തിരയുക

SYRIA-CONFLICT-DOUMA-AFP PICTURES OF THE YEAR 2018 - malayalam SYRIA-CONFLICT-DOUMA-AFP PICTURES OF THE YEAR 2018 - malayalam 

സിറിയയിലെ പരിത്യക്തര്‍ക്ക് സാന്ത്വനമായി ക്രിസ്തുമസ്സ് സമ്മാനം

ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പൊന്തിഫിക്കല്‍ സ്ഥാപനം (Pontifical Foundation for Aid to the Church in Need) സിറിയയിലെ പീഡിതസമൂഹത്തിന് ക്രിസ്തുമസ്സ് സമ്മാനങ്ങള്‍ നല്കും!

- ഫാദര്‍ വില്യം നെല്ലിക്കല്‍

മൂന്നു സമ്മാനങ്ങള്‍
ഭക്ഷണം, ആരോഗ്യസംരക്ഷണ സാമഗ്രികള്‍, വിദ്യാഭ്യാസസൗകര്യം എന്നിവയാണ് അഭ്യന്തരകലാപവും പീഡനങ്ങളും അനുഭവിക്കുന്ന ജനതയ്ക്ക് ക്രിസ്തുമസ്സ് സമ്മാനമായി ക്ലേശിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം നല്കാന്‍ പോകുന്നത്. നവംബര്‍ 27-ന് പ്രസിദ്ധപ്പെടുത്തിയ സ്ഥാപനത്തിന്‍റെ പ്രസ്താവന അറിയിച്ചു. സിറിയില്‍ ഏഴു വര്‍ഷക്കാലം നീണ്ട യുദ്ധത്തില്‍ അഞ്ചര ലക്ഷത്തില്‍ അധികം നിര്‍ദ്ദോഷികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇനിയും ഒടുങ്ങാത്ത മതഭ്രാന്തില്‍ വേദനിക്കുന്ന ബാക്കിയായ അവിടത്തെ പുരാതന ക്രൈസ്തവ സമൂഹത്തിനാണ് പൊന്തിഫിക്കല്‍ പ്രസ്ഥാനം മൂന്നു ക്രിസ്തുമസ്സ് സമ്മാനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. അപ്പസ്തോല കാലംമുതല്ക്കുള്ള അവിടത്തെ ക്രൈസ്തവ സമൂഹം നാമാവശേഷമായി പോകരുത് എന്ന ലക്ഷ്യത്തോടെയാണ് ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം ഈ മുന്‍കൈ എടുക്കുന്നത്.

ഭക്ഷണം
കൊടും ദാരിദ്ര്യത്തില്‍ കഴിയുന്ന ക്രൈസ്തവ കുടുംബങ്ങള്‍ക്ക് 1,725 വലിയ ക്രിസ്തുമസ്സ് ഭക്ഷ്യപാക്കറ്റുകളാണ് ഫൗണ്ടേഷന്‍ ഒരുക്കുന്നത്. അവയില്‍ 1090 എണ്ണം യുദ്ധത്തില്‍ തകര്‍ന്ന വീടുകളില്‍ പാര്‍ക്കുന്നവര്‍ക്ക് നല്കുമ്പോള്‍, 635 പാക്കറ്റുകള്‍ ഒരു മേല്‍ക്കൂരയുമില്ലാതെ കഴിഞ്ഞുകൂടുന്നവര്‍ക്കുള്ളതാണ്.

ആരോഗ്യസംരക്ഷണ സാമഗ്രികള്‍
യുദ്ധത്തിലും അതിക്രമങ്ങളിലും അകപ്പെട്ട ജനതകളില്‍ മുറിപ്പെട്ടവരും വേദനിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ആശുപത്രികളും മരുന്നുവിതരണ കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ട ഇപ്പോഴത്തെ ചുറ്റുപാടില്‍ വിവിധ തരത്തിലുള്ള ഔഷധങ്ങളും, ആരോഗ്യ പരിചരണോപകരണങ്ങളും കുടുംബങ്ങളിലൂടെ വിതരണംചെയ്യുന്നതാണ് രണ്ടാമത്തെ സമ്മാനം. യുദ്ധത്തിന്‍റെ കെടുതിയില്‍ ദാരിദ്ര്യത്തില്‍ വലയുകയും, രോഗപീഡകള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ആരോഗ്യപരിചരണോപാധികള്‍ സഹായകമാകുമെന്ന ഉറപ്പാണ് സംഘാടകര്‍ക്ക്.

വിദ്യാഭ്യാസ സൗകര്യം
മുന്നാമത്തെ സമ്മാനം യുദ്ധഭൂമിയിലെ കുട്ടികള്‍ക്കുള്ളതാണ്. ബോംബാക്രമണം തകര്‍ത്ത അലേപ്പോയിലെ ഒരു പ്രാഥമിക വിദ്യാലയം പുനരുദ്ധരിച്ചുകൊണ്ടാണ് വിദ്യാഭ്യാസ സൗകര്യം എന്ന മൂന്നാമത്തെ ലക്ഷ്യം പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ഒറ്റപ്പെട്ട ഈ പീഡിത ക്രൈസ്തവ സമൂഹത്തിന്‍റെ ക്യാമ്പുകളില്‍ 16 പേര്‍ ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുള്ള കുട്ടികളാണ്.

രാജ്യത്തെ കാലാപങ്ങളും, ഉത്തരവാദിത്ത്വപ്പെട്ടവരുടെ നിസ്സംഗതയും, മൗലികവാദികളു‌‌ടെ നിഷേധാത്മകമായ സാന്നിദ്ധ്യവും ആയിരങ്ങള്‍ക്ക് വേദനയുടെയും കഷ്ടപ്പാടിന്‍റെയും ജീവിതം സമ്മാനിക്കുമ്പോഴാണ് ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം (Aid to the Church in Need) സാന്ത്വനമായി അവര്‍ക്ക് ക്രിസ്തുമസ്സ് സമ്മാനങ്ങള്‍ നല്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2018, 10:28