വിനയത്തിന്‍ മാതൃക നല്കാന്‍ വിനയത്തിന്‍ മാതൃക നല്കാന്‍ 

സുവിശേഷം പഠിപ്പിക്കുന്ന ചെറുമയുടെ മനോഹാരിത

ആണ്ടുവട്ടം 29-Ɔοവാരം ഞായറാഴ്ച സുവിശേഷ വിചിന്തനം - മാര്‍ക്ക് 10, 35-45.
ആണ്ടുവട്ടം 29-Ɔοവാരം സുവിശേഷവിചിന്തനം - ശബ്ദരേഖ

മഹത്വത്തിന്‍റെ വിനീതരൂപം 
ലോകത്തെ അമ്പരിപ്പിച്ച വാര്‍ത്തയാണ് മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍റെ സ്ഥാനത്യാഗം. പത്രോസിന്‍റെ പരമാധികാരത്തില്‍ ഇനിയും തുടരാനുള്ള കരുത്ത് പ്രായാധിക്യത്തിലെത്തിയ തനിക്കില്ലെന്ന് നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും ആത്മശോധനയ്ക്കുംശേഷം ബോധ്യമായെന്ന് മുന്‍പാപ്പാ വത്തിക്കാനില്‍ കര്‍ദ്ദിനാള്‍ സംഘത്തെ അറിയിച്ചു. അത് 2013 ഫെബ്രുരി 11-Ɔο തിയതിയായിരുന്നു. പത്രോസിന്‍റെ പരമാധികാരം സ്ഥാനത്തിന്‍റെ ആത്മീയ സ്വഭാവംകൊണ്ട് പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും മരണംവരെ തുടരേണ്ടതാണ് എന്ന ബോധ്യം ഉണ്ടെങ്കിലും, പരിവര്‍ത്തന വിധേയമാവുകയും വിശ്വാസ സംബന്ധിയായി നിരവധി വെല്ലുവിളികള്‍ ഉയരുകയുംചെയ്യുന്ന ഇന്നത്തെ ലോകത്ത് പത്രോസിന്‍റെ നൗകയെ നയിക്കാന്‍ ശാരീരിക ആരോഗ്യത്തോടൊപ്പം മനക്കരുത്തും അനിവാര്യമാണെന്ന ബോധ്യമാണ് തന്നെ സ്ഥാനത്യാഗത്തിനുള്ള തീരുമാനത്തിലേയ്ക്ക് നയിച്ചതെന്നും പാപ്പാ അറിയിച്ചു.

അനുദിന കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചിരുന്ന പാപ്പായുടെ പ്രഖ്യാപനം ലോകത്തിന് വിനയത്തിന്‍റെയും ആത്മത്യാഗത്തിന്‍റെയും മാതൃകയാണ്. ഇന്ന് 93-Ɔ‍ο വയസ്സിലും പണ്ഡിതനും വാഗ്മിയും ഗ്രന്ഥകര്‍ത്താവുമായ മുന്‍പാപ്പാ ബെന്ഡിക്ട് ക്ഷീണിതനെങ്കിലും വത്തിക്കാന്‍ തോട്ടത്തിലെ “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) എന്ന ചെറുഭവനത്തില്‍ പ്രശാന്തനായി, പാപ്പാ ഫ്രാന്‍സിസിന്‍റെ സാഹോദര്യസംരക്ഷണയില്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ജീവിക്കുന്നു.

സെബദീ പുത്രന്മാരുടെ അഭ്യര്‍ത്ഥന
ജരൂസലേമിലേയ്ക്കുള്ള യാത്രാമദ്ധ്യേ രക്ഷാകര പദ്ധതിയിലെ തന്‍റെ കഠിനമായ  പീഡനങ്ങളുടെയും കുരിശുമരണത്തിന്‍റെയും രഹസ്യം ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്ത ക്രിസ്തുവില്‍നിന്നും സെബദീ പുത്രന്മാരായ യോഹന്നാനും യാക്കോബും ആവശ്യപ്പെട്ടത്, എങ്ങനെ അവിടുത്തെ മഹത്വത്തിന്‍റെ ഉന്നതസ്ഥാനങ്ങള്‍ കരസ്ഥമാക്കാം എന്നായിരുന്നു. ഇസ്രായേല്യരെ റോമാക്കാരുടെ മേല്‍ക്കോയ്മയില്‍നിന്നും അട്ടിമറിച്ച് സ്ഥാനം പിടിച്ചെടുക്കുന്ന ഒരു വിപ്ലവ നേതാവായ സാമ്രാജ്യസ്ഥാപകനെയാണ് അധികംപേരും ക്രിസ്തുവില്‍ കണ്ടത്. അതുകൊണ്ടാണ് ക്രിസ്തു സ്ഥാപിക്കുമെന്നു പ്രതീക്ഷിച്ച രാജ്യത്തിലെ ഉന്നതസ്ഥാനങ്ങളില്‍ രണ്ടെണ്ണം തങ്ങള്‍ക്കു നല്കണേയെന്ന് സെബദീപുത്രന്മാര്‍ അഭ്യര്‍ത്ഥിച്ചത്. 

