തിരയുക

Vatican News
കൃപാസ്പര്‍ശം കൃപാസ്പര്‍ശം 

ക്രിസ്തു മൊഴിയുന്ന സൗഖ്യദാനത്തിന്‍റെ സുവിശേഷം

മാര്‍ക്കോസ് 7, 31-37- ആണ്ടുവട്ടം 23-Ɔοവാരം ഞായറാഴ്ച - അല്പം സ്വൗകര്യമായിരിക്കാന്‍വേണ്ടി ടയര്‍, സീദോന്‍ എന്നീ വിജാതീയ പ്രദേശത്തേയ്ക്ക് ക്രിസ്തു ഗലീലിയ തീരത്തുനിന്നും പോയതാണ്. ഡെക്കാപ്പോളിസ് എന്നറിയപ്പെടുന്ന യവന നഗര പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ ജനങ്ങള്‍ അവിടുത്തെ ചുറ്റുംകൂടി. ഊമനും ബധിരനുമായ ഒരു മനുഷ്യനെ അവിടുത്തെ പക്കല്‍ കൊണ്ടുവന്നു. ക്രിസ്തു അവനെ സുഖപ്പെടുത്തുന്ന സുവിശേഷ സംഭവമാണ് ഇന്ന് നാം ചിന്താവിഷയമാക്കുന്നത്.
ശബ്ദരേഖ സുവിശേഷപരിചിന്തനം

സൗഖ്യദാനത്തിന്‍റെ ലേപനം 
ബധിരനും ഊമനുമായ മനുഷ്യന്‍റെമേല്‍ കൈകള്‍വച്ച് അനുഗ്രഹിക്കണം, അവനെ സൗഖ്യപ്പെടുത്തണം എന്നായിരുന്നു ആ ജനക്കൂട്ടത്തിന്‍റെ യാചന. മൂകനായവന്‍ തന്‍റെ രക്ഷകനെ മുഖാമുഖം കണ്ടു. ഐശ്വര്യമുള്ള, ഈശ്വരാംശം സര്‍വ്വാത്മന ഉള്ളവനായ ക്രിസ്തുവിന്‍റെ കൈകള്‍ അയാള്‍ക്ക് സൗഖ്യംപകരുന്നു. ഊമനും ബധിരനുമായവനെ ക്രിസ്തു തൊട്ടു സുഖപ്പെടുത്തി.  ആ മനുഷ്യനെ കണ്ടപ്പോള്‍ ക്രിസ്തു ‘നെടുവീര്‍പ്പിട്ടു’ എന്നു സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. എന്തുകൊണ്ടാണ് അവിടുന്ന് നെടുവീര്‍പ്പിട്ടത്? ഇതു മനസ്സിലാക്കാന്‍ യേശു തൊട്ടുമുന്‍പു ചെയ്ത കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവിടുന്ന് ബധിരനായ മനുഷ്യനെ ജനക്കൂട്ടത്തില്‍നിന്നും മാറ്റിനിര്‍ത്തി അവന്‍റെ ചെവികളില്‍ വിരലിട്ടു. തുപ്പല്‍കൊണ്ട് അവന്‍റെ നാവില്‍ സ്പര്‍ശിച്ചു.

കൗദാശികമാണ് ക്രിസ്തുവിന്‍റെ ഈ കര്‍മ്മങ്ങള്‍. അതായത് വിരല്‍കൊണ്ടു ചെവികളെ സ്പര്‍ശിച്ചത്, ചെവി തുറക്കുന്നതിന്‍റെ പ്രതീകമാണ്. നാവില്‍ തുപ്പല്‍ പുരട്ടിയത്, പുരാതന സൗഖ്യദാനത്തിന്‍റെ ലേപനമാണ്. അടയാളം കൂദാശയാണ്. ദൈവസ്നേഹത്തിന്‍റെ അടയാളങ്ങളാണ് ക്രിസ്തു പ്രകടമാക്കിയത്. കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നവരെയും, ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുന്നവരെയും, നാവുണ്ടായിട്ടും നല്ലത് പറയാതിരിക്കുന്നവരെയും ഒക്കെ ഓര്‍ത്തിട്ടായിരിക്കണം ക്രിസ്തുവിന്‍റെ ഈ തീവ്രമായ ‘നെടുവീര്‍പ്പിന്‍റെ’ വികാരപ്രകടനം നടത്തിയത്.

