തിരയുക

Vatican News
യേശുവും ശിഷ്യന്മാരും യേശുവും ശിഷ്യന്മാരും 

“എനിക്ക് എതിരല്ലാത്തവന്‍ എന്‍റെ സ്നേഹിതനാണ്…!”

വിശുദ്ധ മര്‍ക്കാസ് 9, 38-43, 45. 47. 48. ആണ്ടുവട്ടം 26-Ɔο വാരം ഞായറാഴ്ച
ആണ്ടുവട്ടം 26-Ɔο വാരം ഞായറാഴ്ച - സുവിശേഷപരിചിന്തനം

അനുകരിക്കരുത്... മാതൃകയാക്കാം!
വളരെ പ്രശസ്തരായവരെ അനുകരിക്കാനുള്ള ആവേശം സാധാരണമാണ്. ഗന്ധര്‍വ്വഗായകന്‍
കെ. ജെ. യേശുദാസിന്‍റെ കീര്‍ത്തി വളര്‍ന്നതോടെ അദ്ദേഹത്തെ അനുകരിക്കുന്നവരെ ജൂനിയര്‍ യേശുദാസെന്നു വിളിക്കാന്‍ തുടങ്ങി. പിന്നെ ജൂനിയര്‍ യേശുദാസന്മാര്‍ വര്‍ദ്ധിച്ചു. യേശുദാസ് പാടുന്നതുപോലെതന്നെ പാടുന്നവരായി ധാരാളം പേര്‍ വന്നു. യേശുദാസ് പ്രായത്തില്‍ വളര്‍ന്നു, അദ്ദേഹം സംഗീത ലോകത്തെ അതികായനായി. പിന്നെ പ്രായത്തില്‍ സപ്തതി കടന്നിട്ടും പതറാതെ പാടുന്നു. എന്നാല്‍ 20-ഉം 30-ഉം വയസ്സുകാരായ യുവഗായകര്‍ 75-കഴിഞ്ഞ ഗാനഗന്ധര്‍വ്വന്‍റെ ശബ്ദം അനുകരിച്ചു പാടൂന്നു! അനുകരിക്കാനുള്ള അമിതാവേശം കണ്ട് യേശുദാസ് ഒരിക്കല്‍ പറഞ്ഞത്, “മക്കളേ... മാതൃകയാക്കാം... പക്ഷേ അനുകരിക്കരുത്!”  നല്ല സന്ദേശമാണ്. മറ്റുള്ളവരില്‍നിന്ന് നല്ലത് സ്വീകിച്ച് സ്വതസിദ്ധമായ കഴിവ് വളര്‍ത്തിയെടുത്ത് വലുതാകുക. അനുകരണം നമ്മെ പരിമിതികളുടെ പടുകുഴിയില്‍ വീഴ്ത്താം.

നന്മ ആരുചെയ്താലും അംഗീകരിക്കാം!
യേശുവിന്‍റെ നാമത്തില്‍ മറ്റാരോ അത്ഭുതപ്രവര്‍ത്തിചെയ്യുന്നു, പിശാചിനെ ബഹിഷ്ക്കരിക്കുന്നു. ശിഷ്യന്മാര്‍ വിചാരിച്ചു തങ്ങള്‍ക്കു മാത്രമേ അതിന് അവകാശമുള്ളൂവെന്ന്. അവര്‍ പരാതി പറഞ്ഞു. യേശു പറഞ്ഞത്, ഒരുവന് തന്‍റെ നാമത്തില്‍ നന്മചെയ്യാനും ഒപ്പം തന്നെ ദുഷിച്ചുപറയാനും സാദ്ധ്യമല്ല. അതിനാല്‍ തനിക്ക് എതിരല്ലാത്തവന്‍ തന്‍റെ സ്നേഹിതനാണ് (മര്‍ക്കോസ് 9, 40). യേശുവിനോടുള്ള ബന്ധമാണ് പ്രധാനപ്പെട്ട കാര്യം. എത്രത്തോളം അവിടുത്തെ നന്മ സ്വാംശീകരിക്കുന്നുവോ, എത്രത്തോളം അവിടുത്തെ സുവിശേഷമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നുവോ എന്നതിലാണ് ഒരുവന്‍റെ ജീവിത മേന്മ. ക്രിസ്ത്വാനുകരണം ബാഹ്യമായ പ്രകടനമല്ല, ക്രിസ്തുവിന്‍റെ ദൈവരാജ്യത്തിന് അനുസൃതമായും അതിന്‍റെ മൂല്യങ്ങള്‍ക്കനുസൃതമായും ജീവിക്കുന്നതിലാണ്. ബാഹ്യമായ അനുകരണത്തിന് വസ്ത്രവും വേഷഭൂഷാദികളും സഹായകമായേക്കാം. തിരുവസ്ത്രമണിഞ്ഞു സമരം ചെയ്തവരെക്കുറിച്ചെല്ലാം വിശേഷവാര്‍ത്തകള്‍ കേട്ടു ജനം മടുത്ത നാളുകളാണിത്. കന്യാസ്ത്രീപീഡനം, കന്യാസ്ത്രീസമരം...! കന്യാസ്ത്രികള്‍ സമരം ചെയ്യുന്നു, വൈദികര്‍ ജാഥനടത്തുന്നു! എല്ലാ സമരങ്ങളും നീതിക്കായുള്ള പോരാട്ടം തന്നെ എവിടെയും. കുറ്റാരോപിതനായ പീഡകനും, കുറ്റമാരോപിക്കുന്ന പീഡിതയും തിരുവസ്ത്ര ധാരികള്‍തന്നെ! ബാഹ്യമായ വേഷഭൂഷാതികളില്‍ അപ്പോള്‍ വലിയ കാര്യമില്ലെന്ന് അര്‍ത്ഥം.

