തിരയുക

അന്ധനുകാഴ്ച നല്കിയ വചനം അന്ധനുകാഴ്ച നല്കിയ വചനം 

മനുഷ്യയാതനകളില്‍ ദൈവിക കാരുണ്യത്തിന്‍റെ മുഹൂര്‍ത്തങ്ങള്‍

ആണ്ടുവട്ടം 30-Ɔ൦ വാരം ഞായര്‍ സുവിശേഷവിചിന്തനം . മര്‍ക്കോസ് 10, 46-52. ജെറമിയ 31, 7-9. ഹെബ്രായര്‍ 5, 1-6.
ആണ്ടുവട്ടം 30-Ɔ൦ വാരം ഞായര്‍ സുവിശേഷവിചിന്തനം

 ക്രിസ്തു കാരുണ്യത്തിന്‍റെ മൂര്‍ത്തരൂപം
ദൈവികകാരുണ്യം എങ്ങനെ ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകുന്നെന്ന് ഇന്നത്തെ മൂന്നു വായനകളും ചൂണ്ടിക്കാണിക്കുന്നു. വിപ്രവാസത്തിനുശേഷമുള്ള അവശേഷിക്കുന്നവരായ ഇസ്രായേല്‍ ജനത്തെ കര്‍ത്താവ് ഇനിയും രക്ഷിക്കും. അവിടുന്ന് പിതാവിനെപ്പോലെ കുരുടരെയും മുടന്തരെയും, ഗര്‍ഭിണികളെയും പ്രസവവേദന അനുഭവിക്കുന്നവരെയും കാത്തുപാലിക്കും. ദുഃഖിതര്‍ക്കും, കണ്ണീരില്‍ കഴിയുന്നവര്‍ക്കും കര്‍ത്താവ് സമാശ്വാസം പകരും എന്ന് ആദ്യവായനയില്‍ ജെറമിയാ പ്രവാചകന്‍ പ്രസ്താവിക്കുന്നു (ജറെമിയ 31, 7). വിശ്വസ്തരായ ജനത്തിന്‍റെ തന്നോടുള്ള ബന്ധനം കര്‍ത്താവ് സ്വാതന്ത്ര്യമായും, ഏകാന്തത കൂട്ടായ്മയായും മാറ്റും. കണ്ണീരോടെ വിതച്ചവര്‍ സന്തോഷത്തോടെ കൊയ്യുമെന്നും കര്‍ത്താവ് വാഗ്ദാനംചെയ്യുന്നു(സങ്കീര്‍. 125, 6).

നമ്മുടെ ബലഹീനതകള്‍ എറ്റെടുത്ത മഹാപുരോഹിതനായി ക്രിസ്തുവിനെ രണ്ടാം വായന, ഹെബ്രായരുടെ ലേഖനഭാഗം ചിത്രീകരിക്കുന്നു. അങ്ങനെ നമുക്ക് രക്ഷ പകരുന്ന നവവും സനാതനവുമായ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി ക്രിസ്തു പരിണമിക്കുന്നു (ഹെബ്ര. 4, 15). അവിടുന്ന് താഴ്മ അണിഞ്ഞിരിക്കുന്നു, അതിനാല്‍ അജ്ഞതയുടെയും പാപത്തിന്‍റെയും ഇരുട്ടില്‍ നിപതിച്ചവരോട് കര്‍ത്താവ് കരുണാര്‍ദ്രനാണ്.

ദൈവകൃപയ്ക്കായ് മുറവിളി കൂട്ടുന്നവര്‍ 
ബാര്‍ത്തിമേവൂസ് എന്ന കുരുടന്‍റെ കഥ പറയുകയാണ് ഇന്നത്തെ സുവിശേഷം. ദൈവത്തിന്‍റെ പിതൃവാത്സല്യം ഇസ്രായേല്‍ ജനത്തെ മോചിപ്പിച്ചതുപോലെ, ക്രിസ്തുവിന്‍റെ കാരുണ്യം ബാര്‍ത്തിമേവൂസിന് കാഴ്ച നല്കുകയും അയാളെ സ്വതന്ത്രനാക്കുകയും ചെയ്യുന്നു. ഈ സംഭവത്തിലേയ്ക്ക് സൂക്ഷ്മമായി ഇറങ്ങിച്ചെല്ലുമ്പോള്‍, ക്രിസ്തു ജെറിക്കോ പട്ടണം വിട്ട് ജെരൂസലേമിലേയ്ക്ക് നീങ്ങുകയായിരുന്നെന്ന് മനസ്സിലാക്കാം.  