കാതുണ്ടായിട്ടും കേള്‍ക്കാത്തവര്‍ 
ബധിരനും സംസാരശേഷി ഇല്ലാത്തവനെയും യേശുവിന്‍റെ പക്കല്‍ കൊണ്ടുവന്നത് ജനങ്ങളാണ്. അവര്‍തന്നെ ഒരുവിധത്തില്‍ ബധിരരും മൂകരുമാണ്. അതിന്‍റെയും വിസ്മയ പ്രകടനമായിരുന്നിരിക്കണം ക്രിസ്തുവിന്‍റെ നെടുവീര്‍പ്പ്. ‘എഫ്ഫാത്താ, തുറക്കപ്പെടട്ടെ!’ എന്നാണ് ബധിരന്‍റെ ചെവികളെ സ്പര്‍ശിച്ചശേഷം അവിടുന്ന് പറഞ്ഞത്. ഏഫാത്താ Ephata എന്ന അറമായ വാക്കുകള്‍ മാത്രം ക്രിസ്തുവിന്‍റെ മാതൃഭാഷാ പ്രയോഗവും അധരങ്ങളില്‍ സൗഖ്യദാനത്തിനായി ഉയര്‍ത്തിയ മൊഴിയുമാണ്. ക്രിസ്തു ഉപയോഗിച്ച ഇത്തരം വളരെ ചുരുക്കം അറമായ വാക്കുകളേ സുവിശേഷകന്മാര്‍ അതേപടി രേഖപ്പെടുത്തിയിട്ടുള്ളൂ. ‘അബ്ബാ,’ ‘എഫ്ഫാത്താ’, ‘തലീത്താകൂമി’, ‘ഏലോയ് ഏലോയ് ലാമാ സബക്ത്താനി’ തുടങ്ങിയവ സുവിശേഷ സംഭവങ്ങളിലെ  സത്തയായ ക്രിസ്തുവിന്‍റെ മൊഴികളാണ്. ഏശയാ പ്രവാചകന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നു: 

അങ്ങേയ്ക്കു സ്തുതി! ദൈവമേ...!!
 “ഭയപ്പെടേണ്ട, ധൈര്യം അവലംബിക്കുവിന്‍...! 
ദൈവത്തിന്‍റെ പ്രതിഫലമായ് വന്ന് അവിടുന്നു നിങ്ങളെ രക്ഷിക്കും. 
അവിടുന്നു അന്ധരുടെ കണ്ണു തുറക്കും. ബധിരരുടെ ചെവി തുറക്കും. 
മുടന്തന്‍ മാനിലെപ്പോലെ കുതിച്ചു ചാടും.
മൂകന്‍റെ നാവില്‍ ഗാനം ഉതിര്‍ക്കും... 
വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും... 
മരുഭൂമിയിലൂടെ നദികള്‍ ഒഴുകും... 
തപിച്ച മണലാരണ്യം ജലാശയമായി മാറും... 
ദാഹിച്ച ഭൂമിയില്‍ ജലാശയമുണ്ടാകും..”  - ഏശയാ 35, 4-7.