ചെറുമയുടെ മനോഹാരിത
സാധാരണ പറയാറുണ്ടല്ലോ, Small is beautiful… ചെറുമയ്ക്ക് ഒരു മനോഹാരിതയുണ്ടെന്ന്. ഒരു ചെറിയ വീടു ശ്രദ്ധിക്കുക - ഒറ്റ മുറിയില്‍ ആ കുടുംബം കഴിഞ്ഞിരുന്ന കാലത്ത്, വീടിനകത്ത് ജീവനുണ്ടായിരുന്നു, സന്തോഷമുണ്ടായിരുന്നു. ഇപ്പോളവര്‍ക്ക് ദീര്‍ഘമായ ഇടനാഴികളുള്ള വലിയ വീടുണ്ട്. എന്നിട്ടും അതിലൂടെല്ലാം നടക്കുമ്പോള്‍ മരണത്തിന്‍റെ തണുപ്പും മൗനവും പിടികൂടുകയാണ്. അതുപോലെ കളപ്പുരകള്‍ നിറഞ്ഞാലും ജീവനില്ലാതെ പോയാല്‍ എന്തു പ്രയോജനം. “ലോകം മുഴുവന്‍ നേടിയാലും ആത്മാവു നഷ്ടമായാല്‍ എന്തു പ്രയോജനം...” എന്ന ക്രിസ്തുവിന്‍റെ ചോദ്യം അതിഗൗരവത്തോടെ എടുക്കേണ്ടതുണ്ട് (മാര്‍ക്ക് 8, 34). എല്ലാറ്റിലും നിറഞ്ഞുനില്ക്കേണ്ട ഒരു ‘ലൈഫ് പ്രിന്‍സിപ്പി’ളാണ് ആത്മാവ്, ജീവസത്തയാണത്. വിഭവങ്ങള്‍ നിറഞ്ഞ ഒരു അത്താഴവിരുന്നു നടത്തുന്നു, എന്നാല്‍ അതില്‍ ആത്മാവില്ലെങ്കില്‍ എന്തു പ്രയോജനം... ആത്മാവില്ലാത്ത പ്രവൃത്തകളെല്ലാം പൊള്ളയാണ്.

ക്രിസ്തു പങ്കുവയ്ക്കുന്ന പാനപാത്രം
“ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ക്കു കുടിക്കുവാന്‍ കഴിയുമോ…?” എന്ന് യാക്കോബിനോടും യോഹന്നാനോടും ചോദിച്ചപ്പോള്‍, “ഞങ്ങള്‍ക്കു കഴിയും…” എന്ന അവരുടെ മറുപടി ഇതുതന്നെയാണ് വ്യക്തമാക്കുന്നത് (മര്‍ക്കോസ് 10, 38). ലൗകീക നേട്ടങ്ങള്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുവാനും, എന്തു സാഹസത്തിനും തുനിയുവാനും ഇന്ന് പലരും സന്നദ്ധരാണ്. എന്നാല്‍ ആത്മീയ നേട്ടങ്ങള്‍ക്കുവേണ്ടി ബുദ്ധിമുട്ടുവാനോ നന്മചെയ്യുവാനോ ക്ലേശം സഹിക്കുവാനോ ആരും തയ്യാറല്ല. എന്നാല്‍ നാം ഓര്‍‍ക്കണം ഭൗതിക നേട്ടങ്ങളെക്കാള്‍ ആത്മീയ നേട്ടങ്ങള്‍ക്കും, ഈ ലോകഭാഗ്യങ്ങളെക്കാള്‍ നിത്യഭാഗ്യത്തിനുമാണ് ക്രിസ്തു പ്രാധാന്യം കല്പിക്കുന്നത്. ക്രൈസ്തവജീവതത്തിന്‍റെ പൊരുള്‍ ലാളിത്യമുള്ള ജീവിതമാണ്. അത് എളിമയുടെ ശുശ്രൂഷാജീവിതമാണ്. ദൈവരാജ്യത്തിനുവേണ്ടി എന്തുവില കൊടുക്കുവാനും നാം സന്നദ്ധരാവണമെന്ന് ക്രിസ്തു ഉദ്ബോധിപ്പിക്കുന്നു. ത്യാഗത്തിന്‍റേയും സ്വയാര്‍പ്പണത്തിന്‍റെയും പാതയിലൂടെ മാത്രമേ യാഥാര്‍ത്ഥമായ ജീവിതവിജയം, യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നേടിയെടുക്കാനാവൂ.

