Cerca

Vatican News
പരിത്യാഗത്തിന്‍റെ വഴികള്‍ പരിത്യാഗത്തിന്‍റെ വഴികള്‍ 

ക്രിസ്തു പ്രബോധിപ്പിക്കുന്ന പരിത്യാഗത്തിന്‍റെ ശൈലി

വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 10, 17-27. സുവിശേഷം വിവരിക്കുന്ന ധനികനായ യുവാവിന്‍റെ കഥ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ശബ്ദരേഖ - ആണ്ടുവട്ടം 28-Ɔο വാരം ഞായറാഴ്ച

ക്രിസ്തു നല്കുന്ന ജീവിതതിരഞ്ഞെടുപ്പ്
യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളെ സഹായിക്കാനും അവരുടെ യുവത്വത്തിലും വിവാഹജീവിതത്തിലും അതിന്‍റെ തുടര്‍ച്ചയിലും അജപാലനപരമായി സഭയ്ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ നിജപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മെത്രാന്മാരുടെ 15-‍Ɔമത് സാധാരണ സിനഡുസമ്മേളനം..., ഏകദേശം ഒരു മാസത്തോളം നീളുന്ന സമ്മേളനം. ഈ പശ്ചാത്തലത്തില്‍, ജീവിതതിരഞ്ഞെടുപ്പുമായി ക്രിസ്തുവിനെ സമീപിച്ച യുവാവിന്‍റെ കഥയാണ് ഇന്നത്തെ സുവിശേഷവിചിന്തനം. നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? ഇതായിരുന്നു യുവാവിന്‍റെ ചോദ്യം! പ്രമാണങ്ങളെല്ലാം അനുസരിക്കുന്നുണ്ട്, കുഴപ്പമൊന്നുമില്ല. എന്നാല്‍ ക്രിസ്തു പറഞ്ഞത്, നിത്യജീവന്‍ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സമ്പത്തെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപമുണ്ടാകും (10, 21).
ആ യുവാവിന് എന്നപോലെ, ഇതു കേട്ടുനിന്ന കൂടെയുണ്ടായിരുന്ന ശിഷ്യാന്മാര്‍ക്കും ക്രിസ്തുവിന്‍റെ വാക്കുകള്‍ ഒരു “ഷോക്ക്” ആയിരുന്നു.

ക്രിസ്ത്വാനുകരണത്തിന്‍റെ  മൗലിക വീക്ഷണം
ക്രിസ്തുവിനെയും ലൗകിക വസ്തുക്കളെയും ഒരുമിച്ച് അനുധാവനംചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതത്തില്‍ മൗലികമായ ജീവിതശൈലി തിരഞ്ഞെടുക്കുവാന്‍ ക്രൈസ്തവര്‍ ബാദ്ധ്യസ്ഥരാണ്. സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിച്ചു നേടാമെന്നു കരുതുന്നത് മൗഢ്യമാണ്. അത് പകുതി ക്രിസ്ത്യാനി ആയിരിക്കുന്ന മനോഭാവമാണ്. ക്രിസ്ത്വാനുകരണത്തില്‍ തങ്ങള്‍ക്ക് എന്തു ലഭിക്കും, എന്ന പത്രോസിന്‍റെ ചോദ്യത്തിനു മറുപടിയായിരുന്നു അവിടുന്നു പ്രബോധിപ്പിക്കുന്ന ഏറെ മൗലികമായ ദര്‍ശനവും, ജീവിതരീതിയും. അവിടുത്തെ അനുഗമിക്കാന്‍ ആഗ്രഹിച്ച് നിത്യായുസ്സിന്‍റെ പാത പിന്‍ചെല്ലാന്‍ വന്ന ധനികനായ യുവാവിനോട് പറഞ്ഞത്, പോയി ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുത്തിട്ടു വന്ന് തന്നെ അനുഗമിക്കുക, എന്നാണ്. അപ്പോള്‍ അവന്‍ വിഷാദിച്ച്, സങ്കടപ്പെട്ടു തിരിച്ചുപോയി എന്നാണ് സുവിശേഷം രേഖപ്പെടുത്തുന്നത് (10, 22).

