തിരയുക

GERMANY-AGRICULTURE-SHEEP GERMANY-AGRICULTURE-SHEEP 

നാം അജഗണവും ദൈവം നമ്മുടെ ഇടയനും

സങ്കീര്‍ത്തനം 95 – ഒരു സമ്പൂര്‍ണ്ണസ്തുതിപ്പിന്‍റെ വ്യാഖ്യാന പഠനമാണിത്. അവിടുത്തെ അജഗണമായ ജനത്തോട് കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കാനും സന്നിധിയിലെത്തി സ്രഷ്ടാവും സംരക്ഷകനുമായ അവിടുത്തെ സ്തുതിക്കാന്‍ സങ്കീര്‍ത്തകന്‍ സകലരെയും ക്ഷണിക്കുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സങ്കീര്‍ത്തനം 95 - ഭാഗം 3

കഴിഞ്ഞ പ്രക്ഷേപണത്തില്‍ 95-Ɔο സങ്കീര്‍ത്തന പദങ്ങളുടെ വ്യാഖ്യാനങ്ങളാണ് ശ്രവിച്ചത്. എപ്രകാരം ഇസ്രായേല്‍ കര്‍ത്താവിന്‍റെ പ്രവചനവാക്യങ്ങളില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അവിടുത്തെ സന്നിധിയിലേയ്ക്ക് നീങ്ങിയെന്നാണ് സങ്കീര്‍ത്തനം വ്യക്തമാക്കുന്നത്. ജനങ്ങളെ തിന്മയില്‍നിന്നും നന്മയുടെ പാതിയിലേയ്ക്കു നയിക്കുവാനും, ജീവിതത്തില്‍ അവരെ പ്രചോദിപ്പിക്കുവാനുമുള്ളതാണ് ഈ പ്രവചന വാക്യങ്ങള്‍,
ഈ പ്രവാചക സങ്കീര്‍ത്തനം തന്നെ അതിനുള്ളതാണ്. ‘ഹൃദയം കഠിനമാക്കരുതെന്നും, കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കണ’മെന്നുമുള്ള ഗായകന്‍റെ ആഹ്വാനം ശ്രവിച്ചുകൊണ്ട്, ആജ്ഞകള്‍ക്ക് കാതോര്‍ത്തുകൊണ്ടും സങ്കീര്‍ത്തനത്തിന്‍റെ പ്രഭണിതം ഏറ്റുപാടിക്കൊണ്ടുമാണ് ജനങ്ങള്‍ കര്‍ത്താവിന്‍റെ അങ്കണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.

അങ്ങനെ ജീവിതത്തില്‍‍ ഇസ്രായേലിന് ഉണര്‍വേകുന്നതാണ് ഈ സങ്കീര്‍ത്തനമെന്ന് നാം മനസ്സിലാക്കുകയുണ്ടായി. പ്രവചനശൈലി തന്‍റെ രചനയില്‍ ഉപയോഗിച്ചുകൊണ്ട് സങ്കീര്‍ത്തകന്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതും, ദൈവത്തോട് ചേര്‍ന്നു ജീവിക്കുവാനും അവിടുത്തെ സന്നിധിയില്‍ സംതൃപ്തി അടയുവാനും അവരെ ക്ഷണിക്കുന്നത് ഈ ഗീതത്തിന്‍റെ സ്വഭാവമാണ്. ആകെ 11 പദങ്ങള്‍ മാത്രമുള്ള ഈ സങ്കീര്‍ത്തനത്തിന്‍റെ 1-മുതല്‍ 6-വരെയുള്ള ഭാഗത്തിന്‍റെ വ്യാഖ്യാനം കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം കണ്ടതാണ്. ഇനി ബാക്കിയുള്ള 5 പദങ്ങളുടെ വ്യഖ്യാനങ്ങള്‍ നമുക്കു മനസ്സിലാക്കാം.  മുഖവുരയൊന്നുമില്ലാതെ നമുക്ക് ഈ പ്രവാചക സങ്കീര്‍ത്തനത്തിന്‍റെ ഇനിയുമുള്ള, 6-മുതല്‍ 11-വരെയുള്ള പദങ്ങളുമായി പരിചയപ്പെടാം.

Recitation : 
6. വരുവില്‍ നമുക്ക് കുമ്പിട്ട് ആരാധിക്കാം
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ മുന്‍പില്‍ മുട്ടുകുത്താം

7. എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം
അവിടുന്നു മേയ്ക്കുന്ന ജനമാണു നമ്മള്‍ 

8. അവിടുന്നു പാലിക്കുന്ന അജഗണം നമ്മള്‍
ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍

9. മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍, ചെയ്തതുപോലെ
നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്

10. അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു.
എന്‍റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

10 നാല്പതു സംവത്സരം ആ തലമുറയോട് എനിക്കു നീരസം തോന്നി
വഴിപിഴയ്ക്കുന്ന ഹൃദയത്തോടു കൂടിയ ജനമാണിത്
എന്‍റെ വഴികളെ അവര്‍ ആദരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു.

11. അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു
കോപത്തോടെ ഞാന്‍ ശപഥംചെയ്തു.

95-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം സെബി തുരുത്തിപ്പുറവും സംഘവുമാണ്...

Musical version of Psalm 95
ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ
കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍.

1. വരുവിന്‍ നമുക്ക് കര്‍ത്താവിനു സ്തോത്രഗീതം ആലപിക്കാം
നമ്മുടെ ശിലയായ കര്‍ത്താവിനെ പാടിപ്പുകഴ്ത്താം
കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധി ചേരാം
ആനന്ദത്തോടവിടുത്തേയ്ക്ക് സ്തുതിഗീതങ്ങള്‍ ആലപിക്കാം.

നേരത്തെ പരാമര്‍ശിച്ചിട്ടുള്ള തീര്‍ത്ഥാടക സമൂഹത്തിന്‍റെ ദേവാലയ പ്രവേശനത്തിന്‍റെ ബിംബം ഇവിടെ മനസ്സില്‍ കൊണ്ടുവരികയാണെങ്കില്‍.....
ഇതാ, ജനങ്ങള്‍ - മുതിര്‍ന്നവരും പ്രായമായവരും, കുഞ്ഞുങ്ങളുമെല്ലാം കീര്‍ത്തനം പാടി ദേവാലയ കവാടത്തില്‍ എത്തിക്കഴിഞ്ഞു. അവര്‍ ഇനി പ്രദക്ഷിണമായി ചിട്ടയോടെ കര്‍ത്താവിന്‍റെ സന്നിധിയിലേയ്ക്ക് പിന്നെയും നീങ്ങുകയാണ്. മുഖ്യഗായകന്‍ അല്ലെങ്കില്‍ ഏകാലാപകന്‍ പദങ്ങള്‍ പാടിക്കൊടുക്കുകയും, ജനങ്ങള്‍ അവ ഏറ്റുപാടിക്കൊണ്ട് ജരൂസലേം ദേവാലയത്തിന്‍റെ വിവിധ തളങ്ങളുടെ കവാടങ്ങള്‍ കടന്ന്, കമാനങ്ങള്‍ കടന്ന് യാവേയെ സ്തുതിച്ചുകൊണ്ടു തിരുസന്നിധിയിലേയ്ക്ക് നീങ്ങുന്നു.

6. വരുവില്‍ നമുക്ക് കുമ്പിട്ട് ആരാധിക്കാം
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ മുന്‍പില്‍ മുട്ടുകുത്താം

ആറാമത്തെ പദം സൂചിപ്പിക്കുന്നതനുസരിച്ച് തീര്‍ത്ഥാടക സമൂഹം വിശുദ്ധ മന്ദിരത്തിന്‍റെ ബലിപീഠത്തിനു മുന്നില്‍ എത്തിക്കഴിഞ്ഞു. അതുകൊണ്ടാണ്... –‘വരുവിന്‍ നമുക്ക് കുമ്പിട്ടാരാധിക്കാം.’ നമ്മുടെ സ്രഷ്ടാവിന്‍റെ മുന്നില്‍ മുട്ടുകുത്താം... എന്ന് മുഖ്യഗായകന്‍ ആലപിക്കുന്നത്. ഇസ്രായേല്‍ ദേവാലയത്തില്‍വച്ച് സങ്കീര്‍ത്തനാലാപനത്തിലൂടെ ഏറ്റുപറയുന്നതും, പ്രഘോഷിക്കുന്നതും തങ്ങളുടെ വിശ്വാസമാണ്. യാഹ്വേ തങ്ങളുടെ ദൈവമാണെന്നും, അവിടുന്ന് തങ്ങളുടെ സ്രഷ്ടാവാണെന്നും അവര്‍ ഉദ്ഘോഷിക്കുന്നു. പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും നിയന്താവുമായ സര്‍വ്വേശ്വരന്‍ തങ്ങളുടെ ഇടയനും നാഥനുമാണെന്ന് അവര്‍ പ്രഘോഷിക്കുകയാണ്. ആടുകളില്‍ ഓരോന്നിനെയും കരുതലോടെ കാക്കുന്ന, പരിപാലിക്കുന്ന നല്ലിടയനാണ് അവിടുന്ന് എന്നാണ് ഈ വരികള്‍ വ്യക്തമാക്കുന്നത്.

7. എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം
നാം അവിടുന്നു മേയ്ക്കുന്ന ജനവും
8. അവിടുന്നു പാലിക്കുന്ന അജഗണം നിങ്ങള്‍
ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍
വീണ്ടും സങ്കീര്‍ത്തകന്‍ പറയുന്നു...
“ജനമേ, നിങ്ങള്‍ കര്‍ത്താവിന്‍റെ ദിവ്യയാഗത്തില്‍ പങ്കുചേരാന്‍ പോവുകയാണ്.
ആകയാല്‍ ഹൃദയം കഠിനമാക്കാതെ, നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുവിന്‍.”

യാവേയുമായി ഇസ്രായേല്‍ ചെയ്ത ഉടമ്പടി അനുസ്മരിപ്പിക്കുന്നതാണ്  ഈ സങ്കീര്‍ത്തന ഭാഗം. ഹൃദയം കഠിനമാക്കാതെ, കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുവിന്‍... വിവാഹത്തിന്‍റെ അഭേദ്യമായ ഉടമ്പടിയില്‍ വിശ്വസ്തതയും സമര്‍പ്പണവും അടങ്ങിയിരിക്കുന്നതുപോലെ, ഈ സങ്കീര്‍ത്തനപദങ്ങളില്‍ ദൈവവും ഇസ്രായേലും തമ്മിലുള്ള ഉടമ്പടിയും നിലനില്ക്കേണ്ട വിശ്വസ്തതയും സമര്‍പ്പണവുമാണ് പ്രതിഫലിക്കുന്നത്. പിന്നെ പഴയനിയമം ഇസ്രായേലിനെ യാഹ്വവേയുടെ വധുവായി ചിത്രീകരിക്കുന്നുണ്ട്. കര്‍ത്താവ് ഇസ്രായേലില്‍നിന്നും പ്രതീക്ഷിക്കുന്നത് വിശ്വസ്തതയാണ്, പതറാത്ത വിശ്വസ്തതയാണ്. ദൈവം ഇസ്രായേലിനെ തന്‍റെ വധുവായി സ്വീകരിക്കുന്ന ബിംബങ്ങള്‍, ഈ സങ്കീര്‍ത്തനത്തില്‍ എന്നപോലെ പഴയ നിയമത്തില്‍ ഉടനീളം നമുക്കു കാണാം. പുറപ്പാടു സംഭവങ്ങളാണ് സങ്കീര്‍ത്തകന്‍ ഇവിടെ എടുത്തുപറയുന്നത്. മാസ്സായിലും മെരീബായിലും എന്താണ് സംഭവിച്ചത്? വെള്ളമില്ലാതെ വന്നപ്പോള്‍, അവര്‍ കര്‍ത്താവിന് എതിരായി പിറുപിറുത്തു. ഈ പിറുപിറുക്കല്‍ അവിശ്വസ്തതയുടെ പ്രതീകമാണ്. അവര്‍ ഹൃദയം കഠിനമാക്കുകയും അവര്‍ ദൈവത്തിന് എതിരായി സംസാരിക്കുകയും ചെയ്ത, അവിശ്വസ്തത പ്രകടമാക്കി. എന്നിട്ടും കര്‍ത്താവ് ഇസ്രായേലിനെ ഉപേക്ഷിക്കുന്നില്ല. മറിച്ച് അവിടുന്ന് അവരോട് ക്ഷമിക്കുകയും, അവര്‍ക്ക് മാസായിലും മെരീബായിലും സമൃദ്ധമായ നീര്‍ച്ചാലുകള്‍ തുറന്നുകൊടുക്കുകയും, ജലം നല്കുകയും ചെയ്തു. പുതിയ നിയമത്തില്‍ ക്രിസ്തു തന്‍റെ രക്തത്താല്‍ ഊട്ടിയുറപ്പിച്ച അഭേദ്യമായ വിശ്വസ്തത – ദൈവത്തോട് എന്നും തന്‍റെ ജനത്തിന് ഉണ്ടായിരിക്കേണ്ട വിശ്വസ്തതയ്ക്ക് സമാന്തരമാണ്, സമാനമാണ്. (മാര്‍ക്കോസ് 10, 11-12).

Musical version of Psalm 95
ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ
കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവfന്‍.

3. ഇന്നവിടുത്തെ സ്വരം നിങ്ങള്‍ ശ്രവിച്ചിരുന്നെങ്കില്‍
മരുഭൂമിയില്‍വച്ചെന്നപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ

അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു.
എന്‍റെ പ്രവൃത്തികള്‍ കണ്ടിട്ടും അവരെന്നെ പരീക്ഷിച്ചു.

