സന്ധ്യമയങ്ങും നേരം സന്ധ്യമയങ്ങും നേരം 

എന്നും വിരിയുന്ന പുതിയ ആകാശവും പുതിയ ഭൂമിയും

വചനവീഥി എന്ന ബൈബിള്‍ പഠനപരിപാടി – സങ്കീര്‍ത്തനം 96-ന്‍റെ പഠനം നാലാമത്തെയും അവസാനത്തെയും ഭാഗം. അടുത്ത ചൊവ്വാഴ്ച സങ്കീര്‍ത്തനം 89-ന്‍റെ പഠനവുമായ തുടുരും....!
സങ്കീര്‍ത്തനം 96 - ആസ്വാദനം - ശബ്ദരേഖ

ങ്കീര്‍ത്തനം 96-ന്‍റെ വ്യാഖ്യനമാണല്ലോ കഴിഞ്ഞ പ്രക്ഷേപണത്തില്‍ കണ്ടത്. ഈ കൃതഞ്ജതാ ഗീതത്തിന്‍റെ ആസ്വാദനത്തോടെ നമുക്ക് വിശുദ്ധ ഗ്രന്ഥത്തിലെ മനോഹരമായ സ്തുതിപ്പിനെക്കുറിച്ചുള്ള പഠനം ഉപസംഹരിക്കാം.  ദൈവത്തിന്‍റെ മഹത്വവും ശക്തിയും ഇസ്രായേല്‍ പ്രഘോഷിക്കുന്നതാണല്ലോ ഈ സങ്കീര്‍ത്തനം. യാഹ്വേയാണ് കര്‍ത്താവാണ്, സകലതും സൃഷ്ടിച്ച് നവീകരിച്ച് പാലിക്കുന്നത്. അതിനാല്‍ ഇസ്രായേല്‍ നിര്‍ബന്ധമായും പ്രസ്താവിക്കുന്നു, പാടുന്നു...

ഭൂമി മുഴുവനും കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍,
ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത്....

96-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ‍ഡാവിനയും സംഘവും 

Musical Version of  Ps.  96
ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).

9. വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍
ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ ഭയന്നു വിറയ്ക്കട്ടെ
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍
കര്‍ത്താവു വാഴുന്നു
ലോകം സ്ഥാപിതമായിരിക്കുന്നു
അതിന് ഇളക്കം തട്ടുകയില്ല.

സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ ദൈവം ഒരിക്കല്‍ ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിക്കുക മാത്രമല്ല, അവിടുന്ന് സൃഷ്ടികര്‍മ്മം ഇന്നും തുടരുകയാണ്. അവിടുന്ന് സൃഷ്ടിക്കുകയും പുനഃസൃഷ്ടിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നു.  ബാബിലോണ്‍ വിപ്രവാസത്തില്‍നിന്നും കര്‍ത്താവു മോചിച്ച ജനതയ്ക്ക് അവിടുന്ന് വീണ്ടും ജീവിന്‍ നല്കുന്നതാണ് സങ്കീര്‍ത്തനത്തിന്‍റെ പ്രതിപാദ്യ വിഷയം. പണ്ടൊരിക്കല്‍ ഈജിപ്തിലെ അടിമത്വത്തില്‍നിന്നും കര്‍ത്താവു തന്നെയാണ് ഈ ജനത്തെ മോചിച്ച് വാഗ്ദത്തനാട്ടില്‍ എത്തിച്ചത്.  എന്നാല്‍ അവിശ്വസ്തത വീണ്ടും അവരെ തകര്‍ക്കുന്നു. ഇത് മനുഷ്യജീവിതത്തിന്‍റെ പ്രതീകമാണ്.  തന്നെയും പിന്നെയും ജനം പാപത്തില്‍ വീഴുമ്പോള്‍ ദൈവം പുതജീവിതത്തിനുള്ള അവസരങ്ങളും നല്കുന്നുണ്ട്. അതു നാം തട്ടിക്കളയരുത്.