ക്രിസ്തുശിഷ്യന്‍ എളിയവനും ദരിദ്രനും
കഴിഞ്ഞ ദിവസം പാപ്പാ ഫ്രാന്‍സിസ് #SantaMarta എന്ന സാമൂഹ്യമാധ്യമ ശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം ഇവിടെ പ്രസക്തമാണ്. “ദാരിദ്യമാണ് ക്രിസ്തുശിഷ്യന്‍റെ ജീവിതവഴി. ശിഷന്‍ ദരിദ്രനാണ്, കാരണം അവന്‍റെ സമ്പത്ത് ക്രിസ്തുവാണ്.”  മദര്‍ തെരേസയുടെ കോണ്‍വെന്‍റുകളിലെ പ്രത്യേകതയാണ് സിസ്റ്റേഴ്സ് തന്നെ അവരുടെ പരിസരങ്ങള്‍ എന്നും അടിച്ചുതുടച്ചു വൃത്തിയാക്കുന്നു. എത്ര വലിയവ്യക്തിയായാലും സ്ഥാനക്കാരിയായാലും സ്വന്തം ഭവനം വൃത്തിക്കുക ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സേവനത്തിന്‍റെ വിനീതഭാവമാണ് മദര്‍ തെരാസാ തന്‍റെ സഹോദരികള്‍ക്കു പകര്‍ന്നുനല്കിയത്. സേവനം ശുശ്രൂഷയാണ്. എന്തു ജോലിയും മഹത്തരമാണ്. ജോലിചെയ്തു ജീവിക്കുന്ന മനുഷ്യന്‍ അവന്‍റെ, അവളുടെ അന്തസ്സാണ് വെളിപ്പെടുത്തുന്നത്. കുറച്ചു ജോലിചെയ്യുക, കഷ്ടിപുഷ്ടി ജോലിചെയ്തു കടന്നുപോവുക ശരിയല്ല! വിയര്‍പ്പു വീഴാത്ത മണ്ണിന്‍റെ ഊഷരത ഭീതിദമാണെന്നു കുറിച്ചിട്ടുള്ളത് ബോബി ജോസ് കട്ടിക്കാട്ട് കപ്പൂച്ചിനാണ്.

അദ്ധ്വാനം ഒരു സ്നേഹസമര്‍പ്പണം
അനന്യമായ ഒരപ്പക്കൂട്ടായിരുന്നു ക്രിസ്തുവിന്‍റെ ധ്യാനത്തിന്‍റെ അടുപ്പുകല്ലില്‍ വെന്തത്. പാകത്തിലേറെ വിയര്‍പ്പിന്‍റെ ഉപ്പുണ്ടായിരുന്നു അതില്‍. ബാല്യം കഴിഞ്ഞ് 30 വയസ്സുവരെ അവിടുത്തേയ്ക്കു തച്ചപ്പണിയായിരുന്നു. പിന്നീടാണ് മരം ചിന്തേരിട്ടു മിനുസ്സപ്പെടുത്തുന്നതിലും വലുതായി, മനസ്സിനെ രൂപപ്പെടുത്തുന്ന വാമൊഴിയും മൗലികമായ പ്രബോധനങ്ങളും പ്രവര്‍ത്തികളുമായി അവിടുന്ന പുറത്തുവന്നത്, പരസ്യജീവിതം ആരംഭിച്ചത്.