എന്നിട്ടും ബാര്‍ത്തിമേവൂസിന്‍റെ കരച്ചില്‍കേട്ട് അവിടുന്ന് പിന്‍തിരിഞ്ഞു നില്ക്കുന്നു. ജരൂസലേമിലേയ്ക്കുള്ള അവിടുത്തെ യാത്ര തന്ത്രപ്രാധാന്യമുള്ളതായിരുന്നു. എന്നിട്ടും അവിടുന്ന് ആ പാവം മനുഷ്യന്‍റെ കരച്ചില്‍ കേട്ട് തിരിഞ്ഞുനിന്നു. അയാളുടെ ആവശ്യം മനസ്സിലാക്കി അവിടുന്ന് അതില്‍ ഇടപെടുന്നു. ചെറിയൊരു ഭിക്ഷ നല്കി അവിടെനിന്നും ഊരിപ്പോകുന്നതിനു പകരം, ക്രിസ്തു അയാളെ അഭിമുഖീകരിക്കുകയും അയാളുടെ സഹായത്തിനെത്തുകയും ചെയ്യുന്നു. ഉപദേശമോ പ്രതിവിധിയോ കല്പിക്കാതെ, അയാള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടതെന്ന്, അയാള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന്, ആവശ്യക്കാരനോടുതന്നെ ചോദിക്കുന്നു (മര്‍ക്കോസ് 10, 51).

ആവശ്യക്കാരന്‍റെ ഔചിത്യം
ക്രിസ്തുവിന്‍റെ ചോദ്യം അപ്രസക്തമാണെന്നു കേള്‍വിക്കാരുനു തോന്നിയേക്കാം! കാരണം, അന്ധനായൊരുവന്‍ കാഴ്ചയല്ലാതെ മറ്റെന്ത് ആഗ്രഹിക്കാനാണ്? എന്നാല്‍ നേരിട്ടും ആദരവോടെയുമുള്ള ചോദ്യമായിരുന്നു അത്. ആവശ്യക്കാരന്‍റെ അധരങ്ങളില്‍നിന്നും മറുപടി കേള്‍ക്കാന്‍ ക്രിസ്തു ആഗ്രഹിച്ചതുപോലെ....!  നമ്മില്‍ ഓരോരുത്തരില്‍നിന്നും ഇങ്ങിനെയൊരു അഭ്യര്‍ത്ഥന അല്ലെങ്കില്‍ യാചന ക്രിസ്തു പ്രതീക്ഷിക്കുന്നുണ്ടാകാം. ജീവിത പരിസരങ്ങളുടെ പരിധിയിലും പരിമിതികളിലുംനിന്നുമുള്ള മനുഷ്യന്‍റെ യാചനകള്‍ നേരിട്ടു കേള്‍ക്കുവാനും മനസ്സിലാക്കുവാനും ക്രിസ്തു, ദൈവം ആഗ്രഹിക്കുന്നുണ്ടാകാം.

ഇതാ, ബാര്‍ത്തിമേവൂസിന്‍റെ കരച്ചില്‍ അവിടുന്നു കേട്ടു. അയാള്‍ക്ക് അവിടുന്ന് കാഴ്ച നല്കി. എന്നിട്ട് അവിടുന്നു പറഞ്ഞു. “നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു” (52). പാവം മനുഷ്യന്‍റെ ലാളിത്യമാര്‍ന്ന വിശ്വാസം ക്രിസ്തു തിരിച്ചറിയുന്നതും, അംഗീകരിക്കുന്നതും ഏറെ മനോഹരവും ശ്രദ്ധേയവുമാണ്. നാം നമ്മെത്തന്നെ വിശ്വസിക്കുന്നതിലും അധികമായി നമ്മില്‍ ഓരോരുത്തരിലും ദൈവം വിശ്വാസമര്‍പ്പിക്കുന്നുണ്‌ടെന്നു വേണം മനസ്സിലാക്കാന്‍.