നന്മയ്ക്ക് എതിരല്ലാത്തവര്‍ നന്മയുടെ ഭാഗത്താണ്
ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ എന്ന മുദ്രയോ വിലാസമോ അല്ല പ്രധാനം, ക്രിസ്തുവിന്‍റെ ചൈതന്യം ജീവിക്കുന്നതിലാണ്. അതുകൊണ്ടാണ്, ശിഷ്യന്മാരോടു ഈശോ ഉടനെ പറഞ്ഞത്, “നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്.” ശിഷ്യനായിരുന്നില്ലെങ്കിലും ക്രിസ്തുവിന്‍റെ നാമത്തില്‍ ചെയ്തത് നന്മയാണ്. നന്മ ആരുചെയ്താലും, ആരുടെ നാമത്തില്‍ ചെയ്താലും നന്മ, നന്മ തന്നെയാണ്. അത് അംഗീകരിക്കേണ്ടതാണ്. നന്മ അംഗീകരിക്കാതിരിക്കുന്നതും, നന്മ ചെയ്യുന്നവരെ എതിര്‍ക്കുന്നതും പീഡിപ്പിക്കുന്നതും തെറ്റാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നന്മ ചെയ്യുന്നവരെ നാം അംഗീകരിക്കേണ്ടയിരിക്കുന്നു. തന്‍റെ നാമത്തില്‍ ഒരുവന് ഒരു പാത്രം ജലം കുടിക്കാന്‍ കൊടുത്താലും അത് വിലപ്പെടതാണ്, അത് നന്മയാണെന്ന് ഈശോ സമര്‍ത്ഥിക്കുന്നു. സ്നേഹത്തിലിന്നു നാം ചെയ്യുന്നതൊക്കെയും കൃത്യമായ് ദൈവം കുറിച്ചുവയ്ക്കും (1കൊറി. 13,1-13).  

