തിരയുക

Vatican News
ഡബ്ലിനിലെ രാജ്യാന്തര കുടുംബസംഗമത്തില്‍ 25-08-18 ഡബ്ലിനിലെ രാജ്യാന്തര കുടുംബസംഗമത്തില്‍ 25-08-18  (Vatican Media)

ദൈവത്തിന്‍റെ സൃഷ്ടിയില്‍ ഏറ്റവും മനോഹരമായത് കുടുംബമാണ്!

ആണ്ടുവട്ടം 27-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷം 10, 2-16
ആണ്ടുവട്ടം 27-Ɔο വാരം ഞായറാഴ്ച സുവിശേഷവിചിന്തനം - ശബ്ദരേഖ

“ദൈവം യോജിപ്പിച്ചത്...” 
ബന്ധങ്ങള്‍ ആകസ്മികമല്ല. ദാമ്പത്യത്തെയും കുടുംബത്തെയും കുറിച്ചു പറയുമ്പോള്‍ ‘ദൈവം യോജിപ്പിച്ചത്’ എന്ന വിശേഷണവും വീക്ഷണവും ക്രിസ്തുവിന്‍റെ അധരങ്ങളില്‍നിന്നു മാത്രമാണ് ലോകം ശ്രവിക്കുന്നത്. വിവാഹത്തെയും വിവാഹമോചനത്തെയും സംബന്ധിച്ച ക്രിസ്തുവിന്‍റെ ചിന്തകളാണ് ഇന്നത്തെ സുവിശേഷഭാഗം പങ്കുവയ്ക്കുന്നത്. ദൈവത്തിന്‍റെ തനിപ്പകര്‍പ്പായിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന് ഉല്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നു (ഉല്പത്തി 2, 18-24).

“ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു”വെന്നാണ് ഉല്പത്തി ഗ്രന്ഥം ആവിഷ്ക്കരിച്ചിരിക്കുന്നത് (ഉല്പത്തി 1, 28). ‘ദൈവത്തിന്‍റെ ഛായയില്‍’ എന്നു പറയുമ്പോള്‍ അത് സ്ത്രൈണതയെയും പൗരുഷ്യത്തെയും ഉള്‍ക്കൊള്ളുന്നു. ഈ വ്യതിരിക്തതയിലാണ് ജീവന്‍റെ സൗന്ദര്യം ഉള്‍ക്കൊള്ളുന്നത്. മനുഷ്യജീവന്‍റെ ഈ സൗന്ദര്യം പ്രതിഫലിക്കുമാറും ആസ്വദിക്കുമാറും സ്ത്രീയെയും പുരുഷനെയും ഒന്നിപ്പിക്കുന്ന ദൈവികരഹസ്യമാണ് വിവാഹം. ക്രൈസ്തവ വിശ്വാസത്തില്‍ വിവാഹംകൂദാശയാണ്. അത് അടയാളമാണ്. ശാശ്വതമായ ദൈവസ്നേഹത്തിന്‍റെ അടയാളമാണ്.

ദൈവത്തിന്‍റെ സൃഷ്ടിയില്‍ ഏറ്റവും മനോഹരമായത് വിവാഹമാണ്, കുടുംബമാണ്, എന്നു പറഞ്ഞിട്ടുള്ളത് പാപ്പാ ഫ്രാന്‍സിസാണ് (Discourse Georgia, Oct.1, 2016).  സ്ത്രീയും പുരുഷനും, പരസ്പരം ദാനമാകുന്നതിനും ആദരിക്കപ്പെടുന്നതിനും, സ്നേഹത്തിന്‍റെയും ജീവന്‍റെയും കൂട്ടായ്മയാകുന്നതിനുംവേണ്ടി, അവരെ തുല്യാന്തസ്സിലും, എന്നാല്‍ വ്യത്യസ്തവും പരസ്പര പൂരകങ്ങളായ വൈശിഷ്ട്യങ്ങള്‍ ഉള്ളവരായിട്ടാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. അങ്ങനെ മനുഷ്യവ്യക്തിയെ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ പ്രതിഛായയാക്കി മാറ്റുന്നത് സ്നേഹമാണ്. 

