Cerca

Vatican News
LEBANON SYRIA CONFLICT REFUGEES ലബനോണില്‍ അഭയാര്‍ത്ഥികളായ കുറെ കുട്ടികള്‍  (ANSA)

ദൈവിക സാമീപ്യത്തിന്‍റെ നവീനതയാണ് മനുഷ്യസ്നേഹം

ആണ്ടുവട്ടം 31-‍Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം - വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 12, 28-34..., സംഖ്യ 6, 2-6..., ഹെബ്രായര്‍ 7, 23-28.
ആണ്ടുവട്ടും 31-‍Ɔο വാരം - സുവിശേഷവിചിന്തനം - ശബ്ദരേഖ

സ്നേഹസമര്‍പ്പണത്തിലെ ജീവിതവിശുദ്ധി
കലവിശുദ്ധരുടെയും സകല പരേതാത്മാക്കളുടെയും അനുസ്മരണം നാം കൊണ്ടാടിക്കഴിഞ്ഞതേയുള്ളൂ. അന്നേദിവസം ഒരു ഫോണ്‍ സംഭാഷണത്തില്‍ എന്‍റെ മൂത്തസഹോദരിയെ അഭിവാദ്യംചെയ്യുകായിരുന്നു. അദ്ദേഹം പറഞ്ഞത് നമ്മുടെ മാതാപിതാക്കളോട്, മരിച്ചുപോയവരോട് എന്നും പ്രാര്‍ത്ഥിക്കാറുണ്ട്, തനിക്ക് അതിന്‍റെ ഫലം ലഭിക്കുന്നു എന്നുമാണ്.

തങ്ങളില്‍ത്തന്നെ ജീവിതവിജയം കണ്ടെത്തിയവരാണ് വിശുദ്ധാത്മാക്കള്‍. തങ്ങളുടെ വ്യക്തിജീവിതങ്ങളിലെ സ്വാര്‍ത്ഥമോഹങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ത്ത് ജീവിതങ്ങള്‍ ദൈവത്തെപ്രതി സഹോദരങ്ങള്‍ക്കായി സമര്‍പ്പിച്ചവരാണ് നമുക്കുമുന്നേ കടന്നുപോയവര്‍.  അങ്ങനെയുള്ളൊരു വീക്ഷണത്തില്‍ വലിയ അത്ഭുതപ്രവര്‍ത്തകരും പ്രശസ്തരുമായ വിശുദ്ധാത്മാക്കള്‍ മാത്രമല്ല. തങ്ങളുടെ എളിയ ജീവിതപരിസരങ്ങളില്‍ ജീവിതം വിശ്വസ്തതയോടെ സമര്‍പ്പിച്ച്, കുടുംബത്തിലും സമൂഹത്തിലും ചുറ്റുമുള്ളവര്‍ക്ക് നന്മചെയ്തുകൊണ്ട് സ്നേഹത്തിന്‍റെ വഴിയെ ചരിച്ചവരാണ് വിശുദ്ധാത്മാക്കള്‍. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍, ക്രിസ്തുവിനെപ്പോലെ, ക്രിസ്തു പഠിപ്പിച്ചതനുസരിച്ച് ജീവിതയാത്രചെയ്ത്  മണ്‍മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരങ്ങളും സ്നേഹിതരും അഭ്യുദയകാംക്ഷികളുമൊക്കെ വിശുദ്ധാത്മാക്കളാണ്.

