേടി അലയുന്ന മനുഷ്യസമൂഹത്തെ ഞങ്ങള്‍ എങ്ങും കാണുന്നു. ഒരുവിഷയത്തില്‍നിന്നും മറ്റൊരു വിഷയത്തിലേയ്ക്ക് ഊന്നി, ഒന്നില്‍നിന്നും മറ്റൊന്നിലേയ്ക്ക് അലഞ്ഞും, പരതിയും നടക്കുന്നവരോട് അങ്ങ് അരുള്‍ചെയ്യുന്നു, ‘ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും, എന്നാല്‍ ഞാന്‍ നല്കുന്ന ജലം കുടിക്കുന്നവന് പിന്നീടൊരിക്കലും ദാഹിക്കില്ല.  ഞാന്‍ നല്കുന്ന ജലം  നിത്യജീവനിലേയ്ക്ക് നിര്‍ഗ്ഗളിക്കുന്ന അരുവിയാകും.’ ക്രിസ്തു നല്കുന്ന ജീവനുള്ള വാക്കുകള്‍ എന്നും നമ്മെ നയിക്കട്ടെ. അത് ജീവിതപാതയില്‍ മാര്‍ഗ്ഗദീപമാകട്ടെ!

‘ഞാനാണ് ജീവന്‍റെ അപ്പം, എന്‍റെ പക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല. എന്‍റെ ശരീരം ഭക്ഷിക്കുകയും, എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയുമില്ല. പിന്നയോ ഞാന്‍മൂലം എന്നേയ്ക്കും അവന്‍ ജീവിക്കും.’ പിതാവ് ആരേയും വിധിക്കുന്നില്ല. വിധി മുഴുവന്‍ അവിടുന്ന് പുത്രനെ ഏല്പിച്ചിരിക്കുന്നു. സ്വന്തം വിധിയാലാണ് ഓരോരുത്തരും വിധിക്കപ്പെടുന്നതെന്ന്, അങ്ങുതന്നെ പറഞ്ഞിരിക്കുന്നു. അങ്ങയുടെ കരുണാമയമായ വിധി ഞങ്ങളുടെമേല്‍ ഉണ്ടാകുവാന്‍ എല്ലാവരോടും ഞങ്ങള്‍ ഈ ജീവിതത്തില്‍ കരുണയോടെ വര്‍ത്തിക്കട്ടെ.

ക്രിസ്തുവില്‍ ലഭിക്കുന്ന പുനര്‍ജനി
യാത്രചോദിക്കാനാവാതെ, ആകസ്മികമായി ഇവിടംവിട്ടു പോകേണ്ടി വന്നാലും, ക്രിസ്തുവില്‍ വസിക്കുന്നവര്‍ മരണത്തെ ജയിച്ചവരാണ്. മരണത്തിന്‍റെ മുന്നില്‍ ഞങ്ങള്‍ പതറുകയില്ല. കാരണം അങ്ങ് മരണത്തിലൂടെ നിത്യതയിലേയ്ക്ക് കടന്നവനും, നിത്യതയില്‍നിന്ന് സമയത്തിലേയ്ക്കു വന്ന് ഞങ്ങളെ പിതാവിങ്കലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നവനുമാണ്. കാലമാകുന്ന പക്ഷി എല്ലാത്തിനു സാക്ഷിയായി സമയത്തിനൊപ്പം പറന്ന് ഇന്നില്‍ ജീവിക്കുന്നവരോടു സംസാരിക്കുന്നു. പെയ്തു തോര്‍ന്ന മഴ മൗലികമായ കണ്ണീര്‍ പ്രവാഹത്തെയല്ലേ സൂചിപ്പിക്കുന്നത്! ‘മരം പെയ്യുമ്പോള്‍’ പിന്നെ ശിഷ്ടഭാഗവും വീണുതീരും. നിത്യതയിലേയ്ക്കുള്ള യാത്രയയപ്പോടെ എല്ലാ കണ്ണുകളും തോര്‍ന്ന് തിളങ്ങും. സ്നേഹിച്ചവരുടെ ഓര്‍മ്മകളുടെ സ്ക്രീനില്‍ പുതിയ പടങ്ങള്‍ തെളിയും. അങ്ങയുടെ വാക്കുകളില്‍ ഞങ്ങള്‍ ആശ്വാസം കണ്ടെത്തുന്നു.

ക്രിസ്തു പറഞ്ഞു, ‘ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വന്നിരിക്കുന്നത് എന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുവാനല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടം നിറവേറ്റാനാണ്.  അവിടുന്ന് എനിക്കു നല്കിയ ഒരുവനെപ്പോലും നഷ്ടപ്പെടുത്താതെ അന്ത്യദിനത്തില്‍ ഉയര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്‍റെ ഇഷ്ടം.’  ‘നിദ്രപ്രാപിച്ച എല്ലാവരെയുംപോലെ ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍പ്പിക്കപ്പെട്ടു. ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ, ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും.’

ഉത്ഥാനവിജയത്തിന്‍റെ രഥഘോഷം 
‘മരണമേ, നിന്‍റെ ദംശനമെവിടെ? മരണമേ, നിന്‍റെ വിജയമെവിടെ? മരണത്തെ ഇതാ, ജീവന്‍ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. അക്ഷയം, ലഘുത്വം, സൂക്ഷ്മത എന്നീ ഗുണങ്ങളുള്ള ശരീരത്തോടെ ക്രിസ്തുവില്‍ ആയിരിക്കുന്നവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ആകയാല്‍ സഹോദരരേ, ജഡീക പ്രവണതകള്‍ക്ക് അനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല,  എന്നാല്‍ ജഡത്തിന്‍റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നുവെങ്കില്‍ നിങ്ങള്‍ ജീവിക്കും. നാം ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളുമാണ്. എന്തെന്നാല്‍ അവിടുത്തോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവിടുത്തോടൊപ്പം ഞങ്ങളും പീഡയനുഭവിക്കുന്നു,’ ജീവിതക്കുരിശുകള്‍ വഹിക്കുന്നു.

കല്ലറയുടെ മുദ്രഭേദിച്ച് ഉയര്‍ത്തുവന്നവനാണ് ലോകരക്ഷകനായ ക്രിസ്തു. അവിടുത്തെ കൃപയാല്‍ ഈ ജഡതയുടെ മുദ്ര ഭേദിച്ച് ജീവിതാന്ത്യത്തില്‍ ഞങ്ങളെല്ലാവരും അങ്ങയോടു ചേരും. തിന്മയ്ക്കും പാപത്തിനും എതിരെയുള്ള ജൈത്രയാത്രയുടെ രഥഘോഷത്തില്‍ ക്രിസ്തുവിന്‍റെ ഉത്ഥാനമഹത്വം ഈ ജീവിതത്തില്‍ മനുഷ്യകുലം മുഴുവന്‍ നന്ദിയോടെ ആര്‍ത്തു പാടട്ടെ!!

ഈ ചിന്താമലരുകളുടെ ഗാനത്തിനും ധ്യാനത്തിനും ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍ വി.സി.-യോട് ഏറെ കടപ്പാ‌ടുണ്ട്. അദ്ദേഹത്തിന് സ്നേഹപൂര്‍വ്വം നന്ദിയര്‍പ്പിക്കുന്നു.

അവതരണം -  ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും

11 November 2018, 14:56