ജീവിതം ഒരു കുരിശിന്‍റെവഴി
ക്രിസ്ത്യാനിക്ക് രണ്ടു വഞ്ചിയില്‍ കാലുവച്ചു നില്ക്കാനാവില്ല – ഭൗമികവും സ്വര്‍ഗ്ഗിയവുമായ കാഴ്ചപ്പാട് ഒരുമിച്ച് സാധ്യമല്ലെന്നായിരുന്നു ക്രിസ്തു കൃത്യമായി പ്രബോധിപ്പിച്ചത്. ഗുരുവിന്‍റെ ഈ മറുപടി ശിഷ്യന്മാര്‍ക്ക് അപ്രതീക്ഷിതവും ആശ്ചര്യാവഹവുമായിരുന്നു. അവിടുന്ന് തന്‍റെ ശിഷ്യരോട് ലൗകിക സമ്പത്തിനെക്കുറിച്ചല്ല സംസാരിക്കുന്നത്, മറിച്ച് ദൈവരാജ്യത്തിലെ സമ്പത്തിനെക്കുറിച്ചാണ്. അതുപോലെ പീ‍ഡനങ്ങളെക്കുറിച്ചും ജീവിതക്കുരിശുകളെക്കുറിച്ചുമാണ് പ്രബോധിപ്പിക്കുന്നത്. ക്രിസ്ത്യാനി ലൗകിക വസ്തുക്കളില്‍ ദൃഷ്ടിപതിച്ചു ജീവിക്കുന്നത് ഒരു ഇരട്ട താപ്പു നയമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ഒരുപോലെ ആശ്ലേഷിക്കുന്ന ഇരട്ടത്താപ്പുനയം ക്രിസ്തു അപലപിക്കുന്നു. ഇവ രണ്ടിന്‍റെയും മാറ്റുരയ്ക്കലാണ് ക്രിസ്തു തെളിയിക്കുന്ന പീഡനത്തിന്‍റെയും കുരിശുകളുടെയും പാത. സ്വയം പരിത്യജിച്ച് കുരിശു വഹിക്കുക! കുരിശും വഹിച്ചുകൊണ്ട് ഗുരുവിനെ പിഞ്ചെല്ലുക എന്ന സംജ്ഞ എങ്ങനെ പര്യയവസാനിക്കും എന്ന് ശിഷ്യന്മാര്‍ക്കുതന്നെ രൂപമൊന്നും ഉണ്ടായിരുന്നില്ല.

ക്രിസ്തീയതയുടെ നിസ്വാര്‍ത്ഥ സമര്‍പ്പണം
പെന്തക്കൂസ്താനാളിലാണ് ശിഷ്യന്മാര്‍ക്ക് എല്ലാം പൂര്‍ണ്ണമായും വെളിപ്പെട്ടു കിട്ടിയത്. അന്നാണ് അവരുടെ ഹൃദയങ്ങള്‍ പവിത്രമായത്, തുറക്കപ്പെട്ടത്. ക്രിസ്ത്വാനുകരണത്തിന്‍റ പൊരുള്‍ അന്നാണ് അവര്‍ക്ക് മനസ്സിലായത്. അത് പ്രതിഫലേച്ഛയൊന്നുമില്ലാത്ത സ്നേഹത്തിന്‍റെയും രക്ഷയുടെയും ത്യാഗസമര്‍പ്പണമാണ്. സാമ്പത്തിക നേട്ടത്തില്‍ ദൃഷ്ടിപതിച്ച ക്രിസ്തീയത ലൗകികവും സ്വാര്‍ത്ഥവുമാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു.

