തിരയുക

Vatican News
കുറിഞ്ഞി വിരിഞ്ഞപ്പോള്‍ കുറിഞ്ഞി വിരിഞ്ഞപ്പോള്‍ 

സ്നേഹപ്പൂക്കള്‍ വിരിയും കുടുംബം!

കെ. എസ്സ്. ചിത്രയുടെ ഒരു നല്ല ഭക്തിഗാനം. രചന ജെസ്സി ജോസ്, സംഗീതം ഫ്രാന്‍സിസ് മനക്കില്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു വീട്ടമ്മയുടെ കവിതയാണിത്! കുടുംബസ്നേഹത്തെ പൂക്കളോടു വര്‍ണ്ണിക്കുന്ന ഏറെ ഉണര്‍വ്വും ആനന്ദവും പകരുന്ന വരികള്‍. കുടുംബത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന പരസ്പരമുള്ള സ്നേഹവും കുഞ്ഞുങ്ങളുമാണ് വീട്ടമ്മയുടെ ലളിതമായ ഭാഷയില്‍ സ്നേഹപ്പൂക്കള്‍. കുടുംബ ജീവിതത്തിന് മാതൃകയും പ്രചോദനവുമായി നസ്രത്തിലെ കുടുംബത്തെ രണ്ടാമത്തെ ചരണത്തില്‍ വര്‍ണ്ണിക്കുന്നതാണ് ഗാനത്തിന്‍റെ ആത്മീയത. നസ്രത്തിലെ യേശുവിന്‍റെ കുടുംബത്തെക്കുറിച്ചുള്ള ധ്യാനവും ഭക്തിയും അനുദിനം കുടുംബങ്ങളെ നയിക്കുകയും തെളിയിക്കുകയും ചെയ്യുന്ന പൊന്‍ദീപമായി വരികള്‍ ചിത്രീകരിക്കുന്നു.

വരികളുടെ ലാളിത്യം ഫ്രാന്‍സിസ് മനക്കില്‍ ഈണത്തിലും മനോഹരമായി പ്രതിഫലിപ്പിക്കുന്നു. വരികള്‍ക്കൊത്തു നീങ്ങുന്ന  ഈണത്തില്‍ സന്തോഷവും ഉല്ലാസവും ഉന്മേഷവുമുണ്ട്. സ്നേഹവും സമാധാനവുമുള്ള കുടുംബങ്ങളില്‍ ഈ ഗാനം ഒരാനന്ദം നൃത്തം വിരിയിക്കും.‌
കെ.എസ്സ് ചിത്ര ഈ ഗാനം നിറപുഞ്ചിരിയോടെ അനായാസേന ആലപിച്ചിരിക്കുന്നു.

കെ. എസ് ചിത്രയുടെ ഗാനം - സ്നേഹപ്പൂക്കള്‍ - ശബ്ദരേഖ

സ്നേഹപ്പൂക്കള്‍ വിരിയും കുടുംബം
പല്ലവി
സ്നേഹപ്പൂക്കള്‍ വിരിയും കുടുംബം അതു
പാവനം മോഹനം (2)

അനുപല്ലവി
വിണ്ണിന്‍ നൈര്‍മ്മല്യവും മന്നിന്‍
ശാന്തതയും ഒത്തുചേരുമ്പോള്‍ ഉയരും
നല്ല കുടുംബം, നല്ല കുടുംബം.
- സ്നേഹപ്പൂക്കള്‍ വിരിയും

ചരണം ഒന്ന്
നവദമ്പതിമാരെ നിങ്ങള്‍ അന്വേന്യം സ്നേഹിക്കൂ
ദൈവം നല്കും കുഞ്ഞുങ്ങളെ അനുസരണയില്‍ വളര്‍ത്തൂ (2)
എങ്കില്‍ നസറത്തിലെ തിരുക്കുടുംബത്തില്‍
വിളങ്ങും സന്തോഷം നുകര്‍ന്നിടാം (2).
- സ്നേഹപ്പൂക്കള്‍ വിരിയും

രണ്ടാം ചരണം
ദൈവസ്തോത്രങ്ങള്‍ പാടി നിങ്ങളെന്നെന്നും ജീവിക്കുവിന്‍
എല്ലാനേട്ടവും കോട്ടവും നാഥനായ് സമര്‍പ്പിക്കുവിന്‍ (2)
എങ്കില്‍ അവനെത്തിടും ഇരുഹൃദയത്തില്‍
നിറയെ പൊന്‍ദീപം കൊളുത്തിടാം (2)
- സ്നേഹപ്പൂക്കള്‍ വിരിയും

-------------------------------------------------------------------------------

ചിത്രയുടെ ഓഡിയോ ട്രാക്സ് (Audio Tracks) ചെന്നൈ കമ്പനിയും മനോരമ മ്യൂസിക്സും ചേര്‍ന്നു നിര്‍മ്മിച്ച “ക്രിസ്തീയ ഭാക്തിഗാനങ്ങള്‍”  എന്ന ഗാനശേഖരത്തില്‍നിന്നും എടുത്തതാണിത്.  മലയാളത്തിന്‍റെ ഗാനകോകിലം കെ. എസ്സ്. ചിത്രയെയും ഇതിന്‍റെ നിര്‍മ്മാണത്തില്‍ സഹകരിച്ച മറ്റെല്ലാവരെയും സ്നേഹത്തോടെ അനുസ്മരിക്കുന്നു.  ഈ ഗാനം നമ്മുടെ കുടുംബങ്ങളി‍ല്‍ സ്നേഹപ്പൂക്കള്‍ വിരിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ....!!

 

06 October 2018, 18:31