ആവശ്യത്തിലായിരിക്കുന്നവരുടെ  അയല്‍ക്കാരാകാം
അവരുടെ ജീവിതം കുരിശുകളായിരുന്നു. എന്നിട്ടും അവര്‍ അത് ത്യാഗത്തോടും സന്തോഷത്തോടും കൂടി വഹിച്ചു. അതിനാല്‍ കുരിശില്‍ ദൃഷ്ടിപതിക്കുക. കുരിശില്‍നിന്നു തുടങ്ങിയാല്‍ മനസ്സിലാകും, എന്‍റെ പാപാവസ്ഥയിലും ആത്മീയ മരണത്തിലും ദൈവമായ ക്രിസ്തു എന്‍റെ അയല്‍ക്കാരനായി. എല്ലാറ്റിന്‍റെയും തുടക്കം ദൈവം മനുഷ്യന്‍റെ അയല്‍ക്കാരനാകുന്ന സാമീപ്യത്തില്‍നിന്നുമാണ്. അതിനാല്‍ നമ്മെ സ്നേഹിച്ച ദൈവത്തെപ്രതി നമുക്കും സഹോദരങ്ങള്‍ക്കും, വിശിഷ്യ ആവശ്യത്തിലായിരിക്കുന്നവര്‍ക്ക് അയല്‍ക്കാരാകാം.

സമുന്നതമായ കല്പന – അയല്‍ക്കാരനാകുക!
സുപ്രധാനമായ കല്പന ഏതാണെന്ന ചോദ്യത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. സത്യസന്ധമായ ചോദ്യമാണിത്. ക്രിസ്തു ഉടനെ പ്രതിവചിച്ചു. ഇതാണ് ഒന്നാമത്തെ കല്പന. നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏകദൈവം. നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും പുര്‍ണ്ണമനസ്സോടും, പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുക. ഇന്നത്തെ പ്രതിവചന സങ്കീര്‍ത്തനം ഈ ആശയത്തിന്‍റെ തനിയാവര്‍ത്തനമാണ്. ഞാന്‍ കര്‍ത്താവിനെ സര്‍വ്വശക്തിയോടെ സ്നേഹിക്കും, കാരണം അവിടുന്ന് എന്‍റെ പാറയും കോട്ടയും, അഭയകേന്ദ്രവും എന്‍റെ പരിചയുമാണ് (സങ്കീര്‍ത്തനം 17).  ക്രിസ്തു അവിടെ നില്കുന്നില്ല, നിര്‍ത്തുന്നില്ല, ദൈവസ്നേഹത്തെ യാഥാര്‍ത്ഥ്യമാക്കാന്‍, കാണപ്പെടുന്ന സഹോദരങ്ങളെയും സ്നേഹിക്കണമെന്ന രണ്ടാമത്തെ കല്പന ഒരു പൂരകമായി അവിടുന്നു നല്കുന്നു. “നിന്നെപ്പോലെതന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക” (മര്‍ക്കോസ് 12, 32). അപ്പോള്‍ നിങ്ങള്‍ ദൈവരാജ്യത്തില്‍നിന്നും വിദൂരത്തല്ല. ക്രിസ്തു തന്‍റെതന്നെ ദൈവരാജ്യസാന്നിദ്ധ്യത്തെയും സാമീപ്യത്തെയും കുറിച്ചായിരുന്നിരിക്കണം പരാമര്‍ശിച്ചത്.

സ്നേഹം നിയമത്തിന്‍റെ പൂര്‍ത്തീകരണം
ഇന്നത്തെ ആദ്യവായന സംഖ്യാപുസ്തകം, ശ്രേഷ്ഠമായ നിയമത്തെക്കുറിച്ചാണ്, ഇസ്രായേലിലെ നിയമപാലനത്തെക്കുറിച്ചാണ് പറയുന്നത്. കല്പനകള്‍ക്കനുസൃതമായി കര്‍ത്താവിനെ ഭയന്നു ജീവിക്കുന്നതാണ് വിശ്വാസം. അതുവഴി ഇസ്രായേല്‍ ദൈവിക ഉടമ്പടിയുടെ പൂര്‍ത്തീകരണമായ വാഗ്ദത്ത ഭൂമിയില്‍ എത്തിച്ചേരുമെന്ന് സംഖ്യാപുസ്തകം ഉറപ്പുനല്കുന്നു (സംഖ്യ 6, 2-6). പഴയനിയമത്തില്‍ നിയമത്തിന്‍റെ പൂര്‍ത്തീകരണം ഉടമ്പടിയാണ്. എന്നാല്‍ ക്രിസ്തുവിനെ സംബന്ധിച്ച് നിയമത്തിന്‍റെ പൂര്‍ത്തീകരണം സനേഹമാണ്. ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്നെങ്കില്‍, അത് അനുദിന ജീവിതത്തില്‍ മനുഷ്യസ്നേഹമായി പകര്‍ത്തമെന്നാണ് ക്രിസ്തു സ്ഥാപിക്കുന്നത്. ഇങ്ങനെയൊരു സമാന്തര സാഹചര്യത്തിലാണ്, അയല്‍ക്കാരന്‍ ആരാണെന്ന് ക്രിസ്തു ഒരു കഥയിലൂടെ വ്യക്തമാക്കിത്തന്നത് - നല്ല സമറിയക്കാരന്‍റെ കഥ (ലൂക്ക 10, 25-37).