ദൈവം തന്നതെല്ലാം  നല്ലതാണ്! 
ജീവിതത്തില്‍ ദൈവം നമുക്ക് ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് ഊമരായിരിക്കരുത് എന്നാണ് ഇന്നത്തെ വചനം സൂചിപ്പിക്കുന്നത്. ലോകത്തിന്‍റെ നന്മയോടും ഭൂമിയുടെ നന്മയോടും നമുക്കു ബധിരതയും മൂകതയും നടിക്കാനാവില്ല. “ദൈവത്തിന്‍റെ സ്വന്തം നാടെ”ന്ന് അഹങ്കാരത്തോടെ നാമെല്ലാവരും പറഞ്ഞിരുന്ന മണ്ണും മലയും ഒലിച്ചുപോയി, ഭവനങ്ങളും, കൃഷിയിടങ്ങളും പോയി, ദുന്തത്തില്‍ നഷ്ടമായ മനുഷ്യജീവിതങ്ങള്‍ ഇനിയും തിട്ടപ്പെടുത്താതെ 380 എന്നു പറയുമ്പോഴും സത്യം അതിലേറെയാണ്! ദൈവം തന്ന പൊതുഭവനമായ ഭൂമി നാം സംരക്ഷിക്കണം! ഭൂമി വാസയോഗ്യമാക്കുമ്പോഴും സ്വാര്‍ത്ഥതയില്‍ മലവെട്ടിയും മണ്ണുമാന്തിയും നദികള്‍ കൈയ്യേറിയും, മാലിന്യം നിക്ഷേപിച്ചും അതിനെ നശിപ്പിക്കരുത് എന്ന വലിയ സൂചനയാണ് നമുക്കു ലഭിച്ചത്. 

ദൈവത്തിന്‍റെ നാട്, ദൈവത്തിന്‍റെ സ്വന്തം നാട്... God’s own country എന്ന പ്രയോഗം ഭംഗിവാക്കാക്കി ടൂറിസം പ്രോമോഷനുവേണ്ടി മാത്രം മാറ്റിനിറുത്താതെ, ദൈവം തന്ന നല്ലൊരു നാടിന്... പുഴയും ആറും പൂമരങ്ങളും, മലയും മലയോരവും മാമരങ്ങളും, കടലും കായല്‍പ്പരപ്പുമെല്ലും ഉള്ള നല്ല നാടിന് ഈശ്വരനോടു നന്നിയുള്ളവരായി ജീവിക്കാം. ദൈവത്തോടുള്ള നന്ദി മനുഷ്യസ്നേഹമായി പ്രതിഫലിപ്പിക്കാനും പ്രഘോഷിക്കാനും ഈ കെടുതി നമുക്ക് പാഠമാകട്ടെ.

പുണ്യത്തിന്‍റെ തീരാവലയം 
ക്രിസ്തുവിന്‍റെ –‘എഫ്ഫാത്താ’ പ്രഘോഷണവും, ആജ്ഞാപനവും, സംഭവിച്ച സൗഖ്യദാനത്തിന്‍റെ കഥയും ആരോടും പറയരുത്... എന്ന താക്കീതു നല്കിയിട്ടും, തനിക്കു സംസാരശേഷിയും കേള്‍വിശക്തിയും ക്രിസ്തുവില്‍നിന്നും ലഭിച്ചു, എന്ന സദ്വാര്‍ത്ത ആ മനുഷ്യന്‍ ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി. സുവിശേഷത്തിലെ ബധിരനെപ്പോലെ നമുക്കും ദൈവസ്നേഹത്തിന്‍റെയും ദൈവിക നന്മകളുടെയും സദ്വാര്‍ത്ത സംവേദനം ചെയ്യുന്നവരാകാം, ദൈവസ്നേഹം ഘോഷിക്കുന്നവരാകാം.