വിവാഹജീവിതത്തിന്‍റെ ആത്മീയത
വിവാഹത്തില്‍ ഒന്നിക്കുന്ന സ്ത്രീയുടെയും പുരുഷന്‍റെയും ഐക്യം ശാരീരിക സംഗമത്തിനപ്പുറം ആത്മാവും ഉള്‍പ്പെടുന്നതാണ്. പവിത്രമായ ലൈംഗികത വ്യക്തിയുടെ മുഴുവന്‍ തലങ്ങളെയും സ്പര്‍ശിക്കുന്നതിനാല്‍ ശാരീരികബന്ധം കൊണ്ടുമാത്രം ആര്‍ക്കും ആരെയും തൃപ്തിപ്പെടുത്താനാകില്ല. ഒരാളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നതുവരെ ശാരീരികബന്ധം ഒരിക്കലും പരിശുദ്ധമായ ലൈംഗികതയല്ല. ഈ വീക്ഷണത്തില്‍ സ്ത്രീ പുരുഷന്മാര്‍ ആഴമായി പരസ്പരം അറിയേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നു മനസ്സിലാക്കാം. ഭാര്യ-ഭര്‍ത്താക്കന്മാരുടെ ശാരീരക ബന്ധം അതിന്‍റെ പൂര്‍ണ്ണിമ അണിയുന്നത് അതില്‍ ആഴമായ ആത്മബന്ധം വളരുമ്പോഴാണ്. സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും വിശ്വസ്തതയുടെയും സഖ്യമാണ് വിവാഹം എന്ന തിരിച്ചറിവും, ഏറ്റവും ആഴമേറിയ ഐക്യവുമാണത് എന്ന കണ്ടെത്തലും ജീവിതത്തില്‍ ആവശ്യമാണ്. ഭാര്യയുടെ ആത്മാവ് ഭര്‍ത്താവിലും, ഭര്‍ത്താവിന്‍റെ ആത്മാവ് ഭാര്യയിലും ഒരു ദൈവികവീക്ഷണത്തില്‍ കണ്ടെത്തുന്ന യാഥാര്‍ത്ഥ്യമാണ് വിവാഹം. ഈ ബോധ്യം ഉണ്ടെങ്കിലേ വൈവാഹിക ഐക്യം സാധ്യമാകൂ, അതു നിലനില്ക്കുകയുള്ളൂ.

കുടുംബത്തില്‍ സ്ഫുരിക്കുന്ന ത്രിത്വരഹസ്യം
ജീവിതാന്ത്യത്തില്‍ സ്വര്‍ഗ്ഗീയ മഹത്വത്തിന്‍റെ നിര്‍ണ്ണായകമായ പരിപൂര്‍ണതയില്‍ എത്തിച്ചേരുംവരെ നാം സ്വീകരിച്ച നവവും ദൈവികവുമായ ജീവന്‍റെ നാമ്പ് മുളപൊട്ടി വളരണം. അങ്ങനെയാണ് വ്യക്തികള്‍ സഭയിലെ അംഗങ്ങളും, ദൈവത്തിന്‍റെ കുടുംബവും ത്രിത്വത്തിന്‍റെ ശ്രീകോവിലും (Sacrarium Trinitatis) ആയിത്തീരുന്നതെന്നാണ് വിശുദ്ധ അംബ്രോസ് പഠിപ്പിക്കുന്നത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വീക്ഷണത്തില്‍, ക്രൈസ്തവര്‍ ജ്ഞാനസ്നാനത്തിലൂടെ “പിതാവിന്‍റെയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും ഐക്യത്തിലുള്ള നവജനമായി തീരുന്നു” (Lumen Gentium, 4).  ഈ കൂട്ടായ്മയുടെ രഹസ്യം ധ്യാനിച്ചും പരിശുദ്ധത്രിത്വത്തിലുള്ള ഐക്യവും സ്നേഹവും മാതൃകയാക്കിക്കൊണ്ടും, ദൈവത്തോടും സഹോദരങ്ങളോടും രമ്യപ്പെട്ടു ജീവിക്കുവാനുള്ള ക്ഷണമാണ് കുടുംബം, വിവാഹജീവിതം. ത്രിത്വത്തിന്‍റെ മനോഹാരിത സ്ഫുരിക്കുന്ന കൂട്ടായ്മയുടെ ചെറുസമൂഹങ്ങള്‍ വളര്‍ത്താന്‍ വിളിക്കപ്പെട്ടവരും, അങ്ങനെ വാക്കാല്‍ മാത്രമല്ല, അനുദിനം ജീവിക്കുന്ന സ്നേഹത്തിന്‍റെ പ്രകാശമുള്ള പ്രവൃത്തികളാലും സുവിശേഷ പ്രഘോഷകരാകേണ്ടവരാണ് ക്രൈസ്തവ മക്കള്‍, ക്രൈസ്തവ കുടുംബങ്ങള്‍.