ഹെബ്രായരുടെ ലേഖനം ക്രിസ്തുവിന്‍റെ നിലപാടു സ്ഥിരീകരിക്കുന്നു. ലേഖകന്‍, പഴയതും പുതിയതും തമ്മില്‍ താരതമ്യപ്പെടുത്തുന്നു, ഒത്തുനോക്കുന്നു. പഴയ നിയമത്തില്‍ ശ്രേഷ്ഠമായ ബലിയര്‍പ്പിക്കാനും ദൈവസന്നിധിയില്‍ നില്ക്കാനും പുരോഹിതന്മാരെ ഇസ്രായേല്‍ നിയമിച്ചിരുന്നു. അവര്‍ കാലാകാലങ്ങളില്‍ വരികയും പോവുകയുംചെയ്തിരുന്ന തന്ത്രികളാണ്. എന്നാല്‍ ക്രിസ്തു അതുപോലല്ല, അവിടുന്നു മനുഷ്യര്‍ക്ക് മദ്ധ്യസ്ഥനായ നിത്യപുരോഹിതനാണ്. സ്വയാര്‍പ്പണത്തിലൂടെ മാനവകുലത്തെ ദൈവസന്നിധിയിലേയ്ക്ക് ആനയിച്ച നിത്യപുരോഹിതന്‍, ഏകപുരോഹിതനാണ് അവിടുന്ന്. അവിടുന്ന് വഴിയും സത്യവും ജീവനുമാണ് (യോഹ. 14, 6). പാപം ഒരിക്കലും അവിടുത്തെ സ്പര്‍ശിച്ചില്ല. അവിടുന്നു കളങ്കമറ്റ കുഞ്ഞാ‍ടാണ്. സ്വയാര്‍പ്പണത്തിലൂടെ സകല നിയമങ്ങളുടേയും പൂര്‍ത്തീകരണമായവനാണ്. അങ്ങനെ നിത്യം പുരോഹിതനായിരിക്കെ, സകല നിയമങ്ങളുടെയും പൂര്‍ത്തീകരണം സ്നേഹവും സ്നേഹസമര്‍പ്പണവുമാണെന്ന് മാനവകുലത്തെ തന്‍റെ ജീവിതംകൊണ്ടു ക്രിസ്തു പഠിപ്പിക്കുന്നു. (ഹെബ്രായര്‍ 7, 23-28).