ദൈവത്തില്‍നിന്നും നന്മ സ്വീകരിച്ചിട്ടുള്ളവര്‍ അതിന്‍റെ സാക്ഷികളുമാകണം. ദൈവികദാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളവര്‍ അതു പരിപോഷിപ്പിച്ച് വിശ്വാസത്തില്‍ അതിന്‍റെ പ്രഘോഷകരും, പിന്നെ സാക്ഷികളും ആയിത്തീരണമെന്നത് കാലാനുക്രമവും സയുക്തവുമായ വസ്തുതയാണ്. അത് വിശ്വാസത്തിന്‍റെ പ്രഘോഷണവുമാണ്. ദൈവികനന്മ സ്വീകരിച്ചിട്ടുള്ളവര്‍ ‘പുണ്യത്തിന്‍റെ നിലയ്ക്കാത്ത വലയം’പോലെ (virtuous circle) അനുദിനം അത് ജീവിക്കുകയും പ്രഘോഷിക്കുകയും, സാക്ഷൃപ്പെടുത്തുകയും ചെയ്യുന്നു. ബധിരനും ഊമനുമായ വ്യക്തിക്ക് ലഭിച്ച സൗഖ്യദാനംവഴി അയാള്‍ ക്രിസ്തുവിന്‍റെയും അവിടുത്തെ സുവിശേഷത്തിന്‍റെയും പ്രയോക്താവും പ്രഘോഷകനുമായിത്തീരുന്നു. അങ്ങനെ തന്നില്‍ ബലപ്പെട്ട വിശ്വാസം പങ്കുവയ്ക്കുകയും പ്രഘോഷിക്കുകയും ചെയ്യുമ്പോഴാണ് അത് ജീവിതത്തില്‍ ശക്തിപ്പെടുന്നത്.

ക്രിസ്തു തരുന്ന നവജീവന്‍
രോഗവും വാര്‍ദ്ധക്യവും മരണവുമെല്ലാം ഈ ജീവിതത്തിന്‍റെ ഭാഗമാണ്. ജീവിതയാത്രയില്‍ എല്ലാ വഞ്ചികളും ഒടുവില്‍ ചെന്നു ചേരേണ്ട അഴിമുഖത്തെ നമുക്ക് മറച്ചു വയ്ക്കാനാവില്ല. സൗകര്യാര്‍ത്ഥം അതു മറന്നു കളയാനുമാവില്ല. വല്ലപ്പോഴുമെങ്കിലും ഒരാതുരാലയത്തിന്‍റെ ഇടനാഴികളിലേയ്ക്ക് നാം കടന്നു ചെല്ലണം. പലരെയും ഭ്രമിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യന്‍റെ മനോഹരമായ ഉടല്‍ ചില സ്രവങ്ങള്‍ക്കു മീതെ -  രക്തം, കഥം, രേതസ്സ് എന്നിവ വീണു ജീര്‍ണ്ണിച്ച കുപ്പായംപോലെ മലീമസമാക്കപ്പെടുന്നു.   രോഗീപരിചരണമെന്ന കൂദാശയിലെ കാര്‍മ്മികര്‍ക്കൊക്കെ ദിശാബോധം തരുന്ന സമീപനങ്ങള്‍ ക്രിസ്തുവാകുന്ന മഹാവൈദ്യനില്‍നിന്ന് ദക്ഷിണവച്ച് അഭ്യസിക്കേണ്ടതാണ്. ഏതൊരു ഔഷധവും ഫലവത്താവുന്നത് പ്രത്യാശയുടെ മെഴുതിരി വെട്ടത്തിലിരുന്ന് അത് സേവിക്കുമ്പോഴാണ്. തന്‍റെ അടുക്കല്‍ വരുന്നവരുടെ ഇച്ഛയെ ബലപ്പെടുത്തിയും പ്രത്യാശയ്ക്ക് തെളിമ നല്കിയും ക്രിസ്തു അവരെ ആരോഗ്യത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നു. ഇന്നത്തെ സുവിശേഷം അതാണ് തെളിയിക്കുന്നത്. ക്രിസ്തു കാട്ടിത്തരുന്ന പ്രത്യാശയുടെയും നവജീവന്‍റെയും വഴികള്‍...!!