ധൈര്യമവംലംബിക്കുക! എഴുന്നേല്ക്കുക!
ഈ സംഭവത്തിലെ ശ്രദ്ധേയമായ മറ്റൊരു വിശദാംശം ബാര്‍ത്തിമേവൂസിനെ തന്‍റെ പക്കലേയ്ക്ക് വിളിച്ചുകൊണ്ടുവരുവാന്‍ ശിഷ്യന്മാരോട് ക്രിസ്തു ആവശ്യപ്പെടുന്നു. ക്രിസ്തു പലപ്പോഴും ഉപയോഗിച്ചിട്ടുള്ള രണ്ടു പ്രയോഗങ്ങളുടെ ശൈലിയിലാണ് കുരുടനോടു ശിഷ്യര്‍ ചെന്ന് പറയുന്നത്. ആദ്യം അവര്‍ പറഞ്ഞത്, ‘ധൈര്യമായിരിക്കുക!’ അതായത്, ദൈവത്തില്‍ ‘വിശ്വസിച്ച് ധൈര്യം അവലംബിക്കുക!’ തീര്‍ച്ചയായും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് ഒരാള്‍ക്ക് ജീവിതത്തിന്‍റെ ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങളെ നേരിടാന്‍ കരുത്തും ധൈര്യവും നല്ക്കുന്നത്. രണ്ടാമതായി, ‘എഴുന്നേല്‍ക്കുക,’ എന്നാണ് പറയന്നത്. ഇവ രണ്ടും സാധാരണഗതിയില്‍ ക്രിസ്തു ഉപോയോഗിച്ചിരുന്നതും, ചെയ്തിരുന്നതുമാണ്. അവിടുന്ന് അവരുടെ കൈകള്‍ പിടിച്ചുകൊണ്ട് പ്രസ്താവിക്കാറുള്ളതാണ്. അധികം സംസാരിച്ചു നില്ക്കാതെ, സാധാരണ അവിടുന്നു പറയാറുള്ള പ്രോത്സാഹനത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ശിഷ്യന്മാര്‍ അയാളെ നേരെ അവിടുത്തെ പക്കല്‍ എത്തിച്ചു.

ഇന്നും തുടരേണ്ട രക്ഷണീയദൗത്യം
രക്ഷണീയവും അനുകമ്പാര്‍ദ്രവുമായ അവിടുത്തെ സന്നിധിയിലേയ്ക്കും കാരുണ്യത്തിലേയ്ക്കും സകലരെയും ആനയിക്കുവാനാണ് ക്രിസ്തു-ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ബാര്‍ത്തിമേവൂസിന്‍റെ പോലുള്ള മനുഷ്യയാതനയുടെ മുറവിളികള്‍, കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും, പാവങ്ങളുടെയും പരിത്യക്തരുടെയും, പീഡിതരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും രോദനം ചുറ്റും കേള്‍ക്കുന്ന ഇക്കാലഘട്ടത്തില്‍ ക്രിസ്തുവിന്‍റെ സ്നേഹമസൃണമായ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട്, എല്ലാറ്റിലും ഉപരിയായി അവിടുത്തെ കരുണാര്‍ദ്രമായ ഹൃദയത്തെ അനുകരിക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. മനുഷ്യയാതനകളുടെയും പ്രതിസന്ധികളുടെയും നിമിഷങ്ങള്‍ ദൈവികകാരുണ്യത്തിന്‍റെ മുഹൂര്‍ത്തങ്ങളാക്കി മാറ്റുവാന്‍ നമുക്ക് സാധിക്കണം! ഇത് ക്രിസ്തു ശൈലിയാണ്, ഇത് ക്രിസ്തീയമാണ്.

നിസംഗതയുടെ പ്രലോഭനം
ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ചില പ്രലോഭനങ്ങള്‍ അതിജീവിക്കേണ്ടതായും വന്നേക്കാം. ഇന്നത്തെ സുവിശേഷം രണ്ടു പ്രലോഭനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാര്‍ത്തിമേവൂസിന്‍റെ ചാരത്ത് ക്രിസ്തു നിന്നതുപോലെ, ശിഷ്യന്മാര്‍ നിന്നില്ല. ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ യാത്ര തുടര്‍ന്നുവെന്നാണ് ബാര്‍ത്തിമേവൂസ് അന്ധനായിരുന്നെങ്കില്‍, ശിഷ്യന്മാര്‍ മാനുഷിക യാതനകളോട് മൂകരായിരുന്നു. അവന്‍റെ വേദന അവര്‍ക്ക് പ്രശ്നമായിരുന്നില്ല. അവര്‍ നിസംഗരായിരുന്നു.

