തിരയുക

Vatican News
Pietà with new light settings illumine the masterpiece of Michaelangelo Pietà with new light settings illumine the masterpiece of Michaelangelo  (©foxnavy - stock.adobe.com)

‘പിയെത്താ’യുടെ കാലാതീതമായ സൗന്ദര്യം

മൈക്കിളാഞ്ചലോയുടെ ‘പിയെത്താ’ ശില്പത്തിന്‍റെ മുന്നില്‍നിന്നു കുറെ ധ്യാനചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കാരുണ്യത്തിന്‍റെ വെണ്ണിലാശില്പം 
വിശ്വത്തര കലാകാരനായ മൈക്കിളാഞ്ചലോയുടെ അപൂര്‍വ്വ സൃഷ്ടിയാണ് പിയെത്താ. ലത്തീന്‍ ഭാഷയില്‍ പിയെത്താ എന്ന വാക്കിന് ഭക്തിയെന്നും സ്നേഹമെന്നും കരുണയെന്നും അര്‍ത്ഥമുണ്ട് (Pietas- pietatis).  കാല്‍വരിയിലെ കുരിശിന്‍ ചുവട്ടില്‍ മറിയം ക്രിസ്തുവിന്‍റെ മൃതദേഹം മടിയില്‍ കിടത്തിയിരിക്കുന്ന 6 അടി ഉയരവും താഴെ ആധാരഭാഗത്ത് 7 അടി വലുപ്പവും 3 ടണ്ണിലേറെ ഭാരവുമുള്ള തൂവെള്ള  മാര്‍ബിള്‍ പ്രതിമയാണിത്. കാലാതീതമായ സൗന്ദര്യവും നൈസര്‍ഗ്ഗികതയുംകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന ഈ ശില്പം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കയറിച്ചെല്ലുമ്പോള്‍ വലതു ഭാഗത്ത് ആദ്യംകാണുന്ന വിശുദ്ധ സെബസ്ത്യാനോസിന്‍റെ ചെറിയ അള്‍ത്തരയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്നു.

കലാകാരന്‍ കൈയ്യൊപ്പിട്ട ഏകസൃഷ്ടി
മറിയത്തിന്‍റെ ശിരസ്സുമുതല്‍ താഴേയ്ക്ക് ഒരു സമപാര്‍ശ്വ തൃകോണ ഗണിതകം മൈക്കളാഞ്ചലോ തന്‍റെ സൃഷ്ടിയില്‍ ഒളിച്ചുവച്ചിരിക്കുന്നത്, പിന്നീട് ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തി. നിരവധി വിശ്വത്തര ശില്പങ്ങളും എണ്ണഛായ ചിത്രങ്ങളും തീര്‍ത്തിട്ടുള്ള മൈക്കിളാഞ്ചലോ കൈയ്യൊപ്പുവച്ചിട്ടുള്ള ഏകസൃഷ്ടിയും പിയെത്തായാണ്. മറിയത്തിന്‍റെ മാറിലൂടെ ഒഴുകിക്കിടക്കുന്ന ഒരു നാടയില്‍, ‘ഫ്ലോറന്‍സുകാരനായ മൈക്കിളാഞ്ചലോ ബോനരേത്തൂസിനാല്‍ പണിതീര്‍ക്കപ്പെട്ടതാണിത്’ (Michaelangelus Bonarotus Florentinus faciebat) എന്ന് ലത്തീന്‍ ഭാഷയില്‍ കൊത്തിച്ചേര്‍ത്തിരിക്കുന്നത് സൂക്ഷ്മദൃഷ്ട്യ മാത്രമേ ദൃശ്യമാവുകയുള്ളൂ. തന്‍റെ ശില്പം മറ്റൊരു കലാകാരന്‍റെ പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങിയതിന്‍റെ മനോവേദനയില്‍ അമര്‍ഷത്തോടെ ഒരു രാത്രിയില്‍ മൈക്കിളാഞ്ചലോ  കൈയ്യൊപ്പ് കൊത്തിച്ചേര്‍ത്തതാണെന്ന് സമകാലീനര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പൂര്‍ണ്ണതയുള്ള സൃഷ്ടി
1498-ലാണ് മൈക്കിളാഞ്ചലോ പിയെത്തായുടെ പണിതീര്‍ത്തതെന്ന് വത്തിക്കാന്‍റെ രേഖകള്‍ സാക്ഷൃപ്പെടുത്തുന്നു. മൈക്കിളാഞ്ചലോയുടെ സൃഷ്ടികളില്‍ ഏറ്റവും പൂര്‍ണ്ണതയുള്ളതെന്ന് കലാലോകം ഇന്നും വിലയിരുത്തുന്നത് പിയെത്തായാണ്. 33 വയസ്സ് പ്രായമായ മകനെ ഒരമ്മ മടിയില്‍ കിടത്തുമ്പോഴുള്ള ശരീരശാസ്ത്രത്തിന്‍റെ എല്ലാ അനുപാതങ്ങളും തെറ്റിച്ചാണ് കലാകരന്‍ ഈ വെണ്ണിലാശില്പം സൃഷ്ടി നടത്തിയിരിക്കുന്നതെന്ന് വിമര്‍ശകര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ മനുഷ്യനേത്രങ്ങളെ അമ്പരപ്പിക്കുന്ന ചിത്രസംയോജനത്തിന്‍റെ പൂര്‍ണ്ണതയും വിശദാംശങ്ങളും ശില്പത്തില്‍ തെളിഞ്ഞു നില്ക്കുന്നു. പൂര്‍ണ്ണകായനായ ക്രിസ്തുവിന്‍റെ മൃതദേഹത്തെ താങ്ങുമാറ് മറിയത്തിന്‍റെ മേലങ്കി ചിട്ടയുള്ള ചുരുളുകളും വടിവുകളുംകൊണ്ട് വിസ്തരിച്ച്, താഴെ ഗോല്‍ഗോത്തയിലെ പാറയിലേയ്ക്ക് ശില്പി ലയിപ്പിച്ചിരിക്കുന്നു. ക്രിസ്തുവിന്‍റെ നഗ്നമായ മൃതദേഹത്തിലെ സ്പന്ദനം നിലച്ച രക്തധമനികളും ഞരമ്പുകളും മൈക്കളാഞ്ചലോ യാഥാര്‍ത്ഥ്യത്തോടു സമാനമായി മാര്‍ബിളില്‍ കോറിയിരിക്കുന്നു.

