തിരയുക

Vatican News
രൂപ്നിക്കിന്‍റെ മൊസൈക്ക് - ക്രിസ്തുവും പത്രോസും രൂപ്നിക്കിന്‍റെ മൊസൈക്ക് - ക്രിസ്തുവും പത്രോസും 

വീഴ്ചയും കൃപയും ഇടകലര്‍ന്ന വിശ്വാസജീവിതം

വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 8, 27-35. ആണ്ടുവട്ടം 24-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം :
ശബ്ദരേഖ -ആണ്ടുവട്ടം 24-Ɔο വാരം വചനചിന്തകള്‍

ഒരു വിശ്വാസപ്രഖ്യാപനം
പതിവുപോലെ അന്നും കൂട്ടത്തില്‍ ധൈര്യം പ്രകടമാക്കിയത് പത്രോസായിരുന്നു. നിര്‍ണ്ണായമകായ ഒരു പ്രതികരണമായിരുന്നു പത്രോസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.  “അങ്ങ് ക്രിസ്തുവാണ്…” (29). താന്‍ ശരിയായി ഉത്തരംപറഞ്ഞു എന്ന ബോധ്യത്തോടെയും സന്തോഷത്തോടെയുമായിരുന്നു പത്രോസ് ആ വാക്കുകള്‍ മൊഴിഞ്ഞത്. ശരിതന്നെ! പത്രോസ് വളരെ കൃത്യമായ മറുപടിയാണ് നല്കിയത്. ആ ഉത്തരം ശരിയാണെന്ന ഭാവേന, രീതിയില്‍ത്തന്നെ പ്രതികരിച്ചുകൊണ്ട്, ക്രിസ്തു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.  “രക്തവും മാംസവുമല്ല, എന്‍റെ സ്വര്‍ഗ്ഗീയ പിതാവാണ് ഇത് നിനക്കു വെളിപ്പെടുത്തി തന്നത്”.

ദൈവികപദ്ധതിയും മാനുഷികരീതികളും
ക്രിസ്തുവുമായുള്ള പത്രോസിന്‍റെ സംഭാഷണം അവസാനിച്ചത് ശരിയായ നിലയിലായിരുന്നില്ല. തനിക്ക് എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് അവിടുന്നു വെളിപ്പെടുത്തി. ദൈവപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ പീഡിപ്പിക്കപ്പെടും. അവിടുന്നു പരിത്യക്തനാകും. കൊല്ലപ്പെടും. എന്നാല്‍ മൂന്നാം ദിവസം ഇയര്‍ത്തെഴുന്നേല്ക്കും. ക്രിസ്തു മെനഞ്ഞ ആ വഴി പത്രോസിന് ഇഷ്ടമായില്ല.  ഇല്ല! അതു പാടില്ല! പതോസ് അത് നിഷേധിച്ചുപറഞ്ഞു. കാരണം അയാള്‍ വിശ്വസിച്ചത് അവിടുന്ന് ക്രിസ്തുവാണെന്നും, ദൈവപുത്രനാണെന്നുമാണ്. ഇനി മുന്നോട്ടാണു പോകേണ്ടത്. പുറകോട്ടല്ല. എന്നാല്‍, ക്രിസ്തു ഉടനെ പത്രോസിനെ ശാസിക്കുന്നു. സാത്താനേ, നീ പിറകിലേയ്ക്കു പോകൂ! മാറി നില്ക്കൂ! നീ ദൈവത്തിന്‍റെ പക്ഷത്തല്ല, മനുഷ്യരുടെ പക്ഷത്താണ്. നിന്‍റെ രീതികള്‍ ദൈവികമല്ല, മാനുഷികമാണ്. ക്രിസ്ത്വാനുകരണം ദൈവിക വഴികളിലുള്ള യാത്രയാണ്.

