തിരയുക

കൂട്ടായ്മയുടെ ഉത്സവം കൂട്ടായ്മയുടെ ഉത്സവം 

തെക്കും വടക്കും കൊറിയകള്‍ തുറക്കുന്ന സമാധാനവഴികള്‍

ആണവനിരായുധീകരണ കരാറില്‍ തെക്കും വടക്കും കൊറിയകള്‍ ഒപ്പുവച്ചു. അനുരഞ്ജനക്കരാര്‍ “സമാധാനത്തിന്‍റെ സമ്മാന”മെന്ന് കെറിയയിലെ മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന.

- ഫാദര്‍ വില്യം നെല്ലിക്കല്‍

കൊറിയന്‍ ജനത കൈകോര്‍ക്കുന്നു!
സെപ്തംബര്‍ 19-Ɔο തിയതി ബുധനാഴ്ചയാണ് 65 വര്‍ഷങ്ങളായി വിഘടിച്ചുനിന്നിരുന്ന രണ്ടു രാഷ്ട്രങ്ങള്‍ - ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മില്‍ ആണവനിരായുധീകരണം സംബന്ധിച്ച സന്ധിയുണ്ടാക്കി കാരാറില്‍ ഒപ്പുവച്ചത്. വടക്കന്‍ കൊറിയയുടെ നേതാവ്, കിം ജോങ് യൂനും തെക്കന്‍ കൊറിയയുടെ തലവന്‍, മൂണ്‍ ജെ യീനും തമ്മില്‍ നടന്ന നീണ്ട ചര്‍ച്ചകളുടെ അന്ത്യത്തിലാണ് ചരിത്രപരമായ ഈ സന്ധിചേരല്‍ ഉത്തര കൊറിയയുടെ തലസ്ഥാനഗരമായ പിയോങ്ഗ്യാംഗില്‍ ബുധനാഴ്ച നടന്നത്. പിയോങ്ഗ്യാംഗില്‍ ഫെബ്രുവരി മാസത്തില്‍ അരങ്ങേറിയ ഒളിപിക് കായികോത്സവത്തോടെയാണ് ഇരുപക്ഷവും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെട്ട്, സൗഹൃദത്തിന് വഴിതെളിഞ്ഞതെന്ന്, മെത്രാന്മാരുടെ പ്രസ്താവന വ്യക്തമാക്കി. ഒളിംപിക്സില്‍ ഇരുരാഷ്ട്രങ്ങളുടെയും കായികതാരങ്ങള്‍ ഒരു കൊടിക്കീഴില്‍ അണിനിരന്നു!!

ആണവോല്പാദന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും
കരാറിന്‍റെ പ്രായോഗിക നടപടിക്രമമായി ഉത്തരകൊറിയിയിലെ പ്യോംഗാനിലുള്ള ദോംങ്ചാങ്-റി മിസ്സൈല്‍ താവളവും, യോങ്ബിയോണ്‍ യുറേനിയം ഉല്പാദന കേന്ദ്രവും പൂര്‍ണ്ണമായും അടച്ചുപൂട്ടപ്പെടുകയാണ്. ആണവനിരായുധീകരണ കരാറില്‍ രണ്ടു കൊറിയകളും ഒപ്പുവയ്ക്കുന്നതിലൂടെ കൊറിയന്‍ ഉപദ്വീപിലെ സമാധാനത്തിന്‍റെയും ശ്രേയസ്സിന്‍റെയും നവമായൊരു യുഗമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. വടക്കന്‍ കൊറിയയുടെ തലവന്‍, കിം ജോങ് യൂനിന്‍റെ പ്രസ്താവനയാണിത്. ഇരുരാജ്യങ്ങളും സമാധാനപാതിയില്‍ കൈകോര്‍ത്ത് സാമൂഹികജീവിതം സാധാരണമാകുമ്പോള്‍ പതിറ്റാണ്ടുകളായി നിലനിന്ന അയല്‍ക്കാര്‍തമ്മിലുള്ള ശീതയുദ്ധത്തില്‍ ചിഹ്നഭിന്നമായിപ്പോയ കുടുംബങ്ങളും സമൂഹങ്ങളും ഒരുമിപ്പിക്കപ്പെടുമെന്ന പ്രത്യാശ ജനങ്ങളില്‍ ആനന്ദം വളര്‍ത്തുന്നുണ്ട്.

കൊറിയയിലെ സഭ
ആണവ നിരായുധീകരണ കരാറിലെ ഒപ്പുവയ്ക്കല്‍ ഉപദ്വീപിലെ സമാധാനവും സമൃദ്ധിയും വളര്‍ത്തുമെന്നും, കൊറിയിലെ സഭ സുവിശേഷ സന്തോഷവും സമാധാനവും തുടര്‍ന്നും പൂര്‍വ്വോപരി സ്വാതന്ത്ര്യത്തോടെ കൊറിയന്‍ മണ്ണില്‍ പ്രഘോഷിക്കുന്നമെന്നും സിയോള്‍ അതിരൂപതാദ്ധ്യക്ഷനും പിയോങ്ഗ്യാംങിന്‍റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ, കര്‍ദ്ദിനാള്‍ ആന്‍ഡ്രൂ യോം സൂ-ജൂങ് പ്രസ്താവനയിലൂടെ അറിയിച്ചു.

കൊറിയ ഉപദ്വീപിന്‍റെ സുസ്ഥിതിക്കും സമാധാനത്തിനുമായി ലോകത്തുള്ള ക്രൈസ്തവരുടെ സാഹോദര്യക്കൂട്ടായ്മകള്‍ ഇനിയും പ്രാര്‍ത്ഥിക്കണം. പിയോങ്ഗ്യാംങിലെ ഉച്ചകോടി ഫലമണിഞ്ഞ് വടക്കും തെക്കുമുള്ള ക്രൈസ്തവര്‍ സ്വാതന്ത്ര്യത്തോടെ ഒത്തൊരുമിച്ച് ക്രിസ്തുവിന്‍റെ വിരുന്നുമേശയില്‍ സംഗമിക്കാന്‍ ഇടയാകുമെന്ന പ്രത്യാശയില്‍ സഭ മുന്നേറുകയാണെന്നും കര്‍ദ്ദിനാള്‍ സൂ-ജൂങ് അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2018, 08:35