തിരയുക

Vatican News
നീലക്കുറിഞ്ഞി പൂത്തപ്പോള്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ 

രാജാവും വിധികര്‍ത്താവുമായ ദൈവത്തിനൊരു കൃതജ്ഞതാഗാനം

കൃതജ്ഞതാഗീതം സങ്കീര്‍ത്തനം 96-ന്‍റെ പഠനം – ഭാഗം ഒന്ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സങ്കീര്‍ത്തനം 96-ന്‍റെ പഠനം ഭാഗം ഒന്ന് - ശബ്ദരേഖ

പതിവായിട്ടല്ലെങ്കിലും സാധിക്കുമ്പോഴൊക്കെ എന്‍റെ സഹോദരിയുടെ കുടുംബവുമായി മലയാറ്റൂര്‍ മലകയറിയ അവസരങ്ങളൊക്കെ നല്ല ആത്മീയാനുഭൂതി നല്കുന്നവയായിരുന്നു. സൂര്യസ്തമയത്തോടെ, സന്ധ്യമയങ്ങിയ സമയത്താണ് പുറപ്പാട്. മലയുടെ അടിവാരത്തെ പള്ളിയില്‍ തന്നെ പ്രാരംഭ പ്രാര്‍ത്ഥനചൊല്ലി കുരിശിന്‍റെ വഴികളിലൂടെയാണ് മലകയറ്റം. 14-സ്ഥലങ്ങളില്‍ ദീപാര്‍ച്ചന നടത്തി ശാന്തമായി ധ്യാനിച്ച് പ്രാര്‍ത്ഥിച്ച് കല്ലും മുള്ളും ചവിട്ടി മുത്തപ്പന് ശരണം വിളിച്ച് മെല്ലെ മുന്നോട്ടുപോകുന്നു. ഒരു മണി, രണ്ടുമണി നേരം വെളുക്കെയാണ് സന്നിധാനത്തില്‍ എത്തുന്നത്. അപ്പോള്‍ വിശുന്ന കുളിര്‍കാറ്റ് അനുഗ്രഹത്തിന്‍റേതാണെന്നു മനസ്സ് മന്ത്രിക്കുന്നു. ആത്മനിര്‍വൃതിയോടെ മുത്തപ്പനെ സ്തുതിച്ചു പാടാറുണ്ട്.

Recitation :
മുത്തപ്പോ, പൊന്നിന്‍കുരിശു മുത്തപ്പോ പൊന്‍മലകേറ്റം,
മുക്തകണ്ഠം നന്ദിയായ് തവ സന്നിധിപൂകും ദാസര്‍
ഈ മലരുകള്‍ തവതിരുപാദമതില്‍ അര്‍പ്പിക്കുന്നേന്‍,
അടിയങ്ങള്‍ സമര്‍പ്പിക്കുന്നേന്‍, അര്‍പ്പിക്കുന്നേന്‍...

പിന്നെ ഒന്നോരണ്ടോ മണിക്കൂര്‍ അവിടെ പ്രാര്‍ത്ഥിച്ചും വിശ്രമിച്ചും മടങ്ങളുമ്പോള്‍ ഭക്തസഹസ്രങ്ങളില്‍ അലയടിക്കുന്നത് നന്ദിയുടെയും സന്തോഷത്തിന്‍റെയും ശാന്തിയുടെയും ആത്മനിര്‍വൃതിയാണ്. ഇതുപോലൊരു തീര്‍ത്ഥാടനാനുഭവത്തിലേയ്ക്ക് നമ്മെ നയിക്കുന്നൊരു സങ്കീര്‍ത്തനമാണ് നാം പഠനവിഷയമാക്കിയിരിക്കുന്ന 96-Ɔο ഗീതം.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഡാവിനയും സംഘവുമാണ്.

Recitation Psalm 96
(3) ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).
1. കര്‍ത്താവിനൊരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടി സ്തുതിക്കട്ടെ
2. കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.

