Loving care Loving care 

രോഗിയുടെ സുഖപ്രാപ്തിയും പരിചാരകരുടെ നല്ല നിലപാടും

രോഗിയുടെ സുഖപ്രാപ്തിക്ക് രോഗീപരിചാരകരുടെ നിലപാടും മനോഭാവവും ഏറെ പ്രധാനപ്പെട്ടതെന്ന്, വത്തിക്കാന്‍റെ ജെമേലി പോളിക്ലിനിക്കിലെ മസ്തിഷ്ക രോഗവിദഗ്ദ്ധ, ഡോ. അന്നാ റീത്ത ബന്തിവോളി അഭിപ്രായപ്പെട്ടു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ചലനങ്ങളെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ്
ഗാഢമായ മസ്തിഷ്ക്കോത്തേജനമാണ് മനുഷ്യാവയവങ്ങളുടെ ചലനങ്ങളെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം. ദേശീയതലത്തില്‍ പാര്‍ക്കിന്‍സണ്‍സ് രോഗീദിനം നവംബര്‍ 22-ന് ആചരിച്ചതിന്‍റെ ഭാഗമായിട്ടാണ് ലോകത്ത് എവിടെയും ഇന്ന് ധാരാളമായി കണ്ടുവരുന്ന ഈ രോഗത്തെക്കുറിച്ചും രോഗീപരചരണത്തെക്കുറിച്ചുമുള്ള നവമായ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്ന പ്രസ്താവന ഡോക്ടര്‍ ബന്തിവോളി പ്രസിദ്ധപ്പെടുത്തിയത്.

പരിചാരകരുടെ പിന്‍തുണയും സാന്ത്വനവും
പാര്‍ക്കിസണ്‍സ് രോഗത്തിന്‍റെ ചികിത്സാക്രമം പൊതുവെ ഞരമ്പുകളുടെ അല്ലെങ്കില്‍ നാ‍ഡീവ്യൂഹത്തിന്‍റെ രോഗലക്ഷണങ്ങളെ ആധാരമാക്കിയാണ്. ഏറെ സങ്കീര്‍ണ്ണവും പൂര്‍ണ്ണസൗഖ്യത്തിനുള്ള സാദ്ധ്യതകള്‍ ഇന്നുവരെയും കണ്ടെത്താത്തതുമായ  ഈ രോഗത്തിന് രോഗീപരിചാരകരുടെ നിലപാടും മനോഭാവവും ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ഏതു രോഗത്തെക്കുറിച്ചും പറയാമെങ്കിലും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ കാര്യത്തില്‍ ഇത് അനിഷേധ്യമാണെന്ന് ഡോക്ടര്‍ ബന്തിവോളി അഭിപ്രായപ്പെട്ടു.

ഫലപ്രദമാകുന്ന സംവാദത്തിന്‍റെ ശൈലി
പാര്‍ക്കിന്‍സണ്‍സ് രോഗിയെ സഹായിക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക് വിലപ്പെട്ടതും നിര്‍ണ്ണായകവുമാണ്. രോഗത്തിന്‍റെ പ്രത്യേക തരവും, അതിന് ഉപയോഗിക്കുന്ന ഔഷധങ്ങളെയും ആശ്രയിച്ച് രോഗിയുടെ ശാരീരിക മാനസിക നിലപാടുകള്‍ക്ക് മാറ്റംവരുന്ന രോഗമാണിത്. അതിനാല്‍ രോഗവും അതിന്‍റെ ചികിത്സാക്രമവും മനസ്സിലാക്കി കുടുംബാംഗങ്ങള്‍ രോഗിയെ എന്നും പരിചരിക്കേണ്ടതും സാന്ത്വനപ്പെടുത്തേണ്ടതുമാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ രോഗിയെ ശുശ്രൂഷിക്കുന്ന ഡോക്ടറോടും ഒരു സംവാദത്തിന്‍റെ പാതയും ധാരണയും കൈക്കൊള്ളേണ്ടതാണ്. ഡോക്ടറും രോഗിയും തമ്മിലും, ഡോക്ടറും കുടുബാംഗങ്ങളും തമ്മിലും നല്ല ധാരണ അതിനാല്‍ ഏറെ ആവശ്യമാണ്.

രോഗിയെ അന്ത്യംവരെ അംഗീകരിക്കണം
പാര്‍ക്കിന്‍സണ്‍സ് രോഗിയുടെ ചലനങ്ങള്‍ക്കുണ്ടാകുന്ന ക്രമക്കേടുകള്‍, അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഏറെ സങ്കീര്‍ണ്ണവും, ശരീരത്തെയും മനസ്സിനെയും ആകമാനം അത് ബാധിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തിന്‍റെ കാര്യത്തില്‍ രോഗശമനത്തിന് ഔഷധം ഒരു സമ്പൂര്‍ണ്ണപ്രതിവിധിയാണെന്നു പറയാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാല്‍, രോഗിയെ അതിന്‍റെ വിവിധങ്ങളായ തകരാറുകളോടും, ശാരീരികവും മാനസികവുമായ പ്രശ്നങ്ങളോടുംകൂടെ അംഗീകരിക്കുകയാണു വേണ്ടത്.

സാങ്കേതികത ശിഥിലമാക്കുന്ന പരിചരണസാദ്ധ്യതകള്‍
എല്ലാം ശിഥിലമാക്കപ്പെടുകയും വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഇന്നിന്‍റെ സമൂഹികചുറ്റുപാടില്‍ പാര്‍ക്കിന്‍സണ്‍സ് രോഗിയുടെ പരിചരണത്തില്‍ ഒരു പുനരേകീകരണം അനിവാര്യമാണ്. വിദഗ്ദ്ധമായ ചികിത്സാക്രമങ്ങള്‍ സാങ്കേതിക വളര്‍ച്ചയ്ക്ക് അനുസൃതമായി ഇന്ന് വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഡോക്ടറും, മരുന്നുകൊടുക്കുന്നവരും, വൈദ്യശാസ്ത്രജ്ഞരും, ശാസ്ത്രീയ പരിശോധനയുടെ സാങ്കേതികവദഗ്ദ്ധരുമെല്ലാം വേറിട്ടുനില്ക്കുന്ന തലങ്ങളിലാണ് ഇന്ന്.

രോഗത്തിന്‍റെയും ചികിത്സയുടെയു ക്ലേശങ്ങള്‍ കുറയ്ക്കാം!
വത്തിക്കാന്‍റ ജെമേലി പോളിക്ലിനിക് ശസ്ത്രക്രിയാപരമായ ഒരു നവചികിത്സാക്രമം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്. ‍ഡോക്ടര്‍ ബിന്തിവോളി വെളിപ്പെടുത്തി. എന്നാല്‍ രോഗത്തിന്‍റെയും ചികിത്സയുടെയും ക്ലേശങ്ങള്‍ ഏറ്റവും കുറഞ്ഞതായിരിക്കാന്‍ രോഗിയും ഡോക്ടറും, ഡോക്ടറും ബന്ധുമിത്രാദികളും, രോഗിയും കുടുംബവും ഉള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം അനിവാര്യമാണെന്നും ഡോക്ടര്‍ ബിന്തിവോളി അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2018, 17:57