തിരയുക

Vatican News
വിലപിക്കുന്ന പിറ്റ്സ്ബര്‍ഗ് വിലപിക്കുന്ന പിറ്റ്സ്ബര്‍ഗ്  (AFP or licensors)

യഹൂദവിദ്വേഷം മാനവികതയ്ക്ക് എതിരായ പാപം

അമേരിക്കയിലെ പിറ്റ്സ്ബേര്‍ഗ് സിനഗോഗ് ആക്രമണത്തെ സഭകളുടെ ആഗോള കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍, ഡോ. ഒലാവ് ഫിക്സെ ത്വൈത് അപലപിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ക്രൈസ്തവസഭകളുടെ കൂട്ടായ്മ അനുശോചിച്ചു
അമേരിക്കയില്‍ പിറ്റ്സ്ബേര്‍ഗിലെ “ജീവന്‍റെ വൃക്ഷം” (the Tree of Life) എന്നു പേരുള്ള സിനഗോഗില്‍ ഒക്ടോബര്‍ 27-Ɔο തിയതി ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഒരു ശിശുവിന്‍റെ പേരിടല്‍ കര്‍മ്മത്തില്‍ പങ്കെടുത്തിരുന്ന 11 പേരെ സിനഗോഗില്‍ അധിക്രമിച്ചു കയറിയ തോക്കുധാരിയായ ആക്രമി വെടിവെച്ചു വീഴ്ത്തുകയുണ്ടായി. നിരവധിപേര്‍ മുറിപ്പെട്ടിട്ടുമുണ്ട്. ഭീതിദമായ ആക്രമണത്തിലും ജീവന്‍റെ നഷ്ടത്തിലും ബന്ധപ്പെട്ട കുടുംബങ്ങളെയും ഹെബ്രായ സമൂഹത്തെ പൊതുവായും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയുടെ പേരില്‍ ഒലാവ് ഫിക്സേ അനുശോചനം അറിയിച്ചു.  

ദൈവത്തിനും മാനവികതയ്ക്കും എതിരായ പാപം
ചരിത്രത്തില്‍ തലപൊക്കിയിട്ടുള്ള യഹൂദരോടുള്ള വിദ്വേഷം ദൈവത്തിനും മാനവികതയ്ക്കും എതിരായ പാപമാണെന്നു വിശേഷിപ്പിച്ച ഒലാവ് ഫിക്സേ, മതത്തിനും വംശത്തിനും എതിരായ ഈ ക്രൂരതയെ അപലപിക്കുകയും ചെയ്തു. വേദനിക്കുമ്പോഴും ക്ഷമയോടും വിവേകത്തോടുംകൂടെ ദൈവത്തില്‍ ശരണപ്പെടാനുള്ള കരുത്തു ലഭിക്കട്ടെയെന്നും ഫിക്സേ സന്ദേശത്തില്‍ ആശംസിച്ചു.

അമേരിക്കയുടെ ചരിത്രത്തിലെ ഹീനമായ സംഭവം
യഹൂദജനതയുടെ വേദനയില്‍ ക്രൈസ്തവസമൂഹം ആകമാനം ദുഃഖത്തോടെ പങ്കുചേരുന്നതായും, ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ പാതയില്‍ ഐക്യത്തിനും നീതിക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുന്നെന്നും സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു. ആഗോള സഭാകൂട്ടായ്മയുടെ സ്വിറ്റ്സര്‍ലണ്ടിലെ ജനീവ ആസ്ഥാനത്തുനിന്നും ഒക്ടോബര്‍ 28-Ɔο തിയതി തിങ്കളാഴ്ചയാണ് അമേരിക്കയിലെ പിറ്റ്സ്ബേര്‍ഗിലുള്ള യഹൂദസമൂഹത്തിന് ഡോ. ഓലാവ് ഫിക്സേ അനുശോചന സന്ദേശം അയച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ യഹൂദര്‍ക്ക് എതിരായി ഉയര്‍ന്നിട്ടുള്ള ഏറ്റവും ഹീനമായ സംഭവമായി പിറ്റ്സ്ബേര്‍ഗ് ആക്രമണത്തെ ഒലാവ് ഫിക്സേ സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

29 October 2018, 17:46