നന്മയോടു കൈകോര്‍ക്കാം!
നന്മചെയ്യുന്നവരോടുളള അടഞ്ഞ മനസ്ഥിതിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ജീവിതത്തില്‍ ഒരനുഭവം പറഞ്ഞത് ഓര്‍മ്മിക്കുന്നു. ആധുനിക കാലത്തെ നവമായ ക്യാരിസ്മാറ്റിക്ക് പ്രസ്ഥാനത്തോട് തനിക്ക് അട‍ഞ്ഞ മഃനസ്ഥിതിയായിരുന്നെന്ന് അദ്ദേഹംതന്നെ പറയുന്നുണ്ട്. ബ്യൂനസ് ഐരസില്‍ ഈശോസഭയുടെ പ്രവിന്‍ഷ്യലായിരുന്ന കാലത്ത് തനിക്കു പറ്റിയൊരു അമളി പാപ്പാ ഏറ്റുപറഞ്ഞു. കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ അര്‍ജന്‍റീനയുടെ സാമൂഹ്യപശ്ചാത്തലത്തില്‍ ഒരു “സാമ്പാ” നൃത്തമന്ദിരമോ, സാമ്പാപഠനക്കളരിയോ ആണെന്നാന്ന്, അവരുടെ പാട്ടും കൂത്തും കേണ്ട് അന്നു വിചാരിച്ചത്. അങ്ങനെയുള്ള കൂട്ടായ്മയില്‍ പോകുന്നതിനെ അധികാരിയെന്ന നിലയില്‍ താന്‍ വിലക്കുമായിരുന്നത്രേ! എന്നാല്‍ പിന്നീട് മെത്രാനായിരുന്ന കാലത്ത് അനുഭവത്തില്‍നിന്നും മനസ്സിലായി, അവിടത്തെ ക്യാരിസ്മാറ്റിക്ക് കൂട്ടായ്മയില്‍ യഥാര്‍ത്ഥത്തിലുള്ള വചനധ്യാനവും പ്രാര്‍ത്ഥനയും പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവുണ്ടെന്ന്.

നന്മ വിതയ്ക്കുന്ന ഇതരമതങ്ങളും സഭകളും
മറ്റു സഭകള്‍ തമ്മിലുള്ള അല്ലെങ്കില്‍ മതങ്ങള്‍ തമ്മിലുള്ള സമീപനത്തില്‍ ക്രിസ്തു പഠിപ്പിച്ചിട്ടുള്ള ഈ വചനഭാഗം പാലിക്കേണ്ടതാണ് മൂല്യബോധത്തോടെ മനുഷ്യര്‍ക്ക് ചെയ്യുന്ന നന്മ, ഏതു പക്ഷത്തുനിന്നായിരുന്നാലും അംഗീകരിക്കപ്പെടേണ്ടതാണ്. ദൈവാത്മാവാണ് നന്മയുടെ സ്രോതസ്സ്. അതെന്നും നവമാണ്. നവീനതയുടെയും അപൂര്‍വ്വതയുടെയും ദൈവമാണ്. അവിടുന്നു നമുക്കു വെളിവു നല്കും, പഠിപ്പിക്കും... നന്മയോടു നാം തുറവുള്ളവരായിരുന്നെങ്കില്‍ മാത്രം! അതിനാല്‍ വിവിധ സഭകളോടും ക്രൈസ്തവ കൂട്ടായ്മകളോടും മതങ്ങളോടുമുള്ള സമീപനത്തില്‍ അടഞ്ഞ മനഃസ്ഥിതിയോ, മാറ്റത്തിനു തുറവില്ലാത്ത നിലപാടോ എടുക്കരുത്. ദൈവാത്മാവിലും വിവേചനത്തോടുമുള്ള തുറവും, വിശ്വാസപൂര്‍ണ്ണവുമായ മാറ്റങ്ങള്‍ക്കുള്ള സന്നദ്ധതയും വളര്‍ച്ചയാണ്. അപ്പോള്‍ അരൂപി നമ്മെ സത്യത്തിലേയ്ക്കും സത്യമായ കൂട്ടായ്മയിലേയ്ക്കും നീതിയിലേയ്ക്കും നയിക്കും. ഹൃദയത്തിന്‍റെ തുറവും, കൂട്ടായ്മയ്ക്കുള്ള ആഗ്രഹവും ലക്ഷ്യത്തിലേയ്ക്കുള്ള നീക്കവും, നല്ലതു വിവേചിച്ചെടുക്കാനുള്ള ശ്രദ്ധയുമാണ് ഇതര സഭകളുമായും മതങ്ങളുമായും പരിശുദ്ധാരൂപിയിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനവും മാനദണ്ഡവുമാകേണ്ടത്.