സമ്പത്തും, മിഥ്യയും അഹങ്കാരവും ക്രിസ്തുവില്‍നിന്നും നമ്മെ അകറ്റുന്നു. ധനാസക്തരായ ക്രൈസ്തവര്‍ നേരായ വീക്ഷണം നഷ്ടപ്പെട്ടവരും ലക്ഷൃബോധമില്ലാത്തവരുമായിരിക്കും. ക്രിസ്തു പിന്നെയും പറയുന്നു. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തേതാണെന്നും, ദാസനാണെന്നും, വിനീതനാണെന്നുമുള്ള ഭാവത്തില്‍ ജീവിക്കണം. ഇതാണ് ക്രിസ്തു പഠിപ്പിക്കുന്നതും ജീവിച്ചു കാണിച്ചതുമായ ശൈലിയും ക്രിസ്തീയതയുടെ മാനദണ്ഡവും!

ക്രിസ്തുവില്‍നിന്നും അകറ്റുന്ന മിഥ്യാബോധം
മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ അനുഗമിക്കുക അത്ര എളുപ്പമല്ല. കാരണം അത് സ്വാഭാവികതയില്‍ നാം ഇഷ്ടപ്പെടാത്ത ദാസ്യമായ സേവനശുശ്രൂഷയാണ്. ക്രിസ്തു നല്കുന്ന അവസരം ആദ്യത്തേതാണെങ്കിലും, വിളിക്കപ്പെട്ടവന്‍ അതുചെയ്യേണ്ടത് അവസാനത്തേതുപോലെയും ദാസനെപ്പോലെയുമാണ്. അവിടുന്ന് സമ്പത്തു നല്കിയാലും അത് മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുവാനും പങ്കുവയ്ക്കുവാനും സ്വീകര്‍ത്താവ് സന്നദ്ധനായിരിക്കണം.  സമ്പത്തും മിഥ്യയും അഹങ്കാരവുമാണ് നമ്മെ ക്രിസ്തുവില്‍നിന്നും അകറ്റിനിര്‍ത്തുന്നത്. അവ നമ്മെ മിഥ്യാബോധത്തിലേയ്ക്ക് ഉയര്‍ത്തുന്ന അപകടങ്ങളാണ്. അതുവഴി അഹന്ത വര്‍ദ്ധിച്ച് വ്യക്തികള്‍ സ്വയം മറന്നു ജീവിക്കുന്ന അവസ്ഥയും ഇന്ന് വളരെ പ്രകടമാണ്.

സ്വയാര്‍പ്പണത്തിന്‍റെയും ശൂന്യവത്ക്കരണത്തിന്‍റെയും രീതി
ക്രിസ്തു പഠിപ്പിക്കുന്ന ഈ വിനീതഭാവവും സേവനമനഃസ്ഥിതിയും ഉള്‍ക്കൊള്ളുക എളുപ്പമല്ല. അഹന്ത അഴിച്ചുമാറ്റുന്ന ശൂന്യവത്ക്കരണത്തിന്‍റെ പ്രക്രിയയാണ് ക്രിസ്ത്വാനുകരണം. ഇത് വിനയത്തിന്‍റെ ശാസ്ത്രവും, പൊതുജീവിതത്തില്‍ ധാരാളം നന്മചെയ്യുകയും എന്നാല്‍ പിന്നാമ്പുറത്ത് ആയിരിക്കുകയും ചെയ്യുന്ന മനോഭാവത്തി‍‍ന്‍റെ മനഃശാസ്ത്രവുമാണ്. കാശുണ്ടായിരുന്നവന്‍ അനുഗമിക്കാന്‍ വന്നിട്ട് തിരികെപ്പോയി, അയാള്‍ കാശിന്‍റെ പുറകെ പോയി.