സ്തുതിയുടെ ചിറകുകളില്‍ സഞ്ചരിക്കുന്ന, കൃതജ്ഞതാസ്തോത്രങ്ങള്‍ക്ക് അര്‍ഹനായ,  പുകഴ്ചയ്ക്കു യോഗ്യനായ, വിലപിക്കുന്നവര്‍ വിളിച്ചപേക്ഷിക്കുന്ന എല്ലാ ഗാനങ്ങളിലും പ്രാര്‍ത്ഥനയിലും നിറഞ്ഞുനില്ക്കുന്ന ഇസ്രായേലിന്‍റ ദൈവത്തെ എവിടെയാണ് അന്വേഷിക്കേണ്ടത്? എവിടെയാണ് തേടേണ്ടത്? എവിടെയാണ് അവിടുത്തെ കണ്ടുമുട്ടുക? ഇതിനുള്ള നിരന്തരവും നിശ്ചിതവും അസന്ദിഗ്ദ്ധവും അനുപമവുമായ ഉത്തരം, ഇസ്രായേല്‍ ജനത്തെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‍റെ സാന്നിദ്ധ്യം സെഹിയയോനിലുണ്ട്, ജരൂസലേമിലുണ്ട് എന്നതുതന്നെ! ആ സാന്നിദ്ധ്യാവബോധത്തില്‍ ദൈവമായ കര്‍ത്താവിന് ഇസ്രായേല്‍ നന്ദിയോടെ കൃത്ജഞതാഗാനം ആലപിക്കുന്നു എന്നുവേണം അനുമാനിക്കുവാന്‍.        

കേരളത്തില്‍ വളരെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് പരുമല. പരുമലത്തിരുമേനി... എന്നെല്ലാം പറയുന്നത് മലയാളിക്ക് ഒരാത്മീയാരോഹണമാണ്. കേരളത്തിലെ വളരെ പുരാതനമായ ഓര്‍ത്തഡോക്സ് സുറിയാനി സമൂഹത്തിന്‍റെ പൂജ്യസ്ഥലമാണ് പരുമല. ഇന്നത് Malankara orthodox syrian Church  Syriac Orthodox Church എന്നീ രണ്ടു സഭാ ചേരികളുടെ കീഴിലാണ്. കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പമ്പയാറിന്‍റെ തീരത്തുള്ള ചെറുദ്വീപു ഗ്രാമമാണ്, പുണ്യസ്ഥാനമാണ് പരുമല. അവിഭക്ത ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷൃന്‍ പുണ്യശ്ലോകനായ ഗ്രിഗോരിയോസ് തിരുമേനിയുടെ ആസ്ഥാനമായിരുന്നു പരുമല, പിന്നീട് അദ്ദേഹം അവിടെ സമാധിയടഞ്ഞു. പ്രശസ്ത ഗോവന്‍ വാസ്തുശില്പി, ചാള്‍സ് കൊറയ രൂപകല്പനചെയ്ത പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ദേവാലയവും തീര്‍ത്ഥാടനകേന്ദ്രവും പരുമലയെ ഇന്ന് കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്.

എന്നാല്‍ ജനകീയമായ ആഘോഷമാണ് പരുമലത്തിരുമേനിയുടെ നവംബര്‍ 1, 2 തിയതികളില്‍ ആചരിക്കപ്പെടുന്ന ഓര്‍മ്മപ്പെരുന്നാള്‍. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള പരുമല ഭക്തന്മാര്‍ ആ ദിനങ്ങളില്‍ അവിടെ എത്തിച്ചേര്‍ന്ന് പ്രാര്‍ത്ഥനയിലും കൃതജ്ഞതാ ശുശ്രൂഷയിലും പങ്കുചേരുന്നു. എന്‍റെ സതീര്‍ത്ഥ്യന്‍ പി. ഐ. ജോയ് കുടുംബസമേതം അമേരിക്കയിലെ അറ്റ്ലാണ്ടിയില്‍നിന്നും എല്ലാവര്‍ഷവും മുടക്കമില്ലാതെ പരുമലത്തിരുനാളിന് നാട്ടിവന്ന്, തീര്‍ത്ഥത്തിരുനടയിലെത്തി നന്ദിയര്‍പ്പിച്ച് മടങ്ങാറുണ്ട്. ജോയി പറയുന്നത് തന്‍റെ ജീവിതത്തില്‍ ഒരു  ആത്മീയ റീച്ചാര്‍ജിങ്ങാണ് പരുമലപ്പെരുന്നാളും അവിടത്തെ കൃതജ്ഞതാസ്തോത്ര പ്രകടനവുമെന്ന്.