രക്ഷകന്‍റെ രാജത്വം ആത്മീയ നേതൃത്വം
യേശുവിന്‍റെ ചോദ്യത്തോട് നാം എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്? യേശു നമുക്ക് ആരാണ്? വേദപാഠക്ലാസ്സില്‍ നാം കുറെ പഠിച്ചിട്ടുണ്ട്. പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോര! ശരിയാം വണ്ണം മനസ്സിലാക്കണമെങ്കില്‍ നാം പത്രോസ് സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. സാത്താനേ! എന്നു ക്രിസ്തു വിളിച്ചു ശകാരിച്ച തരംതാഴ്ത്തലിനുശേഷവും പത്രോസ് ക്രിസ്തുവിനോടു അകലുന്നില്ല, കൂടുതല്‍ അടുക്കുകയാണ്. ക്രിസ്തുവിനോടു കൂടുതല്‍ ചേര്‍ന്നുനില്ക്കുന്നു! പിന്നെയും പത്രോസ് അവിടുത്തെ വിശ്വസ്തതയോടെ അനുകരിച്ചു. അയാള്‍ വീണ്ടും അവിടുന്ന് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ക്കു സാക്ഷിയായി. അവിടുത്തെ ശക്തി കൂടുതല്‍ ദര്‍ശിച്ചു. റോമാക്കാര്‍ക്ക് കപ്പം കൊടുക്കാന്‍ ഒരിക്കല്‍ പണമില്ലാതെ വന്നപ്പോള്‍ ക്രിസ്തു പറഞ്ഞതനുസ്സരിച്ച് അയാള്‍ ഗലീലിയ തീരത്തു പോയി മീന്‍ പിടിച്ചു. ആദ്യം കിട്ടിയ മത്സ്യത്തിന്‍റെ ഉദരത്തില്‍നിന്നും കിട്ടിയ നാണയം, ഷെക്കേല്‍ കൊണ്ടുപോയി ക്രിസ്തുവിനുവേണ്ടി കപ്പം അടച്ചു. ഇവിടെയും വീണ്ടും ക്രിസ്തുവിന്‍റെ ദൈവികതയുടെ അടയാളങ്ങള്‍ പത്രോസ് കാണുകയാണ്.

ആരാണ് രക്ഷന്‍, മിശിഹാ?
രക്ഷകനായ മിശിഹായെക്കുറിച്ച് യഹൂദര്‍ക്കുണ്ടായിരുന്ന ധാരണകള്‍ പലതാണ്. ദൈവത്തില്‍നിന്നും വരുന്ന അഭിഷിക്തനായ രാജാവാണ് മിശിഹാ. ഉത്തമനായ രാജാവ് ദാവീദു വംശജനായിരുന്നു. എന്നാല്‍ പിന്നീട് ലേവിയുടെ ഗോത്രത്തില്‍നിന്നും വരുന്ന ശ്രേഷ്ഠനായ രാജാവിനെക്കുറിച്ചുള്ള ധാരണകള്‍ ഇസ്രായേലില്‍ ഉണ്ടായിട്ടുണ്ട്. തീര്‍ന്നില്ല, യാക്കോബിന്‍റെ ഗോത്രത്തില്‍നിന്നും വരുന്ന മോശയെപ്പോലുള്ള പ്രവാചകദൗത്യമുള്ള രാജാവിനെക്കുറിച്ചും നായകന്മാരെക്കുറിച്ചും പഴയനിയമം പ്രതിപാദിക്കുന്നുണ്ട് (സംഖ്യ 23, 15-17).

എന്നാല്‍ അവിടെ അപ്പോള്‍ നിലവില്‍ ധാരാളം ശത്രുക്കളുള്ള ക്രിസ്തുവിനെ മിശിഹായായി പ്രഖ്യാപിക്കുന്നത് ഏറെ അപകടകരമായിരുന്നു. ശത്രുക്കള്‍ക്ക് അത്തരമൊരു ആരോപണം മതിയായിരുന്നു അവിടുത്തെ വകവരുത്തുന്നതിന്...! ഇതിനെല്ലാം അപ്പുറം നാം മനസ്സിലാക്കേണ്ടത്, ക്രിസ്തുവിന്‍റെ ലക്ഷ്യമാണ്. അവിടുന്ന് ഒരു രാഷ്ടീയക്കാരനായ മിശിഹായോ രക്ഷകനോ അല്ല. മിലിട്ടറി നയവും രാഷ്ട്രീയ ശക്തിയുമുള്ള രക്ഷകനോ ആയിരുന്നില്ലവിടുന്ന്. അവിടുന്ന് മനുഷ്യരുടെ ആത്മീയ രക്ഷകനായിരുന്നു, വിമോചകനായരുന്നു!