ഈ സുവിശേഷഭാഗത്ത് കുറെക്കൂടെ മുന്നോട്ടു പോയാല്‍ കാണാം, ക്രിസ്തുവിനോട് പത്രോസ് ചോദിക്കുന്നു. ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചവരാണ്. അപ്പോള്‍ ഞങ്ങളോ?  ഈശോ പറഞ്ഞു, ആരെങ്കിലും എല്ലാം ഉപേക്ഷിച്ച് പൂര്‍ണ്ണമായി അവിടുത്തെ അനുഗമിച്ചാല്‍, അവര്‍ക്ക് ഒന്നിനും കുറവുവരികയില്ല (മത്തായി 10, 28-31). എല്ലാം ഉപേക്ഷിച്ചാല്‍ എല്ലാം കിട്ടും! അസ്സീസിയിലെ സിദ്ധന്‍ പറയുന്നത്, നല്കുമ്പോഴാണ് ലഭിക്കുന്നത്! കാരണം ഒന്നുമില്ലാത്തവന് ദൈവം നല്കും. ദൈവം അവനെ പരിപാലിക്കും. ക്രിസ്തു-ശിഷ്യരുടെ ഒരു ഗുണഗണമായിരിക്കണം ദൈവപരിപാലനയിലുള്ള ആശ്രയബോധം. ദൈവം തന്‍റെ ദാസരെ സമൃദ്ധമായി കാക്കുന്നു, പാലിക്കുന്നു. തന്‍റെ വീടും സഹോദരങ്ങളെയും മാതാപിതാക്കളെയും സുവിശേഷത്തെപ്രതി ഉപേക്ഷിച്ചവര്‍ക്ക് 100 മടങ്ങ് പ്രതിഫലം ലഭിക്കുമെന്ന് അവിടുന്ന് ഉറപ്പുനല്കുന്നുണ്ട് (10, 30). ദൈവം തരുന്നത് പൂര്‍ണ്ണമായും നന്മയാണ്. അതില്‍ കുരിശുകളുണ്ടാകാം. ക്രിസ്തു ശൈലിയില്‍ സത്യസന്ധമായ ഒരു യാഥാര്‍ത്ഥ്യബോധം സ്പഷ്ടമാണ്. അവിടുത്തെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്‍റെ കുരിശുംവഹിച്ച് എന്‍റെ പിന്നാലെ വരട്ടെ (മത്തായി 16, 24). അതിനാല്‍ ക്രൈസ്തവജീവിതം ഒരു സമര്‍പ്പണമാണ്. അത് എളുപ്പമല്ല. ഈ വിവേകം നമുക്ക് ആവശ്യമാണ്.

ക്രിസ്ത്വാനുകരണത്തിലെ ആത്മസമര്‍പ്പണം
ഇന്നത്തെ ആദ്യവായന ക്രിസ്തു പ്രബോധിപ്പിക്കുന്ന ദൈവികജീവന്‍റെ ജീവിതത്തിലേയ്ക്കു വെളിച്ചം വീശുന്നതാണ് (ജ്ഞാനം 7, 7-11). ജ്ഞാനം ദൈവികഭാവമാണ്. ചെങ്കോലിനെയും സിംഹാസനത്തെയുംകാള്‍ വിലപ്പെട്ടതാണ് വിജ്ഞാനം. ജ്ഞാനത്തോടു തുലനംചെയ്യുമ്പോള്‍ സമ്പത്ത്, ധനം നിസ്സാരമാണ്. വെള്ളിയെയും സ്വര്‍ണ്ണത്തെയുംകാള്‍ വലുതാണ് വിജ്ഞാനം. ആരോഗ്യത്തെയും സൗന്ദര്യത്തെയുംകാള്‍ വലുതാണത്. ജ്ഞാനമാണ് എല്ലാറ്റിനെയും നയിക്കുന്നത്. മിഥ്യയായ സമ്പന്നത്തില്‍നിന്നും സുഖഭോഗങ്ങളില്‍നിന്നും അകന്ന് യഥാര്‍ത്ഥവും അമൂല്യവും ശാശ്വതവുമായ സമ്പത്തിലും നന്മയിലും ആശ്രയിച്ചു ജീവിക്കാന്‍ വചനം നമ്മെ ക്ഷണിക്കുന്നു.