സാമൂഹ്യ പുണ്യങ്ങളുടെ വിദ്യാലയം
ജീവിതങ്ങളുടെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലാണ് ദാമ്പത്യത്തിന്‍റെ പൂര്‍ണ്ണത അടങ്ങിയിരിക്കുന്നത്. പരസ്പരമുള്ള ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയും പങ്കുവയ്ക്കലിലൂടെയുമാണ് ഏറ്റവും ആദ്യമായി ദാമ്പത്യസ്നേഹം സഫലീകൃതമാക്കേണ്ടത്. ഉദാരവും ഉത്തരവാദിത്വ പൂര്‍വ്വകവുമായ സന്താനോല്പാദനത്തിലൂടെയും, മക്കളെ ജാഗ്രതയോടും വിവേകത്തോടുംകൂടെ നല്ല വിദ്യാഭ്യാസം നല്കി ശ്രദ്ധാപൂര്‍വ്വം പോറ്റിവളര്‍ത്തുന്നതിലുമാണ് കുടുബജീവിതം ഫലവത്താകുന്നത്. സമൂഹത്തിന്‍റെ അടിത്തറയാണ് കുടുംബം. കാരണം, പരസ്പര ബഹുമാനം, ഔദാര്യം, വിശ്വസ്തത, ഉത്തരവാദിത്തം, സഹാനുഭാവം, സഹകരണം എന്നീ സാമൂഹ്യപുണ്യങ്ങളുടെ സമുന്നതവും പകരം വയ്ക്കാനാവാത്തതുമായ വിദ്യാലയമാണ് കുടുംബം (Benedict XVI, Milan International Family Gathering 2012). സാങ്കേതികയുടെ കുത്തൊഴുക്കുള്ള ലോകത്ത് മക്കളെ നേര്‍വഴിയില്‍ നയിക്കുകയും, പ്രശാന്തമായ ആത്മവിശ്വാസവും, ജീവിക്കാനുള്ള ആത്മധൈര്യവും, വിശ്വാസധീരതയും ഉന്നതാദര്‍ശങ്ങളും, ബലഹീനതകളില്‍ പിന്‍ബലവും അവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടത് മാതാപിതാക്കളാണ്.