തിരിച്ചു വരവിന്‍റെ ഓര്‍മ്മയും അതിന്‍റെ സന്തോഷവും പ്രകടമാക്കുവാനാണ് സങ്കീര്‍ത്തകന്‍ പറയുന്നത്, ‘കര്‍ത്താവിന് ഒരു നവ്യകീര്‍ത്തനം ആലപിക്കുവിന്‍’ എന്ന്. അതുപോലെ കര്‍ത്താവിന്‍റെ രക്ഷയെപ്പറ്റി സകല ജനതകളോടും വിളിച്ചറിയിക്കുവാന്‍ സങ്കീര്‍ത്തകന്‍ സകല ജനതകളെയും ഉത്തേജിപ്പിക്കുന്നു. താ‍ന്‍ രക്ഷിച്ച ജനത്തിന് അവിടുന്ന നല്കിയിട്ടുള്ള ക്രിയാത്മകവും അനന്തവുമായ സ്നേഹം എന്നും അനുസ്മരിക്കണമെന്നും സങ്കീര്‍ത്തകന്‍ വരികളില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ കര്‍ത്താവിന്‍റെ നന്മകള്‍ അറിഞ്ഞിട്ടുള്ളതാണ്. സകല ജനതകളും സ്രഷ്ടാവായ ദൈവത്തോട് നന്ദിയുള്ളവരായി ജീവിക്കണം എന്നത് സങ്കീര്‍ത്തിനത്തിന്‍റെ ആനുകാലിക പ്രസക്തി വ്യക്താമാക്കുന്നുണ്ട്. ഇന്നത്തെ ലോകം ദൈവത്തിന്‍റെ നന്‍മകളെ അംഗീകരിക്കാത്തതുപോലെയാണ് ജീവിക്കുന്നത്. ഭൂമിയെ പരിരക്ഷിക്കണം, പരിസ്ഥിതിയെ സംരക്ഷിക്കണം എന്നിവ അനിവാര്യമാണ്. സഭ ഇക്കാര്യങ്ങള്‍ ഇന്ന് പഠിപ്പിക്കുകയും നിഷ്ക്കര്‍ഷിക്കുകയും ചെയ്യുമ്പോള്‍ സങ്കീര്‍ത്തകന്‍ പദങ്ങളില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ദൈവവുമായുള്ള അനുരഞ്ജനവും അതുവഴി ലഭിക്കുന്ന നവജീവിനുമാണ് ഇവിടെ പ്രതിഫലിക്കുന്നത്.

അതില്‍ സങ്കീര്‍ത്തകന്‍ പറയുന്നു,  ‘അവിടുത്തെ നാമത്തിനു ചേര്‍ന്ന വിധം നിങ്ങള്‍ കര്‍ത്താവിന് കൃതജഞതയര്‍പ്പിക്കുവിന്‍.’  ഇതിനോടു ചേര്‍ന്ന മറ്റൊരു കാര്യംകൂടെ സങ്കീര്‍ത്തകന്‍ ആവശ്യപ്പെടുന്നത്, കര്‍ത്താവിനെ സ്തുതിക്കുവാന്‍ വരുമ്പോള്‍ കാഴ്ചകളുമായ് നിങ്ങള്‍ അവിടുത്തെ സന്നിധിയില്‍ വരുവിന്‍, എന്നാണ്. അങ്ങനെ കാഴ്ചയാര്‍പ്പണം മനുഷ്യന്‍റെ പ്രാര്‍ത്ഥനയുടെ സമഗ്രത വെളിപ്പെടുത്തുന്നതുപോലെയാണ്. സങ്കീര്‍ത്തകന്‍ പിന്നെയും സമര്‍ത്ഥിക്കുന്നത്, ഇതെല്ലാം മനുഷ്യന്‍റെ ജീവിത വിശുദ്ധിയുടെ ഭാഗമാണെന്നാണ്. മനുഷ്യന്‍ വിശുദ്ധിയില്‍ ജീവിക്കണമെന്ന് സങ്കീര്‍ത്തന പദങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ആവശ്യപ്പെടുമ്പോള്‍, വിശുദ്ധി മനുഷ്യജീവിതത്തിന് എക്കാലത്തും ഉണ്ടായിരിക്കേണ്ട ഗുണവിശേഷമാണെന്നും മനസ്സിലാക്കേണ്ടതാണ്. 