ക്രിസ്തുവില്‍ അനുരഞ്ജതനാകുന്ന മനുഷ്യന്‍
മറ്റൊരു സന്ധിയില്‍ പത്രോസ് ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു. തള്ളിപ്പറയുന്നു. എന്നാല്‍  എല്ലാ ശാസ്ത്രങ്ങള്‍ക്കും ഉപരിയായ ജ്ഞാനം യേശുവിനെക്കുറിച്ച് പത്രോസിന് ലഭിച്ചതായി നാം മനസ്സിലാക്കുന്നത്, ശ്ലീഹായുടെ വിലാപത്തില്‍നിന്നാണ്. പത്രോസിന്‍റെ വിലാപം അത് അവിടുത്തെ അരുമശിഷ്യന്‍റെ കണ്ണീരില്‍നിന്നാണ് നാം കാണുന്നത്. അത്  മാനാസാന്തരമായിരുന്നു. മാനസാന്തരത്തിന്‍റെ കണ്ണീര്‍ക്കണങ്ങളായിരുന്നു അത്!

പിന്നെയും അനിശ്ചിതത്ത്വത്തിന്‍റെ നാളുകളുണ്ട് പത്രോസിന്‍റെ ജീവിതത്തില്‍. നോക്കൂ! ഈസ്റ്റര്‍ പ്രഭാതത്തില്‍ പത്രോസ് വീണ്ടും നിശബ്ദനും നിര്‍വികാരനുമാണ്. എന്തുചെയ്യണമെന്ന് അയാള്‍ക്ക് അറിയില്ല. അപ്പോഴാണ് തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ചില സ്ത്രീകള്‍ അന്നാളില്‍ത്തന്നെ ശൂന്യമായ കല്ലറയുടെ കഥ പറയുന്നത്. കേട്ടമാത്രയില്‍ പത്രോസ് സ്ത്രീകള്‍ക്കൊപ്പം കല്ലറയിങ്കലേയ്ക്ക് നടക്കുകയല്ല, ഓടുകയാണ്. മറ്റേ ശിഷ്യന്‍ ചെറുപ്പമായതിനാല്‍, പത്രോസിനെക്കാള്‍ വേഗത്തില്‍ ഓടി കല്ലറയില്‍ ആദ്യമെത്തിയെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തിരിക്കുന്നു (യോഹ. 20, 4).
ആ യാമം സുവിശേഷം കൃത്യമായി പറയുന്നില്ലെങ്കിലും ഉത്ഥിതനായ ക്രിസ്തുവിനെ പത്രോസ് കണ്ടു, നേരില്‍ക്കണ്ടുവെന്നത് വ്യക്തമാണ്.

ദൈവരാജ്യത്തിന്‍റെ പൊരുളും ക്രിസ്ത്വാനുകരണവും
ഇനിയും ക്രിസ്തുവിന്‍റെ ഉത്ഥാനാന്തരമുള്ള 40 നാളുകളിലേയ്ക്ക് കടക്കുകയാണെങ്കില്‍, ക്രിസ്തുവിനെ പലവട്ടം പത്രോസ് കാണുന്നുണ്ട്, സംവദിക്കുന്നുണ്ട്. ദൈവരാജ്യത്തെക്കുറിച്ചുള്ള അവിടുത്തെ വ്യഖ്യാനങ്ങളാണ് പത്രോസ് കേള്‍ക്കുന്നത്. അതെല്ലാം ആരെയും ചിന്തിപ്പിക്കാം. എനിക്കിപ്പോള്‍ എല്ലാം മനസ്സിലായി... എന്നു ചിന്തിക്കാം! എന്നാല്‍ ക്രിസ്തുവാരെന്നു  മനസ്സിലാക്കാനും അവിടുന്നു പ്രബോധിപ്പിക്കുന്ന ദൈവരാജ്യത്തിന്‍റെ പൊരുള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാനും ആര്‍ക്കാണ് സാധിക്കുന്നത്? എനിക്കും നിങ്ങള്‍ക്കും പത്രോസിനെപ്പോലെ സാധിക്കുമോ? ആത്മശോധന ചെയ്യേണ്ടതാണ്.