ഇടര്‍ച്ചയ്ക്കെതിരെ ഒരു താക്കീത്
ഇടര്‍ച്ചെയ്ക്കെതിരെ ഇന്നത്തെ വചനത്തില്‍ ക്രിസ്തു താക്കീതുനല്കുന്നു. ഇവിടെ ഈശോ കുട്ടികളെയും ചെറുപ്പക്കാരെയും വഴിപിഴപ്പിക്കുന്നവരെക്കുറിച്ചല്ല, “ചെറിയവര്‍” എന്നു പരാമര്‍ശിക്കുന്നത്. വിശ്വാസത്തില്‍ ചെറിയവരും അല്പന്മാരുമായവരെക്കുറിച്ചാണ്. അപ്പോള്‍ വിശ്വാസത്തില്‍ ചെറിയവര്‍, ബലഹീനരായവര്‍ വീഴ്ചയ്ക്ക് കാരണമാകുമെന്നാണ് ക്രിസ്തു പറയുന്നത്. അതായത് വചനവും വിശ്വാസസത്യങ്ങളും പഠിച്ചിട്ടും, സുവിശേഷമൂല്യങ്ങളില്‍ വളര്‍ന്നിട്ടും അത് ജീവിതത്തില്‍ ഉള്‍ക്കൊണ്ട്, ക്രിസ്തുശിഷ്യത്വത്തിന്‍റെ മൂല്യങ്ങള്‍ക്ക് സാക്ഷ്യമേകേണ്ടവര്‍ വീണുപോകുന്നു, ഇടര്‍ച്ചയ്ക്കു കാരണമാകുന്നു. ഇടറിപ്പോകുന്നു, എതിര്‍സാക്ഷ്യമായി ജീവിക്കുന്നു. വചനവിത്ത് ഹൃദയവയലില്‍ വേണ്ടുവോളം അഴത്തില്‍ ഇറങ്ങാതെവരുമ്പോള്‍ അതു മുളച്ചാലും മുളപൊട്ടി വളര്‍ന്നാലും, പ്രതിസന്ധിയുടെ താപമേല്‍ക്കുമ്പോള്‍ വാടിക്കരുഞ്ഞുപോകുന്നു. അതുപോലെ സുവിശേഷ ജീവിതത്തിന്‍റെയും സുവിശേഷ സമര്‍പ്പണത്തിന്‍റെയും ഫലം നല്കാനാകെ ഇടറിപ്പോകുന്നവരും, വിപരീതസാക്ഷ്യം നല്കുന്നവരും ഇന്ന് നിരവധിയാണ്.

അന്യരുടെ വീഴ്ചയ്ക്കും ഇടര്‍ച്ചയ്ക്കും കാരണമാകുന്ന എതിര്‍ സാക്ഷ്യമാണ് ക്രിസ്തു ശിഷ്യന്മാരും ക്രിസ്തുവില്‍ സമര്‍പ്പിതരായവരും കേരളത്തില്‍ കാണിച്ചുകൂട്ടുന്നത്, കോലാഹലങ്ങള്‍! ഇങ്ങനെയുള്ള വാര്‍ത്തയും വര്‍ത്തമാനങ്ങളും കൊട്ടിഘോഷിക്കുകയും, അതിന്മേല്‍ വിചാരണ നടത്തി ജനങ്ങളെ രസിപ്പിക്കുകയും, ധരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും, വൈദികന്‍റെയും കന്യാസ്ത്രിയുടെയും ലൈംഗീകപീഡന കേസ്കുകള്‍ വിചാരണചെയ്തും വിസ്തരിച്ചും അതു വിറ്റുകാശാക്കുകയും ചെയ്യുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും, അനുദിനം തടിച്ചു കൊഴുത്തുവരികായാണ്. ലോകത്ത് ഒരിടത്തുമില്ലാത്തതുപോലെ, ആശയവിനിമയശാസ്ത്രത്തിന്‍റെ എല്ലാധാര്‍മ്മികതയും തെറ്റിച്ചുകൊണ്ടുള്ള തരംതാണ രീതിയാണ് അഭ്യസ്തവിദ്യരുടെ നാട്ടില്‍ എന്നു ചൂണ്ടിക്കാട്ടുന്നതില്‍ ഖേദമുണ്ട്. സമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ പാലിക്കേണ്ട അടിസ്ഥാനനിയമങ്ങളും മാന്യതയും മാധ്യമപ്രവര്‍ത്തകര്‍ മാനിക്കണം. മാധ്യമങ്ങളെ ഉത്തരവാദിത്വത്തോടെ കൈകാര്യംചെയ്യാനുള്ള അവബോധം ജനങ്ങള്‍ക്കും വേണം. ആ അവബോധം കുട്ടികള്‍ക്കു നല്കണം, അവരെ പഠിപ്പിക്കണം. എന്തു കാട്ടിയും, വിറ്റും ലാഭമുണ്ടാക്കാമെന്ന തിയറി തെറ്റാണ്.