ജീവിക്കേണ്ട വിശ്വാസം
ഏക ദൈവത്തിലുള്ള വിശ്വാസം വാക്കിലല്ല, പ്രവൃത്തിയില്‍, സഹോദരസ്നേഹായി യാഥാര്‍ത്ഥ്യമാക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നാം ദൈവത്തെ മറന്നു ജീവിക്കാറുണ്ട്, സഹോദരങ്ങളെയും മറന്നു മുന്നോട്ടു പോവുകയും, തല്‍സ്ഥാനത്ത് സ്വാര്‍ത്ഥതാല്പര്യങ്ങളുടെ ബിംബങ്ങള്‍ കെട്ടിപ്പടുക്കാറുമുണ്ട്. അങ്ങനെ മെല്ലെ നാം ദൈവത്തെ മറന്ന് മാനുഷികമായ വ്യര്‍ത്ഥമോഹങ്ങളില്‍ മുഴുകുന്നു. ദൈവരാജ്യത്തിലേയ്ക്കുള്ള വഴിയില്‍ സ്വാര്‍ത്ഥമോഹത്തിന്‍റെ കുഴിച്ചിട്ട നിധികള്‍ കൈക്കലാക്കാനുള്ള വ്യഗ്രതയില്‍ നാം തപ്പിത്തടഞ്ഞ്, വഴിതെറ്റിപ്പോകുന്നു. അതിനാല്‍ ദൈവരാജ്യത്തിന്‍റെ പാതയില്‍ ചരിക്കണമെങ്കില്‍, നാം അണിഞ്ഞിട്ടുള്ള സ്വാര്‍ത്ഥവിഗ്രങ്ങളുടെ മുഖംമൂടി എടുത്തുമാറ്റേണ്ടിയിരിക്കുന്നു. ദൈവികപാത സഹോദര സ്നേഹത്തിന്‍റേതാണ്. അത് വിശ്വസ്തതയുടെ വഴിയും, ത്യാഗസമര്‍പ്പണത്തിന്‍റെ വഴിയുമാണ്... സ്വയാര്‍പ്പണത്തിന്‍റേതാണ്. വ്യക്തികള്‍ കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും ജീവിതാദര്‍ശങ്ങള്‍ക്കുവേണ്ടിയും സ്വയാര്‍പ്പണം ചെയ്യുന്ന സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും കുരിശിന്‍റെ വഴിയാണിത്. അതില്‍ സ്നേഹമുണ്ട്, ജീവനുണ്ട്, അവസാനം ക്രിസ്തുവിന്‍റേതുപോലെ വിജയമുണ്ട്.

വിശ്വാസത്തിന്‍റെ കാതല്‍ സ്നേഹമാവണം
വിശ്വാസം പ്രബോധനമല്ല, ജീവിതമാണ്!  ജീവിതത്തിലും ജീവിതസാഹചര്യങ്ങളിലുമാണ് വിശ്വാസം വളരുന്നതും ഫലമണിയുന്നതും. വിശ്വാസം തത്വസംഹിതകളെ മാത്രം സംബന്ധിക്കുന്നതാകുമ്പോള്‍ അത് ബൗദ്ധികമായി മാറുന്നു. അങ്ങനെ ഹൃദയത്തെ സ്പര്‍ശിക്കാതെയും പോകുന്നു. വിശ്വാസം കുറെ പ്രവര്‍ത്തനങ്ങള്‍ മാത്രമായാലും അത്, വെറും സദാചാരപരമായ സാമൂഹ്യസേവനമായി പരിണമിക്കും. വിശ്വാസം ജീവിതമാണ് - അത് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്തു രൂപാന്തരപ്പെടുത്തിയ ദൈവസ്നേഹം ജീവിക്കുന്നതാണ്. അതിനാല്‍ പ്രമാണത്തിനും കര്‍മ്മോന്മുഖതയ്ക്കും തമ്മില്‍ താരതമ്യമില്ല. ദൈവത്തിന്‍റെ പദ്ധതികള്‍ അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ടും, പരസ്പരം തുണച്ച് കൂട്ടായ്മയില്‍ ജീവിച്ചുകൊണ്ടും, സഹോദരങ്ങളുടെകൂടെ നടന്നുകൊണ്ടും ദൈവികമായി നിവര്‍ത്തിതമാക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവമക്കള്‍. അതിനാല്‍ വിശ്വാസപ്രഘോഷണത്തിന്‍റെ കാതലായ രഹസ്യമാണ് സഹോദര സ്നേഹമെന്നതില്‍ രണ്ടാംതരമില്ല.

