തിരയുക

ഹെല്‍ഗോലാന്‍റ് - വടക്കന്‍ ജര്‍മ്മനി ഹെല്‍ഗോലാന്‍റ് - വടക്കന്‍ ജര്‍മ്മനി 

നീതിനിഷ്ഠയുള്ളവര്‍ ദൈവത്തെ സ്തുതിക്കും!

സങ്കീര്‍ത്തനം 117-ന്‍റെ പഠനം – പൊതുവായൊരു ആവലോകനം : ഈശ്വരചിന്തയുള്ളവര്‍ അവിടുത്തെ സ്തുതിക്കും. ദൈവികാനുഭവമുള്ളവരും അവിടുത്തെ സ്തുതിക്കുന്ന സാക്ഷികളാകും. മനുഷ്യന്‍ ദൈവസ്തുതിയിലൂടെ അവിടുത്തെ സ്നേഹവും കരുണയും അനുഭവിക്കും...!
സങ്കീര്‍ത്തനപഠനം - 223 - പരമ്പര

നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 117-ന്‍റെ ഒരു പൊതുവായ അവലോകനമാണിന്ന്. ദൈവത്തെ സ്തുതിക്കാനും വാഴ്ത്താനുമുള്ള ആവേശവും ആഹ്വാനമുള്‍ക്കൊണ്ട് വ്യക്തിജീവിതങ്ങളെയും, ജീവിതചുറ്റുപാടുകളെയും നവീകരിക്കാനുള്ള പ്രചോദനമാണ് ഈ ഗീതം നല്കുന്നത്. രണ്ടു പദങ്ങള്‍ മാത്രമേ ഈ സമ്പൂര്‍ണ്ണ സ്തുതിപ്പില്‍ ഉള്ളെങ്കിലും സകല ജനതകളെയും ദൈവത്തെ സ്തുതിക്കാന്‍ ക്ഷണിക്കുന്ന ഈ ഗീതം ആര്‍ക്കും ഉള്‍ക്കൊള്ളുന്നതിനാല്‍ ലോകത്ത് ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആവേശവും പ്രചോദനവും പകരുന്ന ഗാനമാണിത്. അതുകൊണ്ടുതന്നെ ഈ ഗീതം സംഗീതരൂപത്തില്‍ ദേശീയ പ്രാദേശിക ഭാഷകളി‍ല്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. വളരെ ചെറിയ ഗീതമാകയാല്‍ പ്രായോഗികമായ ഉപയോഗത്തില്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഏറെ ജനകീയവുമാണ്.

സങ്കീര്‍ത്തനം 117 ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ചിത്ര അരുണും  സംഘവുമാണ്.

Musical Version : Psalm 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

നാലാം നൂറ്റാണ്ടില്‍ ജീവിച്ച പൗരസ്ത്യ സഭാപിതാവായ വിശുദ്ധ എഫ്രേം പറയുന്നുണ്ട്, പ്രാര്‍ത്ഥനയിലൂടെ ദൈവികാനുഭവം ലഭിച്ച സകലരും ലോകത്തിന് ജീവിതസാക്ഷ്യമാകണം. അതുപോലെ,  നീതിനിഷ്ഠനായ മനുഷ്യന്‍ ദൈവത്തെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. ദൈവത്തെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ അവിടുത്തെ സ്തുതിക്കുന്നു. സ്തുതിപ്പിലൂടെ ദൈവത്തിന്‍റെ കരുണയും സ്നേഹവും മനുഷ്യര്‍ കണ്ടെത്തുകയാണ്. അവര്‍ ദൈവിക കാരുണ്യത്തിലും സ്നേഹത്തിലും സമൃദ്ധമായി വളരുന്നു. അതിനാല്‍ സമ്പൂര്‍ണ്ണസുതിപ്പെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ തരംതിരിച്ചിരിക്കുന്ന ഈ ഗീതത്തിന്‍റെ പഠനം ഉപസംഹരിക്കുമ്പോള്‍ ഒരു സ്തുതിപ്പ് വ്യക്തിജീവിതത്തെ സ്വാധീനിക്കുന്നു, മാറ്റിമറിക്കുന്നെന്ന് മനസ്സിലാക്കാം.

വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്ന മറിയത്തിന്‍റെ സ്തോത്രഗീതം മറിയത്തിന്‍റെ സ്തോത്രഗീതം  (the Canticle of Mary – Lk. 1:46-55)  പുതിയ നിയമത്തിലെ ശ്രദ്ധേയമായ സമ്പൂര്‍ണ്ണസ്തുതിപ്പാണ്.  വിശ്വത്തര സംഗീതജ്ഞന്മാരായ പലെസ്ത്രീന, ബാഹ്, മൊസാര്‍ട് തുടങ്ങിയവുരം, ദേശീയ പ്രാദേശീയ തലങ്ങളിലുള്ള നിരവധിപേരും ഭാവാത്മകമായി സംഗീതരൂപത്തില്‍ പ്രശസ്തമാക്കിയിട്ടുള്ള ഇതുപോലെ മറ്റൊരു സ്തുതിപ്പ് ഇല്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല! കൃപാപൂര്‍ണ്ണവും, എന്നാല്‍ വിനയാന്വിതവുമായ മനോഭാവത്തില്‍ മറിയം ദൈവത്തിന്‍റെ മഹിമാതിരേകങ്ങള്‍ ഈ ഗീതത്തില്‍ വര്‍ണ്ണിക്കുന്നു. ദൈവത്തെ സ്തുതിച്ചു പാടുന്നു. പിന്നാമ്പുറത്തേയ്ക്കു നോക്കിയാല്‍... ദൈവത്തെ അറിയുകയും, ദൈവകൃപയാല്‍ നിറയുകയും ചെയ്ത മറിയമാണ് ദൈവത്തെ സ്തുതിക്കുന്നതും തന്‍റെ ചാര്‍ച്ചക്കാരിയെ സഹായിക്കാന്‍ സന്നദ്ധയാകുന്നതും. ഇത് നിങ്ങള്‍ക്കും എനിക്കും, ആര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ചിന്തയാണ്. ദൈവികൈക്യത്തില്‍ ജീവിച്ചുകൊണ്ട് ആര്‍ജ്ജിക്കുന്ന ദൈവകൃപ സ്തുതിപ്പായും സഹോദരസനേഹമായും ജീവിതത്തില്‍ പ്രതിഫലിക്കും.

Musical Version : Psalm 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
നമ്മോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനിലക്കുന്നു.
എന്നേയ്ക്കും നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക നാഥനെ എന്നും നാം.
നാഥനെ വാഴ്ത്തുക നാം.

ദൈവത്തെ സ്തുതിക്കുന്നവര്‍ക്ക് അവിടുത്തെ രക്ഷയും, അനുഗ്രഹങ്ങളും ഫലപ്രാപ്തിയും ലഭ്യമാണ് എന്നു പഠിപ്പിക്കുന്ന ഈ ഗീതം സകലരെയും ദൈവമക്കളായി സ്വീകരിക്കുന്നു. സ്തുതിപ്പിലൂടെ ലോകത്ത് എല്ലാവര്‍ക്കും ലഭിക്കുന്ന നവജീവനും രക്ഷയുമാണ്.  ഈ ഗീതത്തിന്‍റെ വലിയ ആകര്‍ഷണവും ആവേശവും. ഒരു  പ്രാര്‍ത്ഥന വ്യക്തിഗതമോ, സമൂഹികമോ ആകാമെങ്കിലും ലോകത്തെ മുഴുവനെയും സകലജനതകളെയും ഉള്‍ക്കൊള്ളാനുള്ള പ്രചോദനമാണ് സങ്കീര്‍ത്തം 117-ന്‍റെ ആത്മീയഭാവവും ആത്മീയതയും പ്രകടമാക്കുന്നത്!

ദൈവികത മങ്ങിമറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു ആഗോള സംസ്ക്കാരവും ഉപഭോഗസംസ്ക്കാരവും ഇടകലര്‍ന്ന ലോകത്ത് മനുഷ്യന്‍ ജീവിതത്തില്‍ പൊള്ളയായൊരു സുരക്ഷാബോധവും,  സ്വയംപര്യാപ്തതയും വളര്‍ത്തുന്നുണ്ട്.  സഹോദരങ്ങളോട് കാണിക്കുന്ന, വിശിഷ്യ എളിയവരോടു കാണിക്കുന്ന അലംഭാവവും, നിസ്സംഗഭാവവും ഈ സ്വാര്‍ത്ഥതയുടെ പ്രതിഫലനമാണ്. അങ്ങനെയുള്ളൊരു സാമൂഹിക പരിസരത്ത് സകലരെയും, നിങ്ങളെയും എന്നെയും ദൈവസ്തുതിക്കായി ക്ഷണിക്കുകയും ദൈവിക കാരുണ്യത്തെയും വിശ്വസ്തതയെും കുറിച്ച് അനുസ്മരിപ്പിക്കുകയുമാണ് ഈ ഗീതം!

ഭൂമിയില്‍ സകല ജീവജാലങ്ങളും സൂര്യനെ ആശ്രയിച്ചിരിക്കുന്നു. സൂര്യനില്ലാത്ത അവസ്ഥ അചിന്തനീയമാണ്. സൂര്യനെ ഓര്‍ത്താലും മറന്നാലും അത് അവിടെയുണ്ട്, ഉദിക്കുകയും അസ്തമിക്കുകയും വെളിച്ചം വിതറുകയും ചെയ്യുന്നു. ദൈവ-മനുഷ്യബന്ധം ഇതുപോലെയെന്ന് നമുക്ക് ഉപമിക്കാം. ദൈവത്തെ ബോധപൂര്‍വ്വം ധ്യാനിച്ചും സ്തുതിച്ചും ജീവിക്കുന്നവര്‍ക്ക് ദൈവികനന്മയുടെ സമൃദ്ധിലഭിക്കുന്നു. അതുകൊണ്ടാണ് ദൈവിക അനന്തതയും നന്മയും കാരുണ്യവും രണ്ടു വരികളില്‍ വളരെ സുതാര്യമായും സുഗ്രാഹ്യവുമായ വിധത്തില്‍ സങ്കീര്‍ത്തകന്‍ കുറിച്ചുകൊണ്ട് ലോകത്തുള്ള സകലജനതകളോടും ഒന്നുചേര്‍ന്ന് ദൈവത്തെ സുതിക്കാന്‍ ക്ഷണിക്കുന്നതും, ഉത്തേജനം പകരുന്നതും.. Laudate Omnes gentes,  All you nations,
Sing praise to the Lord,  സകലജനതകളേ, ദൈവത്തെ സ്തുതിക്കുവിന്‍!