ഇതുതന്നെയാണ് ഇസ്രായേലിന്‍റെയും അനുഭവം എന്നു വ്യക്തമാക്കാനാണ്  കേരളത്തിലെ ഈ ജനകീയ തീര്‍ത്ഥാടന സംഭവത്തിലേയ്ക്ക് വിരല്‍ചൂണ്ടിയത്. ദൈവസാന്നിദ്ധ്യത്തിന്‍റെ സ്ഥലത്തിന് ഇസ്രായേലില്‍ പല പേരുകള്‍ ഉണ്ടായിരുന്നതായി കാണാം. ജരൂസലേം, സെഹിയോന്‍, പരിശുദ്ധ മല, അല്ലെങ്കില്‍ പരുമല. ഇസ്രായേലിലെ ഗോത്രങ്ങളെല്ലാം ജരൂസലേമിലായ്ക്കാണ് യാവേയ്ക്ക്, ദൈവത്തിന് നന്ദിയര്‍പ്പിക്കാന്‍ പോയിരുന്നത്. നാം പഠിക്കുന്ന സങ്കീര്‍ത്തനപദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

Musical version of Psalm 96
(3) ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).
3. ജനതകളുടെയിടയില്‍ അവിടുത്തെ
മഹത്വം പ്രഘോഷിക്കുവന്‍,
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അത്ഭുതപ്രവൃത്തികള്‍ വര്‍ണ്ണിക്കുവിന്‍

സങ്കീര്‍ത്തനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന സാഹിത്യരൂപങ്ങളെക്കുറിച്ച് നാം മനസ്സിലാക്കിയിട്ടുള്ളതാണ്. അധികം സങ്കീര്‍ത്തനങ്ങളും വിലാപങ്ങളാണ് എന്നു പറയുമ്പോഴും ശ്രദ്ധേയമായ മറ്റു സാഹിത്യഗണങ്ങള്‍ അവയില്‍ ഉണ്ടെന്ന്, ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നും നമുക്ക് മനസ്സിലാക്കണം. അവയില്‍ ഒന്നാണ് കൃതജ്ഞതാ സങ്കീര്‍ത്തനങ്ങള്‍, നാമിന്ന് പഠനവിഷയമാക്കിയിരിക്കുന്ന - ബൈബിളിലെ 96-ാമത്തെ  നന്ദിയുടെ സങ്കീര്‍ത്തനമാണ്.

മലയാളികള്‍ക്ക് ഇനിയും പരിചിതമല്ലാത്ത മേഖലയാണ് സങ്കീര്‍ത്തനാലാപനം, എന്നു പറഞ്ഞാല്‍ ആരും വിഷമിക്കരുത്, നെറ്റിചുളിക്കരുത്. നമ്മുടെ സങ്കീര്‍ത്തനാലാപനം കോണ്‍വെന്‍റുകളിലും, സന്ന്യാസ ഭവനങ്ങളിലും പൗരോഹിത്യ യാമപ്രാര്‍ത്ഥനകളിലും ഒതുങ്ങു നില്ക്കുകയാണ്. സങ്കീര്‍ത്തനങ്ങള്‍ ഭവനങ്ങളില്‍ വചനമായി വായിക്കുന്നുണ്ടാകാം. എന്നാല്‍ ഹെബ്രായ കവിതയുടെ മൂലരൂപത്തിന്‍റെ മനോഹാരിത മനസ്സിലാക്കി, സാംസ്ക്കാരീകാനുരൂപണം ചെയ്യുവാനോ, അവ വിശ്വാസസമൂഹത്തിന്‍റെ, സാധാരണക്കാരുടെ അനുദിന ജീവിതസാഹചര്യങ്ങളിലോ സംഗീതാത്മകമായി ലഭ്യമാക്കുവാനോ നമുക്ക് സാധിക്കുന്നില്ലെന്നത് വാസ്ഥവമാണ്. സങ്കീര്‍ത്തനങ്ങള്‍ മൂലത്തില്‍ സംഗീതരൂപത്തിലുള്ള നല്ല കവിതകളാണ്. അവ ആടിയും പാടിയും ദൈവത്തെ സ്തുതിക്കാവുന്നതും, ദൈവത്തിന് നന്ദിയര്‍പ്പിക്കാവുന്നതുമാണ്.  ഹെബ്രായമൂലത്തില്‍ അവ താളബദ്ധമായും സംഗീതാത്മകമായുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സങ്കീര്‍ത്തനത്തിന്‍റെ ആംഗലപാരമ്പര്യത്തിലേയ്ക്ക് എത്തിനോക്കിയാല്‍, സങ്കീര്‍ത്തനത്തിന്‍റെ പ്രായോഗികമായ ഉപയോഗത്തിന്‍റെ ക്രിയാത്മകമായ വശങ്ങള്‍ കാണുവാന്‍ സാധിക്കും.