ഉത്ഥാനാനന്തരം തിബേരിയൂസ് തീരത്ത്, പത്രോസിനെ വീണ്ടും ക്രിസ്തു അഭിമുഖീകരിക്കുന്നുണ്ട്. ഒരു വിധത്തില്‍ പത്രോസിനെ ചോദ്യംചെയ്യുകയാണ് (യോഹന്നാന്‍ 21, 15..). പത്രോസേ, നീ എന്നെ സ്നേഹിക്കുന്നുവോ? മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞിട്ടുള്ള പത്രോസ്, അതും ക്രിസ്തുവിന്‍റെ കുരിശുമരണത്തിനു തൊട്ടുമുന്‍പ്! അവിടുന്നു വേദനിക്കുന്ന സമയത്ത് തള്ളിപ്പറഞ്ഞിട്ടുള്ള പത്രോസ് ക്രിസ്തുവിനോട് തനിക്കുള്ള സ്നേഹസമര്‍പ്പണത്തിന്‍റെ ഉറപ്പ് ഏറെ ലാളിത്യത്തോടെ ഏറ്റുപറയുന്നു. “കര്‍ത്താവേ, അങ്ങേയ്ക്ക് ഇത് അറിയാമല്ലോ,
ഞാന്‍ അങ്ങയെ സ്നേഹിക്കുന്നെന്ന്?” ഇങ്ങനെ ഏറ്റുപറയുന്ന പത്രോസ് തീര്‍ച്ചയായും കയ്പ്പോടെ കര‍ഞ്ഞുകാണണം. തന്‍റെ മാനുഷിക ദൗര്‍ബല്യങ്ങളെ മനസ്സിലാക്കി പത്രോസ് വിലപിച്ചെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നില്ലെങ്കിലും, “കര്‍ത്താവേ, അങ്ങയ്ക്ക് അറിയാമല്ലോ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നുവെന്ന്!?” എന്നു പറയുമ്പോള്‍, ഈ വാക്കുകള്‍ക്കു പിന്നില്‍ ജീവിക്കുന്ന ഹൃദയമുള്ളൊരു മനുഷ്യന്, ഒരു ശിഷ്യന് കരയാതിരിക്കാനാകുമോ?

പാപത്തിന്‍റെയും കൃപയുടെയും ജീവിതവഴികള്‍
അപ്പോള്‍ ജീവിതത്തിന്‍റെ ഒരു നീണ്ടയാത്രയ്ക്കിടയിലെ ഒരു ചോദ്യമായിട്ട് ഇന്നത്തെ സുവിശേഷഭാഗത്തെ എടുക്കുകയാണെങ്കില്‍, യേശു ആരാണെന്നാണ് നിങ്ങളും ഞാനും പറയുന്നത്? പത്രോസിനെപ്പോലെ വീഴ്ചകളുടെയും കൃപകളുടെയും നമ്മുടെ ജീവിതങ്ങള്‍ക്കിടയില്‍
ഈ തിരിച്ചറിവ് നമ്മുടെ മുന്നോട്ടുള്ള ക്രൈസ്തവ ജീവിതപാതയെ തെളിയിക്കും, നേരെയാക്കും. വേണ്ടിവന്നാല്‍ ഈ ധ്യാനം നമുക്കായി മാനസാന്തരത്തിന്‍റെ വഴികള്‍ തുറക്കും. ക്രിസ്തുവിനെ അനുഗമിക്കുന്നവരാണ് അവിടുത്തെ അറിയുന്നത്. അവിടുത്തെ സ്നേഹത്തോടെ അനുഗമിക്കുന്നവര്‍ക്കാണ്, അവിടുന്നില്‍നിന്നും അകന്നുപോകുമ്പോള്‍ വേദനിക്കുന്നതും, അവര്‍ അനുതാപത്തിന്‍റെ കണ്ണീരൊഴുക്കുന്നതും. ക്രിസ്തുവിനെ നമുക്ക് അനുഗമിക്കാം, നമ്മുടെ കൃപകളോടും നന്മകളോടും എന്നപോലെ
തന്ന‍െ നമ്മുടെ പാപക്കറകളോടെ അവിടുത്തെ അനുഗമിക്കാനാകുമെന്നാണ് പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം നമ്മെ പഠിപ്പിക്കുന്നത്.