കുടുംബം ശാശ്വത സ്നേഹപ്രദീപം
കുട്ടികളും അവരുടെ മാതാപിതാക്കളോട് ആഴമായ സ്നേഹവും സൂക്ഷ്മമായ കരുതലും എന്നും പുലര്‍ത്തേണ്ടതാണ്. കുടുംബങ്ങളില്‍ സഹോദരങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തെ സ്നേഹത്തില്‍ വളരുന്നതിനുള്ള അവസരമായി എപ്പോഴും കാണേണ്ടതാണ്. വിവാഹബന്ധത്തെ ശാശ്വത സ്നേഹത്തിന്‍റെ അടയാളമായ കൂദാശയായി ഉയര്‍ത്തിയ ക്രിസ്തുവിലാണ് കുടുംബങ്ങള്‍ക്കായുള്ള ദൈവികപദ്ധതിയുടെ പൂര്‍ണ്ണിമ കണ്ടെത്തേണ്ടത്. പരിശുദ്ധാത്മ ദാനത്തിലൂടെ ക്രിസ്തു അവിടുത്തെ കൗദാശിക സ്നേഹത്തില്‍ കുടുംബങ്ങള്‍ക്ക് പങ്കാളിത്തം നല്കുകയും, അവരെ വിശ്വസ്തവും സാര്‍വ്വത്രികവുമായ സഭാസ്നേഹത്തിന്‍റെ അടയാളങ്ങളാക്കി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ഈ ദാനം സ്വീകരിച്ചും വിവാഹമെന്ന കൂദാശയുടെ കൃപാവരത്തില്‍നിന്നും ലഭിക്കുന്ന കരുത്താര്‍ജ്ജിച്ചും, വിശ്വാസത്തിലുള്ള സമ്മതവും സമര്‍പ്പണവും നവീകരിക്കാനായാല്‍ കുടുംബങ്ങള്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ മാതൃകയില്‍ ദൈവസ്നേഹത്തില്‍ വളരുകയും, അതെന്നും നിലനില്ക്കുകയും ചെയ്യും.

ജീവിക്കുന്ന സുവിശേഷവും ഗാര്‍ഹിക സഭയും
സ്നേഹിക്കുവാനുള്ള നിങ്ങളുടെ ദൈവവിളി ഇക്കാലഘട്ടത്തില്‍ ജീവിക്കുക ഏറെ ക്ലേശകരമാണ്. എന്നാല്‍ സ്നേഹമുള്ള കുടംബങ്ങള്‍ക്കു മാത്രമേ ഇന്നത്തെ ലോകത്തെ നവീകരിക്കാനാവൂ. സ്നേഹത്തില്‍ ജീവിച്ചു വളര്‍ന്ന നിരവധി നല്ല കുടുംബങ്ങളുടെ മാതൃകള്‍ നമ്മുടെ മുന്നിലുണ്ട്. നിരന്തരമായി ദൈവിക ഐക്യത്തില്‍ ജീവിച്ചും, സഭാ ജീവിതത്തില്‍ പങ്കുചേര്‍ന്നും, സംവാദത്തിന്‍റെ ശൈലി വളര്‍ത്തിയും, മറ്റുള്ളവരുടെ വീക്ഷണങ്ങളെ മാനിച്ചും, സേവനജീവിതത്തിനു സന്നദ്ധരായും, അപരന്‍റെ വീഴ്ചകളില്‍ തുണച്ചും, അവരോടു ക്ഷമിച്ചും, ക്ഷമ യാചിച്ചും, ബുദ്ധിപൂര്‍വ്വമായും എളിമയോടുംകൂടെ പ്രതിസന്ധികളെ മറികടന്നും, കുടുംബത്തിന്‍റെ മൂല്യങ്ങള്‍ ആദരിച്ചും, മറ്റു കുടുംബങ്ങളോടു തുറവു കാണിച്ചും, പാവങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചും സാമൂഹ്യ പ്രതിബദ്ധയുള്ളവരായി ജീവിച്ചുമാണ് കുടുംബങ്ങള്‍ സ്നേഹത്തില്‍ വളരേണ്ടത്. കുടുബത്തെ നന്മയില്‍ ഉയര്‍ത്തുവാന്‍ അത്യന്താപേക്ഷിതമായ ഘടകങ്ങളാണിവ. പരസ്പരവും മറ്റുള്ളവരോടുമുള്ള സ്നേഹം കുടുംബങ്ങളില്‍ ധൈര്യപൂര്‍വ്വം പങ്കുവയ്ക്കാനായാല്‍, ക്രൈസ്തവ കുടുംബങ്ങള്‍ ജീവിക്കുന്ന സുവിശേഷവും ഉദാത്തമായ ഗാര്‍ഹിക സഭയുമായിത്തീരും (Familiaris Consortio, 49).

