തിരയുക

ഓര്‍മ്മയില്‍ തിളങ്ങിയ റോമിലെ  പോര്‍ത്തിക്കൊ ഒത്താവിയ  Portico d'Ottavia ഓര്‍മ്മയില്‍ തിളങ്ങിയ റോമിലെ പോര്‍ത്തിക്കൊ ഒത്താവിയ Portico d'Ottavia 

വേദനയുടെ ഓര്‍മ്മകള്‍ തെളിയിച്ച സാഹോദര്യവും സൗമനസ്യവും

75 വര്‍ഷങ്ങള്‍ക്കു മുന്‍പ് നാസികള്‍ റോമില്‍ നടത്തിയ യഹൂദരുടെ കൂട്ടക്കുരുതി ഇറ്റലിയുടെ ഹൃദയത്തില്‍ ഇന്നും മുറിപ്പാടാണ്. പ്രസിഡന്‍റ് സേര്‍ജോ മത്തരേല കുറിച്ച ഹൃദയസ്പര്‍ശിയായ പ്രഖ്യാപനത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ചരിത്രസ്മരണയിലെ നൊമ്പരങ്ങള്‍
1943 ഒക്ടോബര്‍ 16-Ɔο തിയതിയായിരുന്നു നാസി സൈന്യം റോമില്‍ കൂട്ടക്കുരുതി നടത്തിയത്.  ചരിത്രത്തിന്‍റെ താളുകളിലെ വേദനാജനകമായ സംഭവങ്ങള്‍  അനുസ്മരിക്കേണ്ടതാണ്.  ഓര്‍മ്മകള്‍ നല്കുന്ന അറിവിലും വിവേകത്തിലും, അതു  തുറക്കുന്ന സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതയില്‍ പുതിയ തലമുറ സാമൂഹികമായ സൗമനസ്യത്തില്‍ വളരണം. പ്രസിഡന്‍റ് മത്തരേലാ,
കൂട്ടക്കുരുതിയുടെ 75-Ɔο  വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ഒക്ടോബര്‍ 16-Ɔο തിയതി ചൊവ്വാഴ്ച റോമില്‍ പ്രസിദ്ധപ്പെടുത്തിയ  പ്രഖ്യാപനത്തിലൂടെ ആഹ്വാനംചെയ്തു.

സൗഹാര്‍ദ്ദത്തിന്‍റെ സത്യമുള്ള പ്രഖ്യാപനം
ഇറ്റയില്‍നിന്നും യഹൂദവംശജരെ നാടുകടത്താനും വധിക്കാനും അന്ന് നാസികള്‍ എടുത്ത ക്രൂരമായ വിധിയും, തുടര്‍ന്നുണ്ടായ പീഡനങ്ങളും
അത് അനുഭവിച്ച യഹൂദ സമൂഹത്തിന്‍റെ മാത്രമല്ല, ഇറ്റാലിയന്‍ ജനതയുടെ മുഴുവന്‍ മനസ്സുകളില്‍ ഇന്നും തെളിയുന്ന തീരാമുറിവാണ്.
നാടുകടത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത യഹൂദ സമൂഹത്തോടും, ഇന്നും ഇറ്റലിയിലുള്ള അവരുടെ ബന്ധുക്കളോടും, പ്രത്യേകിച്ച് റോമാനഗരത്തിലുള്ള വലിയ യഹൂദ കൂട്ടായ്മയോടും ഇറ്റാലിയന്‍ ജനതയ്ക്കുള്ള സഹാനുഭാവത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണ്
ആ വംശീയക്രൂരതയുടെ ഇന്നാളിലെ ഓര്‍മ്മയും, അതിനോട് അനുബന്ധിച്ച് ഇറക്കുന്ന ഈ പ്രഖ്യാപനവും. ഇറ്റാലിയന്‍ മണ്ണില്‍ വസിക്കുന്ന ഒരോ വ്യക്തിയുടെയും - അവര്‍ ഏതു വംശജരായാലും രാജ്യക്കാരായാലും, അവര്‍ക്കുള്ള അനിഷേധ്യമായ അന്തസ്സിനോടും അവരുടെ അവകാശങ്ങളോടുള്ള ആദരവിന്‍റെയും പ്രതീകമാണ് ഈ പ്രഖ്യാപനം. പ്രസിഡന്‍റ് മത്തരേല ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ഒപ്പം ഇന്ന് എവിടെയും തലപൊക്കുന്ന വംശീയ വിദ്വേഷത്തെയും, സ്വാതന്ത്ര്യലംഘനത്തെയും വിവേചനത്തെയും നിഷേധിക്കുന്ന ഇറ്റാലിയന്‍ ജനതയുടെ നിലപാടിനെയും ഇന്നാളില്‍ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുത്തുകയാണ്. മത്തരേല വ്യക്തമാക്കി.

മരണഗര്‍ത്തത്തിനു മുന്നില്‍ ശിരസ്സുനമിച്ച്...!
ചരിത്രത്തില്‍ ഉയര്‍ന്ന കൂട്ടക്കുരുതിയുടെ ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്ന വേദനയുടെ ഗര്‍ത്തത്തിനു മുന്നില്‍ ഇറ്റാലിയന്‍ ജനത നമ്രശിരസ്കരാകുന്നു! പ്രസിഡന്‍റ് മത്തരേല കുറിച്ചു.  റോമിലെ “പോര്‍ത്തിക്കോ ഒത്താവിയാ”യിലെ (Portico d’Ottovia) യഹൂദക്കോളനിയിലെ വീടുകളില്‍നിന്നും നാസി പട്ടാളക്കാര്‍ കവര്‍ന്നെടുത്ത 200-ല്‍ അധികം കുട്ടികളെയും യുവാക്കളെയും പിന്നൊരിക്കലും അവരുടെ മാതാപിതാക്കളോ സഹോദരങ്ങളോ തലമുറക്കാരോ കണ്ടിട്ടില്ല.
 
ഇതൊരു പാഠമാക്കാം!
നമുക്കു മുന്നിലെ പ്രതിസന്ധികളും അതിക്രമങ്ങളും രക്തസാക്ഷിത്വവും നിര്‍ദ്ദോഷികള്‍ക്കെതിരായ ക്രൂരതയും ഇന്നത്തെ തലമുറയ്ക്കുള്ള പാഠമാണ്. ഇനി  “ഒരിക്കലുമില്ല… ഉണ്ടാവില്ല..., എന്ന വാഗ്ദാനം നിലനില്ക്കെ, ഇനിയും അവശേഷിക്കുന്ന അസഹിഷ്ണുതയുടെയും, അസമത്വത്തിന്‍റെയും, പരദേശികളോടുള്ള സ്പര്‍ദ്ധയുടെയും മനോഭാവങ്ങള്‍ തുടച്ചുമാറ്റി, വ്യക്തകളെ ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ബോധ്യങ്ങളില്‍ എത്തിച്ചേരാന്‍ ഈ വേദനയുള്ള അനുസ്മരണം സഹായിക്കട്ടെ! എന്ന ആശംസയോടെയും പ്രാര്‍ത്ഥനയോടെയുമാണ് പ്രസിഡന്‍റ് സേര്‍ജൊ മത്തരേല പ്രസ്താവന ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2018, 18:54