Musical version of Psalm 96
ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).
3. ജനതകളുടെയിടയില്‍ അവിടുത്തെ
മഹത്വം പ്രഘോഷിക്കുവന്‍,
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അത്ഭുത പ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍

സങ്കീര്‍ത്തകന്‍ വിവരിക്കുന്ന ജീവിത വിശുദ്ധിയുടെ മനോഹാരിതയ്ക്ക് വിവിധങ്ങളായ അര്‍ത്ഥങ്ങള്‍ ഉണ്ട്. പദങ്ങളില്‍ സങ്കീര്‍ത്തകന്‍ വളരെ ബോധപൂര്‍വ്വകമായും പടിപിടിയായും വിശുദ്ധിയുടെ വ്യാഖ്യാനങ്ങള്‍ കൊണ്ടുവരുന്നു.  നിരൂപകന്‍മാരുടെ സൂക്ഷ്മ പഠനം വെളിപ്പെടുത്തുന്നത്, പഴയനിയമഗ്രന്ഥത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 25 ഉദ്ധരണികള്‍കൊണ്ടാണ് 96-Ɔο സങ്കീര്‍ത്തനം രചിക്കപ്പെട്ടിരിക്കുന്നതെന്നാണ്. അങ്ങനെ ദൈവസ്തുതിയുടെ ഒരു സാഹിത്യരൂപം നിലവിലുള്ള വിശ്വാസ ചരിത്രത്തില്‍നിന്നും സങ്കീര്‍ത്തകന്‍ പുനാരാവിഷ്ക്കരിക്കുകയാണ്, ഘടനചെയ്യുകായാണെന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. പദപ്രയോഗങ്ങള്‍കൊണ്ട് സ്വര്‍ഗ്ഗീയാനുഭവത്തിന്‍റെ ഒരു കാവ്യസൃഷ്ടി നടത്തിയിരിക്കുകയാണ് സങ്കീര്‍ത്തകനെന്ന് നിരൂപകന്മാര്‍ വ്യാഖ്യാനിക്കുന്നു. ദൈവത്തെ സ്തുതിക്കുവാനുളള നമ്മുടെ മാനുഷികമായ പരിശ്രമിങ്ങളിലേയ്ക്ക് അവിടുത്തെ നിഗൂഢമായ രഹസ്യങ്ങള്‍ അല്ലെങ്കില്‍ ദൈവികതയുടെ അപാരമായ മനോഹാരിത കടന്നു വരുന്നത് സ്വാഭാവികമാണ്. ദൈവിക രഹസ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സങ്കീര്‍ത്തകന്‍ വിവിധങ്ങളായ വിധത്തിലാണ് അത് നിര്‍വ്വഹിക്കുന്നത് – വിശുദ്ധ വസ്ത്രങ്ങള്‍ അണിഞ്ഞ് അവിടുത്തെ സന്നിധിചേരുവിന്‍, ശ്രേഷ്ഠമായ സംഗീതം മീട്ടിയും, മഹത്തരമായ ആരാധനയര്‍പ്പിച്ചുകൊണ്ടും, സമുന്നതമായ ആരാധനാരീതികളില്‍ ദൈവത്തെ മഹത്വപ്പെടുത്തുവാനാണ് സങ്കീര്‍ത്തകന്‍ സകലരോടും ആവശ്യപ്പെടുന്നത്. സങ്കീര്‍ത്തന പദങ്ങളില്‍ കാണുന്ന ദൈവികമായതിനോടുള്ള ആദരവും, വിശുദ്ധമായതിനെക്കുറിച്ചുള്ള അവബോധവും നാം എന്നും മാതൃകയാക്കേണ്ടതാണ്. ഇന്നത്തെ ആരാധനക്രമത്തില്‍ നവീകരണത്തിന്‍റെ പേരില്‍ കടുന്നകൂടിയിരിക്കുന്ന ക്രമക്കേടുകളും ശബ്ദകോലാഹലങ്ങളും സങ്കീര്‍ത്തകന്‍ വിവിരിക്കുന്ന വിശുദ്ധിയുടെ ശ്രേഷ്ഠതയ്ക്കും വിശുദ്ധമായവ വിശുദ്ധിയോടെ ആചരിക്കണമെന്നുമുള്ള അടിസ്ഥാന ആദര്‍ശങ്ങള്‍ക്കും ഘടക വിരുദ്ധമാണ്. ഉത്തരവാദിത്വപ്പെട്ടവര്‍ ക്രമക്കേടുകള്‍ കണ്ടെത്തി ശുദ്ധികലശം ചെയ്യേണ്ടേതും പുനരാവിഷ്ക്കരിക്കേണ്ടതുമാണ്.