തൊഴിലിന് മനുഷ്യനോളമല്ല ദൈവത്തോളം പഴക്കമുണ്ട്. കാരണം ഒരോ ദിവസവും ദൈവം സൃഷ്ടിയിലായിരുന്നു. എന്നിട്ട് മാറിനിന്ന് അത് ആസ്വദിച്ചുകൊണ്ടു പറഞ്ഞു, എല്ലാം നല്ലതാണ്! അതിനാല്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ അന്തസ്സിലും അന്തഃസത്തയിലും തൊഴില്‍, അദ്ധ്വാനം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഉയിരിന്‍റെയും ഉടലിന്‍റെയും ഭാഗമായ അദ്ധ്വാനം തൊഴിലൂടെ മനുഷന്‍ സമൂഹത്തിലും കുടുംബത്തിലും സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുകയാണ്. അതാണ് തൊഴിലിന്‍റെ അന്തസ്സ്. അപ്പോള്‍ ഒരു വ്യക്തിയുടെ ഏറ്റവും നല്ലത് പുറത്തുവരേണ്ടത് തൊഴിലിലൂടെയാണ്. നിന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ജീവിക്കുക. ശരീരം “വിയര്‍ക്കുന്നു” എന്ന ജൈവപ്രകൃയയിലൂടെ ശുദ്ധീകരണമാണ് നടക്കുന്നത്. അതില്‍ അല്പം നിശബ്ദതയും ധ്യാനവുമുണ്ടെങ്കില്‍ ഏതു തൊഴിലും ആത്മാവിനെ ശുദ്ധമാക്കും. ഈ കാഴ്ചപ്പാടിലാണ്. ഏതു തൊഴിലും അന്തസ്സുള്ളതും മഹത്തരവുമാകുന്നത്. സ്ഥാനത്തിനും ഉയര്‍ച്ചയ്ക്കും അവിടെ പ്രസക്തിയില്ലാതാകും. ഉയര്‍ന്നതോ താഴ്ന്നതോ ഏതുമാവട്ടെ, തൊഴില്‍ അന്തസ്സുള്ളതും ശ്രേഷ്ഠവുമാണ്. 

ചെറുമയുടെ മനോഹാരിത
അബ്രാഹം ലിങ്കണ്‍ സെനറ്റില്‍ പ്രസംഗിക്കുകയാണ്. അതിനിടെ ഒരാള്‍ ഒരു ഷൂസ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. താങ്കളുടെ പിതാവു കുത്തിയ ചെരുപ്പാണിത്. പിതാവ് ജീവിച്ചിരിപ്പുണ്ടോ? ലിങ്കണ്‍ നിശബ്ദനായി, പുഞ്ചിരിയോടെ പറഞ്ഞു. എന്‍റെ പിതാവ് നല്ല അര്‍പ്പണമുള്ള ചെരിപ്പുകുത്തിയായിരുന്നു. എന്നാല്‍ അത്രയും പൂര്‍ണ്ണമായൊന്നും ചെയ്യാന്‍ കഴിവില്ലാത്ത സാധാരണ മനുഷ്യനുമാണു ഞാന്‍. ആ നല്ല ഷൂസ് ഞാന്‍ ഒന്നു കണ്ടോട്ടേ! ഇതായിരുന്നു ലിങ്കന്‍റെ പ്രതികരണം. താരതമ്യങ്ങള്‍ ആവശ്യമില്ലാത്തവിധം ഓരോ തൊഴിലിനും അതിന്‍റേതായ മഹത്വമുണ്ട്. 

പൂരം കാണാന്‍ വന്ന സായിപ്പിനെ ആളുകള്‍ കൗതുകത്തോടെ വളഞ്ഞു. അദ്ദേഹം ചരിച്ചുകൊണ്ടു പറഞ്ഞു. ഞാന്‍ ഒരു ജര്‍മ്മന്‍കാരനാണ്. പേരു കാസ്പര്‍. ജോലി ഇറച്ചിവെട്ട്...! അങ്ങനെ സന്തോഷത്തോടെ അയാള്‍ തന്നെത്തന്നെ സത്യസന്ധമായി പരിചയപ്പെടുത്തി. ചുറ്റുംകൂടിയവര്‍ക്ക് കൈയ്യുംകൊടുത്തിട്ട് തിരിഞ്ഞുനിന്ന് പൂരംകണ്ടു. ലാളിത്യമുള്ള ജീവിതത്തില്‍ സന്തോഷമുണ്ട് മനോഹാരിതയുണ്ട്.

