തിരയുക

Vatican News
2018.11.08 Asia Bibi still in fear 2018.11.08 Asia Bibi still in fear 

ആസിയ ബീബി വിമോചിതയായി

ജയിലില്‍നിന്നും വിമോചിതയായിട്ടും ജീവരക്ഷാര്‍ത്ഥം ഒളിവില്‍ പാര്‍ക്കുന്ന കത്തോലിക്കയായ വീട്ടമ്മ - ആസിയ ബീബി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ടവള്‍
പ്രവാചകന്‍ മൊഹമ്മദിന് എതിരായി സംസാരിച്ചു എന്ന പേരില്‍ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് പാക്കിസ്ഥാനില്‍ ഒന്‍പതു വര്‍ഷക്കാലത്തെ ജയില്‍വാസത്തിനുശേഷമാണ് കത്തോലിക്കാ കുടുംബിനിയും, 3 മക്കളുടെ അമ്മയുമായ ആസീയ ബീബി ജയില്‍വാസം കഴിഞ്ഞ് നവംബര്‍ 7-Ɔο തിയതി ബുധനാഴ്ച പുറത്തുവന്നത്. അഭിഭാഷകന്‍, സായിഫ് ഉല്‍-മാലിക് ഇസ്ലാമാബാദില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.  

കേസ് ഇനിയും പുനര്‍പരിശോധിക്കണമെന്ന് മൗലികവാദികള്‍
ഒക്ടോബര്‍ 31-Ɔο തിയതി ഇസ്ലാമാബാദില്‍ അരങ്ങേറിയ ചരിത്രപരമായ നിയമനടത്തിപ്പിലൂടെ പാക്കിസ്ഥാന്‍റെ പരമോന്നത കോടതി ആസീയ ബീബിയെ വെറുതെ വിട്ടയക്കാന്‍ വിധി പ്രസ്താവിച്ചെങ്കിലും മുസ്ലിം തീവ്രവാദികളും സാമൂഹ്യവിരുദ്ധരും ചേര്‍ന്ന് വിധിക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധവും സംഘട്ടനങ്ങളും ഇസ്ലാമാബാദില്‍ ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. സര്‍ക്കാരും മൗലികവാദികളും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സുപ്രീംകോടതി ആസീയ ബീബിയുടെ കേസ് ഇനിയും പുനര്‍പരിശോധിക്കും എന്ന ഉറപ്പിലാണ് പാക്കിസ്ഥാനിലെ സാമൂഹികാന്തരീക്ഷം ശാന്തമായതും ആസീയ ബീബിയെ പുറത്തുവിട്ടതും.

ജന്മനാട്ടില്‍ ഇടമില്ലാതാകുന്നു! 
മോചിതയായ 47 വയസ്സുകാരി ആസ്സീയ ബീബി ഒരു താല്ക്കാലിക രഹസ്യസങ്കേതത്തില്‍ ആണെന്നു മാത്രം അഭിഭാഷകന്‍, സായിഫ് ഉല്‍-മാലിക് അറിയിച്ചു. ഇസ്ലാം മൗലികവാദികളെ ഭയന്ന് ആസിയ ബീബിയും കുടുംബവും ജീവരക്ഷാര്‍ത്ഥം പാക്കിസ്ഥാന്‍ വിട്ട്, തങ്ങളെ സ്വീകരിക്കുന്ന മറ്റേതെങ്കിലും രാജ്യത്തേയ്ക്ക് കുടിയേറാനാണ് ആഗ്രഹിക്കുന്നതെന്ന് ആസീയ ബീബിയുടെ ഭര്‍ത്താവ്, അഷീക് മാസി മാധ്യമങ്ങളെ അറിയിച്ചു. 

കെട്ടിച്ചമച്ച ദൈവദൂഷണക്കുറ്റം
തന്‍റെ മേല്‍ ആരോപിച്ച കുറ്റം ആസീയ ബീബി എന്നും നിഷേധിച്ചിട്ടുള്ളതാണെങ്കിലും മൗലികവാദികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പാക്കിസ്ഥാന്‍റെ കോടതി വീട്ടമ്മയെ ഇത്രയുംനാള്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. പാക്കിസ്ഥാനിലും ചില ഇസ്ലാമിക രാജ്യങ്ങളിലും മാത്രമുള്ള ദൈവദൂഷണക്കുറ്റം വധശിക്ഷ അര്‍ഹിക്കുന്നതാണ്. പ്രവാചകന്‍ മഹമ്മദിന് എതിരായി സംസാരിച്ചു എന്ന വര്‍ഗ്ഗീയവാദികളുടെ അരോപണത്തില്‍ കുടുങ്ങിയ ആസിയായെ പാക്കിസ്ഥാനിലെ ജില്ലാക്കോടതി ദൈവദൂഷണ കുറ്റംചുമത്തി, വധശിക്ഷയ്ക്കു വിധിച്ചു. 2010-മുതല്‍ അവര്‍ ജയിലില്‍ കഴിയുകയായിരുന്നു. അകാരണമായ കുറ്റംചുമത്തലില്‍ നീണ്ട ജയില്‍ വാസം അനുഭവിച്ച അസീയ ബീബി പാക്കിസ്ഥാനിലെ ക്രൈസ്തവപീഡനത്തിന്‍റെ പ്രതീകമാണ്. സുപ്രീംകോടതിയുടെ വിചാരണയില്‍ വിമോചിതയാകാനുള്ള സാദ്ധ്യത അസിയാ ബീബിയുടെ ഭര്‍ത്താവും നിയമവിദഗ്ദ്ധനും 2018 ഏപ്രില്‍ 15-ന് വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസിനെ ധരിപ്പിച്ചിരുന്നു. 

ആയിരങ്ങള്‍ കാതോര്‍ത്ത വിമോചന വാര്‍ത്ത
ആഗോളതലത്തില്‍ പ്രാര്‍ത്ഥനയും മനുഷ്യാവകാശ സംഘടകളുടെ മുറവിളിയും ആസീയ ബീബിക്കുവേണ്ടി എന്നും ഉയര്‍ന്നിട്ടുണ്ട്. മുന്‍പാപ്പാ ബനഡിക്ട് 16-മനും ആസീയ ബീബിയുടെ കാര്യത്തില്‍ ഏറെ ആശങ്കപ്രകടിപ്പിക്കുകയും സഭാതലത്തില്‍ നയതന്ത്രപരമായ നീക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കുകയും, മോചനത്തിനായി പാക്കിസ്ഥാനി സര്‍ക്കാരിനോട് 2010 നവംബറില്‍ പൊതുവായ അഭ്യാര്‍ത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്.

 

നീതിയുടെ വിജയം
നിര്‍ദ്ദോഷിയായ ഈ സ്ത്രീക്ക് അനുകൂലമായുണ്ടായ വിധി മൗലികവാദികളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാകയാല്‍, ഇത് പാക്കാസ്ഥാനിലെ ബഹുഭൂരിപക്ഷം ജനതയുടെ വിജയവും നീതിയുടെ വളര്‍ച്ചയുമായി ദേശിയ കത്തോലിക്ക മെത്രാന്‍ സമതിയുടെ അദ്ധ്യക്ഷനും, ഇസ്ലാമാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷ് ജോസഫ് ആര്‍ഷദ് വിശേഷിപ്പിച്ചു.  

08 November 2018, 19:58