മാറിവരുന്ന ദുരന്തങ്ങള്‍!
കേരളം പ്രകൃതിദുരന്തത്തില്‍നിന്ന് ഇനിയും ഉണര്‍ന്നിട്ടില്ല. മരണമടഞ്ഞവരെക്കൂടാതെ, ആയിരക്കണക്കിന് വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ മുതലായവ നശിച്ചിരിക്കുന്നു. വീടുകള്‍ വാസയോഗ്യമല്ലാതെ കിടക്കുന്നു. അതെല്ലാം പെട്ടന്നു മറന്നാണ് ഒരു ബിഷപ്പും കന്യാസ്ത്രിയും തമ്മിലുള്ള പ്രശ്നം ഒരു നാടുമുഴുവന്‍ കൊട്ടിഘോഷിക്കുന്നത്. പ്രത്യേകിച്ച് മാധ്യമങ്ങള്‍! നാടിന്‍റെ മറ്റ് അടിസ്ഥാന ആവശ്യങ്ങളില്‍നിന്നും പ്രശ്നങ്ങളില്‍നിന്നും... ശ്രദ്ധയും സമയവും രണ്ടുപേരുടെ സ്വകാര്യബന്ധങ്ങള്‍ പെട്ടന്ന പീഡനമായതിന്‍റെ ആരവത്തിലാണ്... ഒരു നാടു മുഴുവനും അതില്‍ വെമ്പിനില്കുകയാണ്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ബിഷപ്പിനെതിരായ കന്യാസ്ത്രികളുടെ സമരത്തിന് നേരെയും ആര്‍ക്കും നിസംഗത കാട്ടാനാവില്ല. ഏറെ സഹാനുഭാവവും സഹതാപവുമുണ്ട്.

നീതിക്കായുള്ള വഴികളാണിതെങ്കില്‍ അത് ക്രിസ്തുശിഷ്യത്വത്തിന്‍റെ രീതിയിലായിരിക്കണമെന്നു മാത്രം! ക്രിസ്തു ശിഷ്യരാരും പുണ്യവാന്മാരാല്ല, മനുഷ്യരാണ്. ക്രിസ്തു ശൈലിയില്‍ പുണ്യജീവിതം ആര്‍ജ്ജിക്കാന്‍ പരിശ്രമിക്കുന്നവരാണ്. വീഴുമ്പോള്‍ എഴുന്നേറ്റും, പിന്നെയും ജീവിതക്കുരിശുമായി നടന്നും ജീവിതയാത്ര തുടരുന്നവരാണ്. ഒരു കന്യാസ്ത്രീയോ വൈദികനോ വഴിതെറ്റിയതുകൊണ്ട് ക്രിസ്തീയത ഇല്ലാതാകുമോ, ക്രിസ്തുവിന്‍റെ സഭ ഇല്ലാതാകുമോ? ഇല്ലാതാക്കാനാവുമോ? ചിന്തിച്ചു നോക്കാം! ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍റെ വ്യക്തിജീവിതത്തില്‍ ഒരു പാളിച്ചവന്നാല്‍... അദ്ദേഹം കണ്ടെത്തിയ ആപേക്ഷികതാസിദ്ധാന്തം theory of Relativity  തീര്‍ന്നുപോകുമോ, മോശമാകുമോ?! പാപജീവിതത്തില്‍നിന്നും ഉയര്‍ന്ന എത്രയോ മഗ്ദലനമേരികള്‍, പാപജീവിതം വിട്ടകന്ന് വിശുദ്ധിയുടെ പടവുകള്‍ കയറിയ ചുങ്കക്കാരും പാപികളും ക്രിസ്തുവിന്‍റെ സഭയിലും ലോകത്തും എണ്ണിത്തീര്‍ക്കാവുന്നതല്ലല്ലോ!