അമ്മയിലെ കൃപയുടെ നിറവും യൗവ്വനഭാവവും
ജീവിത വിശുദ്ധിയുടെ നിത്യനൈര്‍മ്മല്യം മറിയത്തിന്‍റെ മുഖത്ത് യൗവ്വനഭാവമായി കലാകാരന്‍ ബോധപൂര്‍വ്വം പ്രതിഫലിപ്പിച്ചിരിക്കുന്നു. മറിയത്തിലുള്ള കൃപാവരത്തിന്‍റെ നിറവും ഈ യൗവ്വനഭാവത്തില്‍ കലാകാരന്‍ ദര്‍ശിച്ചിരിക്കണം. കാണികള്‍ മൃതനായ ക്രിസ്തുവിനെ അമ്മയുടെ മടിയില്‍ക്കാണുമ്പോള്‍, മൈക്കിളാഞ്ചലോ കണ്ടത് ആ അമ്മ പോറ്റിവളര്‍ത്തിയ ഏക ഓമന പുത്രനെയാണ്. അമ്മയുടെ മുഖതാവില്‍ ദുഃഖമല്ല,  ശില്പത്തിന്‍റെ നാമം, പിയെത്താ (pietà) സൂചിപ്പിക്കുന്നതുപോലെ, വാത്സല്യവും ഭക്തിയുമാണ്.

പിതൃഹിതത്തിന്‍റെ പൂര്‍ത്തീകരണത്തിലെ പ്രശാന്തമായ പുത്രഭാവം
ക്രിസ്തുവിന്‍റെ മുഖത്തും താന്‍ സഹിച്ച അതീവ പീഡകളുടെ ഭാവമൊന്നും മൈക്കിളാഞ്ചലോ ചിത്രീകരിച്ചിട്ടില്ല. പിതൃഹിതത്തിന് ആത്മബലിയായി സമര്‍പ്പിച്ച പുത്രന്‍റെ പ്രശാന്തതയാണവിടെ. ദൈവ-മനുഷ്യബന്ധത്തിന്‍റെ കൂട്ടായ്മയില്‍ ഉതിരുന്ന സംതൃപ്തിയും മൈക്കിളാഞ്ചലോ അമ്മയുടെ മടിയില്‍ കിടക്കുന്ന ജീവസ്സറ്റ മകന്‍റെ മുഖത്ത് മാര്‍ബിളില്‍ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കുരിശുമരണത്തില്‍ ക്രിസ്തുവേറ്റ മുറിപ്പാടുകള്‍പോലും തുലോം നിസ്സാരങ്ങളായി മാത്രമേ ‘പിയെത്താ’യില്‍ ദൃശ്യമാകുന്നുള്ളൂ എന്നത് കലാകാരന്‍റെ അപൂര്‍വ്വ ചാതുരി വെളിപ്പെടുത്തുന്നു.

ആര്‍ക്കും പകര്‍ത്താനാവാത്ത സൃഷ്ടി!
ലോകത്ത് പലേയിടങ്ങളിലും ‘പിയെത്താ’ വലുതും ചെറുതുമായി കലാകാരന്മാര്‍ അനുകരിച്ചിട്ടുണ്ട, കേരളത്തിലും...! എന്നാല്‍ ആര്‍ക്കും ശില്പത്തിന്‍റെ അന്തസ്സത്ത പകര്‍ത്താനായിട്ടില്ല. തന്‍റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ അന്യൂനവും കാലാതീതവുമായ സൃഷ്ടിയായി ‘പിയെത്താ’ മൈക്കിളാഞ്ചലോ ബോനരേത്തൂസിനോടൊപ്പം ഇന്നും ജീവിക്കുന്നു.

14 November 2018, 20:22