ധാര്‍ഷ്ട്യം വെടിഞ്ഞ് വിനീതരാകാം!
ക്രിസ്തു കാട്ടിത്തരുന്ന സംവാദത്തിന്‍റെയും ലാളിത്യത്തിന്‍റെയും തുറവിന്‍റെയും പാതയാണ് സത്യസന്ധമായ ജീവിതത്തിന് ഭൂഷണം. മനുഷ്യന്‍റെ വിഫലമാകുന്ന തൊഴില്‍ മേഖലകളിലേയ്ക്കു ദൈവം ഇറങ്ങിവരുന്നത് നാം സുവിശേഷത്തില്‍ കാണുന്നുണ്ട്. അദ്ധ്വാനം അപ്പമാകാതെ പോകുന്ന പടവുകളിലേയ്ക്ക് ക്രിസ്തു ഇറങ്ങിവന്ന് ആഴങ്ങളിലേയ്ക്കു മാറ്റി വല ഇറക്കാന്‍ പറഞ്ഞില്ലേ! ആഴങ്ങള്‍ അദ്ധ്വാനത്തിന്‍റെ പുനരാവിഷ്ക്കരണവും, നിരന്തരമായ പരിശ്രമത്തിന്‍റെ പ്രതീകവുമാണ്. അവിടെ ദൈവം കനിയും... ദൈവം പുഞ്ചിരിക്കും സങ്കീര്‍ത്തകന്‍ പാടുന്നു, “കര്‍ത്താവു ഭവനം പണിതില്ലെങ്കില്‍ പണിക്കാരുടെ ജോലി വ്യര്‍ത്ഥമാണ്. കര്‍ത്താവ് നഗരം കാത്തില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥമാണ്” (സങ്കീര്‍ത്തനം 127).

അധികാരത്തിന്‍റെ വിനയം
“ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാണ് നിങ്ങള്‍ എന്നില്‍നിന്നും പഠിക്കുവിന്‍…!”  (മത്തായി 11, 29). ജീവിതത്തില്‍ ഉടനീളം പ്രകടമായ ഒരു ശാന്തത ക്രിസ്തുവില്‍ നാം കാണുന്നു. “വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ദാസനും ശുശ്രൂഷകനുമാവണം,” എന്ന് അവിടുന്ന് പഠിപ്പിച്ചു (മര്‍ക്കോസ് 10, 45). അന്ത്യത്താഴവിരുന്നില്‍വച്ചു തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ വിനയാന്വിതമായ ശുശ്രൂഷാഭാവം... അപ്പം മുറിച്ച് പാത്രത്തില്‍ മുക്കി തന്നെ ഒറ്റുകൊടുക്കാന്‍ പോകുന്ന യൂദാസിനും കൊടുക്കുന്ന ശാന്തതയും ക്ഷമാശീലവും.... ശത്രുവിനെ സ്നേഹിതാ, എന്നു വിളിക്കുന്ന കരുണാദ്രമായ സ്നേഹവും വിനയവും! ലോക രക്ഷയ്ക്കായി ദൈവമായ അവിടുന്ന് മനുഷ്യന്‍റെ വിനീതഭാവം, ദാസ്യരൂപം കൈക്കൊണ്ടു. മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തിന്‍റെയും ശൂന്യവത്ക്കരണത്തിന്‍റെയും ശൈലി അവിടുത്തെ ലാളിത്യമാര്‍ന്ന ജീവിതത്തില്‍നിന്നും പഠിക്കാം. ധാര്‍ഷ്ട്യം വെടിഞ്ഞ് സാന്ദ്രമായ സേവനപാത പുല്‍കാം. അനാദിയിലേ വചനവും ദൈവമായിരുന്നവന്‍ എളിമയില്‍ മനുഷ്യനായി... മനുഷ്യരായ നമ്മെ വീണ്ടെടുക്കാന്‍...! അങ്ങനെ വലിമ ചെറുമയും താഴ്മയുമായി. മനുഷ്യരുടെ കൂടെവസിച്ച ചെറുമയായ ദൈവമേ... യേശുവേ, കാത്തുകൊള്ളേണേ! ഞങ്ങളെ കാത്തുകൊള്ളേണേ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2018, 17:58