ഓസ്കര്‍ റൊമേരോ പരിത്യാഗത്തിന്‍റെ പ്രതീകം 
ഒക്ടോബര്‍ 14-Ɔο തിയതി ഞായറാഴ്ച ആഗോളസഭയിലെ 7 വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ മെത്രാനായിരുന്നു ഓസ്ക്കര്‍ റൊമേരോ. 1977-മുതല്‍ അദ്ദേഹം സാന്‍ സാല്‍വദോറിന്‍റെ മെത്രാപ്പോലിത്തയായിരുന്നു. ഒരു അഭ്യന്തര വിപ്ലവത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍, അന്നുണ്ടായ കലാപത്തില്‍ പീഡിപ്പിക്കപ്പെട്ട പാവം ജനങ്ങളെയും വിശ്വാസസമൂഹത്തേയും അദ്ദേഹം പിന്‍തുണ്യ്ക്കുകയും രാജ്യത്തെ വിമതരെ അപലപിക്കുകയും ചെയ്തു. റൊമേരോയുടെ വിശ്വാസബോധ്യങ്ങളും പാവങ്ങള്‍ക്കും എളിയവര്‍ക്കുമായുള്ള ജീവിതസമര്‍പ്പണവും ഒരു രാഷ്ട്രീയപക്ഷം ചേരലിനോ പിന്‍തുണയ്ക്കലിനോ സ്ഥാനമാനങ്ങള്‍ക്കോ അതീതമായിരുന്നു. അദ്ദേഹം നീതിക്കും സത്യത്തിനുംവേണ്ടി പാവങ്ങളുടെ പക്ഷംചേര്‍ന്നു. 1980 മാര്‍ച്ച് 24- Ɔο തിയതി ഒരു ഞായറാഴ്ചയായിരുന്നു.

തന്‍റെ ഭദ്രാസന ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കവെ രാജ്യത്തെ കലാപകാരികളുടെ വെടിയേറ്റ് ആ ധ്യന്യാത്മാവ് ബലിവേദിയില്‍ മരിച്ചുവീണു. 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി. ക്രിസ്തുവിനുവേണ്ടിയുള്ള ജീവിതതിരഞ്ഞെടുപ്പില്‍ എല്ലാം ഉപേക്ഷിച്ച് കുരിശിന്‍റെ പാതയില്‍ തന്‍റെ അജഗണങ്ങള്‍ക്കായി ജീവന്‍ ഹോമിച്ച ഒരു നല്ല ക്രൈസ്തവന്‍റെയും അജപാലകന്‍റെയും മാതൃകയാണ് ഓസ്ക്കര്‍ റൊമേരോ! ക്രൈസ്തവ ജീവിത പാതിയില്‍ വിശ്വാസബോധ്യങ്ങളില്‍ ഉറച്ചുനില്ക്കാനും, ഇന്ന് ലോകത്തും സമൂഹത്തിലും ചുറ്റും നാം കേള്‍ക്കുകയും കാണുകയുംചെയ്യുന്ന ഉതപ്പുകളിലോ, ക്രൈസ്തവീകതയുടെ അവഹേളനങ്ങളിലോ പതറിപ്പോകാതെ ജീവിക്കാം. ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്, അവിടുത്തെ കുരിശിന്‍റെവഴിയിലൂടെ നീങ്ങിക്കൊണ്ട് എളിയ ജീവിതങ്ങളെ കുടുംബങ്ങളിലും സമൂഹത്തിലും വിശ്വസ്തതയോടെ സമര്‍പ്പിക്കാനുള്ള വരം തരണമേ... എന്നു പ്രാര്‍ത്ഥിക്കാം!

13 October 2018, 17:59