കുടുംബവും ഉപഭോഗസംസ്ക്കാരവും
ആദ്യദമ്പതികളെ ഈ പ്രപഞ്ചം മുഴുവന്‍ ഭരമേല്‍പ്പിച്ചുകൊണ്ടാണ് അതിനെ സംരക്ഷിക്കുവാനും വളര്‍ത്തുവാനും ദൈവം പദ്ധതി ഒരുക്കിയത്. (ഉല്പത്തി 2, 15). ഈ ദൗത്യനിര്‍വ്വഹണത്തില്‍ മനുഷ്യന്‍ വളര്‍ത്തിയെടുത്ത കരവിരുതും ശാസ്ത്രീയതയും സാങ്കേതികതയും ഉപയോഗിച്ച് ദൈവിക പദ്ധതിയോടു സഹകരിക്കാനും പ്രപഞ്ചക്രമീകരണം നടത്തുവാനും ദൈവം ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ പ്രതിച്ഛായയായ സ്ത്രീയും പുരുഷനും അവിടുത്തെ സ്നേഹത്തിന്‍റെ പ്രതീകമായി ജീവിച്ചുകൊണ്ടാണ് പ്രാപഞ്ചിക പദ്ധതിയില്‍ പങ്കുകാരാകേണ്ടത്.

തൊഴിലിന്‍റെയും ഉല്പാദനത്തിന്‍റെയും കമ്പോളത്തിന്‍റെയും ഉപഭോഗസംസ്ക്കാരമാണ് ഇന്ന് ആധുനിക സാമ്പത്തിക ശാസ്ത്രം വളര്‍ത്തുന്നത്. ഉപഭോഗത്തിന്‍റെയും പരമാവധി ലാഭത്തിന്‍റെയും, എവിടെയായാലും എന്തുചെയ്താലും, എനിക്കെന്തു കിട്ടും, എന്നുമുള്ള ഏകപക്ഷീയത സമഗ്രമായ പുരോഗതിക്കും കുടുംബങ്ങളുടെ നന്മയ്ക്കും, നീതിപൂര്‍വ്വകമായ സാമൂഹ്യവ്യവസ്ഥിതിക്കും തടസ്സമായിരിക്കും. അത് സമൂഹത്തില്‍ ആരോഗ്യകരമല്ലാത്ത മാത്സര്യത്തിനും, വ്യാപകമായ അസമത്വത്തിനും അനീതിക്കും അഴിമതിക്കും പരിസ്ഥിതി വിനാശത്തിനും ഉപഭോഗവസ്തുക്കളുടെ ദൗര്‍ലഭ്യത്തിനും, കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും വഴിതെളിക്കുമെന്നാണ് ധാര്‍മ്മികതയുടെ ദര്‍ശനവും ചരിത്രത്തിലെ അനുഭവങ്ങളും പഠിപ്പിക്കുന്നത്. ഇന്നത്തെ സാമൂഹ്യ നിര്‍മ്മിതിയെ വളരെ തരംതാണ വ്യക്തി താല്പര്യങ്ങളിലേയ്ക്കു വികേന്ദ്രീകരിക്കുകയാണെങ്കില്‍ മനുഷ്യന്‍റെ ഉപഭോഗമനഃസ്ഥിതി. വ്യക്തികളെയും കുടുംബ ബന്ധങ്ങളെയും അത് തകര്‍ക്കുമെന്നതില്‍ സംശയമില്ല.

