Vatican News
The dream of peace Africa The dream of peace Africa  (AFP or licensors)

പൂര്‍വ്വോപരി ചിഹ്നഭിന്നമാകുന്ന നമ്മുടെ ലോകം

ഐക്യരാഷ്ട്ര സംഘടയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബെര്‍ണദീത്തോ ഔസായുടെ നിരീക്ഷണം

- ഫാദര്‍ വില്യം നെല്ലിക്കല്‍

കറുത്ത ഭൂഖണ്ഡത്തിന്‍റെ കലുഷിതാവസ്ഥ
ആഫ്രിക്കയുടെ സുരക്ഷയും സമാധാനവും സംബന്ധിച്ച് നവംബര്‍ 20-Ɔο തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യായോര്‍ക്ക് ആസ്ഥാനത്തു സംഗമിച്ച ചര്‍ച്ചാസംഗമത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഔസാ ഈ അഭിപ്രായപ്രകടനം നടത്തിയത്. യുഎന്‍ ഇന്ന് ലോകത്ത് മറ്റെന്തിനെക്കാളും കൂടുതല്‍ അറിയപ്പെടുന്നത് അതിന്‍റെ “നീലത്തൊപ്പി” അണിഞ്ഞ സുരക്ഷാഭടന്മാരുടെ സാന്നിദ്ധ്യംകൊണ്ടാണെന്നും, യുഎന്‍ സേനയുടെ 7 യൂണിറ്റുകള്‍ ആഫ്രിക്കഭൂഖണ്ഡത്തില്‍ മാത്രം വിന്യസിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തില്‍ നിരീക്ഷിച്ചു.

നിലയ്ക്കാത്ത പ്രതിസന്ധികള്‍
സാമ്പത്തിക സഹായം, വിദഗ്ദ്ധരുടെ ഇടപെടല്‍, സൈന്യം, വ്യക്തികള്‍ എന്നിവ കൂടാതെ, വിവിധങ്ങളായ വിധത്തില്‍ രാജ്യാന്തര സമൂഹത്തിന്‍റെ പ്രതിനിധികളും യുഎന്നിന്‍റെ സമാധാന സംരക്ഷണോദ്യമത്തിന്‍റെ ഭാഗമായി ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ വെല്ലുവിളികള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ട സംഘട്ടനങ്ങളുടെ സാഹചര്യങ്ങളാണ് ഇന്ന് ആഫ്രിക്കയില്‍ കാണുന്നത്. സമാധാനം പുനര്‍സ്ഥാപിക്കാനുള്ള പരിശ്രമത്തില്‍ സാധാരണ പൗരന്മാരെ സംരക്ഷിക്കുക, യുദ്ധസാഹചര്യങ്ങളില്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, ജലം എന്നിവ ലഭ്യമാക്കുക, രാഷ്ട്രീയ നിലപാടുകള്‍ മെച്ചപ്പെടുത്തുക, നീതിന്യായം നടപ്പാക്കുക, സുസ്ഥിതിക്കായി അടിത്തറ പാകുക എന്നിങ്ങനെ വലിയ ഉത്തരവാദിത്ത്വമാണ് യുഎന്നിനുള്ളത്.

അകത്തും പുറത്തുമുള്ള വിമതരും ഭീകരരും
കറുത്ത ഭൂഖണ്ഡത്തിലെ പലേ രാജ്യങ്ങളിലും അതാതു രാഷ്ട്രങ്ങള്‍ക്ക് ഉള്ളില്‍നിന്നുതന്നെ പിന്‍തുണയ്ക്കപ്പെടുന്ന ബാഹ്യശക്തികളായ വിമതരും ഭീകരസഖ്യങ്ങളും ആഫ്രിക്കയുടെ സമാധാന സംരക്ഷണ ശ്രമങ്ങള്‍ക്ക് ഇന്ന് ഭീഷണിയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. യുഎന്‍ കൊടിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീപുരുഷന്മാര്‍ കഠിനാദ്ധ്വാനംകൊണ്ട് ആര്‍ജ്ജിച്ചെടുക്കുന്ന സമാധാനത്തിന്‍റെ പാലങ്ങള്‍ ആഫ്രിക്കയില്‍ നിമിഷ നേരങ്ങള്‍കൊണ്ട് തച്ചുടയ്ക്കപ്പെടുന്ന വേദനാജനകമായ കാഴ്ച സാധാരണമാണെന്നും ആര്‍ച്ചുബിഷപ്പ് ഔസ് വ്യക്തമാക്കി.

നാടിന്‍റെ ശ്രേയസ്സു നശിപ്പിക്കുന്ന രാഷ്ട്രീയം
ആഫ്രിക്കയുടെ വികസനത്തിനായി യുഎന്‍ സമൃദ്ധമായി സമ്പത്ത് അവിടെ ചെലവഴിക്കുമ്പോവും, സുരക്ഷാമേഖലയില്‍ ഇനിയും കൂടുതല്‍ മുതല്‍മുടക്കു നടത്തേണ്ടി വരുന്ന അസമാധാനത്തിന്‍റെയും അസ്വസ്ഥതയുടെയും ചുറ്റുപാടുകളാണ് വന്‍ഭൂഖണ്ഡത്തില്‍ വളര്‍ന്നുവരുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ വിവരിച്ചു. ആഫ്രിക്കയുടെ ഉപായസാധ്യതകള്‍ വളര്‍ത്താന്‍ ശ്രമിക്കാത്തവര്‍ അത് നിരന്തരമായി ചേര്‍ത്തിയെടുക്കുന്നതും ആ മണ്ണിന്‍റെ ശാപമാണ്.

അനാഥരാക്കപ്പെടുന്ന നാടിന്‍റെ മക്കള്‍
ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ കരുത്ത് യുവജനങ്ങളാണ്​. എന്നാല്‍ അവരില്‍ അധികം പേരും വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിതമാകാതെ ക്ലേശിക്കുന്നവരാണ്. അങ്ങനെ വളര്‍ച്ചയ്ക്കു സാധ്യതയില്ലാതെ അവര്‍ ഭാവി ചൂഷണത്തിനും അതിക്രമങ്ങള്‍ക്കും ഇരയാവുകയാണെന്നും ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

22 November 2018, 20:19