Musical Version : Psalm 117 
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

വാക്കുകളില്‍ അല്ലെങ്കില്‍ അക്ഷരങ്ങളില്‍ വളരെ ഹ്രസ്വമായ ഗീതമാണ് സങ്കീര്‍ത്തനം 117. എന്നാല്‍ അരൂപിയില്‍ ഏറെ ആവേശം പകരുന്നതും, ചൈത്യന്യമൂറുന്നതുമായ ഗീതമാണ്. ബൈബിളിലെ ഏറ്റവും ചെറിയ അദ്ധ്യായമെന്നും ഏറ്റവും ചെറിയ ബൈബിള്‍ ഭാഗമെന്നും പണ്ഡിതന്മാരും പടുക്കളും പഠനങ്ങളും തരംതിരിച്ചു കാണിക്കുമ്പോള്‍ ഈ ഗീതത്തെ ആറുഭാഗങ്ങളായി പഠിച്ചതിന്‍റെ അവസാനത്തില്‍ മനസ്സിലേറ്റുന്ന അവലോകനം സങ്കീര്‍ത്തനം 117 തിരുവെഴുത്തിന്‍റെ ഉള്‍ക്കാമ്പാണ്, കേന്ദ്രമാണ്! അല്ലെങ്കില്‍ ദൈവം ഏകമാണ്, ഒന്നാണ്. അവിടുന്നു സകലത്തിന്‍റെയും സ്രഷ്ടാവും നാഥനുമാണ്. സൃഷ്ടികളായ മനുഷ്യര്‍ - സകല ഗോത്രങ്ങളും രാജ്യങ്ങളും വംശങ്ങളും, ഭൂഖണ്ഡങ്ങളും നാഥനായ അവിടുത്തെ വാഴ്ത്തുന്നു, സ്തുതിക്കുന്നു എന്നത് വളരെ വ്യക്തമായി കാണുന്നതും, സമഗ്രവുമായ ചിന്തയും ധ്യാനവുമാണ്. കാരണം മനുഷ്യര്‍ ഏതു വംശത്തിലും ഗോത്രത്തിലും രാജ്യത്തും പെട്ടവരായാലും, ദൈവസ്നേഹവും കാരുണ്യവും ഒരു സംസ്ക്കാരത്തിനും ഭാഷയ്ക്കും സമൂഹത്തിനുമായി സംവരണം ചെയ്തുവയ്ക്കാനാകുമോ!? ഇല്ല!

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ചിന്തയോടെ നമുക്ക് ഈ പൊതുഅവലോകനം ഉപസംഹരിക്കാം. സഭയുടെ പ്രേഷിതപ്രവര്‍ത്തനം സംബന്ധിച്ച പ്രമാണരേഖയാണ് Ad Gentes ജനതകളേ... എന്നു തുടങ്ങുന്നത്. അതില്‍ അമുഖമായി പറയുന്നുണ്ട്, സകല ജനതകളും, എല്ലാമനുഷ്യരും ദൈവത്തെ അന്വേഷിക്കുകയാണ്. ദൈവം എല്ലാമനുഷ്യരിലും വെളിപാടിന്‍റെ വെളിച്ചം വര്‍ഷിക്കുന്നുമുണ്ട്. എല്ലാമതങ്ങളിലും ആനുപാതികമായെങ്കിലും വെളിപാടിന്‍റെ വെളിച്ചമുണ്ട്. അതുകൊണ്ട് മതങ്ങളിലൂടെയും വിശ്വാസ സമൂഹങ്ങളിലൂടെയുംമെല്ലാം ദൈവത്തെ അന്വേഷിക്കുന്ന വിവിധ മതസ്ഥരെ നാം അന്യവത്ക്കരിക്കരുത്... മറിച്ച് സാഹോദര്യത്തിന്‍റെയും സംവാദത്തിന്‍റെയും രീതിയില്‍ ഉള്‍ക്കൊള്ളുകയും, അവരോട് തുറവുള്ളവരായിരിക്കുകയും വേണം. അവരുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും സഹോദരഭാവത്തോടെ അവരോടു ചേര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും പ്രകീര്‍ത്തികയും വേണം എന്നാണ്.

Musical Version : Psalm 117 
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
നമ്മോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനിലക്കുന്നു.
എന്നേയ്ക്കു നിലനില്‍ക്കുന്നു. വാഴ്ത്തുക,
വാഴ്ത്തുക നാഥനെ എന്നും നാം.
നാഥനെ വാഴ്ത്തുക നാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2018, 11:48