സ്നേഹം ദൈവികസാമീപ്യത്തിന്‍റെ നവീനത
അയല്‍ക്കാരനെ സ്നേഹിക്കുക എന്നു പറയുന്നത് നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തില്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ നവീനത അനുഭവവേദ്യമാക്കുക എന്നാണ്. ക്രൈസ്തവരായ നാം സഹോദരങ്ങള്‍ക്ക് അയല്‍ക്കാരാകുന്നുണ്ടോ എന്നു നാം ഇന്നാളില്‍ സ്വയം ചോദിക്കേണ്ടതാണ്. അതിന് നാം നമ്മുടെ ചുറ്റുവട്ടങ്ങള്‍ വിട്ടിറങ്ങുകയും, ദൈവം ആര്‍ദ്രമായി നമ്മെ അന്വേഷിച്ചിറങ്ങുന്നതുപോലെ നമ്മില്‍പ്പെടാത്ത ഒരുവനെയും ഒരുവളെയും, എളിയവരെയും പാവങ്ങളെയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പരിത്യക്തരെയും ആശ്ലേഷിക്കേണ്ടിയിരിക്കുന്നു, ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.  പലപ്പോഴും നമുക്കുണ്ടാകുന്ന പ്രലോഭനം സ്വാഭാവികമാണ്, അതായത് കൈയ്യൊഴിയുക അല്ലെങ്കില്‍ ഊരിപ്പോവുക! തടിതപ്പുക!! ആബേലിനോടു കായേനും, യേശുവിനോടു പീലാത്തോസും ചെയ്തത് ഇതുതന്നെയാണ്. അവര്‍ കൈകഴുകി, കൈയ്യൊഴിഞ്ഞു. എന്നാല്‍ മറിച്ചാണു നാം ചെയ്യേണ്ടത് സഹോദരങ്ങള്‍ക്കുവേണ്ടി കൈയ്യഴുക്കാക്കാനും, ത്യാഗത്തില്‍ ജീവിതങ്ങള്‍ സമര്‍പ്പിക്കാനും സന്നദ്ധരാവണം.

ക്രൈസ്തവജീവിതം സ്നേഹത്തിന്‍റെ വെല്ലുവിളി
ദൈവം നമ്മോട് ആവശ്യപ്പെടുന്നത് സമ്പൂര്‍ണ്ണസമര്‍പ്പണമാണ്. നാം സൃഷ്ടിക്കപ്പെട്ടത് ആത്മീയ സന്തോഷത്തിന്‍റെ ജീവിതവഴി, ക്രിസ്തു കാട്ടിത്തന്ന സഹോദര സ്നേഹത്തിന്‍റെ വഴി തിരഞ്ഞെടുക്കാനാണ്. (Guadete et Exultate 1). അങ്ങനെ ക്രൈസ്തവജീവിതം നമ്മെ വെല്ലുവിളിക്കുന്നു. വിശുദ്ധിക്കായുള്ള സമ്പൂര്‍ണ്ണ പാതയിലേയ്ക്കാണ് ആ വെല്ലുവിളി. കുറെ ഇതും, പിന്നെ അതും എന്നല്ല. വിനയവും, കരുണയും, എളിമയും വിശുദ്ധിയുമുള്ള ദൈവം തന്നെയായ ക്രിസ്തുവിനെയാണ് നാം തിര‍ഞ്ഞെടുത്തത്. അതിനാല്‍ ഭൂമിയെക്കാള്‍ സ്വര്‍ഗ്ഗത്തെ നാം ആര്‍ദ്രമായി സ്നേഹിക്കുന്നു. പിന്നെ ആ സ്നേഹം സഹോദര സ്നേഹമായി അനുദിന ജീവിതത്തില്‍ നാം പകര്‍ത്തേണ്ടിയിരിക്കുന്നു.

ഗാനമാലപിച്ചത് ബിജു നാരായണനും സംഘവും, രചന ജോസി പത്മനാഭന്‍, സംഗീതം ചെല്ലപ്പന്‍ മനക്കില്‍ ഗോതുരുത്ത്.

 

03 November 2018, 16:33