സൗഖ്യദാനത്തിനുശേഷം രോഗിയെ എപ്പോഴും പുനരധിവസിപ്പിക്കാനും ക്രിസ്തു ശ്രമിക്കുന്നുണ്ട്. ദേവാലയത്തില്‍ പോയി സ്വയം സാക്ഷൃപ്പെടുത്താനും, പുരോഹിതന്മാരോടു പോയി പറയാനുമൊക്കെ അവിടുന്ന് ആവശ്യപ്പെടുന്നത് അതിന്‍റെ ഭാഗമാണ്. രോഗം നമ്മെ കുറെയധികം സാമൂഹ്യബന്ധങ്ങളില്‍നിന്ന് അറിഞ്ഞും അറിയാതെയും അകറ്റി നിര്‍ത്തുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. ഒരാള്‍ക്ക് നഷ്ടമായതെല്ലാം തിരികെ കൊടുക്കുവാനും രമ്യപ്പെടുത്താനും സൗഖ്യപ്പെടുത്താനും കഴിവുള്ളവനാണ് ക്രിസ്തു. ഒപ്പം ഓരോ ശമനത്തിനുശേഷവും കുറെക്കൂടി ആരോഗ്യകരമായ പരിസരം അവര്‍ക്കു ചുറ്റും രൂപപ്പെടുത്തണമെന്നും ക്രിസ്തു നിഷ്ക്കര്‍ഷിക്കുന്നുണ്ട്. അവരെ സമൂഹത്തില്‍ അവിടുന്നു പുനരധവസിപ്പിക്കുന്നു. അവര്‍ക്കു പുതുജീവന്‍ നല്കുന്നു.

നിത്യതയുടെ ആത്മീയ വെളിച്ചം
ആര്‍ക്കും വേലചെയ്യാനാവാത്ത രാത്രികാലങ്ങളും, അപരര്‍ നിങ്ങള്‍ക്കായ് അരമുറുക്കുന്ന ആതുരാലയ ദിനങ്ങളുമൊക്കെ നമ്മുടെ ചിന്തയ്ക്ക് വിധേയമാകുന്നില്ല. അല്ലെങ്കില്‍ നാം ഓര്‍ക്കാന്‍പോലും ഇഷ്ടപ്പെടുന്നില്ല. എങ്ങനെ പ്രസാദം നിറഞ്ഞൊരു വാര്‍ദ്ധക്യത്തിലേയ്ക്ക് പ്രവേശിക്കണമെന്നും എങ്ങനെ സ്വച്ഛമായി മരിക്കണെന്നും നമ്മള്‍ ധ്യാനിക്കുന്നില്ല. ഒരില അടരുന്നതുപോലെയായിരിക്കും എന്‍റെ ജീവിതം കടന്നുപോകുന്നത്, വീഴുന്നത്! സായംപ്രഭയോടെ അത് അസ്തമിക്കട്ടെ!! ജീവിതത്തിന്‍റെ ഏതു കുരിശിലും നിലനില്ക്കുന്ന ചൈതന്യമേ, എന്നിലെ അംശത്തെ സ്വീകിരിക്കണമേ... എന്ന പ്രാര്‍ത്ഥനയോടെ ഞാനും മിഴിപൂട്ടട്ടെ! ഭാരതസങ്കല്‍പ്പത്തിലെ മരണദേവന്‍, യമന്‍ സൂര്യപുത്രനാണ്.
അപ്പോള്‍ മരണകവാടത്തിനുമപ്പുറം വെളിച്ചമുണ്ട് എന്ന സത്യം മറക്കരുത്. ക്രിസതു സൗഖ്യദായകനാണ്. അവിടുന്നാണ് വഴിയും സത്യവും, ജീവനും..! അവിടന്നു പുനരുത്ഥാനമാണ്. ജീവിതവഴികളില്‍ ക്രിസ്തുവിനെ മുഖാമുഖം ദര്‍ശിച്ച് അവിടുത്തെ സൗഖ്യം സ്വീകരിക്കാന്‍ നമുക്കു സാധിക്കട്ടെ. പ്രത്യാശകൈവെടിയാതെ മുന്നേറാം. യേശുവേ, ജീവിതദുരന്തത്തിന്‍റെ ആഴങ്ങളില്‍ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കരുത്തുറ്റ നിന്‍ കരങ്ങളാല്‍ ഞങ്ങളെ താങ്ങണേ, രക്ഷിക്കണേ!!

08 September 2018, 18:39