മദ്ധ്യസ്ഥര്‍ നന്മയുമുള്ളവരായിരിക്കട്ടെ!
പൗലോശ്ലാഹാ ചോദിക്കുന്നുണ്ട്, നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടെങ്കില്‍ വിശുദ്ധരായ മദ്ധ്യസ്ഥരെ സമീപിക്കുന്നതിനു പകരം എന്തിനാണ് നീതിരഹിതരായ വിജാതിയരുടെയും പക്കല്‍ പോകുന്നത്...? ഇനിയും തുടര്‍ന്നു വായിച്ചു മനസ്സിലാക്കേണ്ടതാണ് (1 കൊറി. 6, 1f). മാധ്യമങ്ങളും രാഷ്ട്രീയക്കാരും മതവൈരികളും വിചാരണചെയ്യുകയും, വ്യക്തികളെയും അവരുടെ സ്വകാര്യതയെയുമെല്ലാം പൊതുചര്‍ച്ചാ വിഷയമാക്കുകയാണ്. നാട്ടില്‍ ഒരു പീഡനക്കേസു മാത്രമേയുള്ളത്രേ! അതിന് വത്തിക്കാനും പാപ്പായും ഉടന്‍ മറുപടി പറയണം! പ്രതിസന്ധികള്‍ തീര്‍ക്കാന്‍, പൊലീസും ന്യായപീഠവും രാഷ്ട്രീയക്കാരുമൊക്കെ അഴിമതിയില്‍ കുളിച്ചുനില്ക്കെ എവിടെ നീതിലഭിക്കാനാണ്? ജ്ഞാനികളാവര്‍ സമൂഹത്തിലില്ലേ? ഉണ്ട്. അവര്‍ നീതി നടപ്പാക്കും, സത്യം വിജയിക്കും. മനുഷ്യജീവിതം പുണ്യപാപങ്ങളുടെ വഴിയാണെന്ന് സാധാരണക്കാരനും ബലഹീനനുമായിരുന്ന ക്രിസ്തു ശിഷ്യന്‍, പത്രോസ് നമ്മെ പഠിപ്പിക്കുന്നു.

ജീവിതയാത്രയിലെ ഉയര്‍ച്ചയിലും താഴ്ചയിലും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചകള്‍, ക്രിസ്ത്വാനുഭവങ്ങള്‍ നമ്മുടെ ഉയര്‍ച്ചയും, അനുരഞ്ജനത്തിലൂടെയുള്ള വളര്‍ച്ചയുമാകും. ക്രിസ്തുരഹസ്യങ്ങള്‍ പത്രോസിനെന്നപോലെ നിങ്ങള്‍ക്കും എനിക്കും വെളിപ്പെടുത്തി തരണമേയെന്ന് ദൈവാരൂപിയോടെ പ്രാത്ഥിക്കാം. നന്മയ്ക്കായുള്ള രീതി അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റേതുമാണെന്ന് അപ്പസ്തോല പ്രമുഖനായ പത്രോസ് കാട്ടിത്തരുന്നു. തന്‍റെ ബലഹീനതയെ ഓര്‍ത്ത് കണ്ണീര്‍വാര്‍ത്ത പത്രോസ് പറയുന്നു... ദൈവമേ.. അങ്ങേയ്ക്കറിയാമല്ലോ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നുവെന്ന്.

നിത്യനായ ദൈവപുത്രനും ലോകരക്ഷകനുമായ ക്രിസ്തുവേ, അങ്ങു പഠിപ്പിച്ച ദൈവരാജ്യത്തിന്‍റെയും സുവിശേഷത്തിന്‍റെയും വഴികളില്‍ ഞങ്ങളെ നയിക്കണമേ....! ആ വഴികളെ തെളിയിക്കണമേ!

15 September 2018, 19:03