തിരയുക

Vatican News
ചിലിയില്‍ സാധാരണമായ  പൂക്കള്‍ ചിലിയില്‍ സാധാരണമായ പൂക്കള്‍  

എല്ലാം നവീകരിക്കുന്നവന്‍ ദൈവമാണ്!

സങ്കീര്‍ത്തനം 96-ന്‍റെ പഠനം – ഭാഗം രണ്ട്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ശബ്ദരേഖ - സങ്കീര്‍ത്തനം 96-ന്‍റെ പഠനം ഭാഗം രണ്ട്

എപ്രകാരം ഇസ്രായേല്‍ ജനത തങ്ങളുടെ നാഥനും രക്ഷകനുമായ യാവേയെ സ്തുതിക്കുവാനും അവിടുത്തേയ്ക്കു കൃതജ്ഞതയര്‍പ്പിക്കുവാനും ജരൂസലേമിലേയ്ക്ക് അനുവര്‍ഷം തീര്‍ത്ഥാടനം നടത്തി, ദൈവത്തിന് നന്ദിയര്‍പ്പിച്ചിരുന്നുവെന്ന്  96-‍‍Ɔο സങ്കീര്‍ത്തനത്തിന്‍റെ തുടര്‍ന്നുള്ള പഠനത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാം. ഈ പ്രക്ഷേപണത്തില്‍ സങ്കീര്‍ത്തനത്തിന്‍റെ പദങ്ങളുമായി കൂടുതല്‍ പരിചയപ്പെട്ടുകൊണ്ട്,
ഈ കൃതജഞതാഗീതത്തിന്‍റെ സൂക്ഷ്മമായ പഠനത്തിലേയ്ക്ക് പ്രവേശിക്കാം.

Recitation :
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍
ഭൂമി മുഴുവിന്‍ കര്‍ത്താവിനെ പാടി സ്തുതിക്കട്ടെ
2. കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍,
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.

3. ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍,
ജനപദങ്ങളുടെ ഇടയില്‍ അവിടുത്തെ അത്ഭുത പ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍
4. എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്,
സകല ദേവന്മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്.
ദൈവമാണ് എല്ലാം നവീകരിക്കുന്നവന്‍. അതുകൊണ്ടാണ് ഇസ്രായേല്‍
ഭൂമി മുഴുവനെയും ‘നവ്യകീര്‍ത്തനം’ ആലപിക്കുവാന്‍ ക്ഷണിക്കുന്നത്.

വെളിപാടു ഗ്രന്ഥത്തിലും നവ്യകീര്‍ത്തനത്തിന്‍റെ ആശയം നാം കണ്ടെത്തുന്നുണ്ട്. വെളിപാട് 5, 9   ‘അവര്‍ ഒരു നവ്യഗാനം ആലപിച്ചു. പുസ്തകച്ചുരുള്‍ സ്വീകരിക്കുവാനും അതിന്‍റെ മുദ്രകള്‍ തുറക്കുവാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്‍റെ രകത്ംകൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുമുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കു വാങ്ങുകയും ചെയ്തു.’

ഇങ്ങനെ നാം വായിക്കുമ്പോള്‍ ക്രിസ്തുവില്‍ നാം  ആരംഭിച്ച പുതിയ ജീവനെയും പുതിയ സാമൂഹ്യ പരിസരത്തെയും സൂചിപ്പിക്കുന്നുവെന്ന് വിശുദ്ധഗ്രന്ഥ പണ്ഡിതന്മാര്‍ വ്യഖ്യാനിക്കുന്നുണ്ട്. എന്നാല്‍, ഇസ്രായേലിന്‍റെ തിരിച്ചുവരവ്, അല്ലെങ്കില്‍ സ്വന്തം നാട്ടിലേയ്ക്കുള്ള മടക്കം ആഘോഷിക്കുന്നതിനാണ് സങ്കീര്‍ത്തകന്‍ പുതിയ ഗാനം ആലപിക്കുന്നത്. നീണ്ട 50 വര്‍ഷക്കാലത്തെ ബാബിലേണ്‍ വിപ്രവാസത്തില്‍നിന്നും തിരികെ ജരൂസലേമില്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ എത്തുന്ന ജനമാണ് നവ്യഗാനം ആലപിക്കുന്നത്.

1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
ദൈവം തന്‍റെ ജനത്തിനു നല്കുന്ന ക്രിയാത്മകവും രക്ഷാകരവുമായ സ്നേഹത്തെയാണ് 

ഈ വരികള്‍ വെളിപ്പെടുത്തുന്നത്. ദൈവത്തിന് തന്‍റെ ജനത്തോടുള്ള സ്നേഹം അവര്‍ക്ക് അറിയാവുന്നതാണ്, എന്നാല്‍ ഇനിയും ആ സ്നേഹം ലോകം അറിയേണ്ടതുണ്ട്. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ പറയുന്നത്...

3. ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍,
ജനപദങ്ങളുടെ ഇടയില്‍ അവിടുത്തെ അത്ഭുത പ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍
4. എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്,
സകല ദേവന്മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്.

ഈ ഭൂമിയിലെ ജീവിതത്തില്‍ ദൈവിക നന്മകള്‍ അനുസ്മരിക്കുന്നവന് ഒരിക്കലും ദൈവത്തില്‍നിന്നും അകന്നു ജീവിക്കുവാനാകില്ലെന്നാണ് സങ്കീര്‍ത്തന വരികള്‍ സമര്‍ത്ഥിക്കുന്നത്. അവിടുന്ന് മറ്റു ജനതകള്‍ തേടിയ ദൈവങ്ങളെക്കാള്‍ സമാരാധ്യനും സംപൂജ്യനുമാണെന്ന് വരികള്‍ വ്യക്തമാക്കുന്നു.                                                                                                                                                                      

Musical version of Psalm 96 
(3) ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).
3. ജനതകളുടെയിടയില്‍ അവിടുത്തെ
മഹത്വം പ്രഘോഷിക്കുവന്‍,
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അത്ഭുത പ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍
ദൈവത്തിന്‍റെ ക്രിയാത്മകമായ സ്നേഹമാണ് സങ്കീര്‍ത്തകന്‍ പ്രഘോഷിക്കുന്നത്.
അത് മഹത്വമാര്‍ന്നതും, അത്ഭുതാവഹവുമാണെന്നും പദങ്ങള്‍ വ്യക്തമാക്കുന്നു.

പിന്നെ അവിടുത്തെ മഹത്വത്തിന് ചേര്‍ന്നവിധം, ഇണങ്ങിയ വിധത്തില്‍, ഉചിതമായിട്ട് അവിടുത്തേയ്ക്ക് കൃതജ്ഞത അര്‍പ്പിക്കുവാന്‍ സങ്കീര്‍ത്തകന്‍ സകലരെയും ക്ഷണിക്കുന്നു. ദൈവജനത്തിന്‍റെ ഹൃദയത്തില്‍ ഊറുന്ന നന്ദിയുടെ പ്രത്യക്ഷ പ്രകടനമാണ് ദൈവത്തിന് കാഴ്ചകള്‍ അര്‍പ്പിക്കുക എന്നത്. സങ്കീര്‍ത്തകന്‍ ഉദോബോധിപ്പിക്കുന്നു അല്ലെങ്കില്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്നു. കാഴ്ചകളുമായി അവിടുന്നെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍ എന്ന്.

6. മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലുണ്ട്
ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും
7. ജനപദങ്ങളേ, ഉദ്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍.
8. കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍
കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍
സങ്കീര്‍ത്തകന്‍ പറയുന്ന കാഴ്ചയര്‍പ്പണത്തിന്‍റെ വീക്ഷണവും പാരമ്പര്യവും പഴയ നിയമത്തില്‍നിന്നും പുതിയ നിയമത്തലേയ്ക്കും, ആദിമ ക്രൈസ്തവ സമൂഹത്തിലേയ്ക്കും എപ്രകാരം വ്യാപിച്ചിരിക്കുന്നു എന്ന് മേല്‍പ്പദങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ദൈവിക വിശുദ്ധിയുടെ അല്ലെങ്കില്‍ അവിടുത്തെ സമ്പൂര്‍ണ്ണതയുടെ മുന്നിലാണ് മനുഷ്യന്‍, നിസ്സാരനായ മനുഷ്യന്‍ കാഴ്ചകളുമായി പ്രണമിക്കുന്നത്.

6-8 മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍
കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍
കാഴ്ചകളുമായ് അവിടുത്തെ അംഗണത്തില്‍ പ്രവേശിക്കുവിന്‍
ജനപദങ്ങളേ, കാഴ്ചകളുമായ് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍!     

ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന പാരമ്പര്യത്തിന് പഴയനിയമകാലത്തോളം, അല്ലെങ്കില്‍ രക്ഷാകര ചരിത്രത്തിന്‍റെ ആരംഭത്തോളം പഴക്കമുണ്ട് എന്നതിന് തെളിവാണ് ദിനവൃത്താന്തം ഒന്നാം പുസ്തകത്തില്‍, the book of Chronicles ഒന്നാം ഗ്രന്ഥത്തില്‍ 96-Ɔο സങ്കീര്‍ത്തനത്തിന്‍റെ മറ്റൊരു രൂപം വ്യക്തമായി കാണാം. ദിനവൃത്താന്തം ഒന്നാം പുസ്തകത്തിന്‍റെ 16-ാം അദ്ധ്യായത്തില്‍ 8 മുതല്‍ 36-വരെയുള്ള പദങ്ങളില്‍നിന്നും 96-ാം സങ്കീര്‍ത്തനം പദാനുപദം നമുക്ക് വേര്‍തിരിച്ചെടുക്കാവുന്നതാണ്.

8. കര്‍ത്താവിനു നന്ദിപറയുവിന്‍
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍
ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍
പാടുവിന്‍, അവിടുത്തേയ്ക്കു സ്തുതിപാടുവിന്‍,
അവിടുത്തെ അത്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുവിന്‍...

അവസാനം,
35 ഞങ്ങളെ മോചിപ്പിക്കണമേ.
ജനതകളുടെയിടയില്‍നിന്നും ഞങ്ങളെ വീണ്ടെടുത്ത് ഒരുമിച്ചുകൂട്ടണമേ
ഞങ്ങള്‍ അങ്ങയുടെ വിശുദ്ധനാമത്തിനു നന്ദി പ്രകാശിപ്പിക്കട്ടെ.
അങ്ങയെ സ്തുതിക്കുന്നതാണ് ഞങ്ങളുടെ അഭിമാനം.
ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അനാദി മുതല്‍ അനന്തതവരം വാഴ്ത്തപ്പെടട്ടെ, എന്നു പറയുവിന്‍.

96-Ɔο സങ്കീര്‍ത്തനത്തെക്കുറിച്ച് ഇത്രയും കേട്ടതില്‍നിന്നും നമുക്ക് സങ്കീര്‍ത്തകനോടൊപ്പം വ്യക്തമായൊരു ധാരണയില്‍ എത്തിച്ചേരാന്‍ സാധിക്കും. അതായത്, ഈ ഭൂമിയിലുള്ള സകല ജനതകളുടെയും നാഥനായ, പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ, ഏകദൈവത്തെ സ്തുതിക്കേണ്ടതാണ്. അവിടുത്തേയ്ക്ക് കാഴ്ചകള്‍ അര്‍പ്പിക്കേണ്ടതാണ്, നന്ദിയര്‍പ്പിക്കേണ്ടതാണ്. സകല ജനതകളും കര്‍ത്താവിനെ സ്തുതിക്കണം എന്നത് വിശ്വാസത്തിന്‍റെ അടിസ്ഥാന സ്വഭാവവും ലക്ഷൃവുമാണ്. സകല ജനതകളും ഒരുനാള്‍ നാഥനായ കര്‍ത്താവിന്‍റെ സന്നിധിയില്‍ എത്തിച്ചേരണം, അവിടുത്തേയ്ക്ക് കാഴ്ചകള്‍ അര്‍പ്പിക്കണം എന്ന സാര്‍വ്വലൗകിക വീക്ഷണവും നവമായ സുവിശേഷ ദൗത്യത്തിന്‍റെ സമാന്തരരൂപവും സങ്കീര്‍ത്തകന്‍ മെല്ല പദങ്ങളില്‍ ചുരുളഴിയിക്കുന്നത് ഇനിയും പഠിക്കാം.                                                                                                                                                                                                                                                                                                                                      
Musical version of Psalm 96 
(3) ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
ശക്തിയും കര്‍ത്താവിന്‍റേത് (2).
6-8 മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍
കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍
കാഴ്ചകളുമായ് അവിടുത്തെ അംഗണത്തില്‍ പ്രവേശിക്കുവിന്‍
ജനപദങ്ങളേ, കാഴ്ചകളുമായ് അവിടുത്തെ അങ്കണത്തില്‍
-   പ്രവേശിക്കുവിന്‍ (2). ജനപദങ്ങളേ,

9-10 വിശുദ്ധവസ്ത്രങ്ങള്‍ അണിഞ്ഞ് കര്‍ത്താവിനെ ആരാധിക്കുവിന്‍
ഭൂമി മുഴുവന്‍ അവിടുത്തെ മുന്നില്‍ ഭയന്നു വിറയ്ക്കട്ടെ
ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍
കര്‍ത്താവ് വാഴുന്നു, ലോകം സുസ്ഥിതമാകുന്നു,
സുസ്ഥിതമാകുന്നു (2).

16 October 2018, 14:34