ഇനി നമുക്ക് സങ്കീര്‍ത്തനത്തിന്‍റെ 8-മുതല്‍ 11-വരെയുള്ള  അവസാനത്തെ ഖണ്ഡം പരിശോധിക്കാം. ഗീതത്തിന്‍റെ അവസാന ഭാഗത്ത് യാവേ നല്കുന്ന ആഹ്വാനം, പഴയകാലത്തെക്കുറിച്ച് ഓര്‍മ്മയുള്ളവരായിരിക്കുവാനാണ് പറയുന്നത്.

എന്നു പറയുമ്പോള്‍ ദൈവം ഇസ്രായേലിന്, തന്‍റെ ജനത്തിന് ചെയ്തിട്ടുള്ള നന്മകള്‍ അനുസ്മരിക്കുവാനാണ്. ഇതാ, ജനം അവിടുത്തോട് അവിശ്വസ്ത കാണിച്ചിരിക്കുന്നു. അവരുടെ ഭീരുത്വവും ഒപ്പം സങ്കീര്‍ത്തനപദങ്ങളില്‍ വെളിപ്പെട്ടു കിട്ടുന്നുണ്ട്.  ഈജിപ്തിലെ വിമോചനം മുതലുള്ള കര്‍ത്താവിന്‍റെ നന്മകള്‍ നിരവധിയാണ്, എണ്ണമറ്റവയാണ്. എന്നിട്ടും ജനം അതെല്ലാം മറന്നു.

എന്‍റെ പ്രവൃത്തികള്‍ നിങ്ങള്‍ കണ്ടിട്ടും,
വഴിപിഴയ്ക്കുന്ന ഹൃദയത്തോടു കൂടിയ ജനമാണിത്
എന്‍റെ വഴികളെ അവര്‍ ആദരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു.
10. അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു
കോപത്തോടെ ഞാന്‍ ശപഥംചെയ്തു.
വഴിപിഴയ്ക്കുന്ന ഹൃദയത്തോടു കൂടിയ ജനമാണിത്
എന്‍റെ വഴികളെ അവര്‍ ആദരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു.
11. അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു
കോപത്തോടെ ഞാന്‍ ശപഥംചെയ്തു.

അങ്ങനെ യാഹ്വേ തന്‍റെ ജനത്തിന് എതിരായി, എന്നപോലെ, ഇസ്രായേലിന്‍റെ അവിശ്വസ്തതയ്ക്ക് എതിരായി ശക്തമായ വാക്കുകളാണ് സങ്കീര്‍ത്തകന്‍ പ്രയോഗിക്കുന്നതെന്ന് ഗീതത്തിന്‍റെ അവസാനത്തെ പദങ്ങളില്‍നിന്നും മനസ്സിലാക്കാം. ദൈവസ്നേഹത്തില്‍ സങ്കേതം കണ്ടെത്തുകയെന്നാല്‍, കര്‍ത്താവിന്‍റെ സമാധാനത്തിലും സന്തോഷത്തിലും പ്രവേശിക്കുക എന്നാണ്. എന്നാല്‍ കര്‍ത്താവിന്‍റെ മാര്‍ഗ്ഗങ്ങള്‍ പരിത്യജിക്കുന്നവര്‍ക്ക് ഒരിക്കലും കര്‍ത്താവിന്‍റെ സന്നിധിയില്‍ പ്രവേശിക്കാനാവില്ല. ദൈവം മഹോന്നതനാണ്. അവിടുന്ന് അനന്തമായി തന്‍റെ ജനത്തെ സ്നേഹിക്കുന്നവനാണ്. നിങ്ങളുടെ പിതാക്കന്മാര്‍ അവിശ്വസ്തത കാണിച്ചപ്പോഴും യാഹ്വേ ഉടമ്പടികള്‍ പാലിച്ചിട്ടുണ്ട്. അതിനാല്‍ അവിടുത്തെ സന്നിധിയില്‍ ഭയത്തോടും വിറയലോടുംകൂടെ പ്രവേശിക്കുവിന്‍.... ആദരപൂര്‍വ്വം അവിടുത്തെ നമിക്കുവിന്‍!

Musical version of Psalm 95
ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ
കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവന്‍.
3. ഇന്നവിടുത്തെ സ്വരം നിങ്ങള്‍ ശ്രവിച്ചിരുന്നെങ്കില്‍
മരുഭൂമിയില്‍വച്ചെന്നപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു.
എന്‍റെ പ്രവൃത്തികള്‍ കണ്ടിട്ടും അവരെന്നെ പരീക്ഷിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2018, 15:57