ഇടര്‍ച്ചയ്ക്കു കാരണമാകുന്നത് വിച്ഛേദിക്കപ്പെടണം!
എന്‍റെ ജീവിതം അന്യരുടെ വീഴ്ചയ്ക്കു കാരണമാകുക, വലിയ അപരാധമാണ്. അതിലും ഭേദം കഴുത്തില്‍ കല്ലുകെട്ടി കടലില്‍ എറിയപ്പെടുകയാണെന്ന് ഇന്നത്തെ വചനഭാഗം ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ജീവിതം അന്യരുടെ ഇടര്‍ച്ചയ്ക്കു കാരണമാകുന്നതുപോലെ, അത് എന്‍റെതന്നെ വീഴ്ചയ്ക്കും അധഃപതനത്തിനും കാരണമാണെന്ന് ഓര്‍ക്കണം. ഇടര്‍ച്ചയ്ക്കു കാരണമാകുന്ന അവയവങ്ങള്‍ ചൂഴ്ന്നുകളയുക, ഛേദിച്ചുമാറ്റുക എന്നീ നിര്‍ദാക്ഷിണ്യത വചനം പറയുമ്പോള്‍, ജീവിതസാക്ഷ്യത്തിന്‍റെ വലിയ മൂല്യമാണ് സുവിശേഷം പഠിപ്പിക്കുന്നത്. ആലങ്കാരികമാകാം ഈ മുറിച്ചുകളയലിന്‍റെ ഭാഷ്യമെങ്കിലും, മനുഷ്യന്‍റെ ജീവന്‍ ആകമാനം നശിച്ചുപോകുന്നതിലും നല്ലതല്ലേ ഒരവയവം നശിപ്പിക്കുന്നത്, എന്ന യുക്തിയാണിവിടെ. അതായത്, ജീവിതത്തിന് ഒരാത്മനാശം ഭവിക്കാന്‍ നമ്മിലെ ഒന്നും, ഒരവയവും കാരണമാകാതിരിക്കട്ടെ. ദൈവം തന്നതെല്ലാം നന്മയാണ്. അവ നന്മയ്ക്കായി മാത്രം ഉപയോഗിക്കാം എന്നതാണ് ഈ മുര്‍ച്ചയുള്ള വചനത്തിന്‍റെ അടിസ്ഥാന യുക്തി.

ജീവിതത്തി‍ന്‍റെ ഉറ കെട്ടുപോകാതിരിക്കട്ടെ!
നമ്മുടെ അലക്ഷ്യമായ ജീവിതംകൊണ്ടും, സ്വാര്‍ത്ഥലക്ഷ്യങ്ങള്‍കൊണ്ടും ജീവിതത്തിന്‍റെ ഉപ്പ് ഉറകെട്ടു പോകാതിരിക്കട്ടെ! നമ്മുടെ അലസതയും സുഖലോലുപതയുംകൊണ്ട് വിശ്വാസ വിളക്കിന്‍റെ ഒളിമങ്ങിപ്പോകാതിരിക്കട്ടെ! അത് അണഞ്ഞുപോകാതെയും കാക്കാം. കരുതലും ശ്രദ്ധയുമുള്ള വിശ്വാസജീവിതത്തിന്‍റെ ഉറ കൂട്ടിയെടുക്കാനാണ് അനുദിനം നാം പരിശ്രമിക്കേണത്. വിശ്വാസ വിളക്കിന്‍റെ ഒളിയും കൂട്ടിയെടുക്കാം, അത് അനുദിനം കൂടുതല്‍ ശോഭയുള്ളതാക്കാം...! ദൈവമേ... അങ്ങേ സ്നേഹത്തിന്‍റെയും സമാധനത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷികളായി ഞങ്ങള്‍ ജീവിക്കട്ടെ... The poor man of Assisi, അസ്സീസിയിലെ പാവം മനുഷ്യനോടു ചേര്‍ന്ന് ഫ്രാന്‍സിസിനോടു ചേര്‍ന്നു നമുക്കിന്നും, അനുദിനവും പ്രാര്‍ത്ഥിക്കാം! ദൈവമേ, ഞങ്ങളെ അങ്ങേ നന്മയുടെ സാക്ഷികളാക്കണമേ!

29 September 2018, 19:27