കുടുംബ പവിത്രതയെ തകര്‍ക്കുന്ന സാമൂഹിക നീക്കങ്ങള്‍
ഇന്ന് കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന നിയമസാധുത്ത്വം വിവിധ രാഷ്ട്രങ്ങള്‍ സൃഷ്ടിക്കുകയും കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഭ്രൂണഹത്യ, വിവാഹമോചനം, സ്വവര്‍ഗ്ഗവിവാഹം, വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന വിധി, കാരുണ്യവധം എന്നിവയല്ലാം കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പ് ഇല്ലാതാക്കാനും, സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനും, ഒരു “മരണസംസ്ക്കാരം” വളര്‍ത്താനും പോരുന്നതാണ്.  എന്നാല്‍ കുടുംബങ്ങളുടെ ഭദ്രത സംരക്ഷിക്കാനുള്ള സംവിധാനങ്ങളാണ് രാഷ്ട്രങ്ങള്‍ സൃഷ്ടിക്കേണ്ടത്. കാരണം നല്ല കുടുബങ്ങള്‍  നല്ല സമൂഹങ്ങള്‍ക്ക് രൂപംനല്കും.

യുവജനങ്ങളുടെ ഭാവിക്കായി ഒരു സിനഡ് സമ്മേളനം
കുടുംബങ്ങളുടെ ഭദ്രയ്ക്കുവേണ്ടിയാണ് അനുദിനം സഭ പരിശ്രമിക്കുന്നത്. ഒക്ടോബര്‍ 3-ന് വത്തിക്കാനില്‍ ആരംഭിച്ചിരിക്കുന്ന യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പും വിശ്വാസവും സംബന്ധിച്ച സിനഡു സമ്മേളനത്തിന്‍റെ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന കാര്യങ്ങളില്‍ വിവാഹജീവിതത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും ഭദ്രതയാണ് ലക്ഷ്യംവയ്ക്കുന്നത്. കുടുംബത്തിന്‍റെ ഭദ്രത നിലനിര്‍ത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്ന സഭ ഇന്ന് യുവജനങ്ങളിലേയ്ക്ക് തിരിഞ്ഞുകൊണ്ട്, കുടുബങ്ങളോടും സമൂഹത്തോടും അവര്‍ക്കുണ്ടാകേണ്ട സമഗ്രമായ ഒരു ആത്മീയബന്ധത്തിന്‍റെ കാഴ്ചപ്പാടില്‍ ആവശ്യമായ തുടര്‍പിന്‍തുണയും (an on-going support) അതുമായ ബന്ധപ്പെട്ട അജപാലന പദ്ധതികളും (pastoral projects) രൂപപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഈ ലക്ഷ്യത്തോടെ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയിരിക്കുന്നതും ഒരു മാസത്തോളം നീളുന്നതുമായി മെത്രാന്മാരുടെ 15-Ɔമത് സാധാരണ സിനഡുസമ്മേളനം ചരിത്ര സംഭവമാണ്. 

കുടുംബത്തിലും അതിന്‍റെ പവിത്രമായ സ്നേഹത്തിലും നാം വിശ്വസിക്കണം. അത് ദൈവത്തില്‍നിന്ന് വരുന്നതും ദൈവത്തോട് നമ്മെ ഒന്നിപ്പിക്കുന്നതുമാണെന്ന് മനസ്സിലാക്കണം. കുടുംബങ്ങളിലെ അനൈക്യവും അന്തഃച്ഛിദ്രവും അകറ്റി, അവയെ അനുരഞ്ജിതരാക്കി, രൂപാന്തരപ്പെടുത്തി, നവീകരിച്ചാല്‍.. നമ്മെ നാമാക്കുന്നത് പാവനമായ സ്നേഹബന്ധമാണ്. കാരണം, ആ സ്നേഹത്തില്‍ ദൈവം എല്ലാവര്‍ക്കും എല്ലാമായിത്തീരും. (1കൊറി. 15, 28). ദൈവം മനുഷ്യരോടൊത്തു വസിക്കും, അപ്പോള്‍ മനുഷ്യര്‍ പരസ്പരം സ്നേഹത്തില്‍ വസിക്കും.

06 October 2018, 15:04