Musical Version of Psalm 96: 
ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).

9-10 വിശുദ്ധവസ്ത്രങ്ങള്‍ അണിഞ്ഞ് കര്‍ത്താവിനെ ആരാധിക്കുവിന്‍
ഭൂമി മുഴുവന്‍ അവിടുത്തെ മുന്നില്‍ ഭയന്നു വിറയ്ക്കട്ടെ
ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍
കര്‍ത്താവ് വാഴുന്നു, ലോകം സുസ്ഥിതമാകുന്നു,
സുസ്ഥിതമാകുന്നു (2).

അവസാനമായി ഈ സങ്കീര്‍ത്തനത്തിന്‍റെ സദ്വാര്‍ത്ത, സുവിശേഷം ഇതാണ് – തന്‍റെ ജനമായ ഇസ്രായേലിന്‍റെ നാഥന്‍ ദൈവമാണ്. അവിടുന്നാണ് ഈ പ്രപഞ്ചത്തെ ഭരിക്കുന്നത്. അവിടുന്ന് സകലത്തിന്‍റെയും നാഥനും കര്‍ത്താവുമാണ്. ഒരു വശത്ത് അവിടുന്ന് സകലത്തിനെയും ഭരിക്കുന്നു, മറുഭാഗത്ത് അവിടുന്ന് ഈ പ്രപഞ്ചത്തിന്‍റെയും അതിലെ സകല ജനതകളുടെയും വിധിയാളനുമാണ്. പ്രകൃതിയും പ്രപഞ്ചവും ദൈവത്തിന്‍റെ പരിലാളനയില്‍ അനുദിനം നവമാണ്. അനുദിനം എല്ലാം പുതുതായി വിരിയുന്നു ആരംഭിക്കുന്നു. ഓരോ ദിവസവും ദൈവം തരുന്ന പുതുപുത്തന്‍ ദിനമാണ്. പുതുപുത്തന്‍ ആകാശവും, ഭൂമിയുമാണ്. സൂര്യന്‍ വീണ്ടും ഉദിച്ചുയരുമ്പോള്‍, കിളികള്‍ ആരവം മുഴക്കി പുതുപുലരിയെ പ്രഘോഷിക്കുന്നു. പിന്നെ പുതിയ ദിനമാണ്, പുതിയ വാരമാണ്, പുതുവര്‍ഷമാണ്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന മനുഷ്യനും നവമായ പ്രത്യാശയോടും നവോന്മേഷത്തോടുംകൂടെ പുതിയൊരു ദിനം തുടങ്ങണമെന്ന് സങ്കീര്‍ത്തകന്‍ ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെ അനന്ത തമസ്സില്‍നിന്നോ, പ്രപഞ്ചത്തിന്‍റെ നിരാകാരാവസ്ഥയില്‍നിന്നോ എല്ലാം നവമായി നല്കുന്ന ദൈവത്തെ സ്തുതിക്കുവാനും, ആ ദൈവത്തോട് കൃതഞഞ്ജതയുള്ളവരായി ജീവിക്കുവാനും മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു.  ഈ സങ്കീര്‍ത്തനം നമ്മെ അതിന് ഉത്തേജിപ്പിക്കുന്നു. 96-Ɔο സങ്കീര്‍ത്തനത്തിന്‍റെ വരികള്‍, കൃതഞ്ജതയുടെ ഈ സങ്കീര്‍ത്തന പദങ്ങള്‍.... തന്‍റെ നവസൃഷ്ടിയില്‍ പങ്കാളിയാകുവാനും പങ്കുചേരുവാനും ദൈവം നിങ്ങളെയും എന്നെയും വിളിക്കുന്നു.

നിങ്ങള്‍  ഇതുവരെ  ശ്രവിച്ചത്  ഫാദര്‍  വില്യം  നെല്ലിക്കല്‍  അവതരിപ്പിച്ച വത്തിക്കാന്‍  വാര്‍ത്താവിഭാഗത്തിന്‍റെ  ബൈബിള്‍  പഠന പരമ്പരയാണ്.

 

രാജാവായ ദൈവത്തിന്‍റെ കാരുണ്യം പ്രകീര്‍ത്തിക്കുന്ന 89-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം അടുത്തയാഴ്ചയില്‍ ആരംഭിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2018, 13:41