ഇന്ന് നമുക്കും ഇത് സംഭവിക്കാം. പ്രതിസന്ധികള്‍ എവിടെയും ഉണ്ടാകുമ്പോള്‍ അതില്‍ വ്യാപൃതരാകുന്നതിലും എളുപ്പം അവിടം വിട്ടുപോകുവാനാണ്,  രക്ഷപ്പെടാനാണ് നാം ആഗ്രഹിക്കുന്നത്. സുവിശേഷം പറയുന്ന നല്ല സമറിയക്കാരന്‍റെ കഥയിലെ ലേവനെയും പുരോഹിതനെയും പോലെ ക്രൈസ്തവരായ നാം അപ്പസ്തോലന്മാരെപ്പോലെ എപ്പോഴും ക്രിസ്തുവിന്‍റെ കൂടെയാണ്. എങ്കിലും അവിടുന്നു ചിന്തിക്കുന്നതുപോലെ ചിന്തിക്കാന്‍ നമുക്കാകുന്നില്ല. അവിടുത്തെ സുവിശേഷമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നില്ല. നാം അവിടുത്തെ കൂട്ടായ്മയിലാണ്, എന്നിരുന്നാലും നമ്മുടെ ഹൃദയങ്ങള്‍ അടഞ്ഞതാണ്, സങ്കുചിതമാണ്. ജീവിതത്തിന്‍റെ ആശ്ചര്യഭാവങ്ങളും കൃതജ്ഞതയും ഉന്മേഷവും ഉത്സാഹവും ഇല്ലാത്തവരായി ദൈവകൃപയോട് നാം നിസംഗരായിത്തീരുന്നു.

ആത്മീയ മിഥ്യാബോധത്തിന്‍റെ പ്രലോഭനം
നാം ക്രിസ്തുവിന്‍റെ നാമത്തില്‍ പ്രവര്‍ത്തിക്കുകയും, അവിടുത്തെക്കുറിച്ച് പ്രസംഗിക്കുകയും, അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മുറിപ്പെട്ടവരുടെ ചാരത്തെത്തുന്ന ക്രിസ്തുവില്‍നിന്നും നമ്മുടെ ഹൃദയങ്ങള്‍ ഏറെ അകന്നിരിക്കുകയാണ്. ഇത് ‘ആത്മീയ മിഥ്യാബോധ’ത്തിന്‍റെ പ്രലോഭനമാണ്. അതായത്, മനുഷ്യയാതനകളുടെ മരുഭൂമിയിലൂടെ നടന്നാലും നാം യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ നിസംഗരും നിര്‍വികാരരുമായി കടന്നുപോകുന്നു. എന്നാല്‍ നാം ഇഷ്ടമുള്ളവ കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. ലോകത്തിന്‍റേതായ കാഴ്ചപ്പാടുകള്‍ നാം വികസിപ്പിച്ചെടുക്കുന്നുമുണ്ട്. എന്നാല്‍ ദൈവം നമ്മുടെ മുന്നിലെത്തിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ പോകുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ വേരൂന്നാത്ത വരണ്ടുപോകുന്ന വിശ്വാസത്തിന്‍റെ മരുപ്പച്ചകള്‍ ചേര്‍ത്ത് നമുക്കു ചുറ്റും നാം ആത്മീയതയുടെ മരുഭൂമി തീര്‍ക്കുകയാണ്.

“ചിട്ടപ്പടിയുള്ള വിശ്വാസം” 
രണ്ടാമത്തെ പ്രലോഭനം ‘ചിട്ടപ്പടിയുള്ള വിശ്വാസ’മാണ്. നാം ദൈവജനത്തോടുകൂടെയാണ് നടക്കുന്നതെങ്കിലും, നമുക്ക് നമ്മുടേതായ ചില ചിട്ടവട്ടങ്ങളുണ്ട്. അവയെല്ലാം ഏറെ കാര്‍ക്കശ്യത്തോടെ ക്രമപ്പെടുത്തിയിരിക്കുകയാണ്. എവിടെ പോകണമെന്നും, എങ്ങനെയെന്നും,
അത് എപ്പോഴെന്നുമെല്ലാം തിട്ടപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, മറ്റുള്ളവരെല്ലാം ഈ ക്രമം മാനിക്കുകയും ആദരിക്കുകയും വേണമെന്ന നിഷ്ഠയുമുണ്ട്. ക്രമം തെറ്റിയാല്‍ പിന്നെ പ്രശ്നമാണ്. 

 മിണ്ടാതിരിക്കണമെന്ന് ബാര്‍ത്തിമേവൂസിനോട് ശകാരിച്ച ശിഷ്യന്മാരെപ്പോലെയാണ് നമ്മള്‍. ക്രിസ്തുവിന്‍റെ പക്കല്‍ വന്ന ശിശുക്കളെ ശിഷ്യന്മാര്‍ തടഞ്ഞ സംഭവം നാം സുവിശേഷത്തില്‍ വായിക്കുന്നുണ്ടല്ലോ (10, 13). അതുപോലെ അന്ധനായ യാചകന്‍ നമ്മെ അലോസരപ്പെടുത്തുന്നവനും നമ്മുടെ ഗണത്തില്‍പ്പെടാത്തവനും ആകയാല്‍ അവനെ അവഗണിക്കുകയും ചെയ്യുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പരിത്യക്തരായവര്‍ കേഴുമ്പോള്‍ ക്രിസ്തു അവരെ ശ്രവിക്കുന്നു. കാരണം അവരെല്ലാം ബാര്‍ത്തിമേവൂസിനെപ്പോലെ എളിയവരെങ്കിലും വിശ്വാസമുള്ളവരാണ്. ക്രിസ്തുവിനെ തേടുന്നവരാണ്. ദൈവത്തെ അഭിമുഖീകരിക്കുവാനും കണ്ടെത്തുവാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം രക്ഷയ്ക്കായുള്ള അവബോധത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നു തിരിച്ചറിഞ്ഞവരാണവര്‍!

കാഴ്ചലഭിച്ചവന്‍ ക്രിസ്തുശിഷ്യനായി
അവസാനമായി സംഭവിക്കുന്നത് ഈ സുവിശേഷക്കഥയുടെ ഉച്ചസ്ഥായിയാണ്. ഇതാ, ബാര്‍ത്തിമേവൂസ് ക്രിസ്തുവിനെ അനുഗമിക്കുന്നു (52). കാഴ്ച ലഭിച്ചവന്‍ ക്രിസ്തു-ശിഷ്യനായി മാറുന്നു. നാം ക്രിസ്തുവിനോടും സഹോദരങ്ങളോടും ചേര്‍ന്ന് ഈ ഭൂമിയില്‍ ഒരുമിച്ചു നടക്കുന്നവരാണു. ക്രിസ്തുവിനോടും സഹോദരങ്ങളോടും ചേര്‍ന്ന് സുവിശേഷ മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുമ്പോഴാണ് നാം ക്രിസ്തുശിഷ്യരാകുന്നത്. ദൈവം കാണിച്ചുതരുന്ന പാതയിലൂടെ ചരിക്കുവാന്‍ ശ്രമിക്കാം. വെളിച്ചം തരുന്നതും തെളിയിക്കുന്നതുമായ അവിടുത്തെ സൗഖ്യദായകവും രക്ഷാകരവുമായ ദൃഷ്ടി നമ്മില്‍ പതിപ്പിക്കണമേയെന്ന് അപേക്ഷിക്കാം. തിന്മയുടെയും പാപത്തിന്‍റെയും നൈരാശ്യം നമ്മെ കളങ്കപ്പെടുത്താതിരിക്കട്ടെ!
അങ്ങനെ നന്മയില്‍ ജീവിക്കാന്‍ വെമ്പല്‍കൊണ്ട്, ക്രിസ്തുവിനെ കണ്ടെത്തിയ സ്ത്രീപുരുഷന്മാരില്‍ തിളങ്ങുന്ന ആ ദൈവികപ്രഭ തേടുവാനും, അതു കണ്ടെത്തുവാനും നമുക്കും ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2018, 15:26