O give thanks to the Lord for He is good 
Yes, eternal is His love.  117-Ɔο സങ്കീര്‍ത്തനതം,അല്ലെങ്കില്‍
O Lord, How Great thou Art  8-Ɔο സങ്കീര്‍ത്തനം.

മേല്‍ ഉദ്ധരിച്ചിരിക്കുന്നതുപോലെ ഇംഗ്ലിഷിലുള്ള സങ്കീര്‍ത്തനങ്ങളുടെ ജനകീയ സംഗീതിരൂപങ്ങള്‍ നിരവധിയാണ്. അനുദിന പ്രാര്‍ത്ഥനയിലും ജീവിതസാഹചര്യങ്ങളിലും ആരാധനക്രമത്തിലും ധാരാളമായി ഉപോയഗിക്കുന്നതു കാആമം. അതുപോലുള്ള സങ്കീര്‍ത്തനാലപനത്തിന്‍റെ പാരമ്പര്യം മലയാളത്തിലും, തദ്ദേശീയ ആരാധനക്രമത്തിലും ഉണ്ടാകണം എന്നൊരു ആഗ്രഹത്തോടെയാണ് ഈ പ്രക്ഷേപണത്തില്‍ ആലാപനത്തെക്കുറിച്ചും, അതിന്‍റെ ജനകീയ രീതിയെക്കുറിച്ചും ഇത്രയും പറയാന്‍ ഒരുമ്പിട്ടത്. തീര്‍ച്ചയായും ഇതിന് പ്രചോദനമായത് ഇന്ന് പഠനവിഷയമാക്കുന്ന സ്തുതിപ്പ്, അല്ലെങ്കില്‍ കൃതജഞതാഗീതമായ 96-Ɔο സങ്കീര്‍ത്തനം തന്നെയാണ്.


Musical version of Psalm 96
(3) ജനപദങ്ങളേ, ഉത്ഘോഷിക്കുവിന്‍
മഹത്വവും ശക്തിയും കര്‍ത്താവിന്‍റേത് (2).
6-8 മഹത്വവും ശക്തിയും കര്‍ത്താവിന്‍റേതെന്ന് ഉദ്ഘോഷിക്കുവിന്‍
കര്‍ത്താവിന്‍റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍ കാഴ്ചകളുമായ് അവിടുത്തെ അംഗണത്തില്‍ പ്രവേശിക്കുവിന്‍ ജനപദങ്ങളേ, കാഴ്ചകളുമായ് അവിടുത്തെ അങ്കണത്തില്‍ -പ്രവേശിക്കുവിന്‍ (2).
-  ജനപദങ്ങളേ,

9-10 വിശുദ്ധവസ്ത്രങ്ങള്‍ അണിഞ്ഞ് കര്‍ത്താവിനെ ആരാധിക്കുവിന്‍
ഭൂമി മുഴുവന്‍ അവിടുത്തെ മുന്നില്‍ ഭയന്നു വിറയ്ക്കട്ടെ
ജനതകളുടെ ഇടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍
കര്‍ത്താവ് വാഴുന്നു, ലോകം സുസ്ഥിതമാകുന്നു, 
സുസ്ഥിതമാകുന